ഐ പി എല്ലിൽ ജൂൺ അഞ്ചിന് ഡോ. വിനൊ ജെ. ഡാനിയേൽ സന്ദേശം നൽകുന്നു

ഇന്റർനാഷനൽ പ്രയർ ലൈൻ ജൂൺ അഞ്ചിന് സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. വിനൊ ജെ. ഡാനിയേൽ (ഫിലഡൽഫിയ)വചന പ്രഘോഷണം നടത്തുന്നു. .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂൺ അഞ്ചിന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ഡോ. വിനൊ ജെ. ഡാനിയേലിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.

പി. പി. ചെറിയാൻ

ഷിബു വെണ്‍മണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ചിക്കാഗോ: ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് ചിക്കാഗോയില്‍ നിന്നുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുമ്പ് ചിക്കാഗോ റീജിയനില്‍ നിന്നും ആര്‍.വി.പിയായി മത്സര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം താത്വികമായൊരു സൗഹൃദ അവലോകനം തന്റെ സുഹൃത്തുക്കളുമായി സംവദിച്ച് തന്റെ തീരുമാനം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ മാറുകയായിരുന്നു.

നീതിബോധവും, മതേതര ചിന്തകളും, ജനാധിപത്യമൂല്യത്തിലും അധിഷ്ഠിതമായ ഫൊക്കാന എന്ന ദേശീയ പ്രവാസി പ്രസ്ഥാനത്തില്‍ തന്റെ ഭാഗത്തുനിന്നും കഴിവതും, വിട്ടുവീഴ്ചയ്ക്കും, സൗഹൃദ സാഹോദര്യ ബന്ധത്തിനും അടിവരയിട്ടുകൊണ്ടുള്ള തന്റെ തീരുമാനത്തിന് എല്ലാ നല്ലവരായ വ്യക്തികളുടേയും വോട്ടും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രശ്‌നാധിഷ്ഠിത ആശയ സംവാദങ്ങളും, വ്യക്തിവിമര്‍ശനങ്ങള്‍ക്കും പകരമായി സ്‌നേഹ സംസ്കാരത്തിന് താന്‍ വിലമതിക്കുന്നു. പകരംവെയ്ക്കാന്‍ ഇല്ലാത്ത സമര്‍പ്പണത്തിനും, കഠിനാധ്വാനത്തിനും, ഏവരോടും പ്രതിബദ്ധതയോടും നീതിപൂര്‍വ്വകമായും തന്റെ കര്‍മ മണ്ഡലത്തില്‍ കറകളഞ്ഞ വ്യക്തിത്വമായി ചിക്കാഗോയുടെ പ്രദേശങ്ങളില്‍ കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, ഇപ്പോള്‍ വൈസ് പ്രസിഡന്റ്, ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇപ്പോള്‍ ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ഫൊക്കാന 2018 നാഷണല്‍ കണ്‍വന്‍ഷന്‍ റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുതലായ സാമൂഹ്യ രംഗത്തും, സാമുദായിക രംഗത്തും ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) തന്റെ കരുത്താര്‍ന്ന പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

ഈവരുന്ന ജൂലൈ ആറിനു ഫിലഡല്‍ഫിയയില്‍ വച്ചു നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ ട്രിസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്ന ഏബ്രഹാം വര്‍ഗീസ് എല്ലാ സുഹൃത്തുക്കളുടേയും, നല്ലവരായ ഡെലിഗേറ്റുകളുടേയും സഹകരണവും വോട്ടും അഭ്യര്‍ത്ഥിക്കുന്നതായി അറിയിച്ചു.

അനില്‍ അമ്പാട്ട് (561 747 5740).

ജോയിച്ചന്‍ പുതുക്കുളം

റോമ സ്ഥാനാർത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ചു റോയ് ചെങ്ങന്നൂർ

കഴിഞ്ഞ 29 വർഷമായി ന്യൂ യോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിൽ ഞാൻ താമസിക്കുന്നു. റോക്‌ലാൻഡ് മലയാളി അസോസിയേഷൻ(ROMA) ഇപ്പോഴത്തെ പ്രസിഡന്റ് ആണ് . ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡണ്ട്, വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , എമ്പയർ റീജിയൻ മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ് നായർ ഞങ്ങളുടെ സംഘടനയിലൂടെയാണ് രണ്ട് വർഷം മുമ്പ് RVP ആയത് എന്നും ഈ അവസരത്തിൽ ഓർക്കുന്നു.

ന്യൂ യോർക്ക് എമ്പയർ റീജിയനിൽ റോമ എന്ന സംഘടനയുടെ പ്രവർത്തനം ആർക്കും തള്ളി കളയാൻ പറ്റില്ല എന്ന് ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ 2 സ്ഥാനാർത്ഥികളെ ആണ് മുമ്പോട്ട് വെയ്ക്കുന്നത്. റോമയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും നെടുതൂൺ എന്ന് പറയാവുന്ന ഫിലിപ്പ് ചെറിയാൻ, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും , എമ്പയർ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി മോൻസി വർഗീസും. വളരെ വർഷത്തെ സംഘടന പ്രവർത്തനത്തിന്റെ പാരമ്പര്യത്തോടെ ആണ് സാം എന്ന് എല്ലാവരും വിളിക്കുന്ന ശ്രീ. ഫിലിപ്പ് ചെറിയാൻ ഫോമാ മത്സര രംഗത്തേക്ക് വരുന്നത്. ഒരു പാനലിന്റെയും ഭാഗം ആവാതെ തികച്ചും നിഷ്പക്ഷം ആയിട്ട് ജനങളുടെ മുമ്പിലേക്ക് വോട്ട് അഭ്യർത്ഥന സമർപ്പിക്കുന്നു. ഫോമായിൽ അനേകം സൗഹാർദ്ദങ്ങൾ സൂക്ഷിക്കുന്ന സാമിന്‌ ഫോമയ്ക്ക് വേണ്ടി മുഴുവൻ സമയവും ചിലവഴിക്കുവാൻ ഇപ്പോൾ സാധിക്കും. ഒരു അവസരം കിട്ടുകയാണെങ്കിൽ ഈ സംഘടനക്ക് വേണ്ടി തന്നാൽ ആവുന്ന കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കും എന്ന അദ്ദേഹം വാക്ക് തരുന്നു. മോൻസി ആവട്ടെ ഫൊക്കാനയിലൂടെ സംഘടന പ്രവർത്തനത്തിൽ തുടക്കം കുറിച്ച വ്യക്തി ആണ്. എമ്പയർ റീജിയനിലെ പടല പിണക്കങ്ങൾ കണ്ട് മനം മടുത്തു മാറി നിന്ന മോൻസി വീണ്ടും ഫോമയിൽ പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു മുമ്പോട്ട് വന്ന വ്യക്തി ആണ്. തന്റെ പഴയ സുഹൃത്തുക്കൾ തന്നെ സഹായിക്കും എന്ന ഉത്തമ ബോധ്യത്തോടെ ആണ് ശ്രീ. മോൻസി വര്ഗീസ് RVP ആയി മത്സരിക്കുന്നത്. നിങ്ങൾ ഓരോരുത്തരും റോമ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു വിജയിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. റോക്‌ലാൻഡ് നിവാസിയായ ഒരു വനിത സ്ഥാനാർത്ഥിയുടെ കാര്യം കൂടി ഞാൻ എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു. നേരത്തെ പരിചയം പോലും ഇല്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, തന്റെ ജീവൻ പകുത്ത് നൽകുവാൻ മനസ്സ് കാണിച്ച ഒരു മാലാഖ പെൺകുട്ടി. അമേരിക്കൻ മലയാളികൾക്ക് രേഖ നായർ എന്നും ഒരു അത്ഭുതമാണ്. റോമയുടെ എല്ലാ വോട്ടുകളും ഞങ്ങൾ രേഖക്ക് നൽകുവാൻ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.

ഒരു പ്രദേശത്തേക്ക് ഫോമ കൺവെൻഷൻ കൊണ്ട് വരാൻ ചിന്തിക്കുന്നതിന് മുമ്പ് തന്നെ അവിടെ ഉള്ള അംഗസംഘടനകളുമായി സംസാരിച്ചു എല്ലാവരെയും കൂടെ നിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പടല പിണക്കങ്ങൾ വെച്ച് കൊണ്ട് ഒരു എലെക്ഷനെ അഭിമുഖീകരിക്കുന്നത് നന്നാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. റീജിയണിലെ അംഗസംഘടനകൾക്ക് തുല്യ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ആ റീജിയൻ RVP യുടെ ചുമതലയാണ്. ഇവിടെ “വല്യേട്ടൻ” നയം ചിലവാകില്ല എന്ന് കൂടി കൂട്ടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്തടുത്ത പ്രദേശങ്ങളിൽ നിന്ന് എല്ലാ എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികൾ വരുന്നത് ഫോമയുടെ വളർച്ചയെ പിന്നോട്ട് വലിക്കും എന്നതിൽ സംശയമില്ല.

കൺവെൻഷൻ സിറ്റിയുടെ പേര് പറഞ്ഞു എലെക്ഷൻ ക്യാമ്പയിൻ ചെയ്യുന്ന രീതിയോട് സത്യത്തിൽ എനിക്ക് യോജിപ്പില്ല. ഞങ്ങൾ ഫോമാ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നു. കൺവെൻഷൻ ഇനി മെക്സിക്കോയിലോ, പോര്ടോ റിക്കയിലോ എവിടെ ആണെങ്കിലും ഞങ്ങൾ അവിടെ പങ്കെടുക്കും. ന്യൂ യോർക്കിൽ ദീർഘനാളായി ജീവിക്കുന്ന വ്യക്തി ആണ് ഞാൻ. ന്യൂ യോർക്ക് സിറ്റിയിൽ ഒരു കൺവെൻഷൻ ഫോമക്ക് ചെയ്യുവാൻ സാധിക്കില്ല. റൂമിന് $99 കിട്ടുമ്പോൾ ആണ് രണ്ട് പേർക്ക് $999 വാങ്ങി നമ്മൾ റെജിസ്ട്രർ ചെയ്യുന്നത്. ന്യൂ യോർക്ക് സിറ്റിയിൽ അത് സാധിക്കില്ല എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ. പിന്നെ പണ്ട് ഫോക്കാന അല്ബാനിയിൽ വെച്ച് ഒരു കൺവെൻഷൻ ചെയ്തത് ഓർക്കുന്നു. ന്യൂ യോർക്ക് സിറ്റിയിൽ നിന്നും 4 മണിക്കൂർ റോഡ് മാർഗ്ഗം യാത്ര ചെയ്യേണ്ട സ്ഥലം. സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത ശേഷം ഫോമാ കമ്മിറ്റി വേണം കൺവെൻഷൻ നഗരം തീരുമാനിക്കാൻ. അത് പോലെ തന്നെ എല്ലാ ചെറിയ പട്ടണങ്ങളിലും ഫോമാ കൺവെൻഷൻ നടക്കേണ്ടതാണ്. അടുത്ത വർഷത്തേക്ക് ന്യൂ ജേർസിയും, വാഷിംഗ്‌ടൺ ഡിസി യും ഇപ്പോൾ തന്നെ എലെക്ഷൻ പ്രവർത്തനം ആരംഭിച്ചതായി കേൾക്കുന്നു. കാലിഫോർണിയയിൽ ഒരു കൺവെൻഷൻ കൂടണം എന്ന ആഗ്രഹവും ഞങ്ങൾക്കുണ്ട് എന്ന് പറയട്ടെ. കഴിവുള്ളവരെ തിരഞ്ഞെടുക്കണം… അവർ വേണം ഫോമയെ ഉയരങ്ങളിൽ എത്തിക്കാൻ. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നതിനോടൊപ്പം റോമാ സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകണം എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാവർക്കും എന്റെ നല്ല നമസ്കാരം.

“സാന്ത്വനം 2018′ വിജയകരമായി നടത്തപ്പെട്ടു

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ 2018 വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം “സാന്ത്വനം 2018′ വിജയകരമായി നടത്തപ്പെട്ടു . മെയ് 19 നു വൈകിട്ട് 6 മണിക്ക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രസ്തുത പരിപാടി നടത്തപ്പെട്ടത് .

വികാരി റവ. സജിത് തോമസ്, റവ. ടി.സി. മാമ്മന്‍, റവ. ഫിലിപ്പ് വര്‍ഗീസ്, റവ. മനോജ് ഇടിക്കുള, റവ. ഷിബി എന്നീ അച്ചന്മാരുടേയും, നിറഞ്ഞ സദസ്സിന്റെയും, സഖ്യം നേതൃത്വ നിരയുടെയും സാന്നിധ്യത്തില്‍ ദീപം കൊളുത്തി ചടങ്ങ് ഉദ്ഘടനം ചെയ്തു. തുടര്‍ന്നു പ്രശസ്ത ഗായകന്‍ കെ..ഐ അലക്‌സാണ്ടര്‍ നയിച്ച സംഗീത സന്ധ്യയില്‍ ആലപിച്ച ഹൃദ്യമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷങ്ങളോടെ ആസ്വദിച്ചു. യുവജന സഖ്യത്തിലെ കലാപ്രതിഭകളും കൊച്ചുകുട്ടികളും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങളും, സ്കിറ്റുകളും കാണികളുടെ പ്രശംസ നേടി . നൃത്തവും സ്കിറ്റികളും സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തിയത് സോമി മാത്യു ആയിരുന്നു .

സഖ്യത്തിലെ യുവതി യുവാക്കള്‍ ചേര്‍ന്നൊരുക്കിയ “മഞ്ഞുരുകുമ്പോള്‍’ എന്ന ലഘു നാടകം അവതരണത്തില്‍ വളരെ മികച്ചതായി. യുവതി യുവാക്കളുടെ അഭിനയ മികവ് തെളിയിക്കുവാന്‍ ഈനാടകത്തിലൂടെ വേദിയൊരുക്കി . ജോയ് പനങ്ങാട്ട് ആണ് മഞ്ഞുരുകുമ്പോള്‍ എന്ന ഈനാടകം രചിച്ചതും സംവിധാനം ചെയ്തതും. യുവജന സഖ്യം സെക്രട്ടറി കൂടിയായ സോമി മാത്യു ആണ് കണ്‍വീനര്‍ ആയി നിന്ന് ഈപ്രോഗ്രാമിന് ചുക്കാന്‍ പിടിച്ചത് . ‘സാന്ത്വനം’ പരിപാടി കെട്ടിലും മട്ടിലും ഏറ്റവും മികച്ചതായിരുന്നു എന്ന് കാണികള്‍ അഭിപ്രായപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം

അസംബ്ലി റിട്രീറ്റ് സെന്‍ററില്‍; ഭദ്രാസനം വികസനപാതയില്‍

ഡാല്‍ട്ടണ്‍ (പെന്‍സില്‍വേനിയ): മലങ്കരസഭയുടെ ഐഡന്‍റിറ്റിയും അടിസ്ഥാന പ്രമാണങ്ങളും നിലനിര്‍ത്തി കൊണ്ടു തന്നെ ഒരു അമേരിക്കന്‍ സഭയായി അറിയപ്പെടാനുള്ള സമയമായി എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഭദ്രാസനത്തിന്‍റെ അധീനതയിലുള്ള ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ നിക്കോളോവോസ്. ഒരു പുനര്‍ചിന്തനത്തിന്‍റെ സമയമാണിത്. വടക്കുനോക്കിയന്ത്രം എന്നു പറയുന്നതു പോലെ, എല്ലാത്തിനും, ‘ഇന്ത്യാനോക്കി’ സഭയായി മാറാതെയുള്ള ഒരു കാഴ്ചപ്പാടിനു സമയമായി. നാം ഒരു കുടിയേറ്റ സഭയല്ല ഇപ്പോള്‍. ഈ ഭൂഖണ്ഡത്തിലെ അനിഷേധ്യ സാന്നിധ്യമാണ് നമ്മുടേത്. ചരിത്രഘടകങ്ങളെ ആസ്പദമാക്കിയുള്ള വസ്തുതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. അര്‍ത്ഥപൂര്‍ണ്ണമായ ജീവിത സാക്ഷ്യങ്ങള്‍ക്കു തുടക്കമിടാന്‍ സമയമായി. സഭയുടെ ചട്ടക്കട്ടില്‍ നിന്നു കൊണ്ടു തന്നെ വിവേചനത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. പൈതൃകകാര്യക്രമങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായി കഴിഞ്ഞു. മറ്റു കുടിയേറ്റ സഭകളുമായി തട്ടിച്ചു നോക്കുമ്പോള്‍ മലങ്കരസഭയുടെ വളര്‍ച്ച ബഹുദൂരം മുന്നിലാണ്. ഇപ്പോള്‍ നമ്മള്‍ വെറും ഒരു കുടിയേറ്റ സഭയേ അല്ല. സ്വത്വം നിലനിര്‍ത്തുന്ന തദ്ദേശീയ സഭ തന്നെയാണ്. മുന്‍ഗാമികളായ മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത, മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പിത ജീവിതത്തിന്‍റെയും ബാക്കിപത്രമാണ് ഇന്നു ഭദ്രാസനം അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തിന്‍റെയും നിദാനം. മലങ്കരസഭയ്ക്ക് ആകമാനം അഭിമാനമായ ഈ റിട്രീറ്റ് സെന്‍ററിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പ്രാര്‍ത്ഥനയും സഹായവും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അസംബ്ലിക്ക് ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. സജി തോമസ് തറയില്‍ സങ്കീര്‍ത്തനങ്ങള്‍ 141-ാം അധ്യായത്തെ ആസ്പദമാക്കി ഹൃദയസ്പര്‍ശിയായ രീതിയിലാണു സംസാരിച്ചത്. സൃഷ്ടിയും സംഹാരവും നടത്താനുള്ള കരുത്ത് വാക്കിനുണ്ട്. ആലോചനയില്ലാതെ വാക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരും. പറയുന്ന വാക്കുകളോട് വിശ്വാസ്യത പുലര്‍ത്തണം എന്നീ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കി ഉദാത്തമായ ഒരു ധ്യാനപ്രസംഗമാണ് സജി അച്ചന്‍ നടത്തിയത്.

ഭദ്രാസന സെക്രട്ടറി ഫാ.സുജിത്ത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്‍പ്പന വായിച്ചതോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. പ്രാര്‍ത്ഥനയ്ക്കു ശേഷം മുന്‍ അസംബ്ലിയുടെ മിനിട്സ് വായിച്ച് പാസ്സാക്കി. 2017-18 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് വരവ് ചിലവ് കണക്കുകള്‍ എന്നിവയും അവതരിപ്പിച്ചു. ഇന്‍റേണല്‍ ഓഡിറ്റര്‍ തമ്പി നൈനാന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. അക്കൗണ്ടിങ് കമ്പനിയായ റോസ്റ്റ് ആന്‍റ് കമ്പനിയുടെ പ്രതിനിധികള്‍ നേരിട്ടെത്തി വിശദമായ വരവു ചിലവുകണക്കുകള്‍ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന്‍റെ ഇതപര്യന്തമുള്ള വികസനപ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ഉള്‍പ്പെടുന്ന വീഡിയോ പ്രസന്‍റേഷന്‍ ജെയ്സണ്‍ തോമസ്, സന്തോഷ് മത്തായി എന്നിവര്‍ ചേര്‍ന്നു നടത്തി. ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ ഭാവിപ്രവര്‍ത്തന ശൈലി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ചകള്‍ നടന്നു.

ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗണ്‍സില്‍ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ചാന്‍സലര്‍ ഫാ. തോമസ് പോള്‍, മെത്രാപ്പോലീത്തയുടെ അസിസ്റ്റന്‍റ് ഡീക്കന്‍ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. എബി ജോര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ബിജു പാറയ്ക്കല്‍ എന്നിവരും അസംബ്ലിയുടെ വിജയത്തിനു വേണ്ടി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫാ. എബി ജോര്‍ജിനെ അസംബ്ലിയുടെ റെക്കോര്‍ഡിങ് സെക്രട്ടറിയായി മെത്രാപ്പോലീത്ത നിയമിച്ചിരുന്നു.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വികാരിമാരും അസംബ്ലി അംഗങ്ങളും പങ്കെടുത്തിരുന്നു.

ജോര്‍ജ് തുമ്പയില്‍

ഫോമയിൽ അധികാര വികേന്ദ്രീകരണം അനിവാര്യമെന്ന് ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് !!

കഴിഞ്ഞ രണ്ട് വർഷക്കാലം ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുവാൻ സഹായിച്ച എല്ലാ ഫോമാ അംഗങ്ങൾക്കും ആദ്യമായി നന്ദി അറിയിക്കട്ടെ. ന്യൂ യോർക്കിലെ ഏറ്റവും അധികം മലയാളികൾ തിങ്ങി പാർക്കുന്ന ക്വീൻസ്, ലോങ്ങ് ഐലൻഡ്, സ്റ്റാറ്റൻ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങൾ ഉള്ള മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുക ശ്രമകരമായ ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്റെ ഒപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരോടുള്ള സ്നേഹാദരങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കും. ഇനിയും ഈ റീജിയണൽ പ്രവർത്തങ്ങളിൽ ഞാൻ സജ്ജീവമായിരിക്കും എന്നും വാക്ക് തെരുന്നു.

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക്(KSGNY), മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (MASI), ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ (കേരള സെന്റര്), ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ (LIMCA), കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്, ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KCANA), മലയാളി സമാജം ഓഫ് ന്യൂ യോർക്ക് (MSNY), നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ തുടങ്ങി 9 ശക്തമായ സംഘടനകൾ ഉൾകൊള്ളുന്ന ന്യൂ യോർക്ക് മെട്രോ റീജിയൻ എന്നും ഫോമയുടെ നാളിതുവരെ ഉള്ള പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു. ഇനിയും ഈ റീജിയൻ അത് തുടരുക തന്നെ ചെയ്യും.

ന്യൂ യോർക്കിൽ ഒരു കൺവെൻഷൻ വരാൻ ഉള്ള സാഹചര്യം അല്ല ഇപ്പോൾ നിലനിൽക്കുന്നത് എന്ന് പറയാൻ രണ്ട് പ്രാവിശ്യം ആലോചിക്കേണ്ട ആവിശ്യമില്ല. ന്യൂ യോർക്ക് മലയാളി സമൂഹത്തിന് മുഴുവൻ സമ്മതനായ ഒരു പ്രസിഡണ്ട് സ്ഥാനാർത്ഥി വന്നെങ്കിൽ മാത്രമേ ന്യൂ യോർക്ക് കൺവെൻഷൻ വിജയിപ്പിക്കുവാൻ സാധ്യമാകൂ. മെട്രോ എമ്പയർ റീജിയനുകളിലെ 18 അംഗ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് പോകുവാൻ കഴിവും പ്രാപ്തിയുമുള്ള ഒരു പാനൽ വേണം ന്യൂ യോർക്ക് കൺവെൻഷന് വേണ്ടി രംഗത്ത് വരാൻ. അത് പോലെ അമേരിക്കയുടെ വിവിധ പ്രദേശത്തു നിന്നും എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കണം. അധികാര വികേന്ദ്രീകരണം ആണ് ഫോമക്ക് ആവിശ്യം. അല്ലാതെ ഒരേ പ്രദേശത്തു നിന്നുമുള്ള സ്ഥാനാർത്ഥികളെ മറ്റുള്ളവരുടെ തലയിൽ അടിച്ചു ഏൽപ്പിക്കുകയല്ല വേണ്ടത്. ഫോമാ കൺവെൻഷൻ വിജയിക്കണമെങ്കിൽ ഒത്തൊരുമയോടെ, ഒരേ മനസ്സോടെ ഒരു കൂട്ടം ആളുകൾ പ്രവർത്തിച്ചെങ്കിൽ മാത്രമേ സാധ്യമാവൂ. ആ തരത്തിൽ ചിന്തിക്കുമ്പോൾ ഒരു ന്യൂ യോർക്ക് കൺവെൻഷൻ വിജയിപ്പിക്കണമെങ്കിൽ ആദ്യം മെട്രോ – എമ്പയർ റീജിയനുകൾ ഒന്നിച്ചു സ്ഥാനാർത്ഥികളെ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കണം. അതിന് വിപരീതമായ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മറ്റൊന്ന് എല്ലാ ഫോമ എലെക്ഷൻ വരുമ്പോഴും തങ്ങൾക്ക് കൺവെൻഷൻ വേണം എന്ന് ട്രൈ സ്റ്റേറ്റ് പ്രദേശത്തുള്ളവർ (CT, NY, NJ) വാശി പിടിച്ചാൽ പിന്നെ ഫോമ ഈ പ്രദേശത്തു തന്നെ ഒതുങ്ങി പോകും എന്നതിൽ സംശയമില്ല. ബോസ്റ്റൺ മുതൽ വാഷിംഗ്‌ടൺ വരെയുള്ള മലയാളി അംഗ സംഘടനകളുടെ കണക്കെടുത്താൽ, മറ്റൊരു പ്രദേശത്തിനും അതിന് മുകളിൽ വരാൻ സാധ്യമല്ല. ന്യൂ ജേഴ്‌സി കഴിഞ്ഞ ഏതാനം വര്ഷങ്ങളായി ഒരു കൺവെൻഷൻ നടത്തുവാൻ താല്പര്യം കാണിച്ചു നിൽക്കുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ, ഫോമ കൺവെൻഷനുകൾ മറ്റുള്ള പ്രദേശത്തു കൂടി പോവേണ്ടത് ഒരു അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം എന്നത് വെറും സ്വപ്‍നം മാത്രം ആയി പോവും എന്നതിൽ സംശയമില്ല.

കഴിഞ്ഞ ഇലെക്ഷനിൽ സ്‌റ്റാൻലി കളത്തിലിന്റെ നേതൃത്വത്തിൽ 2018 ലെ കൺവെൻഷൻ ന്യൂ യോർക്കിൽ വെച്ച് നടത്താൻ ആഗ്രഹിച്ചു. എന്നാൽ ന്യൂ യോർക്കിലെ ഫോമാ നേതാക്കളുടെ ഐക്യമില്ലായ്മ കൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. അതേ അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ന്യൂ യോർക്കിൽ ഒരു സൗഹൃദാന്തരീക്ഷം ഉടലെടുക്കുന്നത് വരെ ഇവിടെ ഒരു കൺവെൻഷൻ കൊണ്ട് വന്നു വിജയിപ്പിക്കുക അസാദ്ധ്യം എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഡാളസിൽ നിന്നുള്ള ഫോമാ പ്രവർത്തകർ 2020 ലെ കൺവെൻഷൻ ഡാളസിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. അത് സാധ്യമാക്കി കൊടുക്കയാണ് വേണ്ടത് എന്ന് ഫോമയുടെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയുവാനുള്ളൂ. അതിന് വേണ്ടി എല്ലാം ഫോമാ നേതാക്കളും സഹായിക്കണമെന്ന അഭ്യർത്ഥിച്ചു കൊണ്ട് ഫോമയ്ക്ക് എല്ലാ ആശംസകളും നേരുന്നു

വർഗ്ഗീസ് കെ. ജോസഫ്
മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ്
ന്യൂ യോർക്ക്

അഭിമാനവും ദുരഭിമാനവും: Fr Johnson Punchakonam

കഴിഞ്ഞ ദിവസങ്ങളിൽ മലയാള വാർത്താ മാധ്യമങ്ങൾ ചർച്ചചെയ്ത ഒന്നാണ് ദുരഭിമാനക്കൊല ? മനുഷ്യൻ അഹങ്കാരത്തോടെ പടുത്തുയർത്തിയ അഭിമാനം ഇല്ലാതാകുവാൻ ഒരു രാത്രിയുടെ അകലം മാത്രം. ക്രൈസ്തവ സമൂഹത്തിനു ഇത് സ്വയം തിരിച്ചറിയാലിന്റെ നിമിഷമായി മാറണം. അഹങ്കാരം മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചു നമുക്ക് നന്നായി അറിയാം. ‘സ്വത്വാഭിമാനം’ ഒരളവുവരെ നല്ലതാണ് പക്ഷേ അത് നമുക്കും നമ്മുടെ ചുറ്റിലുള്ളവർക്കും പ്രശ്നങ്ങളും ഭയപ്പാടുകളും ഉണ്ടാക്കുന്നുവെങ്കിൽ അത് ‘ ദുരഭിമാനം ‘ തന്നെയാണ്.

പിന്നാക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് മുന്നോക്ക വിഭാഗക്കാരൻ എന്നഭിമാനിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിനും അവസാനം ജീവൻ ബലികൊടുക്കുന്നതിനും ഇടയായത്. മൂന്ന് ദിവസം മുമ്പാണ് കെവിന്റെയും നീനുവിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവിടെ ഒരു ചോദ്യം ഉയരുന്നത് എവിടെപ്പോയി ഇരു കൂട്ടരുടെയും സഭകൾ ?. കെവിന്റെ മൃതശരീരം സംസ്കരിക്കുവാൻ അഞ്ചോളം യുവവൈദീകരുണ്ടായിരുന്നു എന്നത് ശ്രദ്ധേയം. ഹിന്ദു ചേരമർ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ് എന്നാണു അറിയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കേരളത്തിൽ നിലനിൽക്കുന്ന ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സവർണ-അവർണ വിവേചനം ക്രൈസ്തവ സഭകളിലും നിലനിൽക്കുന്നു എന്ന സന്ദേശം ഉൾക്കൊള്ളുവാൻ സഭകൾ തയ്യാറാവണം. ഉചിതമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു. ദളിത് വിവാഹത്തെ അംഗീകരിക്കുവാൻ സാധിക്കാത്ത രീതിയിൽ ജാതീയമായ വിവേചനം എല്ലാക്കാലവും നാം പിന്തുടരുന്നു എന്നത് ചരിത്രയാഥാർഥ്യം.

ഇവിടെ കൊന്നതും കൊലചെയ്യപ്പെട്ടതും രാഷ്ട്രീയ വിഷയങ്ങളാലല്ല. ജാതിയുടെയും ഉപജാതിയുടെയും അഭിമാനപ്രശ്‌നമാണ്. അഥവാ ദുരഭിമാനം. സ്വന്തം കാര്യം വരുമ്പോള്‍ അല്പം അഭിമാനവും ദുരഭിമാനവും ഇല്ലാത്തവര്‍ കുറയും. പക്ഷെ അത് ആസൂത്രിത കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നീങ്ങുമ്പോഴാണു നാം നമ്മെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നത്. വാർത്താ ചാനലുകളിൽ ആടിതിമിർക്കുന്ന ചർച്ചകൾ എല്ലാം തന്നെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടിയുള്ളത് മാത്രമാണ്. ഇരുകൂട്ടരുടേയും രാഷ്ട്രീയ ചിന്താഗതികളും അനുഭാവ സ്വഭാവങ്ങളും അസംബന്ധ രാത്രി ചർച്ചകളായി വഴിമാറുന്നു. അവിടെ മതവും ക്രൈസ്തവ സഭകളും തല്ക്കാലം രക്ഷപെട്ടു എന്ന് വേണമെങ്കിൽ അഭിമാനിക്കാം.

വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചിന്താഗതികളും അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും നമ്മെ പിന്നോട്ട് നയിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളെ ഞെട്ടലോടെ വേണം വിലയിരുത്തുവാൻ. ക്രൈസ്തവ സഭകൾക്ക് ഇവിടെ എങ്ങനെ ഇടപെടുവാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും അഭ്യസ്തവിദ്യരും സാംസ്‌കാരികമായി ഉന്നതിയിലുള്ളവരും സഹോദരങ്ങളായി ജീവിച്ചുപോരുന്ന ഈ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊന്നും നടക്കുകയില്ലെന്നു വിചാരിച്ചിരുന്നു. ജനാധിപത്യത്തിലെ നാലാംതൂണുകള്‍ എന്നവകാശപ്പെടുന്നവർപോലും ഇന്നും പണത്തിനുവേണ്ടി ജോലിയെടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അധഃപതനത്തിന്റെ വെടിയൊച്ചകളും നിലവിളികളും നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്.

അന്യന്റെ ജീവനു വിലയില്ലാതാകുകയും അക്രമവും അക്രമവാസനകളും പെരുകുകയും എതിരാളിയെ അറപ്പില്ലാതെ ഇല്ലാതാക്കാനുള്ള മാനസിക നിലവാരത്തിലേക്കു കേരളജനതയും തരംതാണുപോകുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാനാകുകയില്ല. നവമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും വളര്‍ന്നുപന്തലിച്ചപ്പോള്‍ നന്മയേക്കാള്‍ ഏറെ തിന്മയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, പകയുടെ വാഹകര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.നിയമവ്യവസ്ഥകള്‍ക്കും നിയമപാലകര്‍ക്കും അതിന്റേതായ ചില പോരായ്മകള്‍ ഉള്ളപ്പോഴും നഷ്ടമാകാതെ പോകേണ്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിലാണു നമ്മള്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യേണ്ടത്. അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും നാളുകളില്‍നിന്നു നമ്മെ കൈപിടിച്ചുയർത്തിയ മത-സാംസ്കാരിക-രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങളുടെ കെട്ടുറപ്പും, ദിശാബോധവും എവിടെയൊക്കെയോ കൈമോശം വന്നിരിക്കുന്നു. മനുഷ്യനെ മനുഷ്യനായ് കാണുവാനും പരസ്പരം സ്‌നേഹിക്കുവാനും വെറുപ്പിനു പകരം സ്‌നേഹവും അനുകമ്പയും സമത്വവും പകര്‍ന്നുനല്കാനുമാകുമ്പോള്‍ മാത്രമേ നാളെയുടെ നന്മ പ്രത്യാശിക്കാന്‍ വകയുള്ളൂ.

വിവിധ മതങ്ങളില്‍പെട്ടവരും മതമില്ലാത്തവരും ജീവിക്കുന്ന നാടാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികപരമായും വളരെയേറെ ഉന്നതിയില്‍ നില്‍ക്കുന്നവരും ഉല്‍ബുദ്ധരും നമ്മള്‍ കേരളീയര്‍ തന്നെയാണ് എന്നാണ് നമ്മുടെ അവകാശവാദം. എന്നാൽ ആധുനിക വാർത്തകൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ അവകാശവാദം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നില്ലേ എന്നൊരു സംശയം ബാക്കിനിൽക്കുന്നു. എല്ലാവരും വിശ്വസിക്കുന്നത് അവരവരുടെ ഭാഷ്യം ശരിയാണ് എന്ന് തന്നെയാണ്. പിന്നെ ആര്‍ക്കാണ് പിഴച്ചത്? ഈ ചോദ്യത്തിന് എല്ലാവര്‍ക്കുമറിയുന്ന ഒരു ഉത്തരമുണ്ട് ‘ഞങ്ങൾക്കല്ല ‘ എന്ന്. ഇവിടെ എല്ലാവരും ശരിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ശരിയാണ് എന്ന് അംഗീകരിച്ചുകൊടുക്കില്ല എന്നതാണ് സത്യം.

സ്നേഹത്തിന്റെ കുറവാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ‘ദുരഭിമാനം ‘ ചിലരിൽ കൂടുന്നത് എന്നറിയില്ല. പക്ഷെ ഇത് മൂലമുള്ള പ്രശ്നങ്ങൾ അനവധി ആണെന്ന് മനസ്സിലാക്കാം. അഭിമാനം മൂത്തു അവരിലുണ്ടാവുന്ന വ്യത്യാസങ്ങൾ അവർക്കു തന്നെ അതിലും ഭീകരമായി അഭിമാന ക്ഷതം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പോലും അവർ മനസ്സിലാക്കുന്നില്ല. എല്ലാരിലും കുറച്ചു അഭിമാനം വേണം എന്ന് പറയുന്നു. എന്നാലും ചില സത്യങ്ങൾ മറച്ചു പിടിക്കുവാൻ അതിനു സാധിക്കുന്നു. തനിക്കും മറ്റുള്ളവർക്കും അത് ദോഷമുണ്ടാക്കുന്നവ അല്ലെങ്കിൽ കുഴപ്പമില്ല എന്ന ഒരു വശവും ഉണ്ട്. എന്നിരുന്നാലും ഇത്രയും ദോഷങ്ങൾ തരുന്ന അഭിമാനങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ തനിക്കും മറ്റുള്ളവർക്കും കൂടുതൽ സ്വാതന്ത്ര്യവും സ്നേഹവും ഉറപ്പായും ലഭിക്കും.

കേരളത്തിൽ ശക്തിപ്പെടുന്നത് ജാതീയതയാണ്. സഭയിലും രാഷ്ട്രത്തിലും അനുദിനം വർദ്ധിക്കുന്നു. മനുഷ്യത്വം മരവിക്കുമ്പോൾ ജാതിയതയും അധികാരവും ശക്തിപ്പെടും.വേർകൃത്യങ്ങൾ വളരും. പുത്തൻ യുഗത്തിലും കേരളം ജാതീയതയുടെ കരാളഹസ്തത്തിൽ തന്നെ എന്ന് നിസംശയം പറയാം.

ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം മലയാളി മനസ്സിനെ എവിടെ എത്തിച്ചു എന്ന് വിലയിരുത്തുന്നത് ഉചിതമാണ്? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- ഇന്നലകളിൽ നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ ഫലവും വിശകലനം ചെയ്താല്‍ ജാതീയത അതിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് പലായനം ചെയ്യുക മാത്രമാണ് ചെയ്തത്. കടുത്ത അവഗണനക്കും അവഹേളനത്തിനും ഇടയിലും ദളിതന് രാജ്യത്തിന്റെ രാഷ്ട്രീയ- വിദ്യഭ്യാസ- കലാ സാംസ്‌കാരിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും എത്തിപ്പെടാന്‍ സാധിച്ചു എന്നത് ചെറിയൊരു ആശ്വാസം തന്നെ. അവിടെ ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല. എന്നാൽ ഇന്ന് ജാതിവ്യവസ്ഥ അതിന്റെ പഴയ കാല രീതികളും കര്‍മമണ്ഡലങ്ങളും മാറ്റി പുതിയ രീതിയില്‍ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് മാത്രം.ജാതീയത അതിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിന്റെ മറ്റൊരു തെളിവാണ് ഞായറാഴ്ചകളിലെ ജാതി തിരിച്ചുള്ള മാട്രിമോണിയലുകള്‍. ഈഴവ മാട്രിമോണി, നായര്‍ മാട്രിമോണി, പുലയ മാട്രിമോണി എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇവയെല്ലാം തന്നെ ഭൂരിപക്ഷ ന്യുനപക്ഷ വർഗീയതയെ പരോക്ഷമായി വളർത്തുകയാണ്.