ബിജു മേനോന്‍, ശ്വേതാ മേനോന്‍ സംഘം ‘മധുരം 18’ ഷോയുമായി മെയ് 5 നു ശനിയാഴ്ച ഹൂസ്റ്റനില്‍

അമേരിക്കയൊട്ടാകെ കലാസദ്യയും മധുരവും വിളമ്പി ജനഹൃദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന മധുരം – സ്വീറ്റ് 18 ഷോ മെയ് 4 നു ശനിയാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് ഹാളിൽ.

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം നടത്തപെടുന്ന ഈ ഷോ ഹൂസ്റ്റൺ സെന്റ് ജോസഫ് ഹാളിൽ ( 303, Present St., Missouri City, Texas 77489) വച്ചാണ് നടത്തപെടുന്നതു.

ഈ ഷോ ഒരു വൻ വിജയമാക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയാണെന്നു സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ കലാസ്വാദകരിൽ നിന്നും ആവേശകരമായ പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെന്നും മിക്കവാറും ടിക്കറ്റുകൾ വിറ്റു കഴിഞ്ഞുവെന്നും ഹൌസ് ഫുൾ ഷോ ആയി മാറുന്ന ഈ ഷോ വൈകുന്നേരം കൃത്യം 6 മണിക്ക് ആരംഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. എൻട്രി ഗേറ്റുകൾ 5 മണിക്ക് തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ജെസ്സി സെസിൽ (J C VICTORY CAREER ഇൻസ്റ്റിറ്റ്യൂട്ട്) , ഗ്രാൻഡ് സ്പോൺസർ ജോൺ. W. വർഗീസ് (PROMPT REALTY) എന്നിവരാണ്.

പ്രശസ്ത സിനിമ താരം ബിജു മേനോൻ നേതൃത്വം നൽകുന്ന പരിപാടിയുടെ സംവിധായകൻ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ഷാഫിയാണ്. കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, നോബി എന്നിവർക്കൊപ്പം നായികമാരായ ശ്വേതാ മേനോൻ, മിയ ജോർജ്, ഗായത്രി സുരേഷ്, മഹാലക്ഷ്മി തുടങ്ങിയവരാണ് മലയാള ചലച്ചിത്ര രംഗത്ത് നിന്നും മധുരം 18 ന്റെ വേദിയിൽ എത്തുന്നത്.

നജീം അർഷാദ്, കാവ്യാ അജിത്, വിഷ്‌ണു രാജ് തുടങ്ങിയ സംഗീത പ്രതിഭകളാണ് പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേൽ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്. സംഘത്തിൽ 30 ൽ പരം കലാപ്രതിഭകളും സാങ്കേതിക വിദഗ്ധരും ഉണ്ട്. മൂന്നര മണിക്കൂർ നീളുന്ന നൃത്ത ഗാന കോമഡി ഇനങ്ങളടങ്ങുന്ന മധുരം 18 ഹൂസ്റ്റണിലെ കലാ പ്രേമികൾക്ക് ഒരു നവ്യഅനുഭവമായിരിക്കുമെന്നു സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ. പ്രദോഷ് മാത്യു ( വികാരി) – 405- 638-5865
ഷിനു എബ്രഹാം (പ്രോഗ്രാം) – 832-998-5873

ജീമോൻ റാന്നി

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിര്‍ദ്ദേശം ചെയ്തു

ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ ആയി കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയില്‍ ഇൻലൻഡ് പീഡിയാട്രിക്സ് എന്ന പേരിൽ രണ്ട് സ്ഥാപനങ്ങൾ നടത്തി വരുന്ന സിന്ധു ഏവർക്കും വളരെ സുപരിചിതായാണ്. നർത്തകി, ഗായിക എന്നി നിലകളിലും തന്റെകഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. ഓൾ കേരള മെഡിക്കൽ ഗ്രാജുവൈറ്റ്സ് (AKMG) യുടെ നേതൃനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജില്‍ നിന്നും MBBS കഴിഞ്ഞു അമേരിക്കയിൽ എത്തിയ സിന്ധു 1995 ൽ ചിക്കാഗോയിൽ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വർഷം ചിക്കാഗോയിൽ ജോലി ചെയ്ത ശേഷം 1998 ൽ മരിയാട്ട കാലിഫോർണിയിൽ സ്ഥിര താമസം ആയത്. ലോമ ലിൻഡ ഹോസ്പിറ്റൽലിൽ പീഡിയാട്രിക് വിഭാഗം മേധാവി ആയും റാഞ്ചോ സ്പ്രിങ്സ് ഹോസ്പിറ്റൽലിൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു.

ഇപ്പോൾ ഫോമാ വനിത ഫോറം ലോസ് ആഞ്ചലസ് കോ ഓർഡിനേറ്റർ ആണ് . വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തിൽ, സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിർദ്ദേശം ചെയ്തു. ഡോക്ടർ സിന്ധു പിള്ളയെ പോലെ കഴിവുള്ളവർ സംഘടനക്ക് ശക്തി പകരും എന്നതിൽ സംശയമില്ല എന്ന വെസ്റ്റേൺ റീജിയൻ നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

മാര്‍ക്ക് സെമിനാറില്‍ റെക്കോര്‍ഡ് പങ്കാളിത്തം

ചിക്കാഗോ: ഏപ്രില്‍ 14-നു ശനിയാഴ്ച ഡെസ്‌പ്ലെയിന്‍സിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ സംഘാടക മികവിനാലും റെക്കോര്‍ഡ് പങ്കാളിത്തത്താലും ശ്രദ്ധേയമായി. രജിസ്‌ട്രേഷന്റെ അഭാവംമൂലം ഐ.എസ്.ആര്‍.സി പോലുള്ള മുഖ്യധാരാ സംഘടനകള്‍ പ്രഖ്യാപിച്ച സെമിനാറുകള്‍ ഉപേക്ഷിക്കപ്പെടേണ്ടിവന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, തുച്ഛമായ നിരക്കില്‍ മികച്ച ജനപങ്കാളിത്തത്തോടുകൂടി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെമിനാറുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ മാര്‍ക്കിന് കഴിയുന്നുവെന്നത് ഐ.എസ്.ആര്‍.സി നേതൃത്വത്തെ പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 41 നോണ്‍ മെമ്പേഴ്‌സും, 16 സ്റ്റുഡന്റ്‌സും ഉള്‍പ്പടെ 140 റെസ്പിരേറ്ററി കെയര്‍ പ്രൊഫണലുകള്‍ സെമിനാറില്‍ പങ്കെടുത്തു.

സിസ്റ്റിക് ഫൈബ്രോസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ ക്രിസ്റ്റീന്‍ പ്രസ്റ്റാ നല്‍കിയ ക്ലാസോടുകൂടി രാവിലെ 8 മണിക്ക് സെമിനാറിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഡോ. വില്യം സാന്‍ഡേഴ്‌സ് (എ.ആര്‍.ഡി.എസ്), ഷിജി അലക്‌സ് (മോട്ടിവേഷണല്‍ ഇന്റര്‍വ്യൂവിംഗ്), അലിചാമാണ്‍ (ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍), ഗാഡുലോപ്പെ ലോപ്പസ് ചാപ്പാ (നൈട്രിക് ഓക്ലയിഡ്- ഫ്‌ളോലന്‍ തെറാപ്പി) എന്നിവര്‍ പുതിയ അറിവുകള്‍ നല്‍കിക്കൊണ്ട് നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ ഏവരും ആസ്വദിച്ചു.

മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറില്‍ സ്വാഗതം ആശംസിച്ചു. സെമിനാറിനായി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം സൗജന്യമായി നല്‍കിയ ഹോളി ഫാമിലി ഹോസ്പിറ്റല്‍ അധികൃതരേയും, അതിനു വേണ്ട സഹായം നല്‍കിയ നഴ്‌സിംഗ് ഡയറക്ടര്‍ ഷിജി അലക്‌സിനേയും സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് യേശുദാസ് ജോര്‍ജ് നന്ദിയോടെ സ്മരിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, എന്നിവരുടെ വിദഗ്ധ സംഘാടനമാണ് സെമിനാര്‍ വിജയത്തിന് നിദാനമായത്. വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സ്റ്റാഫിംഗ് ഏജന്‍സിയായ പെല്‍ വി.ഐ.പി, വെപോ തെറം കമ്പനി എന്നിവര്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ചു.

മാര്‍ക്ക് പിക്‌നിക്ക് ജൂലൈ 21-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മധുരം സ്വീറ്റ് 18 മെയ് 28-ന് കണക്ടിക്കട്ടില്‍, കിക്കോഫ് നടത്തി

കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (Masconn) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന “മധുരം സ്വീറ്റ് 18′ സ്റ്റാര്‍ഷോയുടെ കിക്ക്ഓഫ് ട്രംബുളില്‍ വച്ചു നടത്തി. മെയ് 28-ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബ്രിഡ്ജ് പോര്‍ട്ടിലുള്ള (910 ഫെയര്‍ഫീല്‍ഡ് ഈവ്) ക്ലെയിന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങേറുന്ന അതിഗംഭീര കലാവിരുന്നിലേക്ക് എല്ലാവരേയും ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.masconn.org സുജനന്‍ (203 979 5238), ശ്രീജിത് (718 679 5312), ജോജി (203 455 4682), സുഷ് (203 570 4551).

ജോയിച്ചന്‍ പുതുക്കുളം

ക്‌നാനായ റീജിയണിലെ വൈദികരുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണിലെ വൈദികരുടെ സ്ഥലമാറ്റ നിയമനങ്ങള്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പ്രഖ്യാപിച്ചു. പുതിയതായി നിയമനം കിട്ടിയ വൈദികര്‍ ഈയാഴ്ച ചാര്‍ജ് ഏറ്റെടുക്കുമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു.

റവ.ഫാ. ജോസഫ് ശൗരിയാംമാക്കല്‍ മയാമി സെന്റ് ജൂഡ് ക്‌നാനായ ഇടവക വികാരിയായിട്ടും, റവ.ഫാ.മാത്യു മേലേടത്ത് താമ്പാ തിരുഹൃദയ ഫൊറോന പള്ളി വികാരിയായിയും, റവ.ഫാ.സജി പിണര്‍കയില്‍ സാന്‍ഹൊസെ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും, റവ..ഫാ.സുനി പടിഞ്ഞാറേക്കര ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും,

റവ.ഫാ.ജെമി പുതുശ്ശേരിയില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരിയായിയും, റവ.ഫാ. ബോബന്‍ വട്ടംപുറത്ത് അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവക വികാരിയായും ചാര്‍ജ് ഏറ്റെടുക്കുന്നു. പുതിയ നിയമനം ലഭിച്ചെ ചാര്‍ജ് ഏറ്റെടുക്കുന്ന എല്ലാ വൈദികര്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം