ലീല മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്നു. എന്തുകൊണ്ട് ? (തുറന്ന കത്ത്)

കഴിഞ്ഞ 15 വര്‍ഷങ്ങളായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്ന ധീരവനിതയാണ് ലീല മാരേട്ട്. ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല.

ഏതു പദവിയില്‍ ഇരുന്നാലും അതിന്റേതായ നീതി പുലര്‍ത്തിയിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം തേടിയെത്തിയതാണ്. അന്നു ഞാന്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുവാന്‍ തയാറല്ലായിരുന്നു. ഇന്ന്, 15 വര്‍ഷം കഴിഞ്ഞ് ഇതിന്റെ വിവിധ തലങ്ങളിലിരുന്ന് അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് 2018- 20 പ്രസിഡന്റാകാന്‍ രംഗത്തു വന്നിരിക്കുകയാണ്.

ഫൊക്കാന എന്ന സംഘടനയ്ക്ക് ചെയ്തിട്ടുള്ള നിസ്വാര്‍ത്ഥ സേവനങ്ങള്‍ വിലയിരുത്തിയാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടേണ്ട ഒരു വ്യക്തിയാണ്. 2004-ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. പിന്നീട് 2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി ലീല മാരേട്ട് ശക്തമായ ഇലക്ഷനില്‍ എല്ലാവരും പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് വിജയിക്കുകയുണ്ടായി.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്‌സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്‌ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 50 വര്‍ഷത്തെ കേരളപ്പിറവി നടത്തി. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി. 2008-ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യങ്ങള്‍ പിടിച്ചെടുത്ത സാമ്പത്തികംകൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു. അടുത്ത ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു. പിന്നീട് നടന്ന ഫൊക്കാന കണ്‍വന്‍ഷനുകളെല്ലാം നഷ്ടമായിരുന്നു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. അവര്‍ക്ക് പ്രയോജനവും ഉത്തേജനവും നല്‍കുന്ന സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ നടത്തുകയുണ്ടായി. കഴിഞ്ഞ കാനഡ കണ്‍വന്‍ഷനിലും വളരെയധികം രജിസ്‌ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി. ഈവര്‍ഷവും ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകളും, സുവനീറിലേക്ക് പരസ്യങ്ങളും ശേഖരിച്ച് ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ വിജയകരമാക്കുവാന്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.

ഇത്രയും കാര്യങ്ങള്‍ ഫൊക്കനയുടെ വളര്‍ച്ചയ്ക്കും, ഉദ്ധാരണത്തിനുംവേണ്ടി നിലകൊണ്ട വ്യക്തി എന്ന നിലയില്‍ ഫൊക്കാന പ്രസിഡന്റാകുവാന്‍ യോഗ്യതയുള്ളതായി കണ്ടുകൊണ്ട് മത്സരിക്കുന്നു.

കഴിഞ്ഞ ഒരു പത്രപ്രസ്താവനയില്‍ കണ്ട എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ മാധവന്‍ നായര്‍ എഴുതിയ പ്രസ്താവന ഈവര്‍ഷം പ്രസിഡന്റ് സ്ഥാനം കൊടുക്കാമെന്നു ധാരണയുണ്ടെന്ന് പറഞ്ഞത് തെറ്റാണ്. മാധാവന്‍ നായരും തന്റെ സംഘടനയും ഫൊക്കാന ഭരണഘടനയ്ക്ക് വിരുദ്ധമായതുകൊണ്ട് മാറിപ്പോയതാണ്. അല്ലാതെ ഈവര്‍ഷം കൊടുക്കാമെന്ന് ധാരണയില്ല. ആ സാഹചര്യത്തില്‍ മാറേണ്ടിവന്നതാണ്. ഇപ്പോള്‍ അത് പേരുമാറ്റി നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടന എന്നാക്കി. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

കഴിഞ്ഞവര്‍ഷം മാധവന്‍ നായര്‍ പാനലില്‍ നിന്നു ജയിച്ചിട്ട് കളംമാറി ചവുട്ടി എന്നതിനു ഉത്തരം: ഞാന്‍ 2004 മുതല്‍ ഇലക്ഷനില്‍ ജയിച്ചുവന്നിട്ടുള്ളയാളാണ്. ഇന്നലെ പൊട്ടിമുളച്ചുതുമല്ല. ഈ 15 വര്‍ഷം ഫൊക്കാന എന്ന മഹത്തായ സംഘടനയുടെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്താനും, അതിന്റെ പ്രയാസ കാലഘട്ടത്തിലും സംഘടനയോടൊപ്പം നിന്നു അതിനെ കൈപിടിച്ച് ഉയര്‍ത്തിയ വ്യക്തി എന്ന നിലയ്ക്ക് അതിന്റെ അമരത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നു.

നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹാശിസുകളും അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ ആര്‍ക്ക് വോട്ടുചെയ്യണമെന്ന്.

Share This Post