ഫോമയുടെ ആറാമത് കണ്‍വന്‍ഷന്‍ കൊടിയിറങ്ങി

ചിക്കാഗോ: കളിയും ചിരിയും കലയും സാഹിത്യവും താളവും മേളവും വീറും വാശിയും അരങ്ങുതകര്‍ത്ത മൂന്നു ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി ഫോമയുടെ ആറാമത് കണ്‍വന്‍ഷന്‍ സ്വാമി വിവേകാന്ദ നഗറില്‍ കൊടിയിറങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ് ഇനി ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ ഒത്തുചേരാം.

മൂന്നു ദിവസം പോയതറഞ്ഞില്ല. വമ്പന്‍ പ്രോഗ്രാമുകളോ താരനിരയോ ഇല്ലാതിരുന്നിട്ടും ഒട്ടും മുഷിപ്പില്ലാതെ നിരന്തരം വ്യത്യസ്തമായ പരിപാടികള്‍ വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറിയപ്പോള്‍ പ്രസിഡന്റ് ബന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അഭിമാനമുഹൂര്‍ത്തം. ഷോംബര്‍ഗിലെ റിനൈസണ്‍സ് ഹോട്ടല്‍ സദാസമയവും ആരവത്തില്‍ മുക്കിയ ജനസാഗരം പങ്കെടുത്ത കണ്‍വന്‍ഷന്‍ പൊതുവില്‍ മികച്ചതുമായി. ഭരണസമിത്ത് 85 മാര്‍ക്ക്.

ശനിയാഴ്ച രാത്രി സമാപന ബാങ്ക്വറ്റില്‍ മുഖ്യാതിഥിയായ ശശി തരൂര്‍ എം.പിഅമേരിക്കന്‍ മലയാളികളെപ്പറ്റി അഭിമാനംകൊള്ളുകയും കേരളീയ പൈതൃകത്തില്‍ ഊറ്റംകൊള്ളുകയും ചെയ്തു. മലയാളികളുടെ കുഴപ്പങ്ങളും വിവരിക്കാന്‍ അദ്ദേഹം മറന്നില്ല.

എട്ടാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലാണ് കണ്‍വന്‍ഷനെന്നും ഡിസ്ട്രിക്ടില്‍ നിന്നാണ് താന്‍ കോണ്‍ഗ്രസില്‍ എത്തിയതെന്നും ഇല്ലിനോയിയില്‍ നിന്നുള്ള ആദ്യ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിജയകഥകള്‍ മെനഞ്ഞവരാണ് നിങ്ങള്‍. നിങ്ങളുടെ സംസ്കാരം നിങ്ങള്‍ ഇവിടെ കാത്തുസൂക്ഷിക്കുന്നു.

മലയാളികളായ കോണ്‍ഗ്രസ് അംഗങ്ങളും മറ്റ്‌നേതാക്കളും ധാരാളമായി ഉണ്ടാകണം. കൂടുതല്‍ പേര്‍ ഇലക്ഷന്‍ രംഗത്തേക്ക് വരണം. എട്ടാം ഡിസ്ട്രിക്ടില്‍ മാത്രം വേണ്ട!

നിങ്ങളുടെയൊക്കെ സഹായമാണ് തന്നെ കോണ്‍ഗ്രസ് അംഗമാക്കിയത്. മേശയില്‍ ഒരു സ്ഥാനം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ മെനുവിന്റെ ഭാഗമാകുമെന്ന ചൊല്ല് മറക്കരുത്. അതായത് നിങ്ങളെ തിന്നുകളയുമെന്ന അവസ്ഥ വരരുത്.

കണ്‍വന്‍ഷന്‍ വന്‍ വിജയകരമാക്കിയ പ്രസിഡന്റ് ബന്നി വാച്ചാച്ചിറയ്ക്കും, സെക്രട്ടറി ജിബി തോമസിനും മറ്റു ഭാരവാഹികള്‍ക്കും രാജു ഏബ്രഹാം എം.എല്‍.എ അഭിനന്ദനം ചൊരിഞ്ഞു. അടുത്ത കണ്‍വന്‍ഷന്‍ ഇതിലും മികച്ചതാകട്ടെ. എല്ലാ രംഗത്തും വിജയിക്കുന്ന മലയാളി ഇവിടെ രാഷ്ട്രീയത്തില്‍ വിജയിക്കാത്തത് ഖേദകരമാണദ്ദേഹം പറഞ്ഞു.

മഹാ സംഭവമാണ് നടന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. കേരളം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന നിങ്ങള്‍ കേരളത്തില്‍ സമൂല മാറ്റത്തിനു കഴിവുള്ള നേതാക്കള്‍ അവിടെ ഉണ്ടാവണമെന്നാഗ്രഹിക്കുന്നു. കേരള സഭ പോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി നിലകൊള്ളാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നും കേരള ജനത ഉറ്റുനോക്കുന്ന സമൂഹമാണ് അമേരിക്കന്‍ മലയാളികള്‍അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാ സമ്മേളനം എന്നു പറയുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണവും അവരുടെ യോഗ്യതകളും കണക്കിലെടുത്താവണം. ഇതു രണ്ടും ഇവിടെ സമന്വയിച്ചതായി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് എം.ഡി അബ്ദുള്‍ അസീസ് പറഞ്ഞു. വനിതകള്‍ക്ക് സംഘടനയും അമേരിക്കന്‍ മലയാളികളും നല്‍കുന്ന പ്രാധാന്യം അഭിനന്ദനമര്‍ഹിക്കുന്നു. ഒരു വനിത ഇനി ഫോമ പ്രസിഡന്റാകട്ടെ.

സമ്മേളനത്തിലെത്തിയത് വലിയ ഭാഗ്യമായി ജോയ് അലൂക്കാസും പറഞ്ഞു.

മനസ്സിലെ ഇരുട്ട് കുറച്ചെങ്കിലും മാറ്റി അവിടെ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഇത്തിരിവെട്ടം പകരാന്‍ ഈ സമ്മേളനം ഉപകരിക്കണമെന്ന് ജയരാജ് വാര്യര്‍ പറഞ്ഞു.

ഫോമയുടെ ബിസിനസ് അവാര്‍ഡ് ജേതാവുകൂടിയായി സിജോ വടക്കന്‍ ബിസിനസ് വിജയത്തിന്റെ അടിസ്ഥാനം മനുഷ്യബന്ധം തന്നെയാണെന്നു പറഞ്ഞു. ആയിരം മൈലുള്ള യാത്രയും ഒരു ചുവടുവെച്ചാണ് തുടങ്ങുന്നത്. താനും കുടുംബവും കഴിഞ്ഞ് മൂന്നാം സ്ഥാനമായിരിക്കണം ബിനസിന്. ഈ ക്രമം തെറ്റിയാല്‍ അതു പ്രശ്‌നമാകും.

സ്ത്രീ ശാക്തീകണം ലക്ഷ്യമിടുന്ന സംഘടനയാണ് ഫോമയെന്നു ബന്നി വാച്ചാച്ചിറ പറഞ്ഞത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നതായി അഡ്വ. തുഷാര ജയിംസ് ചൂണ്ടിക്കാട്ടി. അതുപോലെ മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് ഫോമ. ജാതിമത ഭേദമെന്യേ മലയാളി ഒന്നാകുന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.

കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജിബി തോമസ് സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍ ജോസ് മണക്കാട്ട് ആയിരുന്നു എം.സിയായി മികച്ച രീതിയില്‍ സമ്മേളനത്തെ നയിച്ചത്.

കണ്‍ വന്‍ഷനില്‍ വച്ച് ഫിലിപ്പ് ചാമത്തില്‍ജോസ് ഏബ്രഹാം നയിക്കുന്ന പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വിവിധ രംഗങ്ങളില്‍ മികച്ചവര്‍ക്ക് അവാര്‍ഡുകളും സമ്മാനിച്ചു

രാത്രി സ്റ്റീഫന്‍ ദേവസി നയിച്ച സംഗീത പരിപാടിയില്‍ സദസും പാടിയും ആടിയും പങ്കു ചേര്‍ന്നു. പരിപാടി വന്‍ വിജയവുമായി.
അതൊടെ കണ്‍ വന്‍ഷന്റെ ദിനരാത്രങ്ങള്‍ക്ക് വിട.

Share This Post