റോമ സ്ഥാനാർത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ചു റോയ് ചെങ്ങന്നൂർ

കഴിഞ്ഞ 29 വർഷമായി ന്യൂ യോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിൽ ഞാൻ താമസിക്കുന്നു. റോക്‌ലാൻഡ് മലയാളി അസോസിയേഷൻ(ROMA) ഇപ്പോഴത്തെ പ്രസിഡന്റ് ആണ് . ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡണ്ട്, വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , എമ്പയർ റീജിയൻ മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ് നായർ ഞങ്ങളുടെ സംഘടനയിലൂടെയാണ് രണ്ട് വർഷം മുമ്പ് RVP ആയത് എന്നും ഈ അവസരത്തിൽ ഓർക്കുന്നു.

ന്യൂ യോർക്ക് എമ്പയർ റീജിയനിൽ റോമ എന്ന സംഘടനയുടെ പ്രവർത്തനം ആർക്കും തള്ളി കളയാൻ പറ്റില്ല എന്ന് ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ 2 സ്ഥാനാർത്ഥികളെ ആണ് മുമ്പോട്ട് വെയ്ക്കുന്നത്. റോമയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും നെടുതൂൺ എന്ന് പറയാവുന്ന ഫിലിപ്പ് ചെറിയാൻ, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും , എമ്പയർ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി മോൻസി വർഗീസും. വളരെ വർഷത്തെ സംഘടന പ്രവർത്തനത്തിന്റെ പാരമ്പര്യത്തോടെ ആണ് സാം എന്ന് എല്ലാവരും വിളിക്കുന്ന ശ്രീ. ഫിലിപ്പ് ചെറിയാൻ ഫോമാ മത്സര രംഗത്തേക്ക് വരുന്നത്. ഒരു പാനലിന്റെയും ഭാഗം ആവാതെ തികച്ചും നിഷ്പക്ഷം ആയിട്ട് ജനങളുടെ മുമ്പിലേക്ക് വോട്ട് അഭ്യർത്ഥന സമർപ്പിക്കുന്നു. ഫോമായിൽ അനേകം സൗഹാർദ്ദങ്ങൾ സൂക്ഷിക്കുന്ന സാമിന്‌ ഫോമയ്ക്ക് വേണ്ടി മുഴുവൻ സമയവും ചിലവഴിക്കുവാൻ ഇപ്പോൾ സാധിക്കും. ഒരു അവസരം കിട്ടുകയാണെങ്കിൽ ഈ സംഘടനക്ക് വേണ്ടി തന്നാൽ ആവുന്ന കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കും എന്ന അദ്ദേഹം വാക്ക് തരുന്നു. മോൻസി ആവട്ടെ ഫൊക്കാനയിലൂടെ സംഘടന പ്രവർത്തനത്തിൽ തുടക്കം കുറിച്ച വ്യക്തി ആണ്. എമ്പയർ റീജിയനിലെ പടല പിണക്കങ്ങൾ കണ്ട് മനം മടുത്തു മാറി നിന്ന മോൻസി വീണ്ടും ഫോമയിൽ പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു മുമ്പോട്ട് വന്ന വ്യക്തി ആണ്. തന്റെ പഴയ സുഹൃത്തുക്കൾ തന്നെ സഹായിക്കും എന്ന ഉത്തമ ബോധ്യത്തോടെ ആണ് ശ്രീ. മോൻസി വര്ഗീസ് RVP ആയി മത്സരിക്കുന്നത്. നിങ്ങൾ ഓരോരുത്തരും റോമ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു വിജയിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. റോക്‌ലാൻഡ് നിവാസിയായ ഒരു വനിത സ്ഥാനാർത്ഥിയുടെ കാര്യം കൂടി ഞാൻ എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു. നേരത്തെ പരിചയം പോലും ഇല്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, തന്റെ ജീവൻ പകുത്ത് നൽകുവാൻ മനസ്സ് കാണിച്ച ഒരു മാലാഖ പെൺകുട്ടി. അമേരിക്കൻ മലയാളികൾക്ക് രേഖ നായർ എന്നും ഒരു അത്ഭുതമാണ്. റോമയുടെ എല്ലാ വോട്ടുകളും ഞങ്ങൾ രേഖക്ക് നൽകുവാൻ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.

ഒരു പ്രദേശത്തേക്ക് ഫോമ കൺവെൻഷൻ കൊണ്ട് വരാൻ ചിന്തിക്കുന്നതിന് മുമ്പ് തന്നെ അവിടെ ഉള്ള അംഗസംഘടനകളുമായി സംസാരിച്ചു എല്ലാവരെയും കൂടെ നിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പടല പിണക്കങ്ങൾ വെച്ച് കൊണ്ട് ഒരു എലെക്ഷനെ അഭിമുഖീകരിക്കുന്നത് നന്നാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. റീജിയണിലെ അംഗസംഘടനകൾക്ക് തുല്യ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ആ റീജിയൻ RVP യുടെ ചുമതലയാണ്. ഇവിടെ “വല്യേട്ടൻ” നയം ചിലവാകില്ല എന്ന് കൂടി കൂട്ടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്തടുത്ത പ്രദേശങ്ങളിൽ നിന്ന് എല്ലാ എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികൾ വരുന്നത് ഫോമയുടെ വളർച്ചയെ പിന്നോട്ട് വലിക്കും എന്നതിൽ സംശയമില്ല.

കൺവെൻഷൻ സിറ്റിയുടെ പേര് പറഞ്ഞു എലെക്ഷൻ ക്യാമ്പയിൻ ചെയ്യുന്ന രീതിയോട് സത്യത്തിൽ എനിക്ക് യോജിപ്പില്ല. ഞങ്ങൾ ഫോമാ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നു. കൺവെൻഷൻ ഇനി മെക്സിക്കോയിലോ, പോര്ടോ റിക്കയിലോ എവിടെ ആണെങ്കിലും ഞങ്ങൾ അവിടെ പങ്കെടുക്കും. ന്യൂ യോർക്കിൽ ദീർഘനാളായി ജീവിക്കുന്ന വ്യക്തി ആണ് ഞാൻ. ന്യൂ യോർക്ക് സിറ്റിയിൽ ഒരു കൺവെൻഷൻ ഫോമക്ക് ചെയ്യുവാൻ സാധിക്കില്ല. റൂമിന് $99 കിട്ടുമ്പോൾ ആണ് രണ്ട് പേർക്ക് $999 വാങ്ങി നമ്മൾ റെജിസ്ട്രർ ചെയ്യുന്നത്. ന്യൂ യോർക്ക് സിറ്റിയിൽ അത് സാധിക്കില്ല എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ. പിന്നെ പണ്ട് ഫോക്കാന അല്ബാനിയിൽ വെച്ച് ഒരു കൺവെൻഷൻ ചെയ്തത് ഓർക്കുന്നു. ന്യൂ യോർക്ക് സിറ്റിയിൽ നിന്നും 4 മണിക്കൂർ റോഡ് മാർഗ്ഗം യാത്ര ചെയ്യേണ്ട സ്ഥലം. സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത ശേഷം ഫോമാ കമ്മിറ്റി വേണം കൺവെൻഷൻ നഗരം തീരുമാനിക്കാൻ. അത് പോലെ തന്നെ എല്ലാ ചെറിയ പട്ടണങ്ങളിലും ഫോമാ കൺവെൻഷൻ നടക്കേണ്ടതാണ്. അടുത്ത വർഷത്തേക്ക് ന്യൂ ജേർസിയും, വാഷിംഗ്‌ടൺ ഡിസി യും ഇപ്പോൾ തന്നെ എലെക്ഷൻ പ്രവർത്തനം ആരംഭിച്ചതായി കേൾക്കുന്നു. കാലിഫോർണിയയിൽ ഒരു കൺവെൻഷൻ കൂടണം എന്ന ആഗ്രഹവും ഞങ്ങൾക്കുണ്ട് എന്ന് പറയട്ടെ. കഴിവുള്ളവരെ തിരഞ്ഞെടുക്കണം… അവർ വേണം ഫോമയെ ഉയരങ്ങളിൽ എത്തിക്കാൻ. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നതിനോടൊപ്പം റോമാ സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകണം എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാവർക്കും എന്റെ നല്ല നമസ്കാരം.

Share This Post