വര്‍ഗീയ ആക്രമണങ്ങള്‍ നാടിന് ആപത്ത്:കെ എച് എന്‍ എ

വാഷിംഗ്ടണ്‍: ഹിന്ദു  സമൂഹത്തെ ലക്ഷ്യം വച്ച് കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ഗീയ ആക്രമണങ്ങള്‍  ആശങ്കാജനകവും അപലപനീയവും ആണെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ). ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുക്കളേയും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളേയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. വര്‍ഗീയ കലാപം ലക്ഷ്യമിട്ടു നടത്തിയ ഹര്‍ത്താല്‍  മുന്‍ കൂട്ടി കാണാന്‍ കഴിയാത്തത് ഇന്റലിജിന്‍സ് പരാജയം ആണെങ്കിലും ഹര്‍ത്താലിന് ശേഷം ശക്തമായ നടപടികളുമായി കേരള  സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രതീക്ഷാജനകമാണ് .അറസ്റ്റിലായ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഒരു സമൂഹത്തെ  ലക്ഷ്യം വച്ച് ആക്രമണം നടത്തി എന്നുള്ളത് നിസാരമായി കാണാനാവില്ല .കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനു കോട്ടം സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരകളായവര്‍ക്കു നഷ്ട പരിഹാരം ഉള്‍പ്പടെയുള്ള  സത്വര നടപടികള്‍ കേരളാ ഗവണ്‍മെന്റ് എടുക്കുമെന്നു കെ എച് എന്‍ എ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രേഖാ മേനോന്‍ പറഞ്ഞു.
 വസ്തുതകള്‍ മറച്ചു വച്ച് വികലമായ വ്യാഖ്യാനങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും വാര്‍ത്തകളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ സൃഷ്ഠിച്ചെടുക്കുന്ന വാര്‍ത്തകളെ തിരസ്‌കരിക്കുകയും, വസ്തുതാപരമായ അന്വേഷണത്തിനു ശേഷം കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്താനുള്ള പരിശ്രമം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടിയിരിക്കുന്നുവെന്നും  കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

റവ.സോണി ഫിലിപ്പ് അച്ചന് സെന്റ് ആന്‍ഡ്രൂസ് ഇടവകയുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ്.ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.സോണി ഫിലിപ്പിനും, ആശാ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 22ാം തീയതി ഞായറാഴ്ച, വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കു നേതൃത്വം നല്‍കിയ അച്ചന്‍ ലൂക്കോസിന്റെ സുവിശേഷം 24ാം അദ്ധ്യായം 13 മുതല്‍ 25വരെയുള്ള വാക്യങ്ങള്‍ വായിച്ച് വചനശുശ്രൂഷ നടത്തി. യരുശലേമില്‍ നിന്നും ഏഴുനാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോയ ശിഷ്യന്മാര്‍ക്ക് യേശുപ്രത്ക്ഷമാകുന്നതും അവരോടു ചേര്‍ന്ന് നടന്ന് അവരുടെ മാനസികവ്യഥയുടെ അടിസ്ഥാനമില്ലായ്മയെ പ്രവാചക പുസ്തകം ഉദ്ധരിച്ച് ദൂരീകരിക്കുന്നതായും, അവര്‍ക്ക് തന്റെ പുനരുദ്ധാന സത്യത്തെ വെളിപ്പെടുത്തുന്നതും അച്ചന്‍ വിശദീകരിച്ചു. വേദനയുടെയും, നഷ്ടബോധത്തിന്റേയും മദ്ധ്യേ യേശുക്രിസ്തു ഒരു സഹയാത്രികനായി കൂടെയുണ്ടാകുമെന്നും, നാം അവനെ നമ്മുടെ ഭവനത്തിലേക്ക്, നമ്മുടെ ഹൃദയത്തിലേക്ക്, ക്ഷണിച്ച് കൈക്കൊള്ളുമെങ്കില്‍ നിത്യമായ സന്തോഷത്തിന്റെ അവസ്ഥയിലേക്ക് നാം ത്തെിച്ചേരുമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട് എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാര്‍ യേശുവിന്റെ സാമീപ്യം നേരിട്ടനുഭവിച്ചപ്പോള്‍ തിടുക്കത്തില്‍ അവര്‍ തിരിച്ച് യരുശലേമിലേക്കു പോയി തങ്ങള്‍ക്ക് ലഭിച്ച ദിവ്യദര്‍ശനം മറ്റുള്ളവരോടു പങ്കുവയ്ക്കുന്നതായി കാണാം എന്നും ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍്ബ്ബാന ശുശ്രൂഷക്കു ശേഷം നടന്ന യാത്രയയപ്പു യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ഓ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍, കഴിഞ്ഞ മൂന്നുവര്‍ഷക്കാലം അച്ചനില്‍ നിന്നും ലഭിച്ച സേവനങ്ങളെ സ്‌നേഹത്തോടെ സ്മരിക്കുകയും, ഇടവകയുടെ ആദ്ധ്യാത്മികവും, ഭൗതികവുമായ വളര്‍ച്ചയില്‍ അച്ചനും, കൊച്ചമ്മയും നല്‍കിയ നേതൃത്വത്തിനും, മാര്‍ഗ്ഗദര്‍ശനത്തിനും പ്രത്യേകം നന്ദി കരേറ്റുകയും ചെയ്തു.

സോണി ഫിലിപ്പ് അച്ചനില്‍ നിന്നും ലഭിച്ച നേതൃത്വത്തേയും കരുതലിനേയും മുക്തകണ്ഠം ശ്ലാഘിച്ചു കൊണ്ട് ഷെറിന്‍ ഏബ്രഹാം(യൂത്ത് ഫെല്ലോഷിപ്പ്) റോഷന്‍ വര്‍ഗീസ്, ജിമ്മി ജോര്‍ജ്(യുവജനസഖ്യം), ബിനു ദാനിയേല്‍ (ഇടവക മിഷന്‍), അമ്മിണി വര്‍ഗീസ്(സേവികാ സംഘം), ജീന്‍ ജോണ്‍, കെ.എ.ഏബ്രഹാം(പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍), ജേക്കബ് ഫിലിപ്പ്(ക്വയര്‍), റിയ വര്‍ഗീസ്(ഇംഗ്ലീഷ് ക്വയര്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

അച്ചന്റെ അഗാധമായ വേദപുസ്തക പരിജ്ഞാനവും, തീക്ഷണവും, ലാളിത്യം നിറഞ്ഞ ജീവിതചര്യയും ഏതൊരു വ്യക്തിയേയും പ്രത്യേകം അച്ചനോട് അടുപ്പിക്കാന്‍ ഉതകുന്നതായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. അച്ചന്റെ പ്രസംഗവൈഭവം പലപ്പോഴും കേള്‍ക്കുന്ന ജനങ്ങളെ ഇരുത്തിചിന്തിക്കുവാനും, സ്വയമേ ശോധന ചെയ്യുവാനും സഹായിച്ചിരുന്നുവെന്നും, അച്ചന്റെ അഭാവം ഇടവകയ്ക്ക് ഒരു നഷ്ടം തന്നെയാണെന്നും ആശംസ അറിയിച്ചവര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അച്ചനോടും, കൊച്ചമ്മയോടുമൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരുന്നു ലഭിച്ചതെന്നും, ആശാ കൊച്ചമ്മയില്‍ നിന്നും, സണ്ടേസ്ക്കൂള്‍, മുതല്‍ സീനിയര്‍ സിറ്റിസണ്‍ വരെയുള്ള സംഘടനകള്‍ക്കു ലഭിച്ച നേതൃത്വത്തിനും, കൈത്താങ്ങലിനും പ്രത്യേകം നന്ദി കരേറ്റുകയും ചെയ്തു. ചര്‍ച്ച് റിട്രീറ്റ്, ഫാമിലി നൈറ്റ്, യൂത്ത് മീറ്റിംഗ് എന്നിവയില്‍ ഒരു നിറസാന്നിദ്ധ്യമായിരുന്ന ആശാകൊച്ചമ്മക്ക് ഇടവക ജനങ്ങള്‍ ഒന്നടങ്കം സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി കരേറ്റുകയും, അച്ചനും, കൊച്ചമ്മയ്ക്കും കടന്നുചെല്ലുന്ന ഇടവകകളില്‍, ദേശത്ത്, തണ്ടിന്മേല്‍ കൊളുത്തി വച്ച ദീപം പോല്‍ പ്രകാശിക്കട്ടെയെന്നും ആശംസിച്ചു.

ഇടവക ട്രസ്റ്റി ഏബ്രഹാം വര്‍ക്കി തന്റെ ആശംസാ പ്രസംഗത്തില്‍ അച്ചന്റെ വേദപരിജ്ഞാനത്തെപ്പറ്റിയും വേദപുസ്തകസത്യങ്ങളെ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള പ്രാഗത്ഭ്യത്തെപ്പറ്റിയും സംസാരിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഒരു പോലെ കരുതുകയും, സ്‌നേഹിക്കുകയും ചെയ്ത സോണി അച്ചനോടൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷങ്ങളും പുതിയ അനുഭവങ്ങളായി മനസ്സില്‍ നിന്നും മായാതെ നില്‍ക്കുമെന്നും അനുസ്മരിച്ചു.

ഇടവക ട്രസ്റ്റിമാരായ ഏബ്രഹാം വര്‍ക്കി, ജോണ്‍ കെ. തോമസ് എന്നിവര്‍ ഇടവകയുടെ പേരിലുള്ള പാരിതോഷികം അച്ചനും, കൊച്ചമ്മക്കും സമ്മാനിച്ചു. ഇടവകയിലെ ഓരോ സംഘടനകളും അവരുടെ വകയായുള്ള സ്‌നേഹോപഹാരം സമ്മാനിച്ചു.
റവ.സോണി ഫിലിപ്പ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ് ആന്‍ഡ്രൂസ് ഇടവകയില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ലഭിച്ച സ്‌നേഹക്കൂട്ടായ്മകള്‍ക്കും, കരുതലിനും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി കരേറ്റി. ആവശ്യങ്ങളുടെ നടുവില്‍ ഓടിയെത്തി താങ്ങും തണലുമേകിയ ഇടവകയിലെ ഓരോ കുടുംബങ്ങളോടും വ്യക്തികളോടും തന്റെയും കുടുംബത്തിന്റേയും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും, കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ ഇടവക ശുശ്രൂഷയില്‍ കഴിയുന്നിടത്തോളം എല്ലാ കുടുംബങ്ങളേയും ഒരേ പ്രാധാന്യത്തില്‍ കാണുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു.

ആശാകൊച്ചമ്മ തന്റെ മറുപടി പ്രസംഗത്തില്‍ ഓരോ വ്യക്തികളില്‍ നിന്നും, സംഘടനകളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും, കരുതലിനും പ്രത്യേകം നന്ദി അറിയിച്ചു. മൂന്നു വര്‍ഷം മുമ്പ് ഈ ദേശത്തേക്ക് കടന്നു വന്നപ്പോള്‍ ഭാഷയും, സംസ്കാരവും, പ്രകൃതിയും എല്ലാം അപരിചിതമായിരുന്ന അവസ്ഥയില്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കുകയും, സ്്‌നേഹപരിലാളനങ്ങള്‍ നല്‍കുകയും ചെയ്ത ഇടവകയിലെ ഓരോ കുടുംബങ്ങളോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും, നല്ല ഓര്‍മ്മകളുമായിട്ടാണ് ഞങ്ങള്‍ പുതിയ സ്ഥലത്തേക്ക് കടന്നുപോകുന്നതെന്നും അറിയിച്ചു.
ഇടവക സെക്രട്ടറി അഖില റെനി, അച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച നല്ല ദിനങ്ങളെ സ്്മരിക്കുകയും, അച്ചന്റെ നേതൃത്വം ഇടവകയുടെ വളര്‍ച്ചക്ക് വളരെ സഹായകരമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചതോടൊപ്പം അച്ചനില്‍ നിന്നും, കൊച്ചമ്മയില്‍ നിന്നും ലഭിച്ച സ്‌നേഹ കൈത്താങ്ങലിന് പ്രത്യേക നന്ദി കരേറ്റുകയും ചെയ്തു. വരും കാലങ്ങളില്‍ ദൈവിക ശുശ്രൂഷയില്‍ അച്ചനും, കൊച്ചമ്മക്കും കൂടുതല്‍ ദൈവകൃപ ലഭിക്കട്ടെയെന്നും ആശംസിച്ചു. ഈ യാത്രയയപ്പ് യോഗത്തില്‍ ആശംസാപ്രസംഗം നടത്തിയവര്‍ക്കും, ഇടവകചുമതലക്കാര്‍, ക്വയര്‍ ഇടവക ജനങ്ങള്‍, അതിഥികളായി കടന്നുവന്ന ഏവര്‍ക്കും സെക്രട്ടറി ഇടവകയുടെ പേരിലുള്ള നന്ദിയും, സ്്‌നേഹവും അറിയിച്ചു.

റവ.സോണി ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനക്കും, ആശീര്‍വാദത്തോടും മീറ്റിംഗ് സമാപിച്ചു. കടന്നു വന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു.

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

ജന്മഭൂമി സിനിമ അവാര്‍ഡ്‌

തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമ
 മഹേഷ് നാരായണന്‍ സംവിധായകന്‍..
സുരാജ് വെഞ്ഞാറുമൂട് നടന്‍
പാര്‍വതി നടി
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്  സന്ദീപ് സേനന്‍, അനീഷ് എം തോമസ് ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. മഹേഷ് നാരായണ (ടേക്ക് ഓഫ്)നാണ് മികച്ച സംവിധായകന്‍. മികച്ച നടനായി സുരാജ് വെഞ്ഞാറുമൂടും (തൊണ്ടിമുതലും ദൃക്സാക്ഷിയും)നടിയായി പാര്‍വതി (ടേക്ക് ഓഫ്)യും തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച  രാമലീലയാണ്  ജനപ്രിയ സിനിമ. അതിന്റെ സംവിധായകന്‍ അരുണ്‍ ഗോപി  ജനപ്രിയ സംവിധായകനും.
സഹ നടന്‍: സിദ്ദിഖ്  വിവിധ സിനിമകള്‍),സഹ നടി: രാധിക (രാമലീല),ഗാനരചയിതാവ്:  ജയഗീത (കിളിവാതിലിന്‍ ചാരെ നീ…. പുള്ളിക്കാരന്‍ സാറ),സംഗീതസംവിധായകന്‍ : ബിജി ബാല്‍ (രാമന്റെ ഏദന്‍ തോട്ടം, ഒരു സിനിമക്കാരന്‍,),ഗായകന്‍: ഷഹബാസ് അമന്‍ (മിഴിയില്‍ നിന്ന് മിഴിയിലേക്ക്……..മായാനദി),ഗായിക:    ഗൗരി ലക്ഷ്മി (ആരോ നെഞ്ചിന്‍……….ഗോദ),ക്യാമറ: സനു ജോണ്‍ വര്‍ഗീസ് (ടേക്ക് ഓഫ്്), ബാലതാരം: അമല്‍ ഷാ,  ഗോവിന്ദ് വി പൈ (പറവ),തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും),കലാസംവിധാനം:സന്തോഷ് രാമന്‍ (ടേക്ക് ഓഫ്),എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്‍ ,മഹേഷ് നാരായണന്‍(ടേക്ക് ഓഫ്),ശബ്ദലേഖനം: രംഗനാഥ് വി രവി ( വില്ലന്‍, ഗ്രേറ്റ് ഫാദര്‍) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍
സിനിമ രംഗത്തെ സമഗ്രസംഭാവനയ്്കുള്ള പ്രത്യേക പുരസക്കാരം ശ്രീകുമാരന്‍ തമ്പിക്ക്് നല്‍കും
  പ്രിയദര്‍ശന്‍ (ചെയര്‍മാന്‍). മേനക സുരേഷ്‌കുമാര്‍, ചിപ്പി രഞ്ചിത്ത്, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍( കണ്‍വീനര്‍) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.പത്രസമ്മേളനത്തില്‍ സുരേഷ്‌കുമാര്‍, ടി ജയചന്ദ്രന്‍, വിജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്കാരമല്ല !

ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു അവസാന ഊഴത്തിന് ചിന്തിച്ചുകൂടേ? പന്തം ചുഴറ്റി ആളുകളെ തെരുവിൽ ഇറക്കി സ്വയം ഇകഴ്ത്താൻ ശ്രമിക്കുന്നതിനു മുൻപ്‌, ഒന്നുകൂടി ചിന്തിക്കുക, ഇനിയും ഈ വിടക്കാക്കി-തനിക്കാക്കി പ്രയോഗത്തിനു ബലിയാകണോ?
 
ക്രിസ്തു സംസാരിച്ച അറമേക്ക് ഭാഷ ഇന്ന് കൈവിട്ടു, പകരം സുറിയാനി,അറബി,ലത്തീൻ ഒക്കെ  ക്രിസ്ത്യാനികളുടെ ദേവഭാഷയായി മാറിയത് രാഷ്ട്രീയ മേധാവിത്വത്തിനുകീഴ്പെട്ടതിനാലാണ്. ഓരോ ഭാഷക്കും അതിന്റെതായ അടയാളങ്ങളും സത്വവും ആത്മാവും ഉണ്ട്. പിടിച്ചെടുക്കലും പടയോട്ടങ്ങളും അല്ല, സമാധാനം, പ്രതീക്ഷകൾ, സംയമനം ഒക്കെയാണ് ക്രിസ്തുവിന്റെ സ്നേഹഭാഷ. സ്വാതന്ത്യവും ചെറുത്തുനിൽപ്പുകളുമാണ് മലങ്കരനസ്രാണിയെ സങ്കീർണമായ ഒരു മനുഷ്യകൂട്ടമായി അടയാളപ്പെടുത്തുന്ന വസ്തുത. കാലമേറെ കഴിഞ്ഞെങ്കിലും, മലങ്കരനസ്രാണിക്കു തന്റെ ഉറവുകളിലേക്കു മടങ്ങാൻ ഒരുഉൾവിളി മാത്രം മതി. അതിനുള്ള ഒരു അവസരംകൂടി വന്നു ചേരുകയാണിപ്പോൾ.
സാദ്ധ്യതകൾ 
വ്യവഹാരത്തിൽ പ്പെടുകയും, അതിൽ ജയിക്കുകയും തോൽക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷെ തോറ്റു  എന്ന വാശിയിൽ സ്വന്തം വീടിനു തീവച്ചു ഓടിനടക്കയല്ല അഭികാമ്യം. തോൽവികളിൽ ക്രിയാത്മകരമായി പ്രതികരിക്കാനുള്ള കൃപയാണ് ലഭിക്കേണ്ടത്. യാതൊരു അപ്പോസ്തോലിക പാരമ്പര്യവും ഇല്ലാത്ത സ്വയം പ്രഖാപിത സഭയോട് ചേരുകയാണെങ്കിൽ, കടുത്ത അപമാനമാണ് സമുദായത്തിന് ഉണ്ടാകുന്നത്. പുനരൈക്യത്തിന്റെ പച്ചപ്പുകൾ കാട്ടി ഒരിക്കൽ വലിച്ചെറിഞ്ഞ നുകം പുണരാണെങ്കിൽ അതും, ആത്മഹത്യാപരം എന്നേ പറയാനാവൂ. ഒരു പുതിയ സഭയായി നിൽക്കുന്നതിന് സാദ്ധ്യതകൾ തള്ളിക്കളയാനൊക്കില്ല. പക്ഷെ, ചില കടുത്ത നീക്കുപോക്കുകൾ അനിവാര്യമാണ്. തൽസ്ഥിതി തുടരാനോ, വീതംവച്ച് പിരിയാനോ  യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിക്ക്, പൂർവികരുടെ കുഴിമാടങ്ങളിൽ ധൂപം അർപ്പിക്കുന്നതും, പ്രീയപ്പെട്ട പുണ്യസ്ഥലങ്ങളിലെ  മദ്ധ്യസ്ഥ പ്രാർഥനകളും ഒഴിവാക്കി ഒരു പക്ഷേ ,വിശ്വാസപരമായ ഒരു ‘നവോഥാനത്തിനു’ തയ്യാറായേ മതിയാവുകയുള്ളൂ. കുമ്പസാരവും മാറ്റി, അൽപ്പം സുവിശേഷീകരണവും  മേൽപ്പടി ചേർത്താൽ ക്ര്യത്യമായ മിശ്രിതം പുനഃനിർമ്മിക്കാം. സ്വാതന്ത്ര്യത്തിന്റെയും സ്വയംശീർഷകത്തിന്റെയും ജനാധിപത്യത്തിന്റെയും മാർഗത്തിൽ സമാധാനപരമായ ഒരു ഒന്നുചേരലിനു ഇനിയും സമയം വൈകിയിട്ടില്ല.
വളരെയേറെ തെറ്റിദ്ധാരണകൾ കാലാകാലങ്ങളായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ധർമ്മസങ്കടത്തിൽ;  പൊരുളുകൾ  തേടിയുള്ള  അന്വേഷണവും ചിന്തയും ചഞ്ചലചിത്തമായ മനസ്സുകളിൽ സംശയനിവാരണത്തിനുവേണ്ടി ഉപകരിക്കും എന്ന ഉദ്ദേശത്തിൽ, ചരിത്രത്തിന്റെ ചില നുറുങ്ങുകൾ  ഇവിടെ വിടർത്തുവാൻ ശ്രമിക്കുകയാണ്. ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ.കൂടുതൽ വായനക്കും ചിന്തക്കുമായി താഴെ മലങ്കരനസ്രാണികളുടെ ഒരു ലഖുചരിത്രം നിക്ഷേപിച്ചിരിക്കുന്നു. ദയവായി വായിച്ചാലും.
നസ്രാണി സത്വം
‘റോമാവൽക്കരണത്തേയും, അന്ത്യോഖ്യാവൽക്കരണത്തേയും, പ്രൊട്ടസ്റ്റന്റ് വൽക്കരണത്തേയും അതിജീവിച്ച് ദേശീയ സംസ്കാരത്തെ വിശ്വാസആചാരങ്ങളുടെ  ഭാഗമാക്കുകയും സ്വന്തം ഹ്ര്യദയത്തോട് ഒപ്പം ചേർത്തുവയ്ക്കുകയും ചെയ്യുന്ന’ ഒരു വലിയകൂട്ടം ക്രിസ്താനികൾക്കിടയിലുണ്ട്’ (ക്രിസ്ത്യാനികൾ -ബോബി തോമസ്). അതാണ് തനി സെന്റ് തോമസ് നസ്രാണികൾ.അതാണ്  മലങ്കരനസ്രാണിയുടെ സത്വവും സങ്കൽപ്പവും ഭൂതവും ഭാവിയുമെല്ലാം.
സുറിയാനി ക്രിസ്ത്യാനികൾ എന്ന വിളിപ്പേര് 
നസ്രാണികളെ ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് ആദ്യം വിളിച്ചത് ഡച്ചുകാരാണ്. കച്ചവടത്തിൽ തങ്ങളുടെ ബദ്ധശത്രുക്കളായ സിറിയക്കാരോടുള്ള നീരസത്തിൽ, അവരോടു ചേർന്ന്നിന്ന മലങ്കരനസ്രാണികളെ സിറിയൻ ജാര സന്തതികൾ എന്ന ചെല്ലപ്പേര് ചാർത്തിയത് നസ്രാണികളുടെ ജാതിയിൽ ഡച്ചുകാർക്കു ഒരു താല്പര്യവും ഇല്ലാത്തതിനാലായിരുന്നു. മലങ്കരനസ്രാണി, ‘സുറിയാനി ക്രിസ്ത്യാനി’ എന്ന വിളിപ്പേരു ആഡംബരമായി ഏറ്റെടുത്തു ധരിച്ചത് തങ്ങളുടെ ജാതി കോംപ്ലക്സ് കൊണ്ടായിരുന്നു.
ഓർത്തഡോൿസ് ക്രിസ്ത്യൻ സഭാ വിശ്വാസങ്ങൾക്ക് ഒരു ആമുഖം
നിരവധി പോപ്പുമാരും പാത്രിയര്കീസന്മാരും കാതോലിക്കമാരും ഉള്ള സ്വതന്ത്ര ദേശീയ സഭകളാണ് ഓർത്തഡോൿസ് സഭകൾ. ഇവർ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ കൂട്ടമാണ്. ഇതിൽത്തന്നെ ഓറിയന്റൽ ഓർത്തഡോൿസ്, ഈസ്റ്റേൺ ഓർത്തഡോൿസ് തുടങ്ങിയ വിഭാഗങ്ങൾ ഒക്കെ നേരിയ ആചാര അനുഷ്ടാനങ്ങളുടെ വ്യത്യാസത്തിൽ നില നിൽക്കുന്നു. അതാണ് ഈ സഭകളുടെ സൗന്ദര്യവും ഏകതയും. ശുദ്ധമുള്ള, തനിമയുള്ള വിശ്വാസം എന്നാണ് ഓർത്തഡോൿസ് വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.  ക്രിസ്തുമതത്തിന്റെ ആദികിരണങ്ങൾ കാലദേശങ്ങൾക്കതീതമായി നിലനിർത്തുന്ന, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യഹൂദ പാരമ്പര്യങ്ങളും അപ്പോസ്തോലിക കീഴ്വഴക്കങ്ങളും തലമുറ-തലമുറയായി  കൈമാറ്റം ചെയ്യപ്പെട്ട ഒരു കൂട്ടം വിശ്വാസികളാണ് അവർ.
ലോകത്തിലെ വിവിധ സംസ്കാരങ്ങൾ വിഭിന്നമായി നിലനിൽക്കുന്നതാണ് പ്രകൃതിയുടെ തന്നെ മാസ്മരികത. ഒന്ന് മറ്റൊന്നിനെ ആധിപത്യം സ്ഥാപിക്കാൻ പോകുമ്പോഴോ, എന്റേത് മാത്രം ശരി, മറ്റുള്ളതൊക്കെ തെറ്റ് എന്ന് വിധിക്കാൻ തുടങ്ങുപോളാണ് പ്രശനം ഉണ്ടാകുന്നത്.
ഇന്ന് ലോകത്തിലെ 77 ശതമാനം ഓർത്തഡോൿസ് വിശ്വാസികളും ജീവിക്കുന്നത് യൂറോപ്പിലാണ്. ബൈസാന്റിയൻ സാമ്രാജ്യം തുടക്കമിട്ടു തുർക്കിയിൽ നിന്നും, കിഴക്കൻ യുറോപ്പിലൂടെ ബൾഗേറിയ, സെർബിയ, റഷ്യ വരെ ഗിരിശൈത്യത്തിൽ ഈ വിശ്വാസംനിലനിൽക്കുന്നു. ഒരു കാലത്തു ഇറാക്കിലും പേർഷ്യയിലും, സിറിയ, ലബനോൻ തുടങ്ങിമദ്ധ്യപൂർവ ഏഷ്യയുടെ ഏറ്റവും സമ്പന്നവും ശക്തവും ആയിരുന്ന സമൂഹമായിരുന്ന ഓർത്തഡോൿസ് ക്രിസ്ത്യൻ വിഭാഗം, വിധി വൈപരീത്യത്തിൽ തുടച്ചു നീക്കപ്പെട്ടു. യൂറോപ്പിന് പുറത്തായി ഏറ്റവും കൂടുതൽ ഓർത്തഡോൿസ് വിശ്വാസികൾ ഉള്ളത് എത്തിയോപ്പിയയിലാണ് (4.5 കോടി). ആഫ്രിക്കയിൽ ഈജിപ്തിലും എറിത്രിയയിലും ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഇന്നും നിർണായക സ്വാധീനം നിലനിർത്തുന്നു.ഇന്ത്യയിൽ 38 ലക്ഷം, സിറിയയിൽ 18 ലക്ഷം. അമേരിക്കയിൽ 52 ലക്ഷം ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഉണ്ട് എന്നാണ് കണക്ക്.  അർമേനിയ, ബൾഗേറിയ,ജോർജിയ, റൊമേനിയ,റഷ്യ,സെർബിയ,യുക്രൈൻ തുടങ്ങിയ കിഴക്കൻ ഓർത്തഡോൿസ് സഭകളുടെ തലവന്മാർ പാത്രിയർകീസ്  എന്ന നാമത്തിലാണ് വിളിക്കപ്പെടുന്നത്.
കിഴക്കൻ ഓർത്തഡോൿസ് സഭകളിലെ പ്രമുഖ പാത്രിയര്കീസന്മാരായ കോൺസ്റ്റാന്റിനോപ്പിലെ ഏക്കുമിനിക്കൽ പാത്രിയർക്കിസ് ബർത്തലമോ ഒന്നാമൻ, അലക്സാണ്ഡ്രിയയിലെയും എല്ലാ ആഫ്രിക്കയുടെയും പോപ്പ് തിയോഡോറോസ് രണ്ടാമൻ, അന്ത്യോഖ്യായുടേയും കിഴക്കിന്റെ ഒക്കെയും പാത്രിയർക്കിസ് ജോൺ പത്താമൻ, റഷ്യൻ പാത്രിയർക്കിസ് കിറിൽ ഒന്നാമൻ, ഗ്രീസിലെ ആർച്ചുബിഷപ്പ് ലെറോനിമോസ് രണ്ടാമൻ തുടങ്ങിയ സഭാതലവന്മാർ പരസ്പരം പൊതുവിൽ മറ്റു ക്രൈസ്തവ വിഭാഗം എന്ന രീതിയിൽ അംഗീകരിക്കുമെങ്കിലും,ഓരോ ദേശത്തിന്റെ പരിധിയിൽ നിലനിൽക്കുകയാണ്.
ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ
AD 451 ലെ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കാത്ത കിഴക്കൻ ഓർത്തഡോൿസ് സഭകളെ ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ എന്ന് അറിയപ്പെടുന്നു. അർമേനിയൻ കാതോലിക്കോസ്, വിശുദ്ധ മാർക്കോസിന്റെ പിൻതലമുറയുള്ള ഈജിപ്തിലെ കോപ്റ്റിക്-അലക്സാണ്ഡ്രിയ പോപ്പ്,വിശുദ്ധ ബർത്തലോമായുടെ പിൻതലമുറയുള്ള അൽബേനിയൻ സഭ (നിലവില്ല), എത്യോപ്യൻ സഭ, എറിത്രിയൻ സഭ, പത്രോസ് പൗലോസ് അപ്പോസ്തോലന്മാരാൽ സ്ഥാപിതമായ അന്ത്യോക്യൻ പാത്രിയർകെറ്റ്, സെന്റ് തോമസ് പാരമ്പര്യമുള്ള മലങ്കര ഓർത്തോഡോക്സ് സുറിയാനിസഭ, ഇവ ക്രിസ്തു സ്ഥാപിച്ച ആദിമ സഭയുടെ തുടർച്ചയായ  ‘കാതോലികം(സാർവർത്തികം), അപ്പോസ്തോലികം, ഏകം,വിശുദ്ധം’ എന്നീ സ്വഭാവങ്ങൾ കലർപ്പില്ലാതെ തുടരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇവർ അപ്പോസ്തോലിക പാരമ്പര്യം പിൻതുടര്ന്ന്,ഒരേ അപ്പത്തിന്റെ അവകാശികളായി നിലനിൽക്കുന്നു.
പാരമ്പര്യ ക്രിസ്തീയ സഭകൾ
ദേശീയതയുടെ സത്വത്തിൽ, സ്വതന്ത്രമായി തീരുമാനങ്ങൾ  എടുക്കാൻ പ്രാപ്തമാകുമ്പോൾ  തനതായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക എന്നതാണ് ഓർത്തഡോൿസ് ചിന്ത.കാലങ്ങളായി ഓരോ ഓർത്തഡോൿസ് സഭകളും അങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക ആയിരുന്നു എന്നതാണ് ചരിത്രം. മറ്റു സഭകളുടെ മേൽക്കോയ്മ ഭാഷയുടെ പേരിലോ, ആചാരങ്ങളുടെ പേരിലോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നീതിയല്ല. പാരമ്പര്യ ക്രിസ്തീയ സഭകൾ കേവലം ബൈബിൾ സഭകളല്ല. പാരമ്പര്യ അനുഷ്ടാനങ്ങൾ പരമപ്രധാനമാണ്. അതിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കാം. എന്നാലും അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റമുണ്ടാകില്ല. ഇവർ ഇന്നും ആരാധനയുടെ പ്രധാനക്രമമായി സൂക്ഷിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിലെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന യാക്കോബിന്റെ ക്രമമാണ്.

മാർത്തോമൻ പൈതൃകം

ക്രിസ്തുവർഷം 52 -ൽ തോമശ്ലീഹ കൊടുങ്ങല്ലൂർ ഉള്ള ജൂതസങ്കേതത്തിൽ എത്തിയെന്നും,സവർണരെ ക്രിസ്തു മാർഗത്തിൽ ചേർത്ത് എന്നും, 7 പള്ളികൾ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഭാരതീയ ആചാരാനുഷ്ടാനങ്ങളുമായി ഇഴുകിചേർന്ന, നിലനിന്ന ജാതി വ്യവസ്ഥതിയിൽ നിർണായകമായ സ്ഥാനം നിലനിർത്തിയ, മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിച്ച ഒരു കൂട്ടം നസ്രാണികളുടെ കഥ, പാശ്ചാത്യർ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തുന്ന പതിനഞ്ചാം നൂറ്റാണ്ടുവരെ ഒന്നായിരുന്നു. പറങ്കികളും,ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും മലങ്കരനസ്രാണിയുടെ മതപരമായ ശാന്തതയെ കലക്കികളഞ്ഞു. അതുവരെ സിംഹാസങ്ങളോ, പാത്രിയർക്കിസോ മെത്രാനോ ഒന്നും അവനെ അലട്ടിയിരുന്നില്ല. ഉയർത്തെഴുന്നേറ്റ ക്രിസ്തു വിന്യസിപ്പിച്ച സമാധാനധ്വനി ആരാധനാ ക്രമങ്ങളിൽ നിറഞ്ഞ സുഗന്ധം പരത്തി നിലനിന്നു. തമ്മിൽ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന, അസമാധാനങ്ങളുടെ  ഇസ്മായേല്യ പാരമ്പര്യമല്ല, മറിച്ചു, സമാധാനം എപ്പോഴും പരിലസിപ്പിക്കുന്ന ഇസ്രായേല്യ പാരമ്പര്യമാണ് മലങ്കരനസ്രാണിക്കുള്ളത്.
നാലാം നൂറ്റാണ്ടിൽ ക്നായിതൊമ്മന്റെ കുടിയേറ്റത്തോട് കിഴക്കൻ ക്രിസ്തീയത ഇവിടെ പറിച്ചുനട്ടപ്പോൾ, അന്നും ഇന്നും രക്തം കലർത്താൻ ഇടം കൊടുക്കാത്ത ബാബിലോണിയൻ വംശജർ നാട്ടു ക്രിസ്ത്യാനികളെ അവരുടെ കൂടെ കൂട്ടിയിരുന്നില്ല. കറുത്തവർക്കു മെത്രാൻ പദവികൊടുക്കാൻ  സാമുദായിക വിലക്കുകൾ ഏറെഉണ്ടായിരുന്നു താനും. മറ്റു ജാതികൾക്കുള്ളപോലെ ‘നസ്രാണി ജാതിയും’ അവർക്കൊരു ജാതിക്കു കർത്തവ്യനും ഉണ്ടായിരുന്നു. മലങ്കരനസ്രാണി മതത്തിൻറെ ആത്മീയ നേതൃത്വം പേർഷ്യയിൽ നിന്നു വന്ന മെത്രാന്മാർക്കായിരുന്നെങ്കിൽ, ‘ജാതിക്കു കർത്തവ്യൻ’ എന്ന പദവിയുള്ള കത്തനാരായിരുന്നു യഥാർത്ഥ സഭാതലവൻ. റോമൻസഭ  നസ്രാണിയുടെ ജാതിക്കു കർത്തവ്യൻ സ്ഥാനം നിഷ്പ്രഭമാക്കി, അതിനാലായിരിക്കണം അതുവരെ ഇല്ലാത്ത നാട്ടുമെത്രാൻ എന്ന മോഹം സ്വാതന്ത്ര്യ ദാഹികളായ മലങ്കരനസ്രാണികളിൽ ഉദിച്ചു തുടങ്ങിയത്. റോമാക്കാർ വന്നപ്പോൾ വളരെ പ്രതീക്ഷയോടെയാണ് മലങ്കരനസ്രാണികൾ അവരെ നോക്കികണ്ടത്, അവരുടെ അവകാശമായി സൂക്ഷിച്ചിരുന്ന എല്ലാ പതക്കങ്ങളും അവർക്കു കാഴ്ചവച്ചു.
മലങ്കരനസ്രാണിക്കു ഒൻപതാം നൂറ്റാണ്ടിൽ ലഭിച്ച കൊല്ലം തരിസാപള്ളി ചെപ്പേടിനപ്പുറം വലിയ ചരിത്രങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ചരിത്രം ഇല്ലാതെവരില്ലല്ലോ. മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്ന് ഒരു മാർത്തോമൻ പാരമ്പര്യത്തിൽ ജനിച്ചവൻ പറഞ്ഞാൽ അത് വെറും പിത്രുശൂന്യത  എന്നേ പറയാൻ സാധിക്കൂ.മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്നതിനും തെളിവ് കൊണ്ടുവരാത്ത സ്ഥിതിക്ക് മലങ്കരനസ്രാണി നൂറ്റാണ്ടുകളായി തലമുറകൾക്കു പാടികൊടുത്ത മലങ്കരനസ്രാണിയുടെ സത്വബോധത്തെ നിരസിക്കാൻ ആർക്കും സാധ്യമല്ല.  ഒന്നാം നൂറ്റാണ്ടിലുള്ള റോമൻ നാണയങ്ങളും മറ്റും കൊടുങ്ങലൂരിൽ നിന്നും ലഭിച്ചതിനാൽ, സുഗന്ധ ദ്രവ്യങ്ങൾക്കു വേണ്ടി കച്ചവടക്കാർ എത്തിയവഴി, ഇന്ത്യയുടെ കരയിൽ ക്രിസ്തീയ വിശ്വാസം എത്തിചേർന്നിരിക്കണം. അന്ന് കേരളത്തു നിലനിന്ന ജൈന-ബുദ്ധ രീതികളും തമ്മിൽ ഇവർ ഇടകലർന്നിരിക്കണം. പിന്നെ ജാതീയമായി വേർതിരിഞ്ഞപ്പോൾ ആയിരിക്കാം മലങ്കരനസ്രാണി ജാതിയായി വേർതിരിഞ്ഞത്. സുറിയാനിക്കാർ എന്നത് സവർണ്ണ ജാതിയായി അഭിമാനത്തോടെ മലങ്കരനസ്രാണികൾ കൊണ്ടുനടന്നു.
വെള്ളക്കാരുടെ അധീശ്വത്വം
പതിനഞ്ചാം നൂറ്റാണ്ടിൽ വെള്ളക്കാരുടെ നായകനായ മാർപ്പാപ്പ ലോകത്തെ, സ്പെയിനും പോർത്തുഗലിനുമായി വീതിച്ചു നൽകി. 1455 -ൽ പോപ്പ് നിക്കോളാസ് അഞ്ചാമൻ ഇന്ത്യയെ കോളനിവൽക്കരിക്കാനും ക്രിസ്തീയവൽക്കരിക്കാനും നിയോഗിച്ചത് പോർത്തുഗീ സുകാരെയാണ്. ‘ദൈവം വെള്ളക്കാരനോടൊപ്പമാണ്’ജീസസ് തിരികെ വരുമ്പോൾ, നിറമുള്ളവരെയും യഹൂദന്മാരെയും ദൈവീകരക്കാനുള്ള ഭാരിച്ച ഉത്തരവാദം വെള്ളക്കാർക്കുണ്ടായിരുന്നു.അതുകൊണ്ടു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കാരുടെ കോളനികൾ ഉണ്ടാക്കണമെന്നും ലോകം അവർ ഭരിക്കണമെന്നും ഉള്ള ചിന്ത പാശ്ചാത്യ ലോകത്തു നിലനിന്നിരുന്നു. മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒരു വിധത്തിലും അംഗീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. റോമാക്കാർ ഇന്ത്യയിൽ എത്തിയത് കച്ചവടവും മിഷൻ പ്രവർത്തനങ്ങളും സംയോജിപ്പിച്ച പദ്ധതി ആയിരുന്നു. മലങ്കരനസ്രാണിമതം ക്രിസ്തിയമായ മതമാണെന്നു അവർ അംഗീകരിച്ചുമില്ല. അങ്ങനെ 1599 -ൽ ഉദയംപേരൂർ സുന്നഹദോസിൽ വച്ച് മലങ്കരനസ്രാണി മതത്തിന്റെ കടക്കൽ കോടാലിവച്ചു.
ഇന്ത്യയിലെ കത്തോലിക്കാ സഭ 
വാസ്കോഡ ഗാമക്ക് മുൻപ് ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ  രേഖപ്പെടുത്താവുന്ന ചരിത്രങ്ങൾ ഇല്ല എന്ന് പറയാം. ഗാമ വന്നപ്പോളും കുരിശുധാരികൾ ഇന്ത്യയിൽ കാണാവുന്ന ഇടങ്ങളിൽ ഉണ്ടായിരുന്നു എന്ന്  ചില രേഖകൾ ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ ലത്തീൻ ഭാഷ സുറിയാനിക്കാരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയതാണ് പോർട്ടുഗീസ് ഭരണത്തെ അമ്പരപ്പിച്ചുകൊണ്ട് സുറിയാനിക്കാരുടെ കൂനൻ കുരിശു വിപ്ലവം (ജനുവരി 3, 1653) . റോമൻ ആർച്ചു ബിഷപ്പ് മെനെസിസ് തുടങ്ങിവച്ച സുറിയാനിക്കാരുടെ പാശ്ചാത്യവത്കരണം മലങ്കരനസ്രാണി പാരമ്പര്യത്തെയും, അതുവരെ തുടർന്നുവന്ന പേർഷ്യൻ ഓർത്തഡോൿസ് അനുഷ്ടാങ്ങളെയും തുടച്ചുനീക്കി. കിഴക്കൻ സഭകളിൽ തുടർന്നുവന്ന നെസ്തോറിയൻ ഉപദേശങ്ങൾ ദൈവനിഷേധമാണെന്ന കടുത്ത നിലപാടുകളാണ് റോമാക്കാരെ ചൊടിപ്പിച്ചത്. ദേശത്തു പട്ടക്കാരും പള്ളി പൊതുയോഗങ്ങളും അടങ്ങിയ അതുവരെ ഉണ്ടായിരുന്ന ജനാതിപത്യപ്രക്രിയകൾ നിർത്തൽ ചെയ്തു. കേന്ദ്ര അധികാരം മെത്രാനിൽ നിഷിപ്തമാക്കി.
നസ്രാണികളുടെ ചെറുത്തുനിൽപ്പ്
നസ്രാണികളുടെ തലവനായ ആർച്ചു ഡീക്കൻ തോമയെ പന്ത്രണ്ടു വൈദീകർ കൈവെപ്പു നൽകി ബിഷപ്പ് ആയി അവരോധിച്ചു. കലുഷിതമായ ആ കാലത്തു ബിഷോപ്പിന്റെ കൈവെപ്പിനു  അപ്പോസ്തോലിക  പിന്തുടർച്ചയും, നഷ്ട്ടപ്പെട്ട ആരാധനാക്രമങ്ങൾ  പുനഃനിർമിക്കാനുമായി സുറിയാനി ദേശത്തു എല്ലാം സഹായം അഭ്യർഥിച്ചു. 1665 -ൽ, ജറുസലേമിലെ, പാശ്ചാത്യസുറിയാനി സഭയിൽ നിന്നും മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ  മലങ്കരയിൽ എത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികൾക്ക് തുടർച്ച ലഭിക്കുകയും ചെയ്തു. (‘Travancore State Manual’ Vol II Page 187). തിരികെ റോമസഭയിലേക്കു പോയ സുറിയാനിക്കാരാണ് പഴയകൂറ്റുകാർ എന്ന പേരിൽ അറിയപ്പെട്ട സീറോ മലബാർ വിഭാഗം കത്തോലിക്കർ. മാർത്തോമൻ പാരമ്പര്യത്തിൽ ഉറച്ചുനിന്ന പുത്തൻ കൂറ്റുകാർ പിൽക്കാലത്തുഅന്ത്യോഖ്യൻ ബന്ധത്തിൽ ആരാധന പരിശീലിപ്പിച്ചു.
അന്ത്യോഖ്യൻ ബന്ധം
റോമാക്കാർ ആരോപിച്ച അപ്പോസ്തോലിക കൈവെപ്പിന്റെ സമ്മർദ്ദത്തിലാണ്അന്ത്യോഖ്യയുമായുള്ള ബന്ധം ഉടലെടുത്തത്. അന്ന് വിവിധ സഭകളുമായി ബദ്ധപ്പെട്ടിരുന്നെകിലും 1665 -ൽ ജറുസലേമിലെ അന്ത്യോഖ്യൻ പ്രതിനിധിയാണ് സഹായത്തിനു എത്തിയത്.അത് കാലക്രമേണ മറ്റൊരു കോളനിവാഴ്ചയായി മാറ്റപ്പെടുകയായിരുന്നു. സ്വന്തം ക്രിസ്തു സഹോദരർ എന്ന് കരുതി സ്വീകരിച്ച പറങ്കികളുടെ അനുഭവത്തിന്റെ മറ്റൊരു പതിപ്പായി മാറി അന്ത്യോഖ്യൻ- മലങ്കരനസ്രാണി ബന്ധം. കലഹങ്ങളുടെയും വ്യവഹാരങ്ങളുടെയും നിലക്കാത്ത ചരിത്ര ആവിഷ്കാരമായി മാറുകയായിരുന്നു പിന്നീട്. മലങ്കരനസ്രാണികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ നിലപാടുകളും അന്ത്യോഖ്യക്കാർക്കു യോജിക്കാനായില്ല. ആലോചനയോ പൊതു അംഗീകാരമോ കൂടാതെ,അവർ തലങ്ങും വിലങ്ങും മെത്രാൻ വാഴ്ചകൾ നടത്തി മലങ്കരസഭയാകെ സമ്മർദം കൊടുത്തുകൊണ്ടിരുന്നു.
1836 -ൽ അന്ത്യോഖ്യൻ ആരാധനാ ക്രമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എങ്കിലും അന്ത്യോഖ്യൻ പാത്രിയർക്കിസിനു മലങ്കര സഭയുടെ ആത്മീയ അധികാരം മാത്രം നിലനിർത്തി സ്വത്തുക്കളിൽ അധികാരം വിട്ടു കൊടുക്കാൻ മലങ്കരനസ്രാണികൾ തയ്യാറായില്ല .അധികാരത്തർക്കവും മുടക്കുകളും തുടർന്നുകൊണ്ടേയിരുന്നു. 1912 -ൽ , തുർക്കി സുൽത്താൻ പുറത്താക്കിയ അന്ത്യോഖ്യൻ പാത്രിയർക്കിസ് അബ്ദുൽ മ്ശിഹാ, ഇന്ത്യയിൽ എത്തി, മലങ്കരയിലെ സ്വതന്ത്ര കാതോലിക്ക സ്ഥാനം പ്രഖ്യാപിച്ചു.
ബ്രിട്ടീഷുകാർക്കുവേണ്ടി നാം പഠിച്ച ഇംഗ്ലീഷും, അവരുടെ കച്ചവടത്തിന് അവർ സ്ഥാപിച്ച റെയിൽവേ സംവിധാനങ്ങളും വേഷവിധാനങ്ങളും നിരന്തരം ഉപയോഗിക്കുമ്പോൾ അവരുടെ അടിമകളായി തുടരാൻ നാം തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും വളർച്ചയുള്ള ജനതയായി ഉയരാനാവില്ലല്ലോ. കാലപ്രവാഹത്തിൽ അന്ത്യോഖ്യൻ  സഭയുമായി മലങ്കരസഭ ചേർന്ന് പോയെങ്കിലും, സ്വന്തം കാലിൽ നിന്ന് തീരുമാനം എടുക്കാൻ പ്രാപ്തി ഉണ്ടായി കഴിയുമ്പോൾ മാന്യമായി കൈ കൊടുത്തു മുന്നോട്ടു പോകയാണ് വേണ്ടത്. അതിനു പകരം ജനങ്ങൾ തലമുറയായി അറബികൾക്കടിമയായി നിലനിൽക്കാമെന്നു ശഠിക്കുന്നത് ഒരു വലിയ ജനതയെ ചങ്ങലയിൽ തളച്ചിടുകയാണ്.
1934 ലെ ഭരണഘടന
സ്വതന്ത്ര ഇന്ത്യക്കു ഒരു ഭരണഘടന എഴുതുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വാതന്ത്ര്യ  ദാഹികളായ മലങ്കരനസ്രാണികൾ അവർക്കു വേണ്ട നിയമക്രമങ്ങൾ തയ്യാറാക്കി ജനപ്രാതിനിധ്യത്തോടെ അംഗീകരിച്ചു. ഇതിനെ പിന്നീട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്കീസും, ഇന്ത്യയുടെ പരമോന്നത ന്യായസന്നിധിയായ സുപ്രീം കോടതിയും അംഗീകരിച്ചു. ഇനിയും പുറകോട്ടു പോകാനല്ല, കാലക്രമത്തിലുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോരുത്തർക്കായി പടച്ചു കൂട്ടുന്ന വ്യവസ്ഥകളെ ഭരണഘടന എന്ന പേരിൽ വിളിക്കാനാവില്ല.
പള്ളിപ്രതിപുരുഷയോഗമായ മലങ്കര അസോസിയേഷൻ തിരഞ്ഞെടുക്കുന്ന മലങ്കര മെത്രാപോലിത്തയും കൂട്ടുട്രസ്റ്റികളുമാണ് മലങ്കരട്രസ്റ്റിന്റെ അവകാശികൾ. ആത്മീയ അധികാര നിർവ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന കാതോലിക്കയും ഒപ്പം പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തന്മാരെയും വൈദീകരുടെയും അവൈദീകരുടെയും മതിയായ അംഗീകാരോത്തോടുകൂടി മാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവരാണെന്നു കൃത്യമായിനിർഷ്കർഷിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമല്ലാത്ത ഒരു നീക്കുപോക്കും നടക്കാത്ത സുതാര്യമായ ഇടപെടലുകളാണ് ഇവിടെ ഉണ്ടാക്കപ്പെടുന്നത്. മഹാ പ്രസ്ഥാനമായ മലങ്കര അസോസിയേഷൻ ക്രമങ്ങൾ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറിയായ അവൈദീകൻ ആണ്. അങ്ങനെ താഴെതലത്തിലുള്ള വിശ്വാസികൾ വരെ ചേർന്ന് തീരുമാനങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്ത് സംവിധാനമാണ് 1934 ഭരണഘടന വിഭാവനം ചെയ്യുന്നത്.
നാഴികക്കല്ലുകൾ 
1912 – ഇന്ത്യയിലെ സ്വതന്ത്ര കാതോലിക്കാ സ്ഥാപനം നടത്തപ്പെടുന്നു.
1934 – ഭരണഘടന നിലവിൽ വരുന്നു.
1958 – ഒന്നാം സമുദായ കേസ് തീരുകയും പാത്രിയർക്കീസും,കാതോലിക്കയും പരസ്പരം അംഗീകരിച്ചു.
1975 – മാർതോമക്കു പട്ടത്വം ഇല്ല എന്ന പാത്രിയർക്കിസിന്റെ വിവാദപ്രസ്താവനയിൽ വീണ്ടും പിളരുന്നു.
1995 – രണ്ടാം സമുദായ കേസിൽ സുപ്രീം കോർട്ടിന്റെ നേതൃത്വത്തിൽ  ഒന്നായി പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു.
2002–  സംയുക്ത സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുപ്രീം കോർട്ടിന്റെ ഇടപെടലോടെ നടത്തപ്പെടുന്നു, യാക്കോബായ ഭാഗം അസോസിയേഷൻ യോഗം ബഹിഷ്കരിച്ചു പുതിയ ഭരണഘടനക്ക് രൂപം നൽകുന്നു.
2017 – മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പാരലൽ ഭരണ സംവിധാനവും പള്ളി വീതം വെയ്പ്പും നടക്കില്ല.
ഏഴു പതിറ്റാണ്ടുകൾ നീണ്ട കൊടിയ ശത്രുത മറന്നു നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൈകൊടുത്തു പുതിയ തുടക്കം കുറിക്കുന്ന ചിത്രമാണ് കണ്ടത്. ആരുടേയും മധ്യസ്ഥസ്ഥതക്കു കാത്തുനിൽക്കാതെ അവർ സ്വയം അവരുടെ ഭാവിയിൽ സാഹോദര്യത്തിന്റെ പുത്തൻ നാളം തെളിയിച്ചു. വീണ്ടും ഒരു കപടസമാധാനത്തിനു നിന്നു കൊടുക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു; അതിനാൽ വ്യക്തമായ, കൃത്യമായ ധാരണകൾ ഉണ്ടാക്കികൊണ്ടു തന്നെ ഒരു പൊൻപുലരി മുന്നിൽ തെളിയുന്നില്ലേ ?
വിജയത്തിന്റെ അഹങ്കാരവും പരാജയത്തിന്റെ ദുർവാശികളും സഹോദര  സ്നേഹത്തിന്റെ പാതയിൽ മുള്ളുകൾ നിറക്കാതെ ഇരിക്കട്ടെ.  അശാന്തിയുടെ വേലിയിറക്കത്തിൽ,സമന്വയത്തിന്റെ പാതകൾ തെളിഞ്ഞുവരാതെയിരിക്കില്ല.
“ഞങ്ങളുടെ പിതാക്കന്മാർ ആളിക്കത്തും അഗ്നിയോയോടും, 
മൂർച്ചയുള്ള വാളിനോടും പോരുതോരത്രെ. 
ആകയാൽ അൽപ്പം മാത്രം, ഇപ്പോഴുള്ള വഴക്കും കേസും…”
– കോരസൺ 
ന്യൂ യോർക്ക്

യാത്രക്കാരി

കലാലയത്തിലേക്ക് പ്രവേശനം കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു സുരേഷും ഞാനും ഗോപിയും. ഒരു സായാഹ്ന സവാരിക്കിറങ്ങിയതാണ്, “സന്തോഷം” ഒന്ന് അടിച്ചു പൊളിക്കാന്‍. തിരുനക്കരയുള്ള ഷഫീറിന്‍റെ മുറുക്കാന്‍ കടയാണ്, എന്നും സൗഹൃദക്കൂട്ടായ്മയുടെ ആരംഭം. അവിടെ കൂടിയിട്ട്, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിനു മുന്നിലൂടെ നടന്ന്, സ്റ്റാര്‍ തീയറ്റര്‍ ചുറ്റി, രാജ്മഹാള്‍ തീയറ്ററിനു മുമ്പിലൂടെ അമ്പലമുറ്റത്തെത്തും. അവിടെ നിന്നും കൈകളുയര്‍ത്തി വെങ്കിടി സ്വാമിക്കൊരു “സ്വാഗതം” രേഖപ്പെടുത്തിയാല്‍ ചിലപ്പോള്‍ തന്‍റെ കടയില്‍ നിന്നും സ്വാമിയും കൂട്ടിനെത്തും. അവിടെ നിന്നും ഇറക്കം ഇറങ്ങി കയറ്റം കേറി സി.എം.എസ്. കോളേജിനടുത്തെത്തും. പിന്നെ ഇടത്തോട്ടു പോയാല്‍ ആര്‍ത്തൂട്ടി പാലത്തിനടുത്തെത്തും. എന്നാല്‍ ഞങ്ങള്‍ സാധാരണയായി വലത്തോട്ടു തിരിഞ്ഞ് ടൗണിലേക്ക് തന്നെ തിരികെ പോവുകയാണ് പതിവ്. വഴിയില്‍ പല സുഹൃത്തുക്കളും പിടിച്ചുനിര്‍ത്തി വര്‍ത്തമാനം പറയുകയോ കൂട്ടുചേരുകയോ ചെയ്യും. ഇടയ്ക്ക് ഓരോ സിഗരറ്റുവാങ്ങി വലിച്ച് പുകയൂതി രസിക്കും, കയ്യില്‍ കാശുള്ളപ്പോള്‍ മാത്രം.

ഇന്നത്തെ യാത്രക്കിടെ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍റിനു മുന്‍പില്‍ വച്ച് സാമാന്യം ഭേദപ്പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടു, “എടുത്താല്‍ പൊങ്ങാത്ത” ഒരു ബാഗും തൂക്കിപ്പിടിച്ച്. സുരേഷ്, അവളെ ലക്ഷ്യമാക്കി നടന്നുകൊണ്ട് നര്‍മ്മഭാവത്തില്‍ ചോദിച്ചു “സഹായിക്കണോ കുട്ടീ?” ഗോപി അവനെ തോളിന് തള്ളിക്കൊണ്ട് ബുദ്ധി ഉപദേശിച്ചു. “ദാ പോകുന്ന നെടുങ്കന്‍ മദ്ധ്യവയസ്ക്കന്‍, അച്ഛനായിരിക്കും. പുള്ളിക്കാരന്‍ നിന്നെ സഹായിക്കാതിരിക്കണമെങ്കില്‍ വേഗം നടന്നോ.” ഞാനും മാന്യത നടിച്ചു, “ഏതോ സുന്ദരിയായ ഒരു യാത്രക്കാരി, വെറുതേ വിടൂന്നെ…” ഞങ്ങള്‍ വീണ്ടും തമാശകളുമായി, ആട്ടിന്‍കുട്ടികളെപ്പോലെ ഉന്തിയും തള്ളിയും ഇടിച്ചും ചിരിച്ചും ആഘോഷമായി മുന്നോട്ടു നീങ്ങി. ദീപിക പത്രമാപ്പീസിനു മുന്നിലെ മുറുക്കാന്‍ കടയില്‍ നിന്നും ഓരോ സിഗരറ്റു വാങ്ങി കത്തിച്ച് പുകച്ചുരുളുകള്‍ മുകളിലേക്കയച്ചു. ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പോലെ പുകച്ചുരുളുകള്‍ നക്ഷത്രങ്ങളിലെത്തി ഞങ്ങളെയും മാടി വിളിക്കുന്നുണ്ടാവും. ഏതൊക്കെ നക്ഷത്രങ്ങളിലാണ് എത്തിപ്പെടുക.

ഞങ്ങള്‍ ടൗണിലെത്തിയപ്പോള്‍, ബെസ്റ്റ് ഹോട്ടലില്‍ നിന്നും അതേ പെണ്‍കുട്ടി അച്ഛനുമായി സംസാരിച്ചിറങ്ങി വരുന്നു, കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” ബാഗുമായി. ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മറ്റാരും കേള്‍ക്കാതെ തമ്മില്‍ പറഞ്ഞു, അല്പം ഫലിതരൂപേണ, “അവള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു….” സുരേഷ് ഈണത്തില്‍ പാടി രംഗത്തിനു കൊഴുപ്പു നല്കി. “ഈ യാത്ര തുടങ്ങിയതെവിടെ നിന്നും…., ഇനിയൊരു വിശ്രമം എവിടെ ചെന്നാല്‍…, മോഹങ്ങള്‍ അവസാന നിമിഷം വരെ…, മനുഷ്യബന്ധങ്ങള്‍ ചുടലവരെ…” പൊട്ടിച്ചിരിയും കളിവാക്കുകളുമായി ഞങ്ങള്‍ ടൗണില്‍ നിന്നും വീടുകളിലേക്ക് യാത്രയായി. തനിയെ പോകുമ്പോഴും ഈ, ഈരടികള്‍ ഹൃദയത്തിന്‍റെ ഉള്ളില്‍ മൂളിക്കൊണ്ടിരുന്നു, കോണിലെവിടെയോ ആ പെണ്‍കുട്ടിയുടെ മങ്ങിയ ചിത്രവും.

തിരികെ വീട്ടിലെത്തിയപ്പോഴാണ്, അമ്മയുടെ ശകാരവും അച്ഛന്‍റെ ക്രുദ്ധമായ നോട്ടവും എന്നെ യാഥാര്‍ത്ഥ്യത്തിന്‍റെ പരുപരുത്ത പ്രതലത്തിലെത്തിച്ചത്. വയസ്കര വൈദ്യശാലയില്‍ നിന്ന് വാങ്ങാമെന്നേറ്റിരുന്ന കര്‍പ്പസാസ്ഥ്യാഥി എണ്ണയും കുഴമ്പും മറന്നു പോയിരിക്കുന്നു. ഒരു കാപ്പിയും എടുത്തു കുടിച്ചുകൊണ്ട് തിരികെ വൈദ്യശാലയിലേക്ക് നടപ്പായി. സായാഹ്ന സവാരിയുടെ മധുരം അയവിറക്കിക്കൊണ്ട് അലയത്തെ ചാക്കോ ചേട്ടന്‍റേയും ഉമ്മറു മാമായുടേയും വീടുകള്‍ പിന്നിട്ട് പ്രധാന വഴിക്കരികിലുള്ള ഫീലിപ്പോച്ചന്‍റെ വീട്ടുപടിക്കലെത്തി. ഒരു നിമിഷം, ചുവടുവെയ്പും കാഴ്ചയും ഒന്നിടറി…. ആതാ!…. നില്ക്കുന്നു…. അവള്‍. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുമ്പിലും ബെസ്റ്റ് ഹോട്ടിലിനു മുമ്പിലും കണ്ട അതേ സുന്ദരി. വീട്ടിലെ ശകാരത്തില്‍ മറന്നുപോയ ഗാനം വീണ്ടും മനസ്സിലെത്തി….. “ഈ യാത്ര…….” ഈ യാത്രക്കാരി ഇങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനറിയാതെ ഒരു പുഞ്ചിരി എന്‍റെ മുഖത്തോടിയെത്തി, ആത്മഗതമായി ഒരു കുസൃതിചോദ്യവും “ഇനി ഒരു വിശ്രമം……. ഇവിടെ…….. എന്‍റെ അലയത്തു തന്നെ……… ആവുമോ?” ഈ യാത്ര തുടങ്ങിയത് എവിടെ നിന്ന് എന്നറിയില്ല…………. ഹും……… പതുക്കെ അറിയാം………… പക്ഷേ മോഹമൊന്നും തോന്നിയില്ല……… വെറുമൊരു ജിജ്ഞാസ.

ദിവസങ്ങള്‍ കടന്നു പോയി. ഇതിനോടകം എന്‍റെ വീട്ടിലേക്ക് അവള്‍ പലവട്ടം സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി. കൂട്ടിന്, ഫീലിപ്പോച്ചന്‍റെ വീട്ടിലെ വേലക്കാരി കുട്ടിയുമുണ്ടായിരുന്നു. അവള്‍ ഇവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഫീലിപ്പോച്ചന്‍റെ ഭാര്യയുടെ ബന്ധുവാണ്. ഇടയ്ക്ക് ചില പാഠപുസ്തകങ്ങളിലെ സംശയവുമായി എന്നെ സമീപിച്ചു തുടങ്ങി. ക്രമേണ സൗഹൃദം പുരോഗമിച്ചു. കോളേജിലേക്കുള്ള യാത്രക്ക് സഹയാത്രികനാകണമെന്ന് അപേക്ഷയും നിര്‍ബന്ധവുമൊക്കെയായി. രണ്ടുപേരും ഒരേ ദിക്കിലേക്കാണ് പോവുക, പ്രധാനമായും “പൂവാലډാരുടെ” ശല്യം അതിക്രമിക്കുന്നു. ഒരാണ്‍കുട്ടി കൂടെയുള്ളത് ശല്യക്കാരെ അകറ്റി നിര്‍ത്തി. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ കാരണമായി. നഗരജീവിതത്തില്‍ അതത്ര ഗൗരവതരമായി ആരും കണ്ടില്ല. ഒട്ടും ഗൗരവതരമാവാന്‍ അനുവദിക്കരുതെന്ന് മനസ്സു ശാസിച്ചു തുടങ്ങി. അകലം സൂക്ഷിക്കാന്‍ ശ്രമിക്കുന്തോറും അവള്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ കുറുമ്പും പരിഭവങ്ങളും കാണുമ്പോള്‍ ഒരു സുഖമുള്ള ഭയത്തോടെ ഞാന്‍ ചിന്തിച്ചു, “ഇനി എന്‍റെ ഹൃദയത്തിലേക്കോ അവള്‍ യാത്ര തുടരുന്നത്?”

അച്ഛന്, ഇടയ്ക്കിടയ്ക്ക് വരാറുള്ള നടുവേദനയും അമ്മയുടെ വൃക്ക സംബന്ധമായ അസുഖങ്ങളും സാമ്പത്തികമായി കുടുംബത്തെ പ്രയാസപ്പെടുത്തുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് എത്രയും വേഗം ഒരു ജോലി നേടണം. പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ മറക്കാനാവില്ലല്ലോ. ചുറ്റുവട്ടത്ത്, ആര്‍ജ്ജിച്ച നല്ല പേരിന് കളങ്കം ഉണ്ടാവാനും പാടില്ല. വികാരങ്ങളെ വിവേകം കൊണ്ട് കീഴ്പ്പെടുത്തിയേ മതിയാകൂ. പക്ഷേ അതൊക്കെ പ്രസംഗപീഠത്തിലെ സാരോപദേശങ്ങള്‍…….. ശോകച്ഛവികലര്‍ന്ന ആ നീളന്‍ കണ്ണുകളും പരിഭവവും കൊഞ്ചലും സമ്മേളിക്കുന്ന വാക്കുകളുമായി, അടുത്തെത്തുമ്പോള്‍, ഒരഭയ യാചനപോലെ എന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍, മുറുക്കിക്കെട്ടിയ മനസ്സിന്‍റെ കയറുകള്‍ താനേ അഴിഞ്ഞു വീഴുകയായി. ഞാന്‍ സൂര്യനായി മാറിയാലും എനിക്കവളെ എന്നില്‍ നിന്നു വേര്‍പെടുത്താനാവില്ല. അവള്‍ ഭൂമിയാണ്. വസന്തവും ഗ്രീഷ്മവും ഹേമന്തവും നിമിഷങ്ങളുടെ അകലത്തില്‍ അവളിലൂടെ കടന്നു വരുന്നു. ആ ഭൗതീക രസതന്ത്രത്തിനധീനമാണ് എന്‍റെ സഹജാവബോധം. അവളുടെ ഓര്‍മ്മകള്‍ സ്നേഹമായും ദുഃഖമായും സ്വപ്നമായും സദാ എന്നോടൊപ്പം സഞ്ചരിച്ചു. മധുരവും സുഖവുമുള്ള……. ഒരലോസരം……..

മധുരം നുകര്‍ന്ന് സ്വപ്നാടനം നടത്താനുള്ള സന്ദര്‍ഭമല്ല. ചുമതലകള്‍ തലച്ചോറില്‍ കടന്നലുകളെപ്പോലെ ആര്‍ത്തു. സ്വയം അന്ധനും ബധിരനും വികാരശൂന്യനുമായി ഏതാനും ദിവസങ്ങള്‍ പിടിച്ചു നിന്നു, ശ്രദ്ധിക്കാതെ, കാണാതെ, കേള്‍ക്കാതെ…….. പിന്തിരിയാന്‍ അവള്‍ക്കൊരു അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ തലവേദന, ദേഹവേദന ഒക്കെ പറഞ്ഞ് അവള്‍, രണ്ടു ദിവസം ക്ലാസ്സില്‍ പോയില്ല. ഞാന്‍ ഈ കുറ്റബോധത്തില്‍ നീറി നില്ക്കുമ്പോള്‍ അവളുടെ വേലക്കാരിക്കുട്ടി ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ട്, ഒരു കുറിപ്പ് എന്നെ ഏല്പിച്ചു. “വളരെ അത്യാവശ്യമായി കാണണം. ഉടനെ വീടു വരെ വരണം, ഒരു കാര്യം അറിയിക്കാനാണ്. അത്യാവശ്യം” എന്നായിരുന്നു കുറിപ്പ്. പെട്ടെന്ന് ഭയപ്പെടുത്തുന്ന ചിന്തകള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. എന്തിനായിരിക്കുമെന്ന ഭയം, എന്താണെന്നറിയാനുള്ള ആകാംക്ഷ, ആകപ്പാടെ എന്നെ ഒരു വിഭ്രാന്തിയിലാക്കി. ഞാന്‍ അവളുടെ വാസസ്ഥലത്തേക്ക് നടന്നു. എന്നെ പ്രതീക്ഷിച്ച് വെളിയില്‍ നിന്ന ആ ശോകമൂര്‍ത്തി, “കടന്നു വരൂ!” എന്ന ക്ഷണനത്തോടെ, പടിഞ്ഞാറെ കതകു തള്ളിത്തുറന്ന്, എനിക്കുവേണ്ടി കസേര വലിച്ചിട്ടു. അകത്തു കടന്ന് കസേരയില്‍ ഇരുന്നുകൊണ്ട്, ഞാന്‍ കാര്യം അന്വേഷിച്ചു. ഉത്തരം പറയാതെ കരഞ്ഞുകൊണ്ട് അവള്‍ എന്‍റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗദ്ഗദത്തിനും പൊട്ടിക്കരച്ചിലിനുമിടയിലൂടെ വാക്കുകള്‍ മുറിഞ്ഞു വന്നുകൊണ്ടിരുന്നു. എന്നോടുള്ള പ്രണയത്തേയും ഞാന്‍ കാട്ടിയ ക്രൂരതയേയും വാക്കുകളിലൂടെ പ്രവഹിക്കുന്നതിനൊപ്പം, ചുംബനങ്ങള്‍ പുപ്ഷവൃഷ്ടിപോലെ എന്‍റെ മേല്‍ പൊഴിച്ചുകൊണ്ടിരുന്നു. അവളുടെ മനസ്സില്‍ കട്ട പിടിച്ച ദു:ഖത്തിന്‍റെ നീരൊഴുക്ക്, സ്നേഹത്തിനു വേണ്ടിയുള്ള ഒരു ദാഹം, ഒക്കെ എനിക്കനുഭവപ്പെട്ടു. എന്‍റെ സാന്ത്വനങ്ങള്‍ അവളുടെ മൃദുലവും മാര്‍ദ്ദവമേറിയതുമായ കണ്ഠ പ്രദേശത്തും നെറ്റിത്തടത്തിലെ ചുരുണ്ട അളകങ്ങള്‍ക്കു മീതെയും വിതുമ്പുന്ന ചുണ്ടുകളിലും മറു ചുംബനങ്ങളായി പരിണമിച്ചു. ‘മറ്റാര്‍ക്കും ഒരിക്കലും വിട്ടുകൊടുക്കില്ലാ’ എന്നപോലെ, അവളുടെ കരങ്ങള്‍ എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ചൂടുള്ള അവളുടെ മാറിടം എന്‍റെ ഹൃദയവാതിലുകളെ തള്ളിത്തുറക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. രക്തച്ഛവി പടര്‍ന്ന മുഖവും പാതികൂമ്പിയ കണ്ണുകളും അവളുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ഞങ്ങള്‍ മറ്റൊരു ലോകത്തിലേക്ക് തെന്നി…… തെന്നി പോവുന്നതായി തോന്നി. ചുംബനങ്ങളുടെ ലോകത്ത് നിന്ന്… നിര്‍വൃതിയിലേക്കുള്ള ഉയര്‍ന്ന മറ്റൊരു തലത്തിലെത്തും മുമ്പ്…… മുന്‍ വാതില്‍ വലിയ ശബ്ദത്തില്‍ തുറക്കപ്പെട്ടു…… ഞങ്ങള്‍ സ്തബ്ദരായി. എന്താണ്?……. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു പോയ എന്നെ…… അവള്‍ പിന്‍വാതിലിലൂടെ പുറത്താക്കി……. ധൃതിയില്‍ കതക് കൊട്ടിയടച്ചു……. ആ ശബ്ദം എന്നെ ഞെട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു…….. മഠയിപ്പെണ്ണ്!

അടുത്ത രണ്ടു ദിവസങ്ങളില്‍ അവളുടെ വീടിനു മുമ്പിലൂടെയുള്ള യാത്ര ഞാന്‍ ഒഴിവാക്കി. എന്തൊക്കെയാണ് പിന്നീട് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും ഭയമായിരുന്നു. ആകെ മനസാക്ഷിയെ കീറിമുറിച്ച ഒരു സംഭവം……. അവള്‍ക്ക് എന്തു സംഭവിച്ചിരിക്കാം? ആ വീട്ടുകാര്‍ എന്നെപ്പറ്റി എന്തു ധരിച്ചു കാണും?……. ആ കുറിപ്പിനേയും അതനുസരിച്ച് പ്രവര്‍ത്തിച്ച എന്നേയും ഞാന്‍ പഴിച്ചു. പ്രഥമ പ്രണയത്തിന്‍റെ വിലാസ സൗകുമാര്യം മുറ്റിനിന്ന ആ ദുര്‍ബല നിമിഷങ്ങളെ ശപിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കോളേജില്‍ നിന്ന് തിരികെ വരും വഴി വേലക്കാരി കുട്ടിയെ കാണാനിടയായി. അവളില്‍ നിന്ന് സംഭവത്തെപ്പറ്റി കൂടുതലായി അറിയാന്‍ കഴിഞ്ഞു. “ഫീലിപ്പോച്ചന്‍റെ ഭാര്യ”, വൈകുന്നേരം താമസിച്ചേ എത്തൂ എന്നു പറഞ്ഞ് ദൂരെയുള്ള പിതൃഭവനത്തിലേക്ക് പോയി. എന്നാല്‍ സമയത്ത് ബസ് കിട്ടാഞ്ഞതിനാല്‍ തിരികെ പോരേണ്ടിവന്നു. അവളുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയതങ്ങനെയാണ്. അടുത്ത ദിവസം തന്നെ, വിവരമറിഞ്ഞ് അവളുടെ മാതാപിതാക്കള്‍ ബദ്ധപ്പെട്ട് ഓടിയെത്തി. പരപുരുഷ സമാഗമത്തില്‍ എന്തൊക്കെയോ സംഭവിച്ചു എന്ന് അവര്‍ ഭയപ്പെടുന്നുണ്ടാകും. അപകട സാദ്ധ്യതകളെ നിസ്സാരമായി കാണാന്‍ അവര്‍ക്കാകില്ലല്ലോ. ഭയപ്പെടത്തക്കവണ്ണം ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് ഞാനെങ്ങനെ തെളിയിക്കും? അതാര് വിശ്വസിക്കും…? കൂവി, വിളിച്ചുപറഞ്ഞ്, എല്ലാവരുടേയും ജീവിതങ്ങള്‍ നശിപ്പിക്കാനും ആവില്ലാ….. ഒരെത്തും പിടിയും കിട്ടുന്നില്ല….. തലതല്ലിക്കരയണമെന്നു തോന്നി……..

രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലാ. തുറന്നിട്ട ജനാലയിലൂടെ മഞ്ഞിനെ കൂട്ടുപിടിച്ച് കടന്നുവന്ന ചെറുകാറ്റിന് എന്‍റെ തീയെ കെടുത്താന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ പാരമ്യത്തില്‍ ആ രാത്രി കടന്നു പോയി. “വെള്ള കീറിയപ്പോള്‍” ഞാന്‍ മുറ്റത്തിറങ്ങി, പറമ്പിന്‍റെ മൂലയില്‍, കായ്ക്കാതെ വളര്‍ച്ചമുറ്റി നില്ക്കുന്ന ആഞ്ഞിലി ചുവട്ടില്‍ നിലയുറപ്പിച്ചു. ഇവിടെ നിന്നാല്‍ അവളുടെ വീട് ശരിയായി കാണാം, ആഞ്ഞിലിയുടെ കറുത്ത നിഴല്‍ എന്നെ മറച്ചുകൊള്ളും. ഏറെ താമസിയാതെ അവളുടെ മാതാപിതാക്കള്‍ മുന്‍വാതില്‍ തുറന്ന് പുറത്തു കടന്നു. പിന്നാലെ, എന്‍റെ മറുരൂപംപോലെ, പാറിപ്പറന്ന മുടിയും ദു:ഖം തളംകെട്ടി നില്ക്കുന്ന മുഖവുമായി…. അതാ…… അവള്‍…… കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” അതേ ബാഗുമുണ്ട്,…. സ്നേഹവും ദു:ഖങ്ങളും കുത്തി നിറച്ചത്…. അവള്‍ വീണ്ടും യാത്ര തുടരുകയാണ്. മുറിപ്പെട്ട ഹൃദയവുമായി ഞാന്‍ നോക്കി നിന്നു…. ഞാന്‍ എന്ന കുറ്റവാളിക്ക് എന്തു ശിക്ഷയാണ് കിട്ടേണ്ടത്?….. സ്വയം ഉരുകിത്തീരാനാണോ വിധി?….. തടഞ്ഞു നിര്‍ത്താനോ വിശദീകരണം നല്കാനോ കഴിവില്ലാ… വളരെ പാടുപെട്ട് എന്‍റെ വീടിനു നേരെ അവള്‍ തെല്ലൊന്നു തിരിഞ്ഞു നോക്കി. അരണ്ട വെളിച്ചത്തില്‍ മുത്തുമണികള്‍ പോലെ രണ്ടു തുള്ളി കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചു. സഫലീകൃതമാകാത്ത മോഹങ്ങളെ അവസാനം വരെ സൂക്ഷിക്കാന്‍ എന്നെ ഏല്പിച്ചിട്ട്….. അവള്‍ യാത്ര തുടര്‍ന്നു……

****

– തോമസ് കളത്തൂര്‍

ബിജു മേനോന്‍, ശ്വേതാ മേനോന്‍ സംഘം ‘മധുരം 18’ ഷോയുമായി മെയ് 5 നു ശനിയാഴ്ച ഹൂസ്റ്റനില്‍

അമേരിക്കയൊട്ടാകെ കലാസദ്യയും മധുരവും വിളമ്പി ജനഹൃദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന മധുരം – സ്വീറ്റ് 18 ഷോ മെയ് 4 നു ശനിയാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് ഹാളിൽ.

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം നടത്തപെടുന്ന ഈ ഷോ ഹൂസ്റ്റൺ സെന്റ് ജോസഫ് ഹാളിൽ ( 303, Present St., Missouri City, Texas 77489) വച്ചാണ് നടത്തപെടുന്നതു.

ഈ ഷോ ഒരു വൻ വിജയമാക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയാണെന്നു സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ കലാസ്വാദകരിൽ നിന്നും ആവേശകരമായ പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെന്നും മിക്കവാറും ടിക്കറ്റുകൾ വിറ്റു കഴിഞ്ഞുവെന്നും ഹൌസ് ഫുൾ ഷോ ആയി മാറുന്ന ഈ ഷോ വൈകുന്നേരം കൃത്യം 6 മണിക്ക് ആരംഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. എൻട്രി ഗേറ്റുകൾ 5 മണിക്ക് തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ജെസ്സി സെസിൽ (J C VICTORY CAREER ഇൻസ്റ്റിറ്റ്യൂട്ട്) , ഗ്രാൻഡ് സ്പോൺസർ ജോൺ. W. വർഗീസ് (PROMPT REALTY) എന്നിവരാണ്.

പ്രശസ്ത സിനിമ താരം ബിജു മേനോൻ നേതൃത്വം നൽകുന്ന പരിപാടിയുടെ സംവിധായകൻ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ഷാഫിയാണ്. കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, നോബി എന്നിവർക്കൊപ്പം നായികമാരായ ശ്വേതാ മേനോൻ, മിയ ജോർജ്, ഗായത്രി സുരേഷ്, മഹാലക്ഷ്മി തുടങ്ങിയവരാണ് മലയാള ചലച്ചിത്ര രംഗത്ത് നിന്നും മധുരം 18 ന്റെ വേദിയിൽ എത്തുന്നത്.

നജീം അർഷാദ്, കാവ്യാ അജിത്, വിഷ്‌ണു രാജ് തുടങ്ങിയ സംഗീത പ്രതിഭകളാണ് പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേൽ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്. സംഘത്തിൽ 30 ൽ പരം കലാപ്രതിഭകളും സാങ്കേതിക വിദഗ്ധരും ഉണ്ട്. മൂന്നര മണിക്കൂർ നീളുന്ന നൃത്ത ഗാന കോമഡി ഇനങ്ങളടങ്ങുന്ന മധുരം 18 ഹൂസ്റ്റണിലെ കലാ പ്രേമികൾക്ക് ഒരു നവ്യഅനുഭവമായിരിക്കുമെന്നു സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ. പ്രദോഷ് മാത്യു ( വികാരി) – 405- 638-5865
ഷിനു എബ്രഹാം (പ്രോഗ്രാം) – 832-998-5873

ജീമോൻ റാന്നി

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിര്‍ദ്ദേശം ചെയ്തു

ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ ആയി കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയില്‍ ഇൻലൻഡ് പീഡിയാട്രിക്സ് എന്ന പേരിൽ രണ്ട് സ്ഥാപനങ്ങൾ നടത്തി വരുന്ന സിന്ധു ഏവർക്കും വളരെ സുപരിചിതായാണ്. നർത്തകി, ഗായിക എന്നി നിലകളിലും തന്റെകഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. ഓൾ കേരള മെഡിക്കൽ ഗ്രാജുവൈറ്റ്സ് (AKMG) യുടെ നേതൃനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജില്‍ നിന്നും MBBS കഴിഞ്ഞു അമേരിക്കയിൽ എത്തിയ സിന്ധു 1995 ൽ ചിക്കാഗോയിൽ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വർഷം ചിക്കാഗോയിൽ ജോലി ചെയ്ത ശേഷം 1998 ൽ മരിയാട്ട കാലിഫോർണിയിൽ സ്ഥിര താമസം ആയത്. ലോമ ലിൻഡ ഹോസ്പിറ്റൽലിൽ പീഡിയാട്രിക് വിഭാഗം മേധാവി ആയും റാഞ്ചോ സ്പ്രിങ്സ് ഹോസ്പിറ്റൽലിൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു.

ഇപ്പോൾ ഫോമാ വനിത ഫോറം ലോസ് ആഞ്ചലസ് കോ ഓർഡിനേറ്റർ ആണ് . വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തിൽ, സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിർദ്ദേശം ചെയ്തു. ഡോക്ടർ സിന്ധു പിള്ളയെ പോലെ കഴിവുള്ളവർ സംഘടനക്ക് ശക്തി പകരും എന്നതിൽ സംശയമില്ല എന്ന വെസ്റ്റേൺ റീജിയൻ നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

മാര്‍ക്ക് സെമിനാറില്‍ റെക്കോര്‍ഡ് പങ്കാളിത്തം

ചിക്കാഗോ: ഏപ്രില്‍ 14-നു ശനിയാഴ്ച ഡെസ്‌പ്ലെയിന്‍സിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ സംഘാടക മികവിനാലും റെക്കോര്‍ഡ് പങ്കാളിത്തത്താലും ശ്രദ്ധേയമായി. രജിസ്‌ട്രേഷന്റെ അഭാവംമൂലം ഐ.എസ്.ആര്‍.സി പോലുള്ള മുഖ്യധാരാ സംഘടനകള്‍ പ്രഖ്യാപിച്ച സെമിനാറുകള്‍ ഉപേക്ഷിക്കപ്പെടേണ്ടിവന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, തുച്ഛമായ നിരക്കില്‍ മികച്ച ജനപങ്കാളിത്തത്തോടുകൂടി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെമിനാറുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ മാര്‍ക്കിന് കഴിയുന്നുവെന്നത് ഐ.എസ്.ആര്‍.സി നേതൃത്വത്തെ പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 41 നോണ്‍ മെമ്പേഴ്‌സും, 16 സ്റ്റുഡന്റ്‌സും ഉള്‍പ്പടെ 140 റെസ്പിരേറ്ററി കെയര്‍ പ്രൊഫണലുകള്‍ സെമിനാറില്‍ പങ്കെടുത്തു.

സിസ്റ്റിക് ഫൈബ്രോസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ ക്രിസ്റ്റീന്‍ പ്രസ്റ്റാ നല്‍കിയ ക്ലാസോടുകൂടി രാവിലെ 8 മണിക്ക് സെമിനാറിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഡോ. വില്യം സാന്‍ഡേഴ്‌സ് (എ.ആര്‍.ഡി.എസ്), ഷിജി അലക്‌സ് (മോട്ടിവേഷണല്‍ ഇന്റര്‍വ്യൂവിംഗ്), അലിചാമാണ്‍ (ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍), ഗാഡുലോപ്പെ ലോപ്പസ് ചാപ്പാ (നൈട്രിക് ഓക്ലയിഡ്- ഫ്‌ളോലന്‍ തെറാപ്പി) എന്നിവര്‍ പുതിയ അറിവുകള്‍ നല്‍കിക്കൊണ്ട് നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ ഏവരും ആസ്വദിച്ചു.

മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറില്‍ സ്വാഗതം ആശംസിച്ചു. സെമിനാറിനായി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം സൗജന്യമായി നല്‍കിയ ഹോളി ഫാമിലി ഹോസ്പിറ്റല്‍ അധികൃതരേയും, അതിനു വേണ്ട സഹായം നല്‍കിയ നഴ്‌സിംഗ് ഡയറക്ടര്‍ ഷിജി അലക്‌സിനേയും സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് യേശുദാസ് ജോര്‍ജ് നന്ദിയോടെ സ്മരിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, എന്നിവരുടെ വിദഗ്ധ സംഘാടനമാണ് സെമിനാര്‍ വിജയത്തിന് നിദാനമായത്. വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സ്റ്റാഫിംഗ് ഏജന്‍സിയായ പെല്‍ വി.ഐ.പി, വെപോ തെറം കമ്പനി എന്നിവര്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ചു.

മാര്‍ക്ക് പിക്‌നിക്ക് ജൂലൈ 21-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മധുരം സ്വീറ്റ് 18 മെയ് 28-ന് കണക്ടിക്കട്ടില്‍, കിക്കോഫ് നടത്തി

കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (Masconn) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന “മധുരം സ്വീറ്റ് 18′ സ്റ്റാര്‍ഷോയുടെ കിക്ക്ഓഫ് ട്രംബുളില്‍ വച്ചു നടത്തി. മെയ് 28-ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബ്രിഡ്ജ് പോര്‍ട്ടിലുള്ള (910 ഫെയര്‍ഫീല്‍ഡ് ഈവ്) ക്ലെയിന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങേറുന്ന അതിഗംഭീര കലാവിരുന്നിലേക്ക് എല്ലാവരേയും ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.masconn.org സുജനന്‍ (203 979 5238), ശ്രീജിത് (718 679 5312), ജോജി (203 455 4682), സുഷ് (203 570 4551).

ജോയിച്ചന്‍ പുതുക്കുളം

ക്‌നാനായ റീജിയണിലെ വൈദികരുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണിലെ വൈദികരുടെ സ്ഥലമാറ്റ നിയമനങ്ങള്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പ്രഖ്യാപിച്ചു. പുതിയതായി നിയമനം കിട്ടിയ വൈദികര്‍ ഈയാഴ്ച ചാര്‍ജ് ഏറ്റെടുക്കുമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു.

റവ.ഫാ. ജോസഫ് ശൗരിയാംമാക്കല്‍ മയാമി സെന്റ് ജൂഡ് ക്‌നാനായ ഇടവക വികാരിയായിട്ടും, റവ.ഫാ.മാത്യു മേലേടത്ത് താമ്പാ തിരുഹൃദയ ഫൊറോന പള്ളി വികാരിയായിയും, റവ.ഫാ.സജി പിണര്‍കയില്‍ സാന്‍ഹൊസെ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും, റവ..ഫാ.സുനി പടിഞ്ഞാറേക്കര ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും,

റവ.ഫാ.ജെമി പുതുശ്ശേരിയില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരിയായിയും, റവ.ഫാ. ബോബന്‍ വട്ടംപുറത്ത് അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവക വികാരിയായും ചാര്‍ജ് ഏറ്റെടുക്കുന്നു. പുതിയ നിയമനം ലഭിച്ചെ ചാര്‍ജ് ഏറ്റെടുക്കുന്ന എല്ലാ വൈദികര്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം