യാത്രക്കാരി

കലാലയത്തിലേക്ക് പ്രവേശനം കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു സുരേഷും ഞാനും ഗോപിയും. ഒരു സായാഹ്ന സവാരിക്കിറങ്ങിയതാണ്, “സന്തോഷം” ഒന്ന് അടിച്ചു പൊളിക്കാന്‍. തിരുനക്കരയുള്ള ഷഫീറിന്‍റെ മുറുക്കാന്‍ കടയാണ്, എന്നും സൗഹൃദക്കൂട്ടായ്മയുടെ ആരംഭം. അവിടെ കൂടിയിട്ട്, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിനു മുന്നിലൂടെ നടന്ന്, സ്റ്റാര്‍ തീയറ്റര്‍ ചുറ്റി, രാജ്മഹാള്‍ തീയറ്ററിനു മുമ്പിലൂടെ അമ്പലമുറ്റത്തെത്തും. അവിടെ നിന്നും കൈകളുയര്‍ത്തി വെങ്കിടി സ്വാമിക്കൊരു “സ്വാഗതം” രേഖപ്പെടുത്തിയാല്‍ ചിലപ്പോള്‍ തന്‍റെ കടയില്‍ നിന്നും സ്വാമിയും കൂട്ടിനെത്തും. അവിടെ നിന്നും ഇറക്കം ഇറങ്ങി കയറ്റം കേറി സി.എം.എസ്. കോളേജിനടുത്തെത്തും. പിന്നെ ഇടത്തോട്ടു പോയാല്‍ ആര്‍ത്തൂട്ടി പാലത്തിനടുത്തെത്തും. എന്നാല്‍ ഞങ്ങള്‍ സാധാരണയായി വലത്തോട്ടു തിരിഞ്ഞ് ടൗണിലേക്ക് തന്നെ തിരികെ പോവുകയാണ് പതിവ്. വഴിയില്‍ പല സുഹൃത്തുക്കളും പിടിച്ചുനിര്‍ത്തി വര്‍ത്തമാനം പറയുകയോ കൂട്ടുചേരുകയോ ചെയ്യും. ഇടയ്ക്ക് ഓരോ സിഗരറ്റുവാങ്ങി വലിച്ച് പുകയൂതി രസിക്കും, കയ്യില്‍ കാശുള്ളപ്പോള്‍ മാത്രം.

ഇന്നത്തെ യാത്രക്കിടെ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍റിനു മുന്‍പില്‍ വച്ച് സാമാന്യം ഭേദപ്പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടു, “എടുത്താല്‍ പൊങ്ങാത്ത” ഒരു ബാഗും തൂക്കിപ്പിടിച്ച്. സുരേഷ്, അവളെ ലക്ഷ്യമാക്കി നടന്നുകൊണ്ട് നര്‍മ്മഭാവത്തില്‍ ചോദിച്ചു “സഹായിക്കണോ കുട്ടീ?” ഗോപി അവനെ തോളിന് തള്ളിക്കൊണ്ട് ബുദ്ധി ഉപദേശിച്ചു. “ദാ പോകുന്ന നെടുങ്കന്‍ മദ്ധ്യവയസ്ക്കന്‍, അച്ഛനായിരിക്കും. പുള്ളിക്കാരന്‍ നിന്നെ സഹായിക്കാതിരിക്കണമെങ്കില്‍ വേഗം നടന്നോ.” ഞാനും മാന്യത നടിച്ചു, “ഏതോ സുന്ദരിയായ ഒരു യാത്രക്കാരി, വെറുതേ വിടൂന്നെ…” ഞങ്ങള്‍ വീണ്ടും തമാശകളുമായി, ആട്ടിന്‍കുട്ടികളെപ്പോലെ ഉന്തിയും തള്ളിയും ഇടിച്ചും ചിരിച്ചും ആഘോഷമായി മുന്നോട്ടു നീങ്ങി. ദീപിക പത്രമാപ്പീസിനു മുന്നിലെ മുറുക്കാന്‍ കടയില്‍ നിന്നും ഓരോ സിഗരറ്റു വാങ്ങി കത്തിച്ച് പുകച്ചുരുളുകള്‍ മുകളിലേക്കയച്ചു. ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പോലെ പുകച്ചുരുളുകള്‍ നക്ഷത്രങ്ങളിലെത്തി ഞങ്ങളെയും മാടി വിളിക്കുന്നുണ്ടാവും. ഏതൊക്കെ നക്ഷത്രങ്ങളിലാണ് എത്തിപ്പെടുക.

ഞങ്ങള്‍ ടൗണിലെത്തിയപ്പോള്‍, ബെസ്റ്റ് ഹോട്ടലില്‍ നിന്നും അതേ പെണ്‍കുട്ടി അച്ഛനുമായി സംസാരിച്ചിറങ്ങി വരുന്നു, കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” ബാഗുമായി. ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മറ്റാരും കേള്‍ക്കാതെ തമ്മില്‍ പറഞ്ഞു, അല്പം ഫലിതരൂപേണ, “അവള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു….” സുരേഷ് ഈണത്തില്‍ പാടി രംഗത്തിനു കൊഴുപ്പു നല്കി. “ഈ യാത്ര തുടങ്ങിയതെവിടെ നിന്നും…., ഇനിയൊരു വിശ്രമം എവിടെ ചെന്നാല്‍…, മോഹങ്ങള്‍ അവസാന നിമിഷം വരെ…, മനുഷ്യബന്ധങ്ങള്‍ ചുടലവരെ…” പൊട്ടിച്ചിരിയും കളിവാക്കുകളുമായി ഞങ്ങള്‍ ടൗണില്‍ നിന്നും വീടുകളിലേക്ക് യാത്രയായി. തനിയെ പോകുമ്പോഴും ഈ, ഈരടികള്‍ ഹൃദയത്തിന്‍റെ ഉള്ളില്‍ മൂളിക്കൊണ്ടിരുന്നു, കോണിലെവിടെയോ ആ പെണ്‍കുട്ടിയുടെ മങ്ങിയ ചിത്രവും.

തിരികെ വീട്ടിലെത്തിയപ്പോഴാണ്, അമ്മയുടെ ശകാരവും അച്ഛന്‍റെ ക്രുദ്ധമായ നോട്ടവും എന്നെ യാഥാര്‍ത്ഥ്യത്തിന്‍റെ പരുപരുത്ത പ്രതലത്തിലെത്തിച്ചത്. വയസ്കര വൈദ്യശാലയില്‍ നിന്ന് വാങ്ങാമെന്നേറ്റിരുന്ന കര്‍പ്പസാസ്ഥ്യാഥി എണ്ണയും കുഴമ്പും മറന്നു പോയിരിക്കുന്നു. ഒരു കാപ്പിയും എടുത്തു കുടിച്ചുകൊണ്ട് തിരികെ വൈദ്യശാലയിലേക്ക് നടപ്പായി. സായാഹ്ന സവാരിയുടെ മധുരം അയവിറക്കിക്കൊണ്ട് അലയത്തെ ചാക്കോ ചേട്ടന്‍റേയും ഉമ്മറു മാമായുടേയും വീടുകള്‍ പിന്നിട്ട് പ്രധാന വഴിക്കരികിലുള്ള ഫീലിപ്പോച്ചന്‍റെ വീട്ടുപടിക്കലെത്തി. ഒരു നിമിഷം, ചുവടുവെയ്പും കാഴ്ചയും ഒന്നിടറി…. ആതാ!…. നില്ക്കുന്നു…. അവള്‍. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുമ്പിലും ബെസ്റ്റ് ഹോട്ടിലിനു മുമ്പിലും കണ്ട അതേ സുന്ദരി. വീട്ടിലെ ശകാരത്തില്‍ മറന്നുപോയ ഗാനം വീണ്ടും മനസ്സിലെത്തി….. “ഈ യാത്ര…….” ഈ യാത്രക്കാരി ഇങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനറിയാതെ ഒരു പുഞ്ചിരി എന്‍റെ മുഖത്തോടിയെത്തി, ആത്മഗതമായി ഒരു കുസൃതിചോദ്യവും “ഇനി ഒരു വിശ്രമം……. ഇവിടെ…….. എന്‍റെ അലയത്തു തന്നെ……… ആവുമോ?” ഈ യാത്ര തുടങ്ങിയത് എവിടെ നിന്ന് എന്നറിയില്ല…………. ഹും……… പതുക്കെ അറിയാം………… പക്ഷേ മോഹമൊന്നും തോന്നിയില്ല……… വെറുമൊരു ജിജ്ഞാസ.

ദിവസങ്ങള്‍ കടന്നു പോയി. ഇതിനോടകം എന്‍റെ വീട്ടിലേക്ക് അവള്‍ പലവട്ടം സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി. കൂട്ടിന്, ഫീലിപ്പോച്ചന്‍റെ വീട്ടിലെ വേലക്കാരി കുട്ടിയുമുണ്ടായിരുന്നു. അവള്‍ ഇവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഫീലിപ്പോച്ചന്‍റെ ഭാര്യയുടെ ബന്ധുവാണ്. ഇടയ്ക്ക് ചില പാഠപുസ്തകങ്ങളിലെ സംശയവുമായി എന്നെ സമീപിച്ചു തുടങ്ങി. ക്രമേണ സൗഹൃദം പുരോഗമിച്ചു. കോളേജിലേക്കുള്ള യാത്രക്ക് സഹയാത്രികനാകണമെന്ന് അപേക്ഷയും നിര്‍ബന്ധവുമൊക്കെയായി. രണ്ടുപേരും ഒരേ ദിക്കിലേക്കാണ് പോവുക, പ്രധാനമായും “പൂവാലډാരുടെ” ശല്യം അതിക്രമിക്കുന്നു. ഒരാണ്‍കുട്ടി കൂടെയുള്ളത് ശല്യക്കാരെ അകറ്റി നിര്‍ത്തി. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ കാരണമായി. നഗരജീവിതത്തില്‍ അതത്ര ഗൗരവതരമായി ആരും കണ്ടില്ല. ഒട്ടും ഗൗരവതരമാവാന്‍ അനുവദിക്കരുതെന്ന് മനസ്സു ശാസിച്ചു തുടങ്ങി. അകലം സൂക്ഷിക്കാന്‍ ശ്രമിക്കുന്തോറും അവള്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ കുറുമ്പും പരിഭവങ്ങളും കാണുമ്പോള്‍ ഒരു സുഖമുള്ള ഭയത്തോടെ ഞാന്‍ ചിന്തിച്ചു, “ഇനി എന്‍റെ ഹൃദയത്തിലേക്കോ അവള്‍ യാത്ര തുടരുന്നത്?”

അച്ഛന്, ഇടയ്ക്കിടയ്ക്ക് വരാറുള്ള നടുവേദനയും അമ്മയുടെ വൃക്ക സംബന്ധമായ അസുഖങ്ങളും സാമ്പത്തികമായി കുടുംബത്തെ പ്രയാസപ്പെടുത്തുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് എത്രയും വേഗം ഒരു ജോലി നേടണം. പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ മറക്കാനാവില്ലല്ലോ. ചുറ്റുവട്ടത്ത്, ആര്‍ജ്ജിച്ച നല്ല പേരിന് കളങ്കം ഉണ്ടാവാനും പാടില്ല. വികാരങ്ങളെ വിവേകം കൊണ്ട് കീഴ്പ്പെടുത്തിയേ മതിയാകൂ. പക്ഷേ അതൊക്കെ പ്രസംഗപീഠത്തിലെ സാരോപദേശങ്ങള്‍…….. ശോകച്ഛവികലര്‍ന്ന ആ നീളന്‍ കണ്ണുകളും പരിഭവവും കൊഞ്ചലും സമ്മേളിക്കുന്ന വാക്കുകളുമായി, അടുത്തെത്തുമ്പോള്‍, ഒരഭയ യാചനപോലെ എന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍, മുറുക്കിക്കെട്ടിയ മനസ്സിന്‍റെ കയറുകള്‍ താനേ അഴിഞ്ഞു വീഴുകയായി. ഞാന്‍ സൂര്യനായി മാറിയാലും എനിക്കവളെ എന്നില്‍ നിന്നു വേര്‍പെടുത്താനാവില്ല. അവള്‍ ഭൂമിയാണ്. വസന്തവും ഗ്രീഷ്മവും ഹേമന്തവും നിമിഷങ്ങളുടെ അകലത്തില്‍ അവളിലൂടെ കടന്നു വരുന്നു. ആ ഭൗതീക രസതന്ത്രത്തിനധീനമാണ് എന്‍റെ സഹജാവബോധം. അവളുടെ ഓര്‍മ്മകള്‍ സ്നേഹമായും ദുഃഖമായും സ്വപ്നമായും സദാ എന്നോടൊപ്പം സഞ്ചരിച്ചു. മധുരവും സുഖവുമുള്ള……. ഒരലോസരം……..

മധുരം നുകര്‍ന്ന് സ്വപ്നാടനം നടത്താനുള്ള സന്ദര്‍ഭമല്ല. ചുമതലകള്‍ തലച്ചോറില്‍ കടന്നലുകളെപ്പോലെ ആര്‍ത്തു. സ്വയം അന്ധനും ബധിരനും വികാരശൂന്യനുമായി ഏതാനും ദിവസങ്ങള്‍ പിടിച്ചു നിന്നു, ശ്രദ്ധിക്കാതെ, കാണാതെ, കേള്‍ക്കാതെ…….. പിന്തിരിയാന്‍ അവള്‍ക്കൊരു അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ തലവേദന, ദേഹവേദന ഒക്കെ പറഞ്ഞ് അവള്‍, രണ്ടു ദിവസം ക്ലാസ്സില്‍ പോയില്ല. ഞാന്‍ ഈ കുറ്റബോധത്തില്‍ നീറി നില്ക്കുമ്പോള്‍ അവളുടെ വേലക്കാരിക്കുട്ടി ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ട്, ഒരു കുറിപ്പ് എന്നെ ഏല്പിച്ചു. “വളരെ അത്യാവശ്യമായി കാണണം. ഉടനെ വീടു വരെ വരണം, ഒരു കാര്യം അറിയിക്കാനാണ്. അത്യാവശ്യം” എന്നായിരുന്നു കുറിപ്പ്. പെട്ടെന്ന് ഭയപ്പെടുത്തുന്ന ചിന്തകള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. എന്തിനായിരിക്കുമെന്ന ഭയം, എന്താണെന്നറിയാനുള്ള ആകാംക്ഷ, ആകപ്പാടെ എന്നെ ഒരു വിഭ്രാന്തിയിലാക്കി. ഞാന്‍ അവളുടെ വാസസ്ഥലത്തേക്ക് നടന്നു. എന്നെ പ്രതീക്ഷിച്ച് വെളിയില്‍ നിന്ന ആ ശോകമൂര്‍ത്തി, “കടന്നു വരൂ!” എന്ന ക്ഷണനത്തോടെ, പടിഞ്ഞാറെ കതകു തള്ളിത്തുറന്ന്, എനിക്കുവേണ്ടി കസേര വലിച്ചിട്ടു. അകത്തു കടന്ന് കസേരയില്‍ ഇരുന്നുകൊണ്ട്, ഞാന്‍ കാര്യം അന്വേഷിച്ചു. ഉത്തരം പറയാതെ കരഞ്ഞുകൊണ്ട് അവള്‍ എന്‍റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗദ്ഗദത്തിനും പൊട്ടിക്കരച്ചിലിനുമിടയിലൂടെ വാക്കുകള്‍ മുറിഞ്ഞു വന്നുകൊണ്ടിരുന്നു. എന്നോടുള്ള പ്രണയത്തേയും ഞാന്‍ കാട്ടിയ ക്രൂരതയേയും വാക്കുകളിലൂടെ പ്രവഹിക്കുന്നതിനൊപ്പം, ചുംബനങ്ങള്‍ പുപ്ഷവൃഷ്ടിപോലെ എന്‍റെ മേല്‍ പൊഴിച്ചുകൊണ്ടിരുന്നു. അവളുടെ മനസ്സില്‍ കട്ട പിടിച്ച ദു:ഖത്തിന്‍റെ നീരൊഴുക്ക്, സ്നേഹത്തിനു വേണ്ടിയുള്ള ഒരു ദാഹം, ഒക്കെ എനിക്കനുഭവപ്പെട്ടു. എന്‍റെ സാന്ത്വനങ്ങള്‍ അവളുടെ മൃദുലവും മാര്‍ദ്ദവമേറിയതുമായ കണ്ഠ പ്രദേശത്തും നെറ്റിത്തടത്തിലെ ചുരുണ്ട അളകങ്ങള്‍ക്കു മീതെയും വിതുമ്പുന്ന ചുണ്ടുകളിലും മറു ചുംബനങ്ങളായി പരിണമിച്ചു. ‘മറ്റാര്‍ക്കും ഒരിക്കലും വിട്ടുകൊടുക്കില്ലാ’ എന്നപോലെ, അവളുടെ കരങ്ങള്‍ എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ചൂടുള്ള അവളുടെ മാറിടം എന്‍റെ ഹൃദയവാതിലുകളെ തള്ളിത്തുറക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. രക്തച്ഛവി പടര്‍ന്ന മുഖവും പാതികൂമ്പിയ കണ്ണുകളും അവളുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ഞങ്ങള്‍ മറ്റൊരു ലോകത്തിലേക്ക് തെന്നി…… തെന്നി പോവുന്നതായി തോന്നി. ചുംബനങ്ങളുടെ ലോകത്ത് നിന്ന്… നിര്‍വൃതിയിലേക്കുള്ള ഉയര്‍ന്ന മറ്റൊരു തലത്തിലെത്തും മുമ്പ്…… മുന്‍ വാതില്‍ വലിയ ശബ്ദത്തില്‍ തുറക്കപ്പെട്ടു…… ഞങ്ങള്‍ സ്തബ്ദരായി. എന്താണ്?……. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു പോയ എന്നെ…… അവള്‍ പിന്‍വാതിലിലൂടെ പുറത്താക്കി……. ധൃതിയില്‍ കതക് കൊട്ടിയടച്ചു……. ആ ശബ്ദം എന്നെ ഞെട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു…….. മഠയിപ്പെണ്ണ്!

അടുത്ത രണ്ടു ദിവസങ്ങളില്‍ അവളുടെ വീടിനു മുമ്പിലൂടെയുള്ള യാത്ര ഞാന്‍ ഒഴിവാക്കി. എന്തൊക്കെയാണ് പിന്നീട് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും ഭയമായിരുന്നു. ആകെ മനസാക്ഷിയെ കീറിമുറിച്ച ഒരു സംഭവം……. അവള്‍ക്ക് എന്തു സംഭവിച്ചിരിക്കാം? ആ വീട്ടുകാര്‍ എന്നെപ്പറ്റി എന്തു ധരിച്ചു കാണും?……. ആ കുറിപ്പിനേയും അതനുസരിച്ച് പ്രവര്‍ത്തിച്ച എന്നേയും ഞാന്‍ പഴിച്ചു. പ്രഥമ പ്രണയത്തിന്‍റെ വിലാസ സൗകുമാര്യം മുറ്റിനിന്ന ആ ദുര്‍ബല നിമിഷങ്ങളെ ശപിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കോളേജില്‍ നിന്ന് തിരികെ വരും വഴി വേലക്കാരി കുട്ടിയെ കാണാനിടയായി. അവളില്‍ നിന്ന് സംഭവത്തെപ്പറ്റി കൂടുതലായി അറിയാന്‍ കഴിഞ്ഞു. “ഫീലിപ്പോച്ചന്‍റെ ഭാര്യ”, വൈകുന്നേരം താമസിച്ചേ എത്തൂ എന്നു പറഞ്ഞ് ദൂരെയുള്ള പിതൃഭവനത്തിലേക്ക് പോയി. എന്നാല്‍ സമയത്ത് ബസ് കിട്ടാഞ്ഞതിനാല്‍ തിരികെ പോരേണ്ടിവന്നു. അവളുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയതങ്ങനെയാണ്. അടുത്ത ദിവസം തന്നെ, വിവരമറിഞ്ഞ് അവളുടെ മാതാപിതാക്കള്‍ ബദ്ധപ്പെട്ട് ഓടിയെത്തി. പരപുരുഷ സമാഗമത്തില്‍ എന്തൊക്കെയോ സംഭവിച്ചു എന്ന് അവര്‍ ഭയപ്പെടുന്നുണ്ടാകും. അപകട സാദ്ധ്യതകളെ നിസ്സാരമായി കാണാന്‍ അവര്‍ക്കാകില്ലല്ലോ. ഭയപ്പെടത്തക്കവണ്ണം ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് ഞാനെങ്ങനെ തെളിയിക്കും? അതാര് വിശ്വസിക്കും…? കൂവി, വിളിച്ചുപറഞ്ഞ്, എല്ലാവരുടേയും ജീവിതങ്ങള്‍ നശിപ്പിക്കാനും ആവില്ലാ….. ഒരെത്തും പിടിയും കിട്ടുന്നില്ല….. തലതല്ലിക്കരയണമെന്നു തോന്നി……..

രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലാ. തുറന്നിട്ട ജനാലയിലൂടെ മഞ്ഞിനെ കൂട്ടുപിടിച്ച് കടന്നുവന്ന ചെറുകാറ്റിന് എന്‍റെ തീയെ കെടുത്താന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ പാരമ്യത്തില്‍ ആ രാത്രി കടന്നു പോയി. “വെള്ള കീറിയപ്പോള്‍” ഞാന്‍ മുറ്റത്തിറങ്ങി, പറമ്പിന്‍റെ മൂലയില്‍, കായ്ക്കാതെ വളര്‍ച്ചമുറ്റി നില്ക്കുന്ന ആഞ്ഞിലി ചുവട്ടില്‍ നിലയുറപ്പിച്ചു. ഇവിടെ നിന്നാല്‍ അവളുടെ വീട് ശരിയായി കാണാം, ആഞ്ഞിലിയുടെ കറുത്ത നിഴല്‍ എന്നെ മറച്ചുകൊള്ളും. ഏറെ താമസിയാതെ അവളുടെ മാതാപിതാക്കള്‍ മുന്‍വാതില്‍ തുറന്ന് പുറത്തു കടന്നു. പിന്നാലെ, എന്‍റെ മറുരൂപംപോലെ, പാറിപ്പറന്ന മുടിയും ദു:ഖം തളംകെട്ടി നില്ക്കുന്ന മുഖവുമായി…. അതാ…… അവള്‍…… കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” അതേ ബാഗുമുണ്ട്,…. സ്നേഹവും ദു:ഖങ്ങളും കുത്തി നിറച്ചത്…. അവള്‍ വീണ്ടും യാത്ര തുടരുകയാണ്. മുറിപ്പെട്ട ഹൃദയവുമായി ഞാന്‍ നോക്കി നിന്നു…. ഞാന്‍ എന്ന കുറ്റവാളിക്ക് എന്തു ശിക്ഷയാണ് കിട്ടേണ്ടത്?….. സ്വയം ഉരുകിത്തീരാനാണോ വിധി?….. തടഞ്ഞു നിര്‍ത്താനോ വിശദീകരണം നല്കാനോ കഴിവില്ലാ… വളരെ പാടുപെട്ട് എന്‍റെ വീടിനു നേരെ അവള്‍ തെല്ലൊന്നു തിരിഞ്ഞു നോക്കി. അരണ്ട വെളിച്ചത്തില്‍ മുത്തുമണികള്‍ പോലെ രണ്ടു തുള്ളി കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചു. സഫലീകൃതമാകാത്ത മോഹങ്ങളെ അവസാനം വരെ സൂക്ഷിക്കാന്‍ എന്നെ ഏല്പിച്ചിട്ട്….. അവള്‍ യാത്ര തുടര്‍ന്നു……

****

– തോമസ് കളത്തൂര്‍

Share This Post