സൗന്ദര്യത്തിനു മലയാളത്തികവ്, ഹൂസ്റ്റണിന്റെ മനം കവര്ന്ന മിസ് മലയാളി മത്സരം

സൗന്ദര്യത്തിനു മലയാളത്തികവ്, ഹൂസ്റ്റണിന്റെ മനം കവര്ന്ന മിസ് മലയാളി മത്സരം

ഹൂസ്റ്റണ്‍:   ഹൂസ്റ്റണ്‍ നഗരത്തിലെ മലയാളീ കലാ സൗന്ദര്യാസ്വാദര്‍ക്കു ചരിത്രനിമിഷങ്ങള്‍ പകര്ന്നു നല്കി സൗന്ദര്യ പ്രഭ ചൊരിഞ്ഞ ‘മിസ് മലയാളീ യു എസ്‌ എ 2018 നു വര്ണോജ്വലമായ സമാപനം.

ഏപ്രില്‍ 28 നു വൈകുന്നേരം 5 മുതല്‍  സ്റ്റാഫോര്ഡ് സിവിക് സെന്ററില്‍ വച്ച് നടത്തപെട്ട ഈ സൗന്ദര്യ മത്സരം 5  മണിക്കൂറോളം നീണ്ടുനിന്നു. മത്സരത്തിനിടയില്‍  നടന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാ  പരിപാടികള്‍  കാണികളെ ആനന്ദ നിര്‍വൃതിയിലാക്കി. അത്യന്തം ആവേശത്തോടെ ഇഞ്ചോടിഞ്ചു നടന്ന മത്സരങ്ങള്‍ വിജയികളെ പ്രഖ്യാപിക്കുന്ന അവസാന സമയം  വരെ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു.

അമേരിക്കയിലെ പ്രഥമ മിസ് മലയാളീ ഇവന്റില്‍  3 വിഭാഗങ്ങളായി നടന്ന മത്സരത്തില്‍  ടീന്‍ മലയാളീ വിഭാഗത്തില്‍ (13-17 വയസ്സ്) കൊച്ചു സുന്ദരിയായ ജൂലിയറ്റ് ജോര്ജ് വിജയ കിരീടമണിഞ്ഞപ്പോള്‍  ജിയാ തോമസം ദേവിക മതിലകത്തും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മിസ് മലയാളീ യുഎസ്‌എ യായി(18-35 വയസ്സ്) രശ്മി സുരേന്ദ്രന്‍ വിജയ കിരീടം ചൂടി. ലെക്സിയ ജേക്കബും ഡെലീന എബ്രഹാമും  രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു അര്‍ഹരായി.

മിസ്സസ്സ് മലയാളീ വിഭാഗത്തില്‍ (21-65 വയസ്സ്) മിനി വെട്ടിക്കല്‍ വിജയ കിരീടമണിഞ്ഞപ്പോള്‍ ബീന തട്ടിലും പ്രീതി സജീവും  രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഈ വിജയികള്ക്ക് മിസ് ഇന്ത്യ യുഎസ്‌എ,  ബോളിവുഡ് പേജന്റ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളുടെ ഫൈനല്‍ റൗണ്ടിലേക്കും നേരിട്ട് പ്രവേശനം ലഭിച്ചുവെന്നത് അഭിമാനകരമാണ്.

ചരിത്ര വിജയം കുറിച്ച ഈ മിസ് മലയാളീ മത്സരത്തിന്റെ പ്രധാന സംഘാടകയും സ്ഥാപകയും ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാന്‍സ് അക്കാഡമിയുടെ ഡയറക്ടര്‍ ആയ ലക്ഷ്മി പീറ്ററായിരുന്നു. അമേസ്ടേക് ഐടി കൺസൾട്ടിങ് കമ്പനിയുടെ സിഈഓ കൂടിയായ ലക്ഷ്മി അമേരിക്കയിൽ നിരവധി പരിപാടികൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച  വ്യക്തിയും പ്രശസ്തയായ ഭരതനാട്യം നർത്തകിയും പേരുകേട്ട ഗായികയും കൂടിയാണ്. അക്കാഡമിയുടെ  ഇവെന്റ്സ് ഡിവിഷനും നേതൃത്വം നൽകി. ഫ്ലവർസ് ടിവി യുഎസ്‌എ മീഡിയ പാർട്ണർ ആയി പ്രവർത്തിച്ചു.

സ്വാതി സുരേഷ് നായർന്റെ പ്രാർത്ഥന കീർത്തനത്തിനു ശേഷം ഹൂസ്റ്റണിലെ വിശിഷ്ട വ്യക്തികളും അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി. മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി ആശംസകൾ നേർന്നു സംസാരിച്ചു.

ജഡ്ജസ് ,ഫാഷൻ,മീഡിയ,സിനിമ  തുടങ്ങി വിവിധ മേഖലകളെ പ്രധിനിധീകരിച്ചു. പത്തിൽ പരം ജഡ്ജസ് ഉണ്ടായിരുന്ന ജഡ്ജിങ് ടീമിൽ തെന്നിന്ത്യൻ സിനിമകളിൽ കൂടി മലയാളി മനസുകളിൽ ഇടം തേടിയ പ്രശസ്ത സിനിമ താരം മാനിയ നായിഡുവും  അവാർഡ് ജേതാവായ മലയാള സിനിമ നിർമാതാവ് ടോം ജി കോലത്തും സെലിബ്രിറ്റി ജഡ്‌ജുകളായിരുന്നു.  ഹിന്ന അക്തർ കുദ്രത്, ഡോ. അബ്ദുള്ള കുദ്രത്, ഡോ. ഷാമ റഷീദ്, രുചിക സിംഗ് ഡയസ് , ജൂലി മാത്യു,  ഡോ. സബ്രീന ജോർജ്‌ ,  എ. സി. ജോർജ് . ഡോ. മാത്യു വൈരമൺ, ഡോ. നിഷ സുന്ദരഗോപാൽ എന്നിവരായിരുന്നു മറ്റു ജഡ്ജിങ് പാനൽ അംഗങ്ങൾ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 50 ൽ പരം വ്യക്തികൾ മത്സരരംഗത്തുണ്ടായിരുന്നു. അവരിൽ നിന്നും ഓഡിഷൻ നടത്തി  20 മല്സരാര്ഥികൾ ആണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചതു. ഇൻട്രൊഡക്ഷൻ, ടാലെന്റ്റ്, കേരളാ വിത്ത് എ ട്വിസ്റ്റ് എന്നീ റൗണ്ടുകൾക്കു ശേഷം 11  പേർ കിരീടത്തിനായി പോരാടി. ജഡ്ജസ് ന്റെ ചോദ്യ റൗണ്ടിന് ശേഷം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.  ഹിമി ഹരിദാസ്, സിൽവി വര്ഗീസ്, ഷീബ ജേക്കബ് എന്നിവർ ഇവന്റ് കോച്ചുകളായി പ്രവർത്തിച്ചു.  500 ൽ പരം ആളുകൾ ആസ്വദിച്ച മിസ് മലയാളീ മത്സരത്തിന് അനിൽ ജനാർദ്ദനൻ, ഷിജി മാത്തൻ, ഷിബി റോയ്, റെയ്ന റോക്ക് എന്നിവർ എംസി മാരായി പ്രവർത്തിച്ചു.

Share This Post