അശരണര്‍ക്ക് ആലംബമേകിയ ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം

ചിക്കാഗോ: ചിക്കാഗോയിലെ 15 ദേവാലയങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമസന്ധ്യ വിജയകരമായി അരങ്ങേറി. ബെല്‍വുഡിലെ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ ദേവാലയത്തിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം “ഭവനമില്ലാത്തവര്‍ക്ക് ഒരു ഭവനം’ എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള കര്‍മ്മവേദിയായിരുന്നു.

വൈകുന്നേരം 5 മണിക്ക് ഡിന്നറും തുടര്‍ന്നു ചിക്കാഗോ ചെണ്ട ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേളവും നടന്നു. തുടര്‍ന്ന് വെരി റവ. സ്കറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി അധ്യക്ഷതവഹിച്ചു. “സന്തോഷവും സ്‌നേഹവുമാണ് നാം ജീവിതത്തില്‍ ആഗ്രഹിക്കുന്നതെങ്കില്‍ നാം അതു സമൂഹത്തിനു നല്‍കുമ്പോഴാണ് നമുക്കും ലഭിക്കുന്നത്’ എന്നു പ്രസ്താവിക്കുകയുണ്ടായി.

ഓര്‍ത്തഡോക്‌സ് സഭയുടെ ബംഗളൂരൂ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അഭി. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യ പ്രഭാഷണം നടത്തി. “ജീവതസൗഭാഗ്യം ധനംകൊണ്ട് ലഭിക്കുന്നതല്ല, മറ്റുള്ളവരുടെ ഉന്നമനത്തിനായും സമാശ്വാസത്തിനായും നാം അത് വിനിയോഗിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദവും സംതൃപ്തിയും ഉണ്ടാകും’, കുടുംബസംഗമം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ തിരുമേനി ഉത്‌ബോധിപ്പിച്ചു.

ചെയര്‍മാനായി പ്രവര്‍ത്തിച്ച റവ.ഫാ. മാത്യൂസ് ജോര്‍ജ് തിരുമേനിയെ സ്വാഗതം ചെയ്യുകയും സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. 1975-നു മുമ്പായി ചിക്കാഗോയില്‍ എത്തുകയും തങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിലും, ഒരു മലയാളി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും മറ്റും പ്രവര്‍ത്തിച്ച നൂറില്‍ അധികം പ്രവാസികളെ ആദരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിക്കാനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മറന്നില്ല. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഏലിയാമ്മ പുന്നൂസും ബാബു കരോട്ടും ആയിരുന്നു.

ഈവര്‍ഷം രണ്ടു ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ അവസരം ലഭിച്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓക്‌ലോണ്‍, സെന്റ് ജോര്‍ജ് സിറിയന്‍ യാക്കോബായ ചര്‍ച്ച് ഓക്പാര്‍ക്ക് എന്നീ ദേവാലയങ്ങളിലെ വികാരിമാരായ റവ.ഫാ. എബി ചാക്കോയ്ക്കും, റവ.ഫാ. തോമസ് കരുത്തലയ്ക്കലിനും ആദ്യ ഗഡുവായ 2500 ഡോളര്‍ വീതം ട്രഷറര്‍ ആന്റോ കവലയ്ക്കലും, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യൂസും ചേര്‍ന്നു ചെക്കുകള്‍ കൈമാറി.

സിനില്‍ ഫിലിപ്പ് പ്രോഗ്രാം കണ്‍വീനറായി പ്രവര്‍ത്തിച്ചപ്പോള്‍ ജനറല്‍ കണ്‍വീനറായ ബഞ്ചമിന്‍ തോമസ് പൊതു പരിപാടികളുടെ എംസിയായി തന്റെ സംഘടനാമികവ് കാഴ്ചവെച്ചു. പൊതുസമ്മേളനം അവസാനിച്ചപ്പോള്‍ കലാപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കലാപരിപാടികള്‍ എല്ലാംതന്നെ ഉന്നത നിലവാരം പുലര്‍ത്തുന്നവയും ആയിരുന്നു. ചിരിയും ചിന്തയും കോര്‍ത്തിണക്കിയ സ്കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമായിരുന്നു കുടുംബ സംഗമം.

വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റവ.ഫാ. ബിജുമോന്‍ ജേക്കബ് സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. പ്രവീണ്‍ തോമസ് (ഫുഡ്), ജോര്‍ജ് പണിക്കര്‍, ജോയിച്ചന്‍ പുതുക്കുളം (മീഡിയ പബ്ലിസിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റ്റേജ് & ഡെക്കറേഷന്‍), മോനു വര്‍ഗീസ് (ഫോട്ടോ & വീഡിയോ) എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഹെല്‍ത്തിബേബീസ് സ്‌പോണ്‍സര്‍ ചെയ്ത ലക്കി ഡ്രോവിനു പിന്നാലെ സെക്രട്ടറി ടീന തോമസ് കൃതജ്ഞതയ്ക്കും, റവ.ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കുംശേഷം 2018-ലെ എക്യൂമെനിക്കല്‍ കുടുംബസംഗമത്തിന് തിരശീല വീണു.

ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post