ആന്റോ കവലയ്ക്കല്‍ ഫോമ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനായ ആന്റോ കവലയ്ക്കല്‍ ഫോമയുടെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളാ അസോസിയേഷന്‍ പൊതുയോഗം കൂടിയാണ് ആന്റോയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജൂണ്‍ 20 മുതല്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷനില്‍ വച്ചാണ് മത്സരം നടക്കുന്നത്.

കര്‍മ്മമണ്ഡലങ്ങളിലെല്ലാം വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ആന്റോ. വിവിധ രംഗങ്ങളില്‍ സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ ആത്മാര്‍ത്ഥതയോടും കാര്യക്ഷമതയോടും പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ആന്റോ പറഞ്ഞു. ഉത്തരവാദിത്വബോധത്തോടെ തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യം കണ്ടെത്തുന്ന ആളാണ് ആന്റോ.

ഫോമ കണ്‍വന്‍ഷനില്‍ ജനറല്‍ കണ്‍വീനര്‍, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റേയും, കേരളാ അസോസിയേഷന്റേയും ട്രഷറര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ പാരീഷ് കൗണ്‍സില്‍ അംഗം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് ആന്റോ.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ കുടുംബസംഗമം പരിപാടിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് ഡോളര്‍ അധികസമാഹരണം നടത്തി നാട്ടിലെ വീടില്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കാനും സാധിച്ചിട്ടുണ്ടെന്ന് ആന്റോ അനുസ്മരിച്ചു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്‍ബലം നല്‍കി തന്നെ വിജയിക്കണമെന്ന് ചിക്കാഗോയിലെ വിവിധ അസോസിയേഷനുകളിലെ ഡെലിഗേറ്റ്‌സിനോടും ദേശീയ കൗണ്‍സില്‍ അംഗങ്ങളോടും, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളോടും അപേക്ഷിക്കുന്നതായും ആന്റോ കലയ്ക്കല്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post