റോക്ക്‌ലാന്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ പെരുന്നാളും വിശ്വാസഐക്യദാര്‍ഢ്യവും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലും സമീപ പ്രദേശങ്ങളിലും അധിവസിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭാമക്കളുടെ ആരാധനാകേന്ദ്രമായ റോക്ക്‌ലാന്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന പെരുന്നാള്‍ ഏപ്രില്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. അഭിവന്ദ്യ യാക്കൂബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത (ഹോണോവാര്‍ മിഷന്‍, കര്‍ണ്ണാടക) പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

ശനിയാഴ്ച ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സിനെ കത്തിച്ച മെഴുകുതിരി നല്‍കി ഇടവക വികാരി വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ ഉപാചരപൂര്‍വ്വം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. ലുത്തിനിയയ്ക്കുശേഷം നടന്ന സന്ധ്യാപ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും സഹവികാരി റവ.ഫാ. ഷെറില്‍ മത്തായി, മലങ്കര ആര്‍ച്ച് ഡയോസിസ് സെക്രട്ടറി റവ.ഡോ. റെജി ജേക്കബ് എം.ഡി, റവ.ഡോ. ജോയല്‍ ജേക്കബ് എം.എസ് എന്നീ വൈദീക ശ്രേഷ്ഠര്‍ ഉള്‍പ്പടെ നിരവധി വിശ്വാസ സമൂഹം പങ്കെടുത്തു. റാസയ്ക്കുശേഷം ദേവാലയത്തില്‍ നടന്ന സഭയ്ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയില്‍ വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികളേന്തി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പരിശുദ്ധ സഭയോടുള്ള അചഞ്ചലമായ വിശ്വാസവും ഐക്യദാര്‍ഢ്യവും ഏറ്റുപറഞ്ഞു. ആദിമ നൂറ്റാണ്ട് മുതല്‍ വിശ്വാസ സത്യങ്ങളും പാരമ്പര്യവും ഒട്ടനവധി പീഡനങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും കടന്നുപോയപ്പോഴെല്ലാം അദൃശ്യമായ ദൈവകരങ്ങളാണ് പരുശുദ്ധ സഭയെ വഴിനടത്തിയതെന്നും ദൈവസന്നിധിയിലുള്ള മുട്ടിപ്പായ പ്രാര്‍ത്ഥനകള്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തിയുള്ളവയാക്കുമെന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കോട്ടയും കാവലും മുപ്പത്തൊന്നാമത് വാര്‍ഷികം ആചരിക്കുന്ന ഇടവകയുടെ അനുഗ്രഹത്തിനും വളര്‍ച്ചയ്ക്കും നിദാനമാവട്ടെ എന്നു മോര്‍ അന്തോണിയോസ് ആശംസിച്ചു. ഇടവകാംഗമായ വിജയന്‍ ദാനിയേലും കുടുംബവുമാണ് ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത്.

ഞായറാഴ്ച അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

വികാരി വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, സഹവികാരി റവ.ഫാ. ഷെറില്‍ മത്തായി, സെക്രട്ടറി ജോര്‍ജ് ഐസക്ക്, ടോണി മാത്യു (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് പരത്തുവയിലില്‍, സാമുവേല്‍ വാര്യത്ത്, രാജന്‍ ദാനിയേല്‍, സണ്ണി പൗലോസ്, ഡ്യൂക്ക് ദാനിയേല്‍, അനില്‍ പാടിയേടത്ത് എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി പ്രയത്‌നിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post