സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം നടന്നു

ഹൂസ്റ്റണ്‍: ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കൂട്ടായ്മയായ സഭയുടെ ദര്‍ശനവും ദൗത്യവും സമൂഹത്തിനും വിശ്വാസികള്‍ക്കും കൂടാരമാക്കുകയാണ് അനിവാര്യമെന്ന് അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം പ്രബോധിപ്പിച്ചു ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേം അരമന ചാപ്പലില്‍വെച്ച് ജൂണ്‍ 21 മുതല്‍ 22 വരെ നടത്തിയ ഭദ്രാസന അസംബ്ലിയുടെ 9ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വവും, തന്റെ മുന്‍ഗാമികളുടെയും, മുന്‍കാല കൗണ്‍സിലിന്റെയും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ഈ ഭദ്രാസനത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ നിദാനമെന്ന് അഭിവന്ദ്യ മാര്‍ അപ്രേം അനുസ്മരിച്ചു.ജൂണ്‍ 21 ന് രാവിലെ 9 മണിക്ക് ആരംഭിച്ച വൈദികസംഘത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ സെക്രട്ടറി ഫാ.പി.സി.ജോര്‍ജ് സ്വാഗതം ആശംസിച്ചു.

സഭയിലേയ്ക്കും ഭദ്രാസനത്തിലെയും ദിവംഗതരായ മേല്‍പട്ടക്കാരെയും, പട്ടക്കാരെയും അനുസ്മരിച്ചു. തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വിശുദ്ധനാടോ, വിശുദ്ധ സ്ഥലമോ നാം അന്വേഷിച്ചു നടക്കേണ്ടതില്ല കാരണം നാം നില്‍ക്കുന്ന ഇടം വിശുദ്ധമെന്ന് നമ്മുടെ ജീവിത വിശുദ്ധികൊണ്ട് തിരിച്ചറിഞ്ഞ് തീര്‍ത്ഥാടകരുടെ കൂട്ടായ്മയായ സഭയെ അതിന്റെ ലക്ഷ്യസ്ഥാനമായ നിത്യതയിലേക്ക് വിശ്വാസികളെ നയിക്കുന്ന ഇടമാണ് സഭ, ആ സഭയുടെ ഭാഗമായ ഈ ഭദ്രാസനത്തിലെ വിശ്വാസികളെ മാതൃകപരമായി നയിക്കാന്‍ നമ്മുക്ക് ഏവര്‍ക്കും കഴിയണമെന്ന് മാര്‍ അപ്രേം ഉല്‍ബോധിപ്പിച്ചു.

ആത്മീയ, ആരാധന നിര്‍വ്വഹണം, ഇടവക ഭരണ നിര്‍വ്വഹണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സമഗ്രമായ ചര്‍ച്ചകള്‍ നടന്നു. ഉച്ചനമസ്ക്കാരത്തോടെ ദൈവിക സമ്മേളനം സമാപിച്ചു.തുടര്‍ന്ന് ഉര്‍ശ്ലം അരമനയില്‍ നിന്നും സമ്മേളനവേദിയിലേക്ക് വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, അസംബ്ലി അംഗങ്ങളും ചേര്‍ന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ച് ആനയിച്ചു. 1934 ഭരണഘടനക്കും, കോടതിവിധികള്‍ക്കും വിധേയമായി സഭയില്‍ സമാധാനം സ്ഥാപിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നടത്തുന്ന എല്ലാ ഗ്രാമങ്ങള്‍ക്കും ഭദ്രാസനത്തിന്റെ പരിപൂര്‍ണ്ണ പിന്‍തുണ അറിയിക്കുന്ന പ്രമേയം അസംബ്ലി അംഗം ശ്രീ.എന്‍സണ്‍ ശാമുവേല്‍ അവതരിപ്പിച്ചത് ഐകകണ്‌ഠേന പാസ്സാക്കി.

മുന്‍ അസംബ്ലിയുടെ മിനിട്‌സ് സെക്രട്ടറി വായിച്ചു പാസ്സാക്കി. 20172018 കാലഘട്ടത്തിലെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം അവതരിപ്പിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ ശ്രീ. കോശി അലക്‌സാണ്ടര്‍ ഇ.ജ.അ. ഓഡിറ്റിങ്ങ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ. എന്‍സണ്‍ ശാമുവേല്‍ ശ്രദ്ധയില്‍പ്പെടുത്തിയ മാര്‍ മാക്കാറിയോസ് മെത്രാപ്പോലീത്തയായുടെ പേരില്‍ ഒരു സ്കാലര്‍ഷിപ്പ് ഫഡ് ആരംഭിക്കണമെന്ന ആവശ്യം അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയും ആ ഫഡിലേക്ക് ഫാ. യോഹന്നാന്‍ പണിക്കര്‍, ശ്രീ.കോശി അലക്‌സാണ്ടര്‍ 5000 ഡോളര്‍ വീതം സംഭാവന നല്‍കി.

പൗരോഹിത്യ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ദൈവികരെ അസംബ്ലി പ്രത്യേക പ്രശംസാപത്രം നല്‍കി ആദരിച്ചു. 2018 -2019 യിലേക്ക് $1,134648.41 ഡോളര്‍ ബഡ്ജറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രാഹാം അസംബ്ലിയില്‍ അവതരിപ്പിച്ചു. ഭദ്രാസന സെന്ററിന്റെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്റിന്റെ തുടര്‍ നടപടികള്‍ക്കായി 75000/ ഡോളര്‍ അസംബ്ലി അനുവദിച്ചു.

ജൂണ്‍ 22ന് ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിച്ച അസംബ്ലിയുടെ രണ്ടാം സെക്ഷനില്‍ ഭദ്രാസന സെന്ററിന്റെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്റിന്റെ രൂപരേഖ കൗണ്‍സില്‍ അംഗം ശ്രീ.മനോജ് തോമസ് അവതരിപ്പിച്ചു. ഈ വികസന പദ്ധതിയുടെ പ്രത്യേകത ഇതിലെ പ്രോജെറ്റുകള്‍ എല്ലാം ‘സെല്‍ഫ് ഫിനാന്‍സിങ്ങ്’ ആണ്. പ്രസ്തുത വികസന പദ്ധതികളുടെ നടത്തിപ്പ് 4 ഘട്ടങ്ങളായി വിഭാവനം ചെയ്യുന്നു.

ഇതില്‍ ഓര്‍ത്തഡോക്‌സ് വില്ലേജ്, കമ്മ്യൂണിറ്റി സെന്റര്‍, മെഡിക്കല്‍ ക്ലിനിക്ക്, ഓര്‍ത്തഡോക്‌സ് വാസ്തു ശില്പശൈലിയില്‍ ചാപ്പലില്‍, താമസസൗകര്യങ്ങളെല്ലാം ഉള്ള കോണ്‍ഫറന്‍സ് ഹാള്‍, ഓര്‍ത്തഡോക്‌സ് സെമിത്തേരി തുടങ്ങിയ പദ്ധതികളുണ്ട്. അടുത്ത 5 വര്‍ഷം കൊണ്ട് ഭദ്രാസനത്തെ സാമ്പത്തിക സ്വയം പര്യാപ്തയില്‍ എത്തിക്കുന്നതിനും ഭദ്രാസനത്തിന്റെ 100 ഏക്കര്‍ സ്ഥലം വളരെ ആദായകരമായി ഉപയോഗിക്കുന്നതിന് ആവശ്യമായ പദ്ധതികളുടെ രൂപരേഖകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍, കൗണ്‍സില്‍ അംഗങ്ങളായ ഫാഡിജു സഖറിയ, ഫാ.ബെന്നി കുരുവിള, ശ്രീ. റോയി തോമസ്, ശ്രീ. ഏബ്രഹാം വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയെന്ന് ഭദ്രാസന പി.ആര്‍.ഓ. എല്‍ദോ പീറ്റര്‍ ഔദ്യോഗികമായി അറിയിച്ചു.

ജീമോന്‍ റാന്നി

Share This Post