രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍

ചിക്കാഗോ: ഫോമ അവാര്‍ഡ് ദാന ചടങ്ങ് വികാരനിര്‍ഭരമായി. വൃക്കദാനത്തിലൂടെ അപൂര്‍വ്വ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി മാറിയ രേഖ നായര്‍ക്ക് ശശി തരൂര്‍ എം.പി ഫോമയുടെ അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് അര്‍പ്പിച്ചു.

അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റും ഏറ്റവും വലിയ കണ്‍വന്‍ഷനുകളിലൊന്നിന്റെ സാരഥിയും അധ്യാപകനും എഴുത്തുകാരനുമായ ജെ. മാത്യൂസിനേയും അവാര്‍ഡ് നല്‍കി ആദരിച്ചു. വേദിയില്‍ വച്ചു അവാര്‍ഡ് കമ്മിറ്റി ചെയര്‍ ജോണ്‍ ടൈറ്റസ് ജെ. മാത്യൂസിനു പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു.

ഫോമാ കര്‍ഷക രത്‌നം അവാര്‍ഡ് എഴുത്തുകാരനും കലാകാരനും കൂടിയായ ജോയ് ചെമ്മാച്ചേലിനു സമ്മാനിച്ചു.

ഓസ്റ്റിനില്‍ നിന്നുള്ള (ടെക്‌സസ്) റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ജേതാവ് സിജോ വടക്കന്‍ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ എം.പിയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മികച്ച ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ പ്രേമാ ആന്റണി തെക്കേക്കിന്റെ അസാന്നിധ്യത്തില്‍ സഹോദരനും ഫോമാ വൈസ് പ്രസിഡന്റുമായ വിന്‍സന്റ് ബോസ് അവാര്‍ഡ് ഏറ്റു വാങ്ങി.

ഏറ്റവും മികച്ച മലയാളി സംഘടനയായി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (ടാമ്പ) അവാര്‍ഡ് നേടി. പ്രസിഡന്റ് സജി കരിമ്പന്നൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചിക്കാഗോ മലയാളി അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നിവയടക്കം അരഡസന്‍ ഫൈനലിസ്റ്റുകളില്‍ നിന്നാണ് എം.എ.സി.എഫ് ഈ ബഹുമതി നേടിയത്.

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് സി.ഇ.ഒ. അബ്ദുള്‍ അസീസ്, ജോയ് ആലുക്കാസ് എന്നിവരെയും ആദരിച്ചു

Share This Post