സണ്ണിവെയ്ല്‍ സിറ്റിയില്‍ ഓടി കൊണ്ടിരുന്ന കാറിനു നേര്‍ക്ക് വെടിവയ്പ്

സണ്ണിവെയ്ല്‍: ഓടിക്കൊണ്ടിരുന്ന ഹോണ്ടാ കാറിനു നേരെ മറ്റൊരു വാഹനത്തില്‍ നിന്നും ചീറി പാഞ്ഞു വന്ന മൂന്നു വെടിയുണ്ടകള്‍ തറച്ചു കയറിയെങ്കിലും െ്രെഡവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിവെയ്ല്‍ സിറ്റിയില്‍ മേയ് 22 ന് ആണു സംഭവം. പൊതുവെ ശാന്തമായ സണ്ണിവെയ്ല്‍ സിറ്റിയില്‍ നടന്ന ഈ സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വെടിയേറ്റ ഹോണ്ടാ കാര്‍ ഓടിച്ചിരുന്നത് 25 വര്‍ഷമായി ഡാലസില്‍ ഫയര്‍ ഫൈറ്ററായ ടോണി അകിലറായിരുന്നു.
സാമുവേല്‍ ഫാമിനു സമീപം ഈസ്റ്റ് ട്രിപ്പ്, ജോബ്‌സണ്‍ റോഡിലായിരുന്നു വൈകിട്ട് നാലു മണിയോടെയാണു സംഭവം.

വെടിയേറ്റ വാഹനം വശത്തേക്കു മാറ്റിയിട്ടു െ്രെഡവര്‍ സണ്ണിവെയ്ല്‍ ടൗണ്‍ ഹാളില്‍ ഓടിയെത്തി വിവരം അറിയിച്ചു. ഡാലസ് കൗണ്ടി ഷെറിഫ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മറ്റേ വാഹനം അതിനകം സ്ഥലം വിട്ടിരുന്നു. ഒരു ലക്‌സസും മറ്റൊരു എസ്‌യുവിയും തന്റെ കാറിനു സമീപം കടന്നു പോയതായും എവിടെ നിന്നാണ് വെടിവച്ചതെന്നു വ്യക്തമല്ലെന്നും ടോണി പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത് ഫയര്‍ ഫൈറ്റര്‍ പറഞ്ഞു.

സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റിനെ 214 749 8641 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

ആദ്യമായി മലയാളി സജി ജോര്‍ജ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നാണ്. അടുത്ത മാസമാണ് മേയറായി സജി ചുമതലയേല്‍ക്കുന്നത്.

പി.പി.ചെറിയാന്‍

ചെങ്ങന്നൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു ഓവർസീസ് കോൺഗ്രസ്

ജനാധിപത്യത്തിന്റെ നിലനിൽപ്പിനും, ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും, ചെങ്ങന്നൂരിൽ ഐക്യ ജനാധിപത്യ (യു ഡി എഫ് ) സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു മുതിർന്ന ഓവർസീസ് കോൺഗ്രസ് നേതാക്കളായ ജോർജ് എബ്രഹാം, ടി എസ് ചാക്കോ , തോമസ് റ്റി ഉമ്മൻ, ആർ ജയചന്ദ്രൻ, ലീല മാരേട്ട് , ടി എസ് സാമുവേൽ, പി എം തോമസ്, സജി ടി മാത്യു, എന്നിവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. സത്യം സമത്വം സാഹോദര്യം എന്നീ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനും അക്രമരാഷ്ട്രീയത്തിനു അറുതി വരുത്തുവാനും, യു ഡി എഫ് സ്ഥാനാർഥി ഡി വിജയകുമാർ വിജയിക്കേണ്ടത് ആവശ്യമാണെന്നു പ്രസ്താവനയിൽ വ്യക്തമാക്കി.

കൊണ്ഗ്രെസ്സ് ജയിക്കേണ്ടുന്നത് നാടിന്റെ ആവശ്യമാണ്. ജാതിമത വ്യത്യാസങ്ങൾ മറന്നു ഭാരതത്തിന്റെ കെട്ടുറപ്പിനായി കോൺഗ്രസിനെ വിജയിപ്പിക്കണം. ചെങ്ങന്നൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികളും ജനാധിപത്യവിശ്വാസികളാണെന്നിരിക്കെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കുവാൻ പ്രവാസികുടുംബങ്ങളുടെ ബന്ധുമിത്രാദികളോട് വിനീതമായി അപേക്ഷിക്കുന്നുവെന്നു പ്രസ്താവനയിൽ പറഞ്ഞു.

കോണ്‍ഗ്രസ് വിജയം ഉറപ്പക്കാന്‍ പ്രവാസികളുടെ ഇടപെടല്‍ അനിവാര്യം: എ.കെ.ആന്റണി

ചെങ്ങന്നൂര്‍: രാജ്യ വികസനത്തിനെപോലെ ഭാവി നിര്‍ണ്ണയത്തിലും പ്രവാസികളുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുതിര്‍ന്ന കോഗ്രസ് നേതാവ് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.വിജയകുമാറിന്റെ വിജയത്തിനായി പ്രവാസി കോണ്‍ഗ്രസ് നടത്തിയ പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് പ്രതിസന്ധിയിലും രാജ്യത്തെ പ്രവാസികള്‍ക്കായി നിലകൊണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തിരിച്ചുവരവിന് കളമൊരുക്കാന്‍ പ്രവാസികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.വികസനത്തോടോപ്പം സമാധാന അന്തരിക്ഷവും തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിക്ഷേധമാകണം ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് വിധിയെന്നും ഇതിന് നാട്ടിലുള്ള സ്വാധീനം ഉപയോഗിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരിട്ട് വോട്ടു ചെയ്യാനായില്ലങ്കിലും സൗഹൃദങ്ങളിലുടെയും ബന്ധു സ്വാധീനത്തിലൂടെയും കോണ്‍ഗ്രസ് വിജയം ഉറപ്പാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.

ഓവര്‍സിസ് കോണ്‍ഗ്രസ് ചിക്കഗോ സ്ഥാപക പ്രസിഡന്റ് പോള്‍ പി. പറമ്പി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍ ,വി.ഡി.സതിശന്‍ എം.എല്‍.എ. ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എബി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ബേബി ചാക്കോ (76) ഓര്‍ലാന്റോയില്‍ നിര്യാതനായി

ഓര്‍ലാന്റോ: ചാത്തന്നൂര്‍, പുലിക്കോട് ബേബി ചാക്കോ (76) ഓര്‍ലാന്റോയില്‍ നിര്യാതനായി. റാന്നി, കാര്‍ത്തേരില്‍ റേച്ചല്‍ ആണ് ഭാര്യ. ബെറ്റി വര്‍ഗീസ് ഏക മകളാണ്.

വിദ്യാഭ്യാസത്തിനുശേഷം ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയില്‍ ആയിരുന്ന പരേതന്‍ അമേരിക്കയില്‍ ന്യൂയോര്‍ക്കിലും, സൗത്ത് ഫ്‌ളോറിഡയിലും താമസിച്ചതിനു ശേഷമാണ് ഓര്‍ലാന്റോയില്‍ എത്തിയത്. സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ഇടവകയുടെ ആദ്യകാല പ്രവര്‍ത്തകനും, ഇടവക ട്രസ്റ്റി ഉള്‍പ്പടെയുള്ള സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

ഓര്‍ലാന്റോയില്‍ സ്ഥിരതാമസമാക്കിയ ബേബി ചാക്കോ ഓര്‍ലാന്റോ മാര്‍ത്തോമാ പള്ളിയുടെ രൂപീകരണത്തിലും പള്ളി വാങ്ങുന്ന പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ഇടവകയുടെ ട്രസ്റ്റിയായും മറ്റു സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.

ജോ വര്‍ഗീസ് (ഓര്‍ലാന്റോ) മരുമകനും, ജോബി. ജെസീക്ക എന്നിവര്‍ കൊച്ചുമക്കളുമാണ്. തങ്കമ്മ ജോണ്‍ (ഡാളസ്) സഹോദരിയാണ്.

ചിന്നമ്മ ജോര്‍ജ് (റാന്നി), മേരിക്കുട്ടി ഈപ്പന്‍, മാത്യു സാമുവേല്‍, ജേക്കബ് മാത്യു, രാജുകുട്ടി മാത്യു (എല്ലാവരും അറ്റ്‌ലാന്റാ) എന്നിവര്‍ ഭാര്യാസഹോദരങ്ങളുമാണ്.

Wake service:
Friday June 1, 6:00- 9:00 pm
At: Newcomer Funeral Home , 895 south Goldenrod Road Orlando Fl 32822

Funeral: June 2 10:00 am
At: Newcomer Funeral Home

Interment June 2, 1:00
Greenwood Cemetery 1603 Greenwood St, Orlando, Fl 32801

ജോയിച്ചന്‍ പുതുക്കുളം

കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ ഓഖി ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

ടെന്നസി: അമേരിക്കയില്‍ ടെന്നിസ്സി സംസ്ഥാനത്തെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (KAN) ഓഖി ദു:രന്ത നിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്, ലോക കേരളസഭ അംഗവും കാന്‍ ജോയിന്റ് ട്രഷററും ആയ ഷിബു പിള്ളയുടെ സാന്നിദ്ധ്യത്തില്‍ വെച്ച്, കാന്‍ പ്രസിഡണ്ട് ബിജു ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ ഏല്പ്പിച്ചു.

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (FOMAA) എന്ന കേന്ദ്ര സംഘടനയില്‍ അംഗമായ കാന്‍, ടെന്നിസ്സിയുടെ തലസ്ഥാന നഗരമായ നാഷ്‌വില്ലിലെ മലയാളികളുടെ നിറസാന്നിദ്ധ്യമാണ്. ഒരു നോണ്‍ പ്രോഫിറ്റ് സംഘടന കൂടിയായ കാന്‍ തമിഴ്‌നാട് വെള്ളപ്പൊക്ക നിവാരണഫണ്ട്, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ കെട്ടിട നിര്‍മാണഫണ്ട്, നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട്തുടങ്ങി വിവിധ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഭാഗവാക്കായിട്ടുണ്ട്.

ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന കാന്‍ 2017 ഡിസംബറില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട ബിജു ജോസഫ് (പ്രസിഡണ്ട്), അശോകന്‍ വട്ടക്കാട്ടില്‍ (വൈസ് പ്രസിഡണ്ട്), രാകേഷ് കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), അനില്‍ പത്യാരി (ജോ: സെക്രട്ടറി), മനോജ് നായര്‍ (ട്രഷറര്‍), ഷിബു പിള്ള (ജോ: ട്രഷറര്‍), കമ്യൂണിറ്റി ഔട്ട്‌റീച്ച് ചെയര്‍മാന്‍ ശങ്കര്‍ മന എന്നിവരുടെ നേതൃതത്തിലാണ് 20182019 വര്‍ഷങ്ങളിലെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ജോയിച്ചന്‍ പുതുക്കുളം

ഫോമാ ചിക്കാഗോ കണ്‍വന്‍ഷണില്‍ ചര്‍ച്ച ‘ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലോ?’

2018 ജൂണ്‍ 21 മുതല്‍ 24 വരെ തിയതികളില്‍ ചിക്കാഗോ ഷാംബര്‍ഗ് റിനയസെന്‍സ് ഇന്റനാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സേസിയേഷന്‍ ഓഫ് അമേരികാസ്)ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വണ്‍ഷന്‍ 2018ല്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമൂഖ്യത്തില്‍ ‘ ഇന്‍ഡ്യന്‍ ജനാതിപത്യം അപകടത്തിലോ?’ എന്ന വിഷയത്തിലും , വിദേശ മലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങളേ കുറിച്ചും ചര്‍ച്ച നടത്തുന്നു.

നോര്‍ത്ത് അമേരിക്കയിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ച് പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ച കണ്‍വന്‍ഷന്‍ പ്രതിനിതികള്‍ക്ക് വിജ്ഞാന പ്രധാനമായ ഒരു അനുഭവമായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നവും പറഞ്ഞു.

ഫോമാ പൊളിററിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്റെ നേതൃത്ത്വത്തില്‍ റോയി മുളകുന്നം ചെയര്‍മാനും ഷിബു പിള്ള കോ ചെയറും സാം ജോര്‍ജും അഡ്വ. സക്കറിയ കാരുവേലി കമ്മറ്റി മെംപേഷ്‌സുമായി ഒരു വിധഗ്ദ സമിതി ഈ ചര്‍ച്ചയുടേയും കണ്‍വന്‍ഷന്റെ യും വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക റോയി മുളകുന്നം 857 363 0050, തോമസ് റ്റി ഉമ്മന്‍ 631 796 0064, ഷിബു പിള്ള 615 243 0460.

ജോയിച്ചന്‍ പുതുക്കുളം

അരിസോണയില്‍ 2018 -ലെ ഗ്രാജ്വേഷന്‍ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണ, 12 വര്‍ഷത്തെ മതബോധന പഠനം പൂര്‍ത്തിയാക്കിയ 2018- ബാച്ചിലെ കുട്ടികള്‍ക്ക് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഗ്രാജ്വേഷന്‍ സെറിമണി സംഘടിപ്പിച്ചു.

ആഘോഷമായ കൃതജ്ഞതാബലിയോടെ ആയിരുന്നു കര്‍മ്മങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നു പാരീഷ് ഹാളില്‍ വച്ചു നടന്ന അനുമോദന ചടങ്ങില്‍ ഇടവക വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍, പ്രിന്‍സിപ്പല്‍ റിന്‍സണ്‍ ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്റോ യോഹന്നാന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഇടുക്കിരൂപതാ ചാന്‍സിര്‍ റവ.ഫാ. ജോസഫ് കൊച്ചുകുന്നേല്‍ വിശിഷ്ടാതിഥിയായിരുന്നു.

സണ്‍ഡേ സ്‌കൂള്‍ ഗ്രാജ്വേഷന്‍ എന്നത് മതബോധന പഠനത്തിന്റെ പര്യവസാനമല്ല മറിച്ച് മുന്നോട്ടുള്ള ജീവിതത്തിലെ വാശ്വാസസാക്ഷ്യത്തിന്റെ തുടക്കം മാത്രമാണെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു.

ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനും ജീവിക്കുന്ന സുവിശേഷമാതൃകയാകുവാനും ഉള്ള പരിശീലനമാണ് മതബോധന പഠനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കുന്നത്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്നും അതിനുള്ള ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ എന്നും ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു.

ഗ്രാജ്വേഷന്‍ പ്രഖ്യാപനത്തിനും സര്‍ട്ടിഫിക്കറ്റ് വിതരണത്തിനും ശേഷം ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്നു സ്‌നേഹവിരുന്നും ആസ്വദിച്ചു. മതാധ്യാപകരായ സാജന്‍ മാത്യുവും, ജോളി തോമസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സുഷാ സെബി

ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മേയ് 20 ന് ഞായറാഴ്ച പത്തു മണിക്കുള്ള വി . കുര്‍ബാനക്കുശേഷമാണ് കുട്ടികളെ ആദരിച്ചത് .

അസിസ്റ്റന്റ് വികാരി റവ.ഫാ . ബിന്‍സ് ചേത്തലില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 130 കുട്ടികളാണ് ഈ വര്‍ഷം ആദരവിന് അര്‍ഹരായത് . സമ്മാനങ്ങള്‍ ലഭിച്ച കുട്ടികളെ വികാരി റവ.ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്കൂള്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സജി പൂതൃക്കയുടെ നേതൃത്വത്തില്‍ ചടങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ നൈല്‍സിലുള്ള മെയിന്‍ലാന്റ് ഇന്ത്യാ റസ്റ്റോറന്റില്‍ വച്ചു മെയ് 20-നു ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അന്തരിച്ച ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു. ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാന്‍ അമേരിക്കയില്‍ നിന്നും ഡോ. സാം പിട്രോഡയെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്നു പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

1991 മെയ് 21-നാണ് രാജീവ്ഗാന്ധി രക്തസാക്ഷിത്വം വരിച്ചത്. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവിയിരുന്നു രാജീവ്ഗാന്ധിയെന്നു യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന രാജീവ് ടി.കെ. തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വികസനം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ സൂചിപ്പിച്ചു. മുന്‍ പ്രസിഡന്റ് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി ബാബു മാത്യു എന്നിവരും യോഗത്തില്‍ അനുസ്മരണ പ്രസംഗം നടത്തി. ജെസ്സി റിന്‍സി യോഗത്തിന്റെ എം.സിയായിരുന്നു. ട്രഷറര്‍ നടരാജന്റെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഐ.എന്‍.ഐ.എ നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ ഏറെ ഭംഗിയായി നടത്തപ്പെട്ടു. മെയ് 12-നു സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്ന മനോഹരമായ ചടങ്ങ് പങ്കാളിത്തംകൊണ്ടും പരിപാടികള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തി.

ജോണ്‍ സ്റ്റൈസ് (സി.ഒ.ഒ &സി.എന്‍.ഒ പ്രസന്‍സ് റെയിന്‍ബോ ഹോസ്പിസ്) മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സുമാരുടെ സാമൂഹിക പ്രതിബദ്ധയെക്കുറിച്ച് സംസാരിക്കവെ, ഏതൊരു നഴ്‌സിനും മറ്റുള്ളവര്‍ക്കുള്ള ആരോഗ്യരംഗത്തെ അവകാശങ്ങള്‍ക്കായി സംസാരിക്കാന്‍ കഴിയണമെന്ന് ജോണ്‍ പറയുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം അസോസിയേഷന്റെ നാനാമുഖമായ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു ബീനയുടെ നേതൃത്വത്തില്‍ എല്ലാവരും ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലി ഓര്‍മ്മകള്‍ പുതുക്കി. റഷ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് വി.പി ആയ ആനി ഏബ്രഹാം ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ലിസി പീറ്റേഴ്‌സ് സ്വാഗതവും, ലിജി മാത്യു നന്ദിയും പറഞ്ഞു. അനിഷ മാത്യു, സുനീന ചാക്കോ എന്നിവര്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. അനിഷ മാത്യുവിന്റെ മനോഹരമായ പ്രാര്‍ത്ഥനാഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവരേയും, ഉന്നത വിദ്യാഭ്യാസവും, സര്‍ട്ടിഫിക്കേഷനുകളും നേടിയവരേയും അസോസിയേഷന്‍ പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ലിസ റോയ് (ക്ലിനിക്കല്‍ നഴ്‌സ്), ആന്‍സി സക്കറിയ (നഴ്‌സ് പ്രാക്ടീഷണര്‍), ഡോ. സിമി ജസ്റ്റോ ജോസഫ് (നഴ്‌സ് ലീഡര്‍) എന്നിവരും ഏറ്റവും കൂടുതല്‍ കാലം നഴ്‌സായി സേവനം അനുഷ്ഠിച്ച മറിയാമ്മ പിള്ളയും അവാര്‍ഡിന് അര്‍ഹരായി. പുതിയ നഴ്‌സുമാരെ സംഘടനയുടെ പേരില്‍ സ്വാഗതം ചെയ്ത ചടങ്ങ് ഏറെ ഹൃദ്യമായി. ദിവ്യ ചിറയില്‍, ജെയ്മി വയലില്‍, റീബി മാണി, ജോര്‍ജുകുട്ടി വി.ജെ, സിബില്‍ പവ്വത്തില്‍, ടിമ ടിറ്റോ, സാറാ കോശി, ലിഡിയ പണയപറമ്പില്‍ എന്നിവരെ പ്രസിഡന്റ് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. സുനു തോമസും, ഡോ. സിമി ജെസ്റ്റോയും അവാര്‍ഡ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സുനി ചാക്കോ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ശോഭാ ജിബിയുടേയും, ചിന്നു തോട്ടത്തിന്റേയും നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍ മനോഹരമായി.

ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായുള്ള ഇല്ലിനോയിയിലെ ഈ പ്രൊഫഷണല്‍ കൂട്ടായ്മയില്‍ സഹകരിക്കുന്ന ഏവരേയും അഭിനന്ദിച്ച് നന്ദി അറിയിക്കുന്നതായും, എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും ഈ സംഘടനയില്‍ ഭാഗഭാക്കാകാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം