ഫോമാ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം’ ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍; ഷാലി പന്നിക്കോട് മുഖ്യാതിഥി

അറ്റ്‌ലാന്റാ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍ നടക്കും. സെന്‍ട്രല്‍ ഗ്വിന്നറ്റ് ഹൈസ്കൂളില്‍ ആണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിച്ചിരിക്കുന്നത് .ഫോമയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയണിലുള്ള ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ ,അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വിലെ ,അഗസ്‌റ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന എന്നീ മലയാളി കൂട്ടായ്മയോടുകൂടിയാണ് ഫോമ “മാമാങ്കം” എന്ന് പേരിട്ടിരിക്കുന്ന സാംസ്കാരിക സമന്വയത്തിന് തെളിയുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനികളിലൊന്നായ ആന്തെം ഇന്‍കോര്‍പറേറ്റിലെ വിവര സാങ്കേതികവിദ്യയുടെ ഉപാധ്യക്ഷ ആയ ഷാലി പന്നിക്കോട് ഈ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും .അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഷാലി.

ജൂണ്‍ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്ഘാടന സമ്മേളനം ആരംഭിക്കും.യുവ ജനങ്ങളുടെ സാമൂഹിക അവബോധത്തെ ഉയര്‍ത്തുകയും കലാസാംസ്കാരിക മൂല്യങ്ങളെ പ്രചോദിപ്പിക്കയും, പ്രോത്സാഹിപ്പികയും ചെയ്യുന്നതിന്റെ ഭാഗമായി മനോഹരമായ ഒരു കലാവിരുന്നും മാമാങ്കം വേദിയില്‍ അരങ്ങേറും.

യുവപ്രതിഭകള്‍ക്ക് പങ്കാളിത്തത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് അരങ്ങേറുന്ന ഈ സാംസ്കാരിക സംഗമത്തില്‍ മലയാളി യുവതയുടെ സൃഷ്ടി വൈഭവങ്ങള്‍ കലയുടെ വര്‍ണ്ണ വിസ്മയങ്ങള്‍തീര്‍ക്കും. കണ്‍വീനര്‍ തോമസ് ഈപ്പന്‍ (സാബു) ,കോ കണ്‍വീനര്‍ ബിനു കാസിം ,മാധ്യമ പ്രവര്‍ത്തകയും സാംസ്കാരിക പ്രവര്‍ത്തകയുമായ മിനി നായര്‍ വുമണ്‍ ചെയര്‍ ,കള്‍ച്ചറല്‍ കണ്‍വീനര്‍ ആയി സാമൂഹ്യപ്രവര്‍ത്തകയായ ശ്രീദേവി രഞ്ചിത്ത് ,കലാകാരിയും സംഘാടകയുമായ ഷൈനി അബുബക്കര്‍ ,ടോണി തോമസ് ,മനോജ് തോമസ് ,സാം ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് ഈ കലാമാമാങ്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗം അറ്റ്‌ലാന്റയിലെ “മീല്‍സ് ബൈ ഗ്രെസ് “എന്ന ചാരിറ്റി പ്രസ്ഥാനത്തിന് നല്‍കും .കൂടാതെ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ അറ്റ്‌ലാന്റയില്‍ നിന്നും നാല് കുട്ടികളെ പങ്കെടുപ്പിക്കുന്നതിയായി ഒരു വിഹിതം ചിലവഴിക്കുകയും ചെയ്യും.

ഫോമയുടെ അറ്‌ലാന്റാ സാംസ്കാരികോത്സവമായ മാമാങ്കത്തെ ഏറ്റവും മികവുറ്റതാക്കുവാന്‍ ഈ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാനും റീജിയണല്‍ വൈസ് പ്രസിഡണ്ട് ഇലെക്ട് തോമസ് കെ ഈപ്പനും സംയുകതമായി അഭ്യര്‍ത്ഥിച്ചു.

Share This Post