കേരളത്തിലെ പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ഫോമ മുന്‍കൈ എടുക്കുന്നു

കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സുകന്യ പദ്ധതി’ നടപ്പാക്കാന്‍ ഫോമയുടെ ധനസഹായം. പെണ്‍കുട്ടികളുടെ സന്തുഷ്ടമായ ഭാവിജീവിതം സുരക്ഷിതമാക്കുന്നതിന് അവരുടെ വിവാഹ ആവശ്യത്തിലേയ്ക്ക് വേണ്ടി ഇന്ത്യ ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ‘സുകന്യ പദ്ധതി’.

10 വയസ്സിന്റെ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അംഗമാകാവുന്ന പദ്ധതിയില്‍ രാജ്യത്ത് ആകമാനം നിരവധി പേര്‍ ഇതിനോടകം ചേര്‍ന്ന് കഴിഞ്ഞു. സുകന്യ പദ്ധതിയില്‍ ചേരുന്നതിന് തുടക്കത്തില്‍ 1000 രൂപാ വീതം ഓരോ മെംമ്പേഴ്‌സും നല്‍കണം. പിന്നീട് 14 വര്‍ഷത്തേയ്ക്ക് എല്ലാ വര്‍ഷവും 1000 രൂപാ വീതം മിനിമം നിക്ഷേപിക്കണം. കേന്ദ്ര സര്‍ക്കാരും തുല്യമായ തുക നിക്ഷേപിക്കും.

21 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴോ കുട്ടിയുടെ വിവാഹസമയത്തോ പണം പലിശ സഹിതം ലഭിക്കും. നിക്ഷേപത്തിന് 8.6 ശതമാനം പലിശ ലഭിക്കും. അര്‍ഹരായ 50 പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസായം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫോമ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ അറിയിക്കുകയുണ്ടായി.

രാമപുരം എസ്.എച്ച്.ജിഹൈസ്കൂളില്‍ ജോസഫ് വാഴയ്ക്കന്റെ (മുന്‍ എം.എല്‍.എ.) അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍, രാമപുരം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ കുട്ടികളേയും ഈ പദ്ധതിയില്‍ ചേര്‍ക്കണമെന്നും, അതിനുവേണ്ടിയുള്ള സാമ്പത്തിക സഹായം 14 വര്‍ഷത്തേയ്ക്ക് ഇവരുടെ മുഴുവന്‍ തുകയും നല്‍കുമെന്നും ഫെഡറേഷന്‍ ഓഫ് മലയാളീ അസ്സോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമ) വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍ സമ്മേളനത്തില്‍ വച്ച് വാഗ്ദാനം ചെയ്തു. അതോടൊപ്പം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അനഘ മോഹനന്‍ തച്ചു പാറയിലിന്, പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍ നല്‍കുകയുണ്ടായി.

ഫോമയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ജോസഫ് വാഴയ്ക്കല്‍(മുന്‍ എം.എല്‍.എ.) ഫോമ ചെയ്തുകൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അതീവമായി പ്രശംസിച്ചു.

ഈ സമ്മേളനത്തില്‍ വെരി റവ.ഡോ.ജോര്‍ജ് ഞാറകുന്നേല്‍ (ഫോറോന വികാരി) ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

വരും, കാലങ്ങളിലെ ഭരണസമിതികള്‍ ഈ പ്രോജക്‌ററില്‍ താല്‍പര്യം കാട്ടിയില്ലെങ്കില്‍ താനും തന്റെ നേതൃത്വത്തിലുള്ള സേവന സംഘടന (Helping Hands of Kerala in Newyork) പദ്ധതി തുടങ്ങുമെന്നും ലാലി കളപ്പുരക്കല്‍ അറിയിക്കുകയുണ്ടായി.

Share This Post