എന്‍ എസ് എസ് സംഗമത്തില്‍ തമാശ വിതറാന്‍ സുനീഷ് വാരനാട്

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തില്‍ തമാശ വിതറാന്‍ സുനീഷ് വാരനാട് എത്തും.

മലയാള ടെലിവിഷന്‍ രംഗത്തെ കോമഡി പ്രോഗ്രാമുകളുടെ ജനപ്രിയതയുടെ ചരിത്രം മാറ്റിയെഴുതിയ ‘ബഡായിബംഗ്ലാവ്’, ജനപ്രിയ സിനിമ ‘മോഹന്‍ലാല്‍’ എന്നിവയുടെ തിരക്കഥ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായ സുനീഷ് വാരനാടിന്റെ കോമഡി സ്‌ക്കിറ്റ് എന്‍ എസ് എസ് ഓഫ് ദേശീയ സംഗമത്തിലെ കലാപരിപാടികളിലെ മുഖ്യ ആകര്‍ഷകമാകുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.
സ്വപ്നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളെയും , സിനിമാകഥയോളമെത്തുന്ന ജീവിതാനുഭവങ്ങളെയും , ക്യാപിറ്റലിസത്തോളം എത്തുന്ന കമ്മ്യൂണിസത്തെയും , ഉയരത്തോളമെത്തുന്ന താഴ്വാരങ്ങളെയും ഒക്കെ പറ്റി അറിവുള്ള, കൗതുകകരമാംവിധം കഥപറയുന്ന, കയ്യില്‍ ഇന്ദ്രധനുസിന്‍ തൂലികയുള്ള എഴുത്തുകാരനാണ് സുനീഷ് വാരനാട്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുനീഷ് വാരനാടാണ് ഇന്ത്യാവിഷനിലുണ്ടായിരുന്ന പൊളിട്രിക്ക്‌സ്, ഏഷ്യാനെറ്റ് നടത്തിയ ‘മോഹന്‍ലാല്‍ അറ്റ് 36’ എന്ന പരിപാടിയുടെ സ്‌ക്രിപ്റ്റും എഴുതിയത്. അടുത്തയിടെ മോഹന്‍ലാലിന്റെ ആസ്ര്ടേലിയന്‍ പര്യടന സംഘത്തിലെ അംഗമായിരുന്ന സുധീഷ് മികച്ച പ്രകടനമാണ് നടത്തിയത്. സ്‌ക്രിപ്റ്റ് രചനയ്ക്ക് പുറമെ അഭിനയത്തിലും മികവു കാട്ടിയ സുനീഷിനെ മോഹന്‍ലാല്‍ നേരിട്ട് അഭിനന്ദിച്ചിരുന്നു. ‘സന്തോഷ് ട്രോഫി’ എന്ന പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ് സുനീഷ് വാരനാട്.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. ഷിക്കാഗോ കണ്‍വന്‍ഷന്‍ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടിലാണ് നടക്കുക.

Share This Post