ജയിംസ് കല്ലറക്കാനിയില്‍ മലയാളി മന്നന്‍

ചിക്കാഗോ: ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും നല്ല പരിപാടി എന്നു വിശേഷിപ്പിക്കാവുന്ന മലയാളി മന്നന്‍ മത്സരത്തില്‍ കിരീടം ചൂടുംമുമ്പ് ജയിംസ് കല്ലറക്കാനിയിലിന് ഒരു വെളിപാട് കിട്ടി താന്‍ ചാമ്പ്യനാകുമെന്ന്. അതു സത്യമായി.

മത്സരത്തിന്റെ അവസാനഘട്ടം നറുക്കെടുപ്പിലൂടെ വന്ന ചോദ്യങ്ങള്‍ക്ക് അനുസൃതമായ പരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. നറുക്കെടുത്തപ്പോള്‍ ജയിംസിനു കിട്ടിയത് ഒരു ഉപദേശിയുടെ പ്രസംഗം അനുകരിക്കാനാണ്. വഴിതെറ്റിപ്പോകുന്ന ഭര്‍ത്താവിനു ഒരു ഉപദേശമായിരുന്നു ആദ്യം. കാര്യങ്ങളൊക്കെ കര്‍ത്താവിനോട് മാത്രം പറയുകയും, ഭാര്യയോട് പറയാതിരിക്കുകയും വേണമെന്നതാണ് ഒരു ഉപദേശം.

സംസാരത്തിനിടയില്‍ തനിക്ക് വെളിപാടുണ്ടായെന്നും ഈ ഫോമയില്‍ താന്‍ ചാമ്പ്യനാകുമെന്ന് കര്‍ത്താവ് അരുളിച്ചെയ്‌തെന്നും ജയിംസ് സരസമധുരമായി അവതരിപ്പിച്ചപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടി.

രണ്ടാം സ്ഥാനം നേടിയ ഡാനിഷ് െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സറെയാണ് അവതരിപ്പിച്ചത്.

ഹരി നമ്പൂതിരിക്ക് കിട്ടിയ നറുക്ക് െ്രെപവറ്റ് സ്റ്റാന്‍ഡില്‍ പുസ്തകം വില്‍ക്കുന്ന ഒരാളെ അവതരിപ്പിക്കാനാണ്. ദാമ്പത്യജീവിതം സന്തോഷകരമാക്കാനുള്ള 101 കാര്യങ്ങള്‍ എന്ന പുസ്തകം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വില്‍ക്കുന്നത് ചടുല മനോഹരമായാണ് ഹരിനമ്പൂതിരി അവതരിപ്പിച്ചത്. ഒടുവില്‍ പുസ്തകം എഴുതിയ ആളിന്റെ പേരും പറഞ്ഞു ബന്നി വാച്ചാച്ചിറ. പിന്നെ ജനത്തിന്റെ ചിരി.

നടന്‍ കൂടിയായ ജോസഫ് ഔസോയ്ക്ക് കിട്ടിയത് തീവണ്ടി ഓഫീസിലെ അനൗണ്‍സറാണ്. ഹിന്ദിയില്‍ ഔസോയും കസറി.

റോഷിന്‍ മാമ്മനാകട്ടെ വഴിയരികിലെ പിച്ചക്കാരന്റെ റോളാണ് കിട്ടിയത്. റോഷിനും തന്മയത്വമുള്ള പ്രകടനം കാഴ്ചവെച്ചു.

സാം ആന്റോറെയില്വേ സ്‌റ്റേഷനില്‍ ചായ വില്പ്പനക്കാരനെഭഗിയായി അവതരിപ്പിച്ചു.

എല്ലാവരും കസറിയ മത്സരത്തിന്റെ കമ്മിറ്റി ചെയര്‍ഷോളി കുമ്പിളുവേലി ആയിരുന്നു. സിജില്‍ പാലയ്ക്കലോടി, ജോണിക്കുട്ടി പിള്ളവീട്ടില്‍, നോയല്‍ മാത്യു, ഹരികുമാര്‍, സോണി തോമസ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.
ജഡ്ജിമാര്‍ സണ്ണി കല്ലൂപ്പാറ , ജോസ്മാന്‍ കരേടന്‍, രേഖാ ഫിലിപ്പ് എന്നിവരായിരുന്നു.

അരീക്കര സ്വദേശിയായ ജയിംസ് അറ്റ്‌ലാന്റയില്‍ ബിസിനസുകാരനാണ്. സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. പാട്ട്, അഭിനയം, തിരക്കഥാ രചന എന്നിവ മുഖ്യ വിനോദങ്ങള്‍. ഭാര്യ മറിയം. മക്കള്‍: റേച്ചല്‍, ജയ്‌സണ്‍, മിഷേല്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ള ചെയ്യുന്നതിനെതിരേ ജെ.എഫ്.എ രംഗത്ത്

ന്യൂയോര്‍ക്ക്: ഇന്നേയ്ക്ക് 22 വര്‍ഷങ്ങള്‍ക്കു മുമ്പ്, 1996 സെപ്റ്റംബര്‍ 19-നു ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ ഭാഗമായ ക്യൂന്‍സിലെ ഫ്‌ളഷിംഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍, ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായിരുന്ന വര്‍ഗീസ് തോമസ് എന്ന അമേരിക്കന്‍ മലയാളി അദ്ദേഹത്തിന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍ ഇരുപതിനായിരം (20,000) ഡോളര്‍ നിക്ഷേപിച്ചിരുന്നു. അമേരിക്കിയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന കാരണത്താല്‍ റിട്ടയര്‍മെന്റ് ആകുമ്പേഴേയ്ക്കും നല്ലൊരു തുക ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ് അദ്ദേഹം തുക അന്ന് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍ കാരണം.

അന്ന് ഒരു ഡോളറിന് 35 രൂപ 25 പൈസ ആയിരുന്നു ബാങ്കിന്റെ നിരക്ക്. പ്രസ്തുത തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ബ്രാഞ്ചില്‍ കിട്ടയതായും, മൊത്തും ഏഴു ലക്ഷത്തി അയ്യായിരം രൂപ ഉള്ളതായും തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നുള്ള കത്തും അദ്ദേഹത്തിന് ലഭിച്ചു.

പിന്നീട് 1999 മാര്‍ച്ച് 20-നു തുക 9 ലക്ഷത്തി എണ്‍പത്തിനാലായിരത്തി എണ്ണൂറ്റി എണ്‍പതു രൂപ ലഭിക്കത്തക്ക വിധത്തില്‍ ടേം ഡപ്പോസിറ്റാക്കി മാറ്റിയതായും തുക റിന്യൂ ചെയ്തിരിക്കുന്നതിന്റെ റിക്കാര്‍ഡ് ഒരു കൈപ്പടയിലുള്ള കത്തോടുകൂടി തിരുവനന്തപുരം ബ്രാഞ്ചിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലുള്ള അഡ്രസില്‍ അയച്ചുകൊടുത്തു.

2000-ന്റെ തുടകത്തില്‍ എല്ലാം കംപ്യൂട്ടറിലേക്ക് ആക്കിക്കൊണ്ടിരിക്കുന്നതായി ഒരു കത്തും ലഭിച്ചിരുന്നു. അന്നുവരെയുള്ള എല്ലാ റിക്കാര്‍ഡുകളും കൈപ്പടിയില്‍ ആണെഴുതിയിരിക്കുന്നതെന്ന് റിക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ഈ ലേഖകന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതിനിടെ ബാങ്കില്‍ നിന്നും വിവരങ്ങളൊന്നും ലഭിക്കാതെവന്നപ്പോള്‍ അദ്ദേഹം ഫോണിലൂടെയും ഇ-മെയിലിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഒടുവില്‍ അക്കൗണ്ട് നമ്പരില്‍ ഒരു അക്കം ഇല്ലാത്തതിനാല്‍ ഡപ്പോസിറ്റ് ചെയ്ത തുക തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന് പിന്നീട് മാറി വന്ന ഒരു മാനേജര്‍ പറഞ്ഞുവത്രേ.

ഏതായാലും സംഗതികള്‍ക്ക് എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ നിക്ഷേപകന്‍ കേരളത്തിലുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്‌സ്മാനെക്കൊണ്ട് അന്വേഷിപ്പിച്ചുവെങ്കിലും അങ്ങനെ ഒരു ഡപ്പോസിറ്റോ, അതു സംബന്ധിച്ചുള്ള റിക്കാര്‍ഡുകളോ, ഈ തുക ആര്‍ക്കെങ്കിലും കൊടുത്തതായിട്ടോ കാണുന്നില്ല എന്ന നിരാശാജനകമായ റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന് കിട്ടിയത്.

സര്‍വ്വ വാതിലുകളും അടഞ്ഞപ്പോള്‍, തന്നെ സഹായിക്കാന്‍ ആരുമില്ലാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നിക്ഷേപകന്‍ ഈ ലേഖകന്റെ അടുക്കല്‍ സഹായത്തിനായി എത്തിയത്. സര്‍വ്വ റിക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തെ നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞുപോലെ മനസിലാക്കാന്‍ സാധിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്‌ളഷിംഗിലുണ്ടായിരുന്ന ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്ന അഡ്രസ്: 42- 08 മെയിന്‍ സ്ട്രീറ്റ് , ഫ്‌ളഷിംഗ്, ന്യൂയോര്‍ക്ക് 11355 ആയിരുന്നു. ആ ബ്രാഞ്ച് ഇപ്പോള്‍ പൂട്ടിപ്പോയിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. പക്ഷെ മന്‍ഹാട്ടനില്‍ ഒരു ബ്രാഞ്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവിടെ പരാതിക്കാരന്‍ പോയി പരാതിപ്പെട്ടപ്പോള്‍ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ പിറകെയോ, കേന്ദ്ര സര്‍ക്കാരിന്റെ പിറകെയോ പോയാല്‍ നീതി ലഭിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ വരെ കൈ ഒഴിഞ്ഞപ്പോള്‍ ഇനി എന്തു ചെയ്യാനാവും എന്നദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. നാട്ടിലുള്ള പ്രവാസി നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കേരളത്തില്‍ പ്രഗത്ഭരായ വക്കീലന്മാര്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. പക്ഷെ വക്കീലന്മാരുടെ പിറകെ പോയാല്‍ കൈയില്‍ നിന്നും പണം വാരി എറിയേണ്ടിയും വരും.

വാസ്തവത്തില്‍ പ്രസ്തുത നിക്ഷേപകന്റെ അവസ്ഥയോര്‍ത്ത് സഹതാപം തോന്നി. അല്പം സമയം ഇതിനുവേണ്ടി ചിലവഴിച്ചിട്ടാണെങ്കിലും സത്യം പുറത്തുകൊണ്ടുവരാന്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് പരമാവധി സഹായിക്കണമെന്ന് ജെ.എഫ്.എയുടെ ചെയര്‍മാന്‍കൂടിയായ ലേഖകന്‍ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരിക്കുകയാണ്.

തുക നിക്ഷേപിച്ചത് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ആയതുകൊണ്ട് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ബാങ്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്റ്റേറ്റ് ഗവണ്‍മെന്റ് തന്നെ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും. ഇത്തരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊള്ളയ്ക്ക് വിധേയരായവര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരണമെന്നും താത്പര്യപ്പെടുന്നു.

തോമസ് കൂവള്ളൂര്‍ (ഇമെയില്‍:TJkoovalloor@live.com , ഫോണ്‍: 914 409 5772).

അനധികൃത കുടിയേറ്റക്കാര്‍ 63000 അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയെന്ന്

വാഷിംഗ്ടണ്‍ ഡി സി: (9/11 ന് ശേഷം) അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ 63000 അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ കവര്‍ന്നെടുത്തതായി ലഭ്യമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

അതിര്‍ത്തി സുരക്ഷ ശക്തമാക്കി ഇത്തരക്കാരെ അമേരിക്കയില്‍ പ്രവേശിപ്പിക്കാതെ തടയുമെന്നും ട്രംമ്പ് പറഞ്ഞു.വൈറ്റ് ഹൗസില്‍ ജൂണ്‍ 22 ന് നടന്ന പ്രത്യേക ചടങ്ങില്‍ അനധികൃത കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ കുടുംബാംഗളെ ആശ്വസിപ്പിച്ചുകൊണ്ട് അവരുടെ ഓട്ടോ ഗ്രാഫുകളില്‍ ഒപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്ന ട്രംമ്പ്.

‘എയ്ഞ്ചല്‍ ഫാമിലീസ്’ എന്നാണ് ഇവരെ ട്രംമ്പ് വിശേഷിപ്പിച്ചത്.അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതിലൂടെ കുടുംബാംഗങ്ങളില്‍ നിന്നും എന്നേക്കുമായി അവര്‍ മാറ്റപ്പെടുന്നതാണോ, അതോ നിയമ വിരുദ്ധമായി ഇവിടെ കുടിയേറിയവരില്‍ നിന്നും എല്ലാ സൗകര്യങ്ങളോടുകൂടെ അവരുടെ കുട്ടികളെ താല്‍ക്കാലികമായി മാറുന്നതാണോ ഉചിതമെന്ന് ട്രംമ്പ് ചോദിച്ചു.

ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ദുര്‍ബലമാക്കിയ ഡെമോക്രാറ്റുകള്‍ ചര്‍ച്ചക്കോ, കേള്‍ക്കുന്നതിനോ, കാണുന്നതിനോ തയ്യാറെടുക്കാത്തക് ശരിയല്ലെന്നും ട്രംമ്പ് കൂട്ടിച്ചേര്‍ത്തു.

ന്യൂജേഴ്‌സിയിലെ ആദ്യ സിക്ക് മേയര്‍ക്ക് 3 മാസം സസ്‌പെന്‍ഷന്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി (ഹൊബക്കന്‍) മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ മൂന്ന് മാസത്തേക്ക് മേയര്‍ പദവിയില്‍ നിന്നും സസ്‌പെണ്ട് ചെയ്യുന്നതിന് ന്യൂജേഴ്‌സി സുപ്രീം കോടതി ഉത്തരവില്ല.

2008 2009 കാലഘട്ടത്തില്‍ മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് എകൗണ്ടിലേക്ക് 6000 ഡോളര്‍ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.അച്ചടക്ക സമിതി മൂന്നിനെതിരെ നാല് വോട്ട്കള്‍ക്കാണ് ബല്ലയെ മൂന്ന് മാസത്തേക്ക് സെന്‍ഷര്‍ ചെയ്യുന്നതിന് ലൊ ലൈസന്‍സ് സസ്‌പെണ്ട് ചെയ്യുന്നതിനും തീരുമാനിച്ചത്. ഈ തീരുമാനത്തെയാണ് സുപ്രീം കോടതി സാധുവാണെന്ന് വിധിച്ചത്.

ഇതില്‍ ഒരു തെറ്റുപറ്റിയെന്നും, തെറ്റ് കണ്ടെത്തിയ ഉടന്‍ തിരുത്തിയെന്നും ബല്ല പറഞ്ഞു.ന്യൂജേഴ്‌സി സംസ്ഥാനത്തെ ഹൊബെക്കന്‍ സിറ്റിയില്‍ നിരവധി തവണ കൗണ്‍സില്‍ മെംബറായിരുന്ന രവി ബല്ല, കഴിഞ്ഞ തവണ ആറ് പേരടങ്ങുന്ന മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സുപ്രീം കോടതി വിധി വന്നതിന് ശേഷം അടിയന്തിരമായി ചേര്‍ന്ന സിറ്റി കൗണ്‍സില്‍ രവി ബല്ലയോട് ജോലിയില്‍ നിന്നും ലൊ ഫേമില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും വെളിപ്പെടുത്തണമെന്ന് രണ്ടിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പ്രമേയം പാസ്സാക്കുകയും ചെയ്തു.

വാറണ്ടില്ലാതെ പോലീസിനു സെല്‍ഫോണ്‍ പരിശോധിക്കാനാവില്ല: സുപ്രീംകോടതി

വാഷിംഗ്ടണ്‍ (ഡി.സി): ജഡ്ജിയില്‍ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്‍ഫോണ്‍ ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു. നിയമപാലകരുടെ അധികാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സുപ്രീംകോടതി അംഗീകരിച്ചത്.

സെല്‍ ഫോണിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭ്യമാകുന്ന സ്ഥിതിയാണ് ഈ ഉത്തരവോടെ ഇല്ലാതായത്. സ്വകാര്യ സെല്‍ഫോണ്‍ കമ്പനിക്കാരുടെ ഒരു വിജയമായി ഇതിനെ വ്യാഖ്യനിച്ചാല്‍ അതില്‍ തെറ്റില്ല.സ്വകാര്യ വ്യക്തിയുടെ സ്വകാര്യ താല്പര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ സെര്‍ച്ച് വാറണ്ട് അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി വായിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

മിഷിഗണിലും ഒഹായോവിലും നിരവധി കളവു കേസ്സുകളില്‍ പ്രതിയായ കാര്‍പന്റര്‍, കേസ്സ് വിചാരണ നടക്കവെ സെല്‍ഫോണ്‍ ഡാറ്റ ഉപയോഗിച്ച് എവിടെയെല്ലാം കളവുനടത്തി എന്നത് പോലീസ് കണ്ടെത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും, സെര്‍ച്ച് വാറണ്ട് ഇല്ലാതെയാണ് സെല്‍ഫോണ്‍ പരിശോധിച്ചതെന്നും വാദിച്ചത് അംഗീകരിക്കുന്നതായിരുന്നു സുപ്രീംകോടതിവിധി. സെക്യുരിട്ടി കാമറകള്‍ പരിശോധിക്കുന്നതിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

പി.പി. ചെറിയാന്‍

എച്ച് ഐ വി രോഗം മറച്ചുവെച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 30 വര്‍ഷം തടവ്

ഹൂസ്റ്റണ്‍: എച്ച് ഐ വി രോഗമാണെന്ന് കണ്ടെത്തിയതിന് ശേഷം അത് മറച്ചുവെച്ച് ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കരീം ഷെയ്ക്കാനിക്ക് (34) കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 ല്‍ ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ 2018 ജൂണ്‍ 20 നായിരുന്നു കോടതി ശിക്ഷ വിധിച്ചത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇരുവരും രോഗ പരിശോധനക്ക് വിധേയരായി. യു വതിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. യുവാവിന്റെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കി. ഇതിന് ശേഷം ഇരുവരും വിവാഹിതരായി. 2013 ലായിരുന്നു വിവാഹം. ദന്ത ഡോക്ടറെ സന്ദര്‍ശിച്ച യുവതിയുടെ വായയില്‍ എന്തോ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഇവര്‍ക്ക് എച്ച് ഐ വി രോഗം ഉള്ളതായി കണ്ടെത്തി. ഭര്‍ത്താവ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭാര്യക്ക് ഈ രോഗം പകര്‍ന്ന് നല്‍കിയതെന്നാണ് കോടതി കണ്ടെത്തി. സ്വന്തം കുടുംബാംഗത്തെ അറിഞ്ഞുകൊണ്ട് ഗുരുതരമായ രോഗം നല്‍കിയ ഭര്‍ത്താവ് കരീമിനെതിരെ ഫസ്റ്റ് ഡിഗ്രി ഫെലൊണിയിയായിരുന്നു ചാര്‍ജ്ജ് ചെയ്തത്.

കുറ്റം സമ്മതിച്ച കരിമിനെ കോടതി 30 വര്‍ഷത്തേക്ക് ശിക്ഷിച്ചു.

പി.പി. ചെറിയാന്‍

ഹൃദയമുള്ള ഒരാള്‍ക്കും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റാനാകില്ല: ട്രംപ്

വാഷിങ്ടന്‍ ഡിസി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അവര്‍ക്കൊപ്പം എത്തിച്ചേര്‍ന്ന കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി ഡിറ്റന്‍ഷന്‍ സെന്ററുകളിലും ജയിലിലും പാര്‍പ്പിക്കുന്നതിന് വിരാമമിട്ടുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റീന്‍ നീല്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കല്‍.നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളുമാണ് ഇങ്ങനെ ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുന്‍ ഭരണ നേതൃത്വങ്ങള്‍ക്കാണെന്നു ട്രംപ് പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും അതിന് ഗവണ്‍മെന്റ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കുന്നവരെ (മാതാപിതാക്കളേയും കുട്ടികളേയും) ഒരുമിച്ചു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇമ്മിഗ്രേഷന്‍ വിഷയത്തില്‍ സീറോ ടോളറന്‍സ് പോളിസിയായിരിക്കും ഗവണ്‍മെന്റ് സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു.ഹൃദയമുള്ള ഒരാള്‍ക്കും മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റുന്നത് കണ്ടു നില്‍ക്കാനാവില്ലെന്നും ഇമ്മിഗ്രേഷന്‍ നയത്തില്‍ സമൂല മാറ്റം വരുത്തുന്ന നിയമം ഉടനെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നുംട്രംപ് പറഞ്ഞു.

പി.പി. ചെറിയാന്‍

ടോയ്‌ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണം: റൊണാള്‍ഡോവിന് ഒന്നാംസ്ഥാനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ജൂണ്‍ 20 ന് നടന്ന പതിനാലാമത് ടോയ്‌ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണ മത്സരത്തില്‍ 2018 ലെ ഫൈനല്‍ റൗണ്ടിലെത്തിയ പത്തുപേരില്‍ നിന്നും ന്യൂയോര്‍ക്ക് ചെസ്പിക്കില്‍ നിന്നുള്ള റൊണാള്‍ഡൊ റോയ് ക്രൂസ് (51) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

10000 ഡോളറാണ് സമ്മാന തുകയായി ലഭിക്കുക.മത്സരത്തില്‍ പങ്കെടുത്ത 1550 മത്സരാര്‍ത്ഥികളില്‍ ഫൈനലിലെത്തിയ പത്തുപേരില്‍ റൊണാള്‍ഡൊ കഴിഞ്ഞ നാല് വര്‍ഷവും ഫൈനലില്‍ എത്തിയിരുന്നുവെങ്കിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നില്ല.

ടോയ്‌ലറ്റ് പേപ്പര്‍, ടേപ്പ്, ഗ്ലൂ, സൂചി, നൂല് എന്നിവ ഉപയോഗിച്ചാണ് മനോഹരമായ വിവാഹ വസ്ത്രം നിര്‍മ്മിച്ചിരുന്നത്. 20 റോള്‍ ടൊയ്‌ലറ്റ് പേപ്പറാണ് ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചതെന്ന് ശില്‍പി പറഞ്ഞു.റൊണാള്‍ഡൊയുടെ നീസ് ഡാനിക്കയാണ് സമ്മാനത്തിനര്‍ഹമായ വസ്ത്രം ധരിച്ച് രംഗത്തെത്തിയത്.

മറ്റൊരു ബസുവായ കാര്‍മല്‍ ക്രൂസാണ് അവശ്യമായ മേക്ക് അപ്പ് നടത്തിയത് സമ്മാനമായി ലഭിച്ച 10000 ഡോളര്‍ ഉപയോഗിച്ച് ഫിലിപ്പിനോയിലെ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് പരിപാടിയെന്ന റൊണാള്‍ഡൊ പറഞ്ഞു ഇത്തരം വിവാഹ വസ്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് തയ്യാറാക്കി നല്‍കുമെന്നും റൊണാള്‍ഡൊ പറഞ്ഞു.

പി.പി. ചെറിയാന്‍

ഡാളസ്സിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് വന്‍ വിജയം

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫ് ഹൂസ്റ്റണ്‍ ഡളസ്സില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് വന്‍ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷന്‍ ഭാരവാഹിള്‍ അറിയിച്ചു.

ജൂണ്‍ 16 ശനിയാഴ്ച രാവിലെ 9.30 ന് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേര്‍ അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എത്തിയിരുന്ന രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സമാപിച്ചത്. ഇരുന്നൂറില്‍ പരം അപേക്ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കഴിഞ്ഞതായി കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.

ക്യാമ്പില്‍ പങ്കൈടുക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരള അസ്സോസിയേഷന്‍ ക്രമീകരിച്ചിരുന്ന സൗകര്യങ്ങളും കേരള അസ്സോസിയേഷന്‍ ക്രമീരിച്ചിരുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളായി അശോക് കുമാര്‍. സി ആര്‍ സെന്‍, ദേവേന്ദര്‍ കുമാര്‍, വിജയ കുമാര്‍, ജി എസ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള അസ്സോസിയേഷന്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ ഭാരവാഹികളായ റോയ് കൊടുവത്ത്,, ദാനിയേല്‍ കുന്നേല്‍, ബോബന്‍ കൊടുവത്ത്, മാത്യു കോശി, ഐ വര്‍ഗീസ്, പീറ്റര്‍ നെറ്റൊ, എപി ഹരിദാസ്, ഡേവിഡ് മുങ്ങന്‍മാണി, രാജന്‍ ചിറ്റാര്‍, ഐപ് സ്ക്കറിയ, ചെറിയാന്‍ ചൂരനാട്, തോമസ് വര്‍ഗീസ്, ജോര്‍ജ് ജോര്‍ജ് ജോസഫ്, വിലണോലില്‍, രാജന്‍ ഐസക്ക്, ദീപക് നായര്‍, അനശ്വര്‍ മാമ്പിള്ളി, സുരേഷ് അച്ചുതന്‍, പ്രദീപ് നാഗനൂലില്‍, പി പി സൈമണ്‍, സൈമണ്‍ ജേക്കബ്, ടോമിനെ നെല്ല്വേലില്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പി പി ചെറിയാന്‍

അവന്‍ ഇനി സമാധാനമായി വിശ്രമിക്കട്ടെ: ലൗലി വര്‍ഗീസ്

ഷിക്കാഗോ: ഇനി എന്റെ മകന്‍ പ്രവീണിന് സമാധാനമായി വിശ്രമിക്കാം. സതേണ്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് ജൂറി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലൗലി വര്‍ഗീസ് മാധ്യമങ്ങളെ അറിയിച്ചതാണിത്.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങള്‍ക്കുശേഷം കാര്‍ബന്‍ഡേയ്ല്‍ റസ്‌റ്റോറന്റിന് പുറകില്‍ വൃക്ഷ നിബി!ഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതല്‍ കുടുംബാംഗങ്ങളും വൊളണ്ടിയാര്‍മാരും ഈ സ്ഥലമുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ വരെ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങള്‍ക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങള്‍ സമീപമുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാര്‍ബന്‍ ഡെയ്ല്‍ അധികാരികള്‍ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടില്‍ നടന്ന ബര്‍ത്തഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂണ്‍ നല്‍കിയ റൈഡാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബത്തൂണ്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തില്‍ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

എന്നാല്‍ മൃതദേഹത്തില്‍ കണ്ട ക്ഷതം പ്രവീണിന്റെ മാതാവിനേയും കുടുംബാംഗങ്ങളേയും വീണ്ടും മറ്റൊരു പോസ്‌റ്റോമോട്ടം കൂടി നടത്തുന്നതിനും പ്രേരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ മരണം തലയില്‍ ഏറ്റ ക്ഷതമാണെന്ന് കണ്ടെത്തി. പ്രവീണിന്റെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വാസിച്ച ലൗലിക്ക് അതു തെളിയിക്കുന്നതുവരെ വിശ്രമമില്ലായിരുന്നു.

മകന്‍ നഷ്ടപ്പെട്ട ദുഃഖം ആളികത്തുമ്പോഴും അധികൃതര്‍ സ്വഭാവീകമെന്ന് വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിച്ച് ലൗലി വര്‍ഗീസ് രംഗത്തെത്തിയില്ലായിരുന്നുവെങ്കില്‍ പ്രതി ബത്തൂണ്‍ കല്‍തുറങ്കില്‍ അടയ്ക്കപ്പെടുകയില്ലായിരുന്നു. ലൗലി വര്‍ഗീസിന്റെ പോരാട്ടത്തില്‍ മക്കള്‍ നഷ്ടപ്പെട്ട നൂറുകണക്കിന് മാതൃഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രാര്‍ഥനയുടെ പിന്‍ബലം ഉണ്ടായിരുന്നുവെന്നുള്ളത് യാഥാര്‍ഥ്യമാണ്.