മാര്‍ക്ക് സെമിനാറില്‍ റെക്കോര്‍ഡ് പങ്കാളിത്തം

ചിക്കാഗോ: ഏപ്രില്‍ 14-നു ശനിയാഴ്ച ഡെസ്‌പ്ലെയിന്‍സിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ സംഘാടക മികവിനാലും റെക്കോര്‍ഡ് പങ്കാളിത്തത്താലും ശ്രദ്ധേയമായി. രജിസ്‌ട്രേഷന്റെ അഭാവംമൂലം ഐ.എസ്.ആര്‍.സി പോലുള്ള മുഖ്യധാരാ സംഘടനകള്‍ പ്രഖ്യാപിച്ച സെമിനാറുകള്‍ ഉപേക്ഷിക്കപ്പെടേണ്ടിവന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, തുച്ഛമായ നിരക്കില്‍ മികച്ച ജനപങ്കാളിത്തത്തോടുകൂടി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെമിനാറുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ മാര്‍ക്കിന് കഴിയുന്നുവെന്നത് ഐ.എസ്.ആര്‍.സി നേതൃത്വത്തെ പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 41 നോണ്‍ മെമ്പേഴ്‌സും, 16 സ്റ്റുഡന്റ്‌സും ഉള്‍പ്പടെ 140 റെസ്പിരേറ്ററി കെയര്‍ പ്രൊഫണലുകള്‍ സെമിനാറില്‍ പങ്കെടുത്തു.

സിസ്റ്റിക് ഫൈബ്രോസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ ക്രിസ്റ്റീന്‍ പ്രസ്റ്റാ നല്‍കിയ ക്ലാസോടുകൂടി രാവിലെ 8 മണിക്ക് സെമിനാറിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഡോ. വില്യം സാന്‍ഡേഴ്‌സ് (എ.ആര്‍.ഡി.എസ്), ഷിജി അലക്‌സ് (മോട്ടിവേഷണല്‍ ഇന്റര്‍വ്യൂവിംഗ്), അലിചാമാണ്‍ (ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍), ഗാഡുലോപ്പെ ലോപ്പസ് ചാപ്പാ (നൈട്രിക് ഓക്ലയിഡ്- ഫ്‌ളോലന്‍ തെറാപ്പി) എന്നിവര്‍ പുതിയ അറിവുകള്‍ നല്‍കിക്കൊണ്ട് നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ ഏവരും ആസ്വദിച്ചു.

മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറില്‍ സ്വാഗതം ആശംസിച്ചു. സെമിനാറിനായി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം സൗജന്യമായി നല്‍കിയ ഹോളി ഫാമിലി ഹോസ്പിറ്റല്‍ അധികൃതരേയും, അതിനു വേണ്ട സഹായം നല്‍കിയ നഴ്‌സിംഗ് ഡയറക്ടര്‍ ഷിജി അലക്‌സിനേയും സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് യേശുദാസ് ജോര്‍ജ് നന്ദിയോടെ സ്മരിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, എന്നിവരുടെ വിദഗ്ധ സംഘാടനമാണ് സെമിനാര്‍ വിജയത്തിന് നിദാനമായത്. വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സ്റ്റാഫിംഗ് ഏജന്‍സിയായ പെല്‍ വി.ഐ.പി, വെപോ തെറം കമ്പനി എന്നിവര്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ചു.

മാര്‍ക്ക് പിക്‌നിക്ക് ജൂലൈ 21-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post