ഹൃദയമുള്ള ഒരാള്‍ക്കും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റാനാകില്ല: ട്രംപ്

വാഷിങ്ടന്‍ ഡിസി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അവര്‍ക്കൊപ്പം എത്തിച്ചേര്‍ന്ന കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി ഡിറ്റന്‍ഷന്‍ സെന്ററുകളിലും ജയിലിലും പാര്‍പ്പിക്കുന്നതിന് വിരാമമിട്ടുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റീന്‍ നീല്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കല്‍.നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളുമാണ് ഇങ്ങനെ ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുന്‍ ഭരണ നേതൃത്വങ്ങള്‍ക്കാണെന്നു ട്രംപ് പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും അതിന് ഗവണ്‍മെന്റ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കുന്നവരെ (മാതാപിതാക്കളേയും കുട്ടികളേയും) ഒരുമിച്ചു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇമ്മിഗ്രേഷന്‍ വിഷയത്തില്‍ സീറോ ടോളറന്‍സ് പോളിസിയായിരിക്കും ഗവണ്‍മെന്റ് സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു.ഹൃദയമുള്ള ഒരാള്‍ക്കും മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റുന്നത് കണ്ടു നില്‍ക്കാനാവില്ലെന്നും ഇമ്മിഗ്രേഷന്‍ നയത്തില്‍ സമൂല മാറ്റം വരുത്തുന്ന നിയമം ഉടനെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നുംട്രംപ് പറഞ്ഞു.

പി.പി. ചെറിയാന്‍

Share This Post