വര്‍ഗീയ ആക്രമണങ്ങള്‍ നാടിന് ആപത്ത്:കെ എച് എന്‍ എ

വാഷിംഗ്ടണ്‍: ഹിന്ദു  സമൂഹത്തെ ലക്ഷ്യം വച്ച് കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ഗീയ ആക്രമണങ്ങള്‍  ആശങ്കാജനകവും അപലപനീയവും ആണെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ). ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുക്കളേയും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളേയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. വര്‍ഗീയ കലാപം ലക്ഷ്യമിട്ടു നടത്തിയ ഹര്‍ത്താല്‍  മുന്‍ കൂട്ടി കാണാന്‍ കഴിയാത്തത് ഇന്റലിജിന്‍സ് പരാജയം ആണെങ്കിലും ഹര്‍ത്താലിന് ശേഷം ശക്തമായ നടപടികളുമായി കേരള  സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രതീക്ഷാജനകമാണ് .അറസ്റ്റിലായ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഒരു സമൂഹത്തെ  ലക്ഷ്യം വച്ച് ആക്രമണം നടത്തി എന്നുള്ളത് നിസാരമായി കാണാനാവില്ല .കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനു കോട്ടം സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരകളായവര്‍ക്കു നഷ്ട പരിഹാരം ഉള്‍പ്പടെയുള്ള  സത്വര നടപടികള്‍ കേരളാ ഗവണ്‍മെന്റ് എടുക്കുമെന്നു കെ എച് എന്‍ എ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രേഖാ മേനോന്‍ പറഞ്ഞു.
 വസ്തുതകള്‍ മറച്ചു വച്ച് വികലമായ വ്യാഖ്യാനങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും വാര്‍ത്തകളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ സൃഷ്ഠിച്ചെടുക്കുന്ന വാര്‍ത്തകളെ തിരസ്‌കരിക്കുകയും, വസ്തുതാപരമായ അന്വേഷണത്തിനു ശേഷം കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്താനുള്ള പരിശ്രമം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടിയിരിക്കുന്നുവെന്നും  കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

Share This Post