ഒരു മാറ്റം അനിവാര്യം: മാധവന്‍ ബി നായര്‍

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 4 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടക്കുന്ന പരിപാടികളെക്കുറിച്ച് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ. ഫൊക്കാനയുടെ 2018 2020 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായി ഞാനും മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നുവെന്നു പറയുന്നില്ല മറിച്ച് ആ പദവിക്ക് അര്‍ഹനാണ് അതിനോട് നീതിപുലര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു മത്സരാര്‍ത്ഥി മാത്രം.

ഫൊക്കാന ആരംഭിച്ചിട്ട് ഇപ്പോള്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രാരംഭകാലങ്ങളില്‍ അതിന്റെ ഭാരവാഹികള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് അമേരിക്കന്‍ മലയാളികള്‍ അനുഭവിച്ച് വന്ന ഗൃഹാതുരത്വത്തിനു ഒരു ശമനം വരുത്തുകയെന്നതായിരുന്നു. അതിനായി നമ്മള്‍ നാട്ടില്‍ നിന്നും രാഷ്ട്രീയക്കാര്‍, സിനിമ താരങ്ങള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവരെ കൊണ്ട് വന്നു. ചെണ്ട മേളങ്ങളും താലപ്പൊലികളും കൊണ്ട് ആഘോഷങ്ങള്‍ കൊഴുപ്പിച്ചു. ക്രമേണ ബിസ്‌നസ്സ് സെമിനാറുകളും, നാട്ടില്‍ വ്യവസായങ്ങളും നിക്ഷേപങ്ങളും നടത്താനുള്ള പദ്ധതികള്‍ക്കും തുടക്കമിട്ടു. എങ്കിലും പറയത്തക്ക ഒരു നേട്ടം നമ്മള്‍ നേടിയതായി കാണുന്നില്ല.

ഈ അവസരത്തില്‍ ഒരു വലിയ മാറ്റത്തിന് നമ്മള്‍ തായ്യാറാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് അമേരിക്കന്‍ മലയാളി സമൂഹത്തിനു നന്മയും പുരോഗതിയുമുണ്ടാകാന്‍ സഹായിക്കുന്നവയാകണം. പ്രസിഡന്റ് പദത്തിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഞാന്‍ എന്റെ മനസിലുള്ള പദ്ധതികള്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

അമേരിക്കന്‍ മലയാളി സമൂഹം ഫൊക്കാനയുടെ സ്ഥാപക വര്‍ഷത്തില്‍ നിന്നും എത്രയോ മടങ്ങു മുന്നോട്ടു പോയി. എന്നാല്‍ ഫൊക്കാനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തങ്ങളില്‍ അധികം മാറ്റങ്ങള്‍ വന്നതായി കാണുന്നില്ല. നമ്മള്‍ ഇപ്പോഴും ആ പഴയ പരിപാടികള്‍ തുടരുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ. ആലവട്ടവും, വെണ്‍ചാമരവും, താലപ്പൊലിയും ചെണ്ടമേളവും, സൗന്ദര്യമത്സരവും, സെമിനാറുകളും വേണ്ടെന്നു പറയുന്നില്ല. എന്നാല്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ ഇനി മുതല്‍ അമേരിക്കന്‍ മലയാളികളുടെ ആവശ്യവും ആഗ്രഹവും അനുസരിച്ചായിരിക്കണം. അന്ന് ഫൊക്കാന സംഘടിപ്പിച്ചവരും അതില്‍ പങ്കു കൊണ്ടവരും ഇന്ന് വാര്‍ധക്യത്തില്‍ അല്ലെങ്കില്‍ മധ്യവയസ്സില്‍ എത്തിക്കഴിഞ്ഞു.

പലരും പെന്‍ഷന്‍ പറ്റി വിശ്രമജീവിതം നയിക്കുന്നു. ഇവിടെയുള്ള അമേരിക്കന്‍ മലയാളി സമൂഹം സമ്പന്നതയില്‍ കഴിയുന്നു അവര്‍ക്ക് സഹായങ്ങള്‍ ആവശ്യമില്ല എല്ലാം നാട്ടിലുള്ളവര്‍ക്കാണെന്ന തെറ്റിധാരണ മാറ്റുകയാണ് ആദ്യം വേണ്ടത്. നമ്മുടെ നാട് ഇന്ന് പുരോഗതിയുടെ പാതയിലാണ്. അവിടെ ജോലിക്കായി ആളുകള്‍ ബംഗാളികളെ കൊണ്ട് വന്നിരിക്കുന്നു. ഏകദേശം കണക്കനുസരിച്ച് അമ്പത് ലക്ഷത്തോളം ബംഗാളി ജോലിക്കാര്‍ ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ട് പണ്ടത്തെപോലെ അമേരിക്കന്‍ മലയാളികളുടെ സഹായം അവര്‍ക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയാണ്.

സീനിയര്‍ സിറ്റിസണ്‍ എന്ന പേരില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു മലയാളി സമൂഹം നമുക്കുണ്ട്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ട്, പരാതികള്‍ ഉണ്ട്. നമ്മള്‍ അതൊക്കെ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. ഉദാഹരണത്തിന് മോദി സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരങ്ങളുടെ ഫലമായി നാട്ടില്‍ ഭൂസ്വത്തുള്ളവര്‍ക്ക് അത് വില്‍ക്കാന്‍ പ്രയാസം, അവര്‍ക്ക് അവിടെ കുറച്ച് നാള്‍ താമസിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്‍ടി വരുന്ന നിയമപ്രശ്‌നങ്ങള്‍, ചിലരുടെ പ്രായവുമായ മാതാപിതാക്കളുടെ സുരക്ഷാ, അങ്ങനെ ഒരു നീണ്ട പട്ടിക നമ്മുടെ മുന്നിലുണ്ട്. ഇവിടെയും വയസ്സായി ഒറ്റപ്പെട്ടവര്‍ ഉണ്ട്. അവര്‍ക്കും സഹായങ്ങള്‍ ആവശ്യമാണ്. അമേരിക്കയില്‍ പ്രാദേശിക തലത്തില്‍ പലയിടത്തും മലയാളികളുടെ സീനിയര്‍ സിറ്റിസണ്‍ സംഘടനകള്‍ ഉണ്ട്. പക്ഷെ അവയെല്ലാം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.

ഫൊക്കാന ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് അതിനു ഒരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. കൂടാതെ വിശ്രമ ജീവിതം നയിക്കുന്ന ധാരാളം പ്രൊഫഷണലുകള്‍ നമ്മുടെയിടയിലുണ്ട്. അവര്‍ക്കെല്ലാം ഫൊക്കാനയില്‍ ഹോണററി അംഗത്വം നല്‍കി അവരുടെ സേവനം ഉപയോഗപ്പെടുത്തണം. പുതു തലമുറയും പഴയ തലമുറയും തമ്മിലുള്ള ഒരു സംഗമത്തിന് വേദിയൊരുക്കണം. അവിടെ വച്ച് നമ്മള്‍ ഭാരത സംസ്കൃതിയും സംസ്കാരവും അതിന്റെ ചരിത്രവും പുതിയ തലമുറക്കാരെ അറിയിക്കണം. നമുക്ക് സ്ഥിരം ഒരു സാഹിത്യവേദി ഉണ്ടാകണം. ഒരു ബിസ്‌നസ്സ് വിഭാഗമുണ്ടാകണം. ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രവര്‍ത്തനസമിതി സദാ തയ്യാറായിരിക്കണം.

ഫൊക്കാന ഒരു മതേതര സംഘടനയായത്‌കൊണ്ട് നമ്മള്‍ എല്ലാം ഭാരതീയര് എന്ന സാഹോദര്യമനോഭാവത്തോടെ എല്ലാവരുടെയും നന്മക്കായി പ്രവര്‍ത്തിക്കണം. ഇവിടെ നമ്മള്‍ക്ക് നാടുമായി എന്തെങ്കിലും പ്രശ്‌നഗങ്ങള്‍ ഉണ്ടായാല്‍ അവയെല്ലാം നാട്ടിലെ ഉയര്ന്ന ഭാരവാഹികളുമായി ചര്‍ച്ച് ചെയ്തു പരിഹാരം കാണാന്‍ നമ്മള്‍ പ്രാപ്തരാകണം. എല്ലാ അമേരിക്കന്‍ മലയാളികളും ഒറ്റ കെട്ടായി നിന്ന് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കണം.

ജൂലായ് ഏഴാം തിയ്യതി വോട്ടിലൂടെ നിങ്ങള്‍ നിര്‍ണ്ണയിക്കുന്ന വ്യക്തിയായിരിക്കും പ്രസിഡന്റായി വരുന്നത്. അങ്ങനെ വോട്ട് ചെയ്യുമ്പോള്‍ എന്നെ ഓര്‍ക്കുക, പരിഗണിക്കുക. എന്റെ വിജയം അമേരിക്കന്‍ മലയാളികളുടെ വിജയമായിരിക്കും. ഒരു മാറ്റത്തിന്റെ കാറ്റ് വീശട്ടെ. അതിലൂടെ പഴയ കരിയിലകള്‍ പറന്നുപോയി ഒരു പുത്തന്‍ പ്രഭാതത്തിന്റെ പൊന്‍കിരണങ്ങള്‍ പരക്കട്ടെ. നമുക്ക് ഒരുമിച്ച് നേടിയെടുക്കാം ഒരു സമത്വസുന്ദരം സമൂഹം. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളുടെ എന്നെ സമീപിക്കാം. പരസ്പര വിശ്വാസത്തോടെ, സഹകരണത്തിലൂടെ ഒരു പ്രസ്ഥാനം വളരുന്നു.

എന്റെ വിജയം നിങ്ങളുടെ കയ്യിലാണ്. നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, വീണ്ടും കാണാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ,

സ്‌നേഹത്തോടെ
മാധവന്‍ ബി നായര്‍

Share This Post