ഷാലി പന്നിക്കോട്: ഫോമാ സൗത്ത്- ഈസ്റ്റ് പ്രാദേശിക സാംസ്കാരികോത്സവത്തിലെ നക്ഷത്രത്തിളക്കം

അറ്റ്‌ലാന്റ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റ സെന്‍ട്രല്‍ ഗ്വിന്നറ്റ് ഹൈസ്കൂളില്‍ നടക്കുമ്പോള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനികളിലൊന്നായ ആന്തെം ഇന്‍കോര്‍പറേറ്റിലെ വിവര സാങ്കേതികവിദ്യയുടെ ഉപാധ്യക്ഷ ആയ ഷാലി പന്നിക്കോട് ആണ്. തന്റെ കൊച്ചു ജീവിതത്തില്‍ നിന്നും ഉന്നതങ്ങളിലേക്ക് പടികയറി അമേരിക്കന്‍ ചരിത്രത്തില്‍ തന്റെ പേര് കൂടി എഴുതി ചേര്‍ത്ത ഒരു നാട്ടിന്‍പുറത്തുകാരി. ജീവിതത്തെക്കുറിച്ചു പരാതി പറയുന്ന നമ്മള്‍. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തലകുനിച്ചു ഓരോ ദിവസവും തള്ളിനീക്കുന്നവര്‍. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തു സ്വന്തം കഴിവുകളെ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും ആ നേട്ടങ്ങള്‍ നന്മയായും സ്‌നേഹമായും മറ്റുള്ളവരിലേക്ക് കൈമാറുന്നത് വഴി അത് ലോകത്തിന്റെ തന്നെ നേട്ടമായി മാറുകയും ചെയ്യുമെന്ന് തെളിയിച്ച വ്യക്തിയാണ് ഷാലി പന്നിക്കോട്.

ഒറ്റപ്പാലത്താണ് ഷാലി പന്നിക്കോടിന്റെ ജനനം. കുടുംബവും ഉത്തരവാദിത്വങ്ങളും പ്രാരാബ്ധവും സ്വന്തമായുള്ള ഒരു സാധാരണക്കാരിയുടെ ജീവിതസാഹചര്യത്തില്‍ നിന്നും ലോകമാരാധിക്കുന്ന ഒരു പ്രതിഭയായി മാറിയതിനു പിന്നില്‍ നമുക്കെലാം പ്രചോദനമാകുന്ന, കഷ്ടപ്പാടിന്റെ കയ്പുനിറഞ്ഞ ഒരു കഥയുണ്ടാവും. ഒന്നുമല്ലാതിരുന്ന കാലത്തുനിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജിയുടെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് എത്തപ്പെട്ട കഥ!

ഐ ടി മേഖലയില്‍ 20 വര്‍ഷത്തില്‍ ഏറെ കാലം പ്രവര്‍ത്തിച്ച പെണ്‍തിളക്കമാണ് ഷാലി പന്നിക്കോട്. ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന പല ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓര്‍ഗനൈസേഷനുകള്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചു കൊടുക്കാനും കൈകാര്യം ചെയ്യാനും ഷാലി പന്നിക്കോട് സന്നഗ്ദ്ധയായിരുന്നു. 20 വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും അനുഭവസമ്പത്തും ഷാലിയുടെ നേട്ടങ്ങളുടെ പട്ടികക്ക് വലിപ്പം കൂട്ടി. ഒപ്പം ലോകത്തിന്റെയും. ഇന്ന് ആന്തം ഇന്‍കോര്‍പറേറ്റീവിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഷാലിക്ക് കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനിയുടെ തലപ്പത്തെത്തിയ ഷാലിയുടെ കഴിവിനെ നമിക്കാതെ വയ്യ! കൂടാതെ ആന്തം ഇന്‍കോര്‍പറേറ്റീവിന്റെ തന്നെ മെഡിക്കല്‍ മാനേജ്‌മെന്റ് ഓപ്പറേഷനുകളെ പിന്തുണക്കുന്ന അനേകം എന്റര്‍പ്രൈസ് പാക്കേജുകളും കാസ്റ്റമൈസഡ് അപ്ലിക്കേഷനുകളും കൈകാര്യം ചെയുന്നത് ഷാലി തന്നെയാണ്. കയ്‌പ്പേറിയ ജീവിതത്തില്‍ നിന്നും മധുരമുള്ള ജീവിതത്തിലേക്ക് തോണി തുഴഞ്ഞു ഇന്ന് ഷാലി പന്നിക്കോട് പ്രതീക്ഷകളുടെ പരിധിക്കപ്പുറം ഉയരങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

കഷ്ടപ്പാടുകള്‍ക്കിടയില്‍ നെട്ടോട്ടമോടി ജീവിതം തള്ളി നീക്കുന്നതിനിടയിലും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ഷാലി മനസു കാണിച്ചു. സ്വന്തം ജീവിതസഹചര്യത്തെ കണക്കിലെടുക്കാതെ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് ഷാലി ശ്രമിച്ചത്. പിന്നീട് പല പോരാട്ടങ്ങളിലൂടേയും കഠിനാധ്വാനത്തിലൂടെയും നേട്ടങ്ങള്‍ ഒന്നൊന്നായി കൈവരിക്കാന്‍ തുടങ്ങിയപ്പോള്‍ പോലും പ്രതിസന്ധിക്ക് മുന്നില്‍ വട്ടംചുറ്റുന്നവര്‍ക്ക് കൈതാങ്ങാവാന്‍ ഈ സാമൂഹ്യ പ്രവത്തക മറന്നില്ല. ഫ്രീഡം കൗണ്‍സില്‍ എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു കൊണ്ട് അവിടെയും ഷാലി കഴിവ് തെളിയിച്ചു. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള വ്യവസായങ്ങളുടെ കൂട്ടായ്മയാണ് ഫ്രീഡം കൗണ്‍സില്‍. ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞ തിരക്കുപിടിച്ച ജീവിതത്തോട് മല്ലിട്ട് ഒന്നും നേടാനും നേടി കൊടുക്കാനുമില്ലാതെ ജീവിച്ചു മരിക്കുകയില്ല, മറിച്ചു കാലത്തിന്റെ ഓര്‍മ്മപുസ്തകത്തില്‍ സ്വന്തം കര്‍മ്മഫലം കൊണ്ട് പേരെഴുതി വെക്കണമെന്ന് നമ്മെ പഠിപ്പിക്കുകയാണ് ഷാലി പന്നിക്കോട്.

Share This Post