ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ചിക്കാഗോ രൂപതയുടെ ബേബി പ്രീസ്റ്റ്. ദൈവത്തിന് നന്ദിയര്‍പ്പിച്ച് സഭാതനയര്‍

ന്യൂജേഴ്‌സി: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ വൈദീകന്‍ കെവിന്‍ മുണ്ടക്കലിന്‍റെ പൗരോഹിത്യസ്വീകരണത്തിന് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോനാ ദൈവാലയം വേദിയായി. മെയ് 5ന് ശനിയാഴ്ച വൈകീട്ട് 2:30 നായിരുന്നു ചടങ്ങുകള്‍.

ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു അഭിഷേകകര്‍മങ്ങളുടെ മുഖ്യകാര്‍മികന്‍. ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട്, തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരും പ്രാര്‍ത്ഥനാ ശുസ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

രൂപതാ വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷന്‍ ഡയറക്ടറുമായ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്‌സ് ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയ്‌സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. തോമസ് കടുകപ്പിള്ളില്‍ (മുന്‍ വികാര്‍), ഫാ. ജോണ്‍ മേലേപ്പറമ്പില്‍, ഫാ.ക്രിസ്റ്റി പറമ്പുകാട്ടില്‍ (പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി) എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.

രൂപതയുടെ മറ്റു ഇടവകകളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹീതരായിരുന്നു.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസീസമൂഹവും കാര്‍മികരും ബിഷപ്പുമാരും പ്രദക്ഷിണമായി ദൈവാലയത്തിലേക്ക് പ്രവേശിച്ചതോടെയാണ് തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായത്. ആതിഥേയരായ സോമര്‍സെറ്റ് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് കാര്‍മികരെയും വിശ്വാസികളെയും സ്വാഗതംചെയ്തതോടെ പൗരോഹിത്യ അഭിഷേകത്തിന്റെ ആദ്യഭാഗത്തിലേക്ക് പ്രവേശിച്ചു.

ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ (മുന്‍ വൊക്കേഷന്‍ ഡയറക്ടര്‍) ഡീക്കന്‍ കെവിന് തിരുപ്പട്ടം നല്‍കണമെന്ന് രൂപതാധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചു. മാര്‍ അങ്ങാടിയത്ത് അനുമതി നല്‍കിയതോടെ വിശ്വാസപ്രമാണം ചൊല്ലി ഡീക്കന്‍ കെവിന്‍ വിധേയത്വം പ്രഖ്യാപിച്ചു.

വചനപ്രഘോഷണം, വിശ്വാസികളുടെ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷമായിരുന്നു അഭിഷേകകര്‍മം. തിരുവസ്ത്രങ്ങള്‍ അണിയിച്ചതിനെ തുടര്‍ന്ന്, മാര്‍ അങ്ങാടിയത്തും മാര്‍ ആലപ്പാട്ടും സഹകാര്‍മികരും നവവൈദികനെ ആലിംഗനംചെയ്ത് പൗരോഹിത്യകൂട്ടായ്മയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ഫാ. കെവിന്‍ പ്രഥമ ദിവ്യബലിയര്‍പ്പണത്തിനായി അള്‍ത്താരയിലേക്ക് ആനയിക്കപ്പെട്ടു.

ഒരു കുഞ്ഞിന്റെ ജനനം എത്രയോ വലിയ സന്തോഷവും ആനന്ദവുമാവും നമ്മിലുണ്ടാക്കുക. അതുപോലെ നമുക്ക്, ചിക്കാഗോ രൂപതയില്‍ ആദ്യമായി ഒരു ബേബി പ്രീസ്റ്റ് ജനിച്ചിരിക്കുന്നു, ഫാ. കെവിന്‍ മുണ്ടയ്ക്കല്‍. ചിക്കാഗോ സെന്റ് തോമസ് രൂപതയിലെ പ്രഥമ പൗരോഹിത്യാഭിഷേകത്തെ കുഞ്ഞിന്റെ ജനനത്തോട് ഉപമിച്ച് സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നടത്തിയ വചനസന്ദേശം സൃഷ്ടിച്ച കരഘോഷം വിശ്വാസീസമൂഹത്തിന്റെ കൃതജ്ഞതാസമര്‍പ്പണമായിരുന്നു.

വചനസന്ദേശം പങ്കുവെച്ച മാര്‍ ആലപ്പാട്ടിന്റെ വാക്കുകള്‍, ചിക്കാഗോ രൂപതയിലൂടെ അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം നിറവേറ്റേണ്ട ദൈവപദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി. ചിക്കാഗോ രൂപതയുടെ വളര്‍ച്ചാവഴികള്‍ പങ്കുവെച്ചും രൂപതയുടെ സ്വന്തം വൈദികര്‍ക്ക് കാരണക്കാരായവര്‍ക്ക് നന്ദിയര്‍പ്പിച്ചും പൗരോഹിത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചും ദൈവവിളിക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുമാണ് മാര്‍ ആലപ്പാട്ട് പ്രസ്തുത ദൈവനിയോഗം ദൈവജനത്തിലേക്ക് പകര്‍ന്നത്.

ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സമൂഹത്തിനും അഭിമാന നിമിഷമാണിത്. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വിദേശ രൂപതയായ ചിക്കാഗോയ്ക്ക് സ്വന്തം വൈദികരെ ലഭിക്കുന്നു. ചിക്കാഗോ രൂപത ആരംഭിക്കുമ്പോള്‍ അഭിമുഖീകരിച്ച ചോദ്യങ്ങള്‍ അനവധിയായിരുന്നു. തനത് രൂപതയുടെ ആവശ്യമുണ്ടോ, അത് സാധ്യമാണോ എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ് എന്നതിന് തെളിവാണ് ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ച. അമേരിക്കയിലെ മറ്റേതൊരു രൂപതയേപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്നു ഇന്ന് ചിക്കാഗോ രൂപത. അതാണ് ദൈവത്തിന്റെ പ്രവൃത്തി, നമുക്ക് ആനന്ദിക്കാം, അഭിമാനിക്കാം.

ഇവിടെ ജനിച്ചുവളരുന്ന പുതുതലമുറയില്‍നിന്നുള്ള പൗരോഹിത്യ സമര്‍പ്പിത ദൈവവിളികള്‍ അമേരിക്കയിലേക്ക് കുടിയേറിയ സഭാംഗങ്ങള്‍ക്കെല്ലാം പ്രതീക്ഷയുടെ കാഹളനാദമാകും. സീറോ മലബാര്‍ സീറോ മലബാര്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ അഭിമാനിക്കാം. അമേരിക്കയിലെ സീറോ മലബാര്‍ സഭാവളര്‍ച്ചയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയതിലുള്ള കൃതജ്ഞതാര്‍പ്പണം.

ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ കുടിയേറ്റ” നാള്‍വഴിയിലും പതിനെട്ടാം പിറന്നാളിലെത്തിയ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ വളര്‍ച്ചാവഴിയിലും ചരിത്രം കുറിച്ച പ്രഥമ പൗരോഹിത്യ സ്വീകരണം നവ്യാനുഭവംമാത്രമല്ല അവിസ്മരണീയ അനുഭവവുമായി. വൈദികരും സന്യസ്തരും ബിഷപ്പുമാരും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സഭാതനയരുടെ സാന്നിധ്യത്തിലായിരുന്നു ഡീക്കന്‍ കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യാഭിഷേകം. 1400ല്‍പ്പരം വിശ്വാസികളുടെ സാന്നിദ്ധ്യവും സുസ്രൂഷാ ചടങ്ങുകള്‍ക്ക് മാറ്റേകി.

ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയിലെ പ്രഥമ പൗരോഹിത്യാഭിഷേകം ലോകമെമ്പാടുമുള്ള സഭാംഗങ്ങളിലേക്ക് തത്സമയം എത്തിച്ച് ശാലോം മീഡിയയും ഈ ദൈവനിയോഗത്തില്‍ പങ്കുചേര്‍ന്നു.

അടുത്തമാസം ജൂണ്‍ 2ന് ഫ്‌ളോറിഡയിലെ റ്റാമ്പായില്‍ വച്ച് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്‍ രാജീവ് വലിയവീട്ടിലിനെ കൂടാതെ ഒന്‍പതുപേര്‍ ചിക്കാഗോ രൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം നടത്തുന്നുണ്ട്. രണ്ടുപേര്‍ സെമിനാരിയില്‍ ചേരാനുള്ള തയാറെടുപ്പിലുമാണ്.

ചിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിച്ചതിലൂടെ 17 വര്‍ഷംമുമ്പ് ആരംഭിച്ച വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കല്‍ വിളവെടുപ്പിന്റെ നാളുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പ്രസ്തുത ദൈവവിളികള്‍ വെളിപ്പെടുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ദൈവം ഉപകരണാക്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കേണ്ട സമയംകൂടിയാണിത്. ഒന്നുമില്ലായ്മയില്‍നിന്ന് രൂപതയെ പടുത്തുയര്‍ത്തിയ മാര്‍ ജേക്കബ് അങ്ങാടിയത്തുമുതല്‍ രൂപതയിലെ വൈദിക സമൂഹവും ഡീക്കന്മാരുടെ കുടുംബാംഗങ്ങളുമല്ലാം ഇതിന് അര്‍ഹരാണെന്നും മാര്‍ ആലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.

തിരുക്കര്‍മങ്ങള്‍ക്കുശേഷം മാര്‍ അങ്ങാടിയത്ത് ആശംസകള്‍ നേര്‍ന്നു. വൈദികശുശ്രൂഷയിലേക്ക് മകനെ നല്‍കിയ മാതാപിതാക്കള്‍ക്കും ഫാ. കെവിന്റെ ദൈവവിളിക്ക് പ്രചോദനവും പ്രോത്സാഹനവും ഏകിയവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, രൂപതയുടെ ഭാവിവാഗ്ദാനങ്ങളായ പുതുതലമുറയ്ക്ക് ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നാണ് വാക്കുകള്‍ ചുരുക്കിയത്.

ഫാ. കെവിന്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന ഇടവകാംഗമാണെങ്കിലും ദൈവാലത്തിലെ സ്ഥലപരിമിതികളെ തുടര്‍ന്നാണ് പൗരോഹിത്യ സ്വീകരണവേദി സോമര്‍സെറ്റിലേക്ക് മാറ്റിയത്.

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം – വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍പങ്കു ചേര്‍ന്ന് ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ത്ത എല്ലാ വിശ്വാസികള്‍ക്കും ആതിഥേയരായ സോമര്‍സെറ്റ് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് എല്ലാ ഇടവകാംഗങ്ങളെയുംആരിലുള്ള നന്ദി അറിയിച്ചു. പൗരോഹിത്യ സുസ്രൂഷകള്‍ക്കു ആതിഥേയത്വം വഹിച്ചു ശുശ്രൂഷ ചടങ്ങുകള്‍ വന്‍ വിജയമാക്കിതീര്‍ത്ത സോമര്‍സെറ്റ് ഇടവക സമൂഹത്തിന് ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി തന്റെ നന്ദിയും സ്‌നേഹവും അറിയിച്ചു ദൈവത്തിനു നന്ദി പറഞ്ഞു.

വൈദീക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാ.കെവിന്‍ തന്റെ മറുപടി പ്രസംഗത്തില്‍ തന്റെ മാതാപിതാക്കളെ പ്രത്യേകം അഭിന്ദിക്കുകയും തന്നെ ദൈവശുസ്രൂഷാ പദവിയിലേക്കെത്തിക്കാന്‍ എല്ലാ വിധത്തിലും സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചതോടൊപ്പം തന്റെ മാതാപിതാക്കള്‍ക്ക് പ്രത്യേകം നന്ദിയും അറിയിച്ചു. മറ്റു മാതാ പിതാക്കളോടും തങ്ങളുടെ മക്കളെ വിശ്വാസത്തില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന പരിശീലനം നല്‍കണമെന്നും, ദൈവ ശുസ്രൂഷക്കായി മക്കളെ അയക്കാന്‍ മടി കാണിക്കരുതെന്നും അപേക്ഷിച്ചു.

പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം കൈമുത്തല്‍ ചടങ്ങിലും, സ്‌നേഹ വിരുന്നിലും പങ്കെടുത്ത ശേഷമാണ് വിശ്വാസികള്‍ മടങ്ങിയത്.

http://www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post