ഫൊക്കാന ടാലന്റ് കോമ്പറ്റീഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: പ്രൗഢഗംഭീരമായ ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള അരങ്ങുകള്‍ തയാറായിക്കഴിഞ്ഞു. ജൂലൈ 5 മുതല്‍ 8 വരെയുള്ള തീയതികളില്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ടാലന്റ് കോമ്പറ്റീഷന്‍.

വിപുലീകരിച്ച ഒരു വലിയ കമ്മിറ്റിയുമായി ടാലന്റ് കോമ്പറ്റീഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയതായി ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍ ഡോ. സുജാ ജോസ് അറിയിച്ചു.

സംഘടനകളുടെ സംഘടനയായ ഫൊക്കാന യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല മറിച്ച് അതിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കാറുമുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ആസ്വാദ്യകരമായ ടാലന്റ് കോമ്പറ്റീഷന്‍ അതിന് ഉത്തമ ഉദാഹരണമാണ്. 7 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന വിവിധ കലാമത്സരങ്ങള്‍ ടാലന്റ് കോമ്പറ്റീഷന്റെ ഭാഗമാണ്. മലയാളത്തനിമയും സംസ്കാരവും കുട്ടികളില്‍ പകര്‍ന്നു നല്‍കി അവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശവും നല്‍കിയാല്‍ മാത്രമേ പില്‍ക്കാലത്ത് അവര്‍ ഫൊക്കാന പോലുള്ള സംഘടനകളിലേക്ക് കടന്നുവരുകയുള്ളൂ. നമ്മുടെ തലമുറ ഭാരത സംസ്കാരത്തിന്റെ ദീപശിഖയേന്തി കര്‍മ്മനിരതരാകുന്നത് ഓരോ മലയാളിയേയും സംബന്ധിച്ച് അഭിമാനകരവുമാണ്. നമ്മുടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഈ കാലഘട്ടത്തില്‍ നാം ചെയ്യേണ്ട ഒരു അവിഭാജ്യ ഘടകമാണ് കുട്ടികളുടേയും യുവജനങ്ങളുടേയും പങ്കാളിത്തം വിവിധ കലാമത്സരങ്ങളോടുകൂടിയ ടാലന്റ് കോമ്പറ്റീഷന്‍.

ഈവര്‍ഷത്തെ ടാലന്റ് കോമ്പറ്റീഷനില്‍ സോളോ സോംഗ്, സിംഗിള്‍ ഡാന്‍സ്, പ്രസംഗമത്സരം എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇതിനു പുറമെ സ്‌പെല്ലിംഗ് ബീ, മലയാളി മങ്ക, ബ്യൂട്ടി പേജന്റ് എന്നീ മത്സധങ്ങളും ഇതോടൊപ്പമുണ്ട്. ഫൊക്കാനയുടെ എല്ലാ റീജിയനുകളിലും മത്സരം നടത്തി അതില്‍ നിന്നും വിജയികളായവരാണ് അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ ഗ്രാന്റ് ഫിനാലേയില്‍ പങ്കെടുക്കുന്നത്.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്നിവര്‍ ടാലന്റ് കോമ്പറ്റീഷനില്‍ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും നല്‍കാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് വന്‍ വിജയമാരിക്കുമെന്നും ഡോ. സുജാ ജോസ് അറിയിച്ചു. വിപുലീകരിച്ച ടാലന്റ് ഷോ കമ്മിറ്റിയില്‍ ഓരോ വിഭാഗത്തിലും നാലുവീതം കോ- ചെയര്‍മാന്‍മാര്‍ ഉണ്ട്.

പ്രസംഗമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: ജോര്‍ജ് ഓലിക്കല്‍, രഞ്ജിത് പിള്ള, അനിത ജോര്‍ജ്, മിനി എബി.

സംഗീതമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: ആല്‍വിന്‍ ആന്റോ, ബാല കെയാര്‍കെ, ബിന്ദു വര്‍ഗീസ്, ജെസ്സി കാനാട്ട്.

നൃത്തമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: സ്റ്റെഫി ഓലിക്കല്‍, ഉഷാ ജോര്‍ജ്, ജെസ്സി ജോഷി, പ്രീതി നായര്‍.

ഗ്രാന്റ് ഫിനാലേയിലേക്കുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഹായിച്ച എല്ലാ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ക്കും, ലോക്കല്‍ സംഘനടകള്‍ക്കും സുജാ ജോസ് നന്ദി പറഞ്ഞു.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലുള്ള കലാപ്രതിഭകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഇങ്ങനെയൊരു മത്സരമൊരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും, യുവജനങ്ങളുടേയും ഫൊക്കാനയുടേയും വളര്‍ച്ചയ്ക്കുവേണ്ടിയുള്ള വരുംകാല പ്രവര്‍ത്തനോദ്ദേശത്തോടുകൂടി 2018- 20 -ലെ ഇലക്ഷനില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരവും സുജാ ജോസ് അറിയിച്ചു. ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകയായ ലീലാ മാരേട്ടിനും, കലാ-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും ഉന്നതവിജയം നേടിയ ഒരുപറ്റം പ്രതിഭകളോടൊപ്പമാണ് ഈ മത്സരരംഗത്തേക്ക് കടന്നുവരുന്നതെന്നും ഡോ. സുജാ ജോസ് അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post