റവ.സോണി ഫിലിപ്പ് അച്ചന് സെന്റ് ആന്‍ഡ്രൂസ് ഇടവകയുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ്.ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.സോണി ഫിലിപ്പിനും, ആശാ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 22ാം തീയതി ഞായറാഴ്ച, വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കു നേതൃത്വം നല്‍കിയ അച്ചന്‍ ലൂക്കോസിന്റെ സുവിശേഷം 24ാം അദ്ധ്യായം 13 മുതല്‍ 25വരെയുള്ള വാക്യങ്ങള്‍ വായിച്ച് വചനശുശ്രൂഷ നടത്തി. യരുശലേമില്‍ നിന്നും ഏഴുനാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോയ ശിഷ്യന്മാര്‍ക്ക് യേശുപ്രത്ക്ഷമാകുന്നതും അവരോടു ചേര്‍ന്ന് നടന്ന് അവരുടെ മാനസികവ്യഥയുടെ അടിസ്ഥാനമില്ലായ്മയെ പ്രവാചക പുസ്തകം ഉദ്ധരിച്ച് ദൂരീകരിക്കുന്നതായും, അവര്‍ക്ക് തന്റെ പുനരുദ്ധാന സത്യത്തെ വെളിപ്പെടുത്തുന്നതും അച്ചന്‍ വിശദീകരിച്ചു. വേദനയുടെയും, നഷ്ടബോധത്തിന്റേയും മദ്ധ്യേ യേശുക്രിസ്തു ഒരു സഹയാത്രികനായി കൂടെയുണ്ടാകുമെന്നും, നാം അവനെ നമ്മുടെ ഭവനത്തിലേക്ക്, നമ്മുടെ ഹൃദയത്തിലേക്ക്, ക്ഷണിച്ച് കൈക്കൊള്ളുമെങ്കില്‍ നിത്യമായ സന്തോഷത്തിന്റെ അവസ്ഥയിലേക്ക് നാം ത്തെിച്ചേരുമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട് എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാര്‍ യേശുവിന്റെ സാമീപ്യം നേരിട്ടനുഭവിച്ചപ്പോള്‍ തിടുക്കത്തില്‍ അവര്‍ തിരിച്ച് യരുശലേമിലേക്കു പോയി തങ്ങള്‍ക്ക് ലഭിച്ച ദിവ്യദര്‍ശനം മറ്റുള്ളവരോടു പങ്കുവയ്ക്കുന്നതായി കാണാം എന്നും ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍്ബ്ബാന ശുശ്രൂഷക്കു ശേഷം നടന്ന യാത്രയയപ്പു യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ഓ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍, കഴിഞ്ഞ മൂന്നുവര്‍ഷക്കാലം അച്ചനില്‍ നിന്നും ലഭിച്ച സേവനങ്ങളെ സ്‌നേഹത്തോടെ സ്മരിക്കുകയും, ഇടവകയുടെ ആദ്ധ്യാത്മികവും, ഭൗതികവുമായ വളര്‍ച്ചയില്‍ അച്ചനും, കൊച്ചമ്മയും നല്‍കിയ നേതൃത്വത്തിനും, മാര്‍ഗ്ഗദര്‍ശനത്തിനും പ്രത്യേകം നന്ദി കരേറ്റുകയും ചെയ്തു.

സോണി ഫിലിപ്പ് അച്ചനില്‍ നിന്നും ലഭിച്ച നേതൃത്വത്തേയും കരുതലിനേയും മുക്തകണ്ഠം ശ്ലാഘിച്ചു കൊണ്ട് ഷെറിന്‍ ഏബ്രഹാം(യൂത്ത് ഫെല്ലോഷിപ്പ്) റോഷന്‍ വര്‍ഗീസ്, ജിമ്മി ജോര്‍ജ്(യുവജനസഖ്യം), ബിനു ദാനിയേല്‍ (ഇടവക മിഷന്‍), അമ്മിണി വര്‍ഗീസ്(സേവികാ സംഘം), ജീന്‍ ജോണ്‍, കെ.എ.ഏബ്രഹാം(പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍), ജേക്കബ് ഫിലിപ്പ്(ക്വയര്‍), റിയ വര്‍ഗീസ്(ഇംഗ്ലീഷ് ക്വയര്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

അച്ചന്റെ അഗാധമായ വേദപുസ്തക പരിജ്ഞാനവും, തീക്ഷണവും, ലാളിത്യം നിറഞ്ഞ ജീവിതചര്യയും ഏതൊരു വ്യക്തിയേയും പ്രത്യേകം അച്ചനോട് അടുപ്പിക്കാന്‍ ഉതകുന്നതായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. അച്ചന്റെ പ്രസംഗവൈഭവം പലപ്പോഴും കേള്‍ക്കുന്ന ജനങ്ങളെ ഇരുത്തിചിന്തിക്കുവാനും, സ്വയമേ ശോധന ചെയ്യുവാനും സഹായിച്ചിരുന്നുവെന്നും, അച്ചന്റെ അഭാവം ഇടവകയ്ക്ക് ഒരു നഷ്ടം തന്നെയാണെന്നും ആശംസ അറിയിച്ചവര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അച്ചനോടും, കൊച്ചമ്മയോടുമൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരുന്നു ലഭിച്ചതെന്നും, ആശാ കൊച്ചമ്മയില്‍ നിന്നും, സണ്ടേസ്ക്കൂള്‍, മുതല്‍ സീനിയര്‍ സിറ്റിസണ്‍ വരെയുള്ള സംഘടനകള്‍ക്കു ലഭിച്ച നേതൃത്വത്തിനും, കൈത്താങ്ങലിനും പ്രത്യേകം നന്ദി കരേറ്റുകയും ചെയ്തു. ചര്‍ച്ച് റിട്രീറ്റ്, ഫാമിലി നൈറ്റ്, യൂത്ത് മീറ്റിംഗ് എന്നിവയില്‍ ഒരു നിറസാന്നിദ്ധ്യമായിരുന്ന ആശാകൊച്ചമ്മക്ക് ഇടവക ജനങ്ങള്‍ ഒന്നടങ്കം സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി കരേറ്റുകയും, അച്ചനും, കൊച്ചമ്മയ്ക്കും കടന്നുചെല്ലുന്ന ഇടവകകളില്‍, ദേശത്ത്, തണ്ടിന്മേല്‍ കൊളുത്തി വച്ച ദീപം പോല്‍ പ്രകാശിക്കട്ടെയെന്നും ആശംസിച്ചു.

ഇടവക ട്രസ്റ്റി ഏബ്രഹാം വര്‍ക്കി തന്റെ ആശംസാ പ്രസംഗത്തില്‍ അച്ചന്റെ വേദപരിജ്ഞാനത്തെപ്പറ്റിയും വേദപുസ്തകസത്യങ്ങളെ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള പ്രാഗത്ഭ്യത്തെപ്പറ്റിയും സംസാരിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഒരു പോലെ കരുതുകയും, സ്‌നേഹിക്കുകയും ചെയ്ത സോണി അച്ചനോടൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷങ്ങളും പുതിയ അനുഭവങ്ങളായി മനസ്സില്‍ നിന്നും മായാതെ നില്‍ക്കുമെന്നും അനുസ്മരിച്ചു.

ഇടവക ട്രസ്റ്റിമാരായ ഏബ്രഹാം വര്‍ക്കി, ജോണ്‍ കെ. തോമസ് എന്നിവര്‍ ഇടവകയുടെ പേരിലുള്ള പാരിതോഷികം അച്ചനും, കൊച്ചമ്മക്കും സമ്മാനിച്ചു. ഇടവകയിലെ ഓരോ സംഘടനകളും അവരുടെ വകയായുള്ള സ്‌നേഹോപഹാരം സമ്മാനിച്ചു.
റവ.സോണി ഫിലിപ്പ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ് ആന്‍ഡ്രൂസ് ഇടവകയില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ലഭിച്ച സ്‌നേഹക്കൂട്ടായ്മകള്‍ക്കും, കരുതലിനും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി കരേറ്റി. ആവശ്യങ്ങളുടെ നടുവില്‍ ഓടിയെത്തി താങ്ങും തണലുമേകിയ ഇടവകയിലെ ഓരോ കുടുംബങ്ങളോടും വ്യക്തികളോടും തന്റെയും കുടുംബത്തിന്റേയും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും, കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ ഇടവക ശുശ്രൂഷയില്‍ കഴിയുന്നിടത്തോളം എല്ലാ കുടുംബങ്ങളേയും ഒരേ പ്രാധാന്യത്തില്‍ കാണുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു.

ആശാകൊച്ചമ്മ തന്റെ മറുപടി പ്രസംഗത്തില്‍ ഓരോ വ്യക്തികളില്‍ നിന്നും, സംഘടനകളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും, കരുതലിനും പ്രത്യേകം നന്ദി അറിയിച്ചു. മൂന്നു വര്‍ഷം മുമ്പ് ഈ ദേശത്തേക്ക് കടന്നു വന്നപ്പോള്‍ ഭാഷയും, സംസ്കാരവും, പ്രകൃതിയും എല്ലാം അപരിചിതമായിരുന്ന അവസ്ഥയില്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കുകയും, സ്്‌നേഹപരിലാളനങ്ങള്‍ നല്‍കുകയും ചെയ്ത ഇടവകയിലെ ഓരോ കുടുംബങ്ങളോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും, നല്ല ഓര്‍മ്മകളുമായിട്ടാണ് ഞങ്ങള്‍ പുതിയ സ്ഥലത്തേക്ക് കടന്നുപോകുന്നതെന്നും അറിയിച്ചു.
ഇടവക സെക്രട്ടറി അഖില റെനി, അച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച നല്ല ദിനങ്ങളെ സ്്മരിക്കുകയും, അച്ചന്റെ നേതൃത്വം ഇടവകയുടെ വളര്‍ച്ചക്ക് വളരെ സഹായകരമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചതോടൊപ്പം അച്ചനില്‍ നിന്നും, കൊച്ചമ്മയില്‍ നിന്നും ലഭിച്ച സ്‌നേഹ കൈത്താങ്ങലിന് പ്രത്യേക നന്ദി കരേറ്റുകയും ചെയ്തു. വരും കാലങ്ങളില്‍ ദൈവിക ശുശ്രൂഷയില്‍ അച്ചനും, കൊച്ചമ്മക്കും കൂടുതല്‍ ദൈവകൃപ ലഭിക്കട്ടെയെന്നും ആശംസിച്ചു. ഈ യാത്രയയപ്പ് യോഗത്തില്‍ ആശംസാപ്രസംഗം നടത്തിയവര്‍ക്കും, ഇടവകചുമതലക്കാര്‍, ക്വയര്‍ ഇടവക ജനങ്ങള്‍, അതിഥികളായി കടന്നുവന്ന ഏവര്‍ക്കും സെക്രട്ടറി ഇടവകയുടെ പേരിലുള്ള നന്ദിയും, സ്്‌നേഹവും അറിയിച്ചു.

റവ.സോണി ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനക്കും, ആശീര്‍വാദത്തോടും മീറ്റിംഗ് സമാപിച്ചു. കടന്നു വന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു.

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

Share This Post