ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ടിന് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ പൂര്‍ണ്ണ പിന്തുണ

ഫ്‌ളോറിഡ: മെയ് 19-ന് വൈകിട്ട് 5 മണിക്ക് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഔദ്യോഗിക ഓഫീസില്‍ യോഗം ചേര്‍ന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ലീല മാരേട്ടിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയുണ്ടായി. പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ജയിംസ് ഇല്ലിക്കലും, കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ലിജു ജോണും സന്നിഹിതനായിരുന്നു.

സംഘടനാംഗങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം എതിര്‍സ്ഥാനാര്‍ത്ഥിയായ മാധവന്‍ നായര്‍ക്ക് പിന്തുണ കൊടുക്കാമെന്നു വാക്കു കൊടുത്തിരുന്നു എന്നതായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയില്ല. എന്തുകൊണ്ടെന്നാല്‍ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു സംഘടനായിരുന്നതിനാല്‍ പൊതുയോഗത്തില്‍ അത് ചോദ്യം ചെയ്തു. എതിര്‍സ്ഥാനാര്‍ത്ഥി മാധവന്‍ നായരും, നാമം എന്ന സംഘടനയും ഫൊക്കാനയില്‍ നിന്ന് പിന്മാറി പോയതാണ്. അതിനാല്‍ ഇപ്രവാശ്യം പിന്തുണ കൊടുക്കാമെന്നു പറയുന്നത് തെറ്റിദ്ധാരാണാജനകമാണ്. അത് ശരിയുമല്ല. എന്നു മാത്രമല്ല, നാമം എന്ന സംഘടന പേരുമാറ്റി നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആയി രംഗത്തു വന്നിരിക്കുന്നു.

അടുത്ത ചര്‍ച്ചാവിഷയം ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ വരുന്നതിനെക്കുറിച്ചാണ്. ഈവര്‍ഷം കണ്‍വന്‍ഷന്‍ നടക്കാന്‍പോകുന്ന ഫിലഡല്‍ഫിയയും, ന്യൂജേഴ്‌സിയും ഫൊക്കാനയിലെ ഒരേ റീജിയന്‍ ആണ്. ഒരേ റീജിയനിലുള്ള ന്യൂജേഴ്‌സിയില്‍ വീണ്ടും കണ്‍വന്‍ഷന്‍ കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ചടങ്ങില്‍ കമ്മിറ്റി അംഗം ബേബിച്ചന്‍ ചാലില്‍ കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഫോമാ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം’ ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍; ഷാലി പന്നിക്കോട് മുഖ്യാതിഥി

അറ്റ്‌ലാന്റാ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍ നടക്കും. സെന്‍ട്രല്‍ ഗ്വിന്നറ്റ് ഹൈസ്കൂളില്‍ ആണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിച്ചിരിക്കുന്നത് .ഫോമയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയണിലുള്ള ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ ,അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വിലെ ,അഗസ്‌റ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന എന്നീ മലയാളി കൂട്ടായ്മയോടുകൂടിയാണ് ഫോമ “മാമാങ്കം” എന്ന് പേരിട്ടിരിക്കുന്ന സാംസ്കാരിക സമന്വയത്തിന് തെളിയുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനികളിലൊന്നായ ആന്തെം ഇന്‍കോര്‍പറേറ്റിലെ വിവര സാങ്കേതികവിദ്യയുടെ ഉപാധ്യക്ഷ ആയ ഷാലി പന്നിക്കോട് ഈ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും .അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഷാലി.

ജൂണ്‍ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്ഘാടന സമ്മേളനം ആരംഭിക്കും.യുവ ജനങ്ങളുടെ സാമൂഹിക അവബോധത്തെ ഉയര്‍ത്തുകയും കലാസാംസ്കാരിക മൂല്യങ്ങളെ പ്രചോദിപ്പിക്കയും, പ്രോത്സാഹിപ്പികയും ചെയ്യുന്നതിന്റെ ഭാഗമായി മനോഹരമായ ഒരു കലാവിരുന്നും മാമാങ്കം വേദിയില്‍ അരങ്ങേറും.

യുവപ്രതിഭകള്‍ക്ക് പങ്കാളിത്തത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് അരങ്ങേറുന്ന ഈ സാംസ്കാരിക സംഗമത്തില്‍ മലയാളി യുവതയുടെ സൃഷ്ടി വൈഭവങ്ങള്‍ കലയുടെ വര്‍ണ്ണ വിസ്മയങ്ങള്‍തീര്‍ക്കും. കണ്‍വീനര്‍ തോമസ് ഈപ്പന്‍ (സാബു) ,കോ കണ്‍വീനര്‍ ബിനു കാസിം ,മാധ്യമ പ്രവര്‍ത്തകയും സാംസ്കാരിക പ്രവര്‍ത്തകയുമായ മിനി നായര്‍ വുമണ്‍ ചെയര്‍ ,കള്‍ച്ചറല്‍ കണ്‍വീനര്‍ ആയി സാമൂഹ്യപ്രവര്‍ത്തകയായ ശ്രീദേവി രഞ്ചിത്ത് ,കലാകാരിയും സംഘാടകയുമായ ഷൈനി അബുബക്കര്‍ ,ടോണി തോമസ് ,മനോജ് തോമസ് ,സാം ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് ഈ കലാമാമാങ്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗം അറ്റ്‌ലാന്റയിലെ “മീല്‍സ് ബൈ ഗ്രെസ് “എന്ന ചാരിറ്റി പ്രസ്ഥാനത്തിന് നല്‍കും .കൂടാതെ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ അറ്റ്‌ലാന്റയില്‍ നിന്നും നാല് കുട്ടികളെ പങ്കെടുപ്പിക്കുന്നതിയായി ഒരു വിഹിതം ചിലവഴിക്കുകയും ചെയ്യും.

ഫോമയുടെ അറ്‌ലാന്റാ സാംസ്കാരികോത്സവമായ മാമാങ്കത്തെ ഏറ്റവും മികവുറ്റതാക്കുവാന്‍ ഈ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാനും റീജിയണല്‍ വൈസ് പ്രസിഡണ്ട് ഇലെക്ട് തോമസ് കെ ഈപ്പനും സംയുകതമായി അഭ്യര്‍ത്ഥിച്ചു.

അന്നമ്മ ബേബി നിര്യാതയായി

ഫിലാഡല്‍ഫിയ: പരേതനായ പി.വി. ബേബിയുടെ ഭാര്യയും അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ അന്നമ്മ ബേബി നിര്യാതയായി.

മക്കള്‍: ജോസ്, ഷേര്‍ളി, ആലീസ്, ജെസി, ജെന്‍സണ്‍. മരുമക്കള്‍:മിനി, ജിജു, ഷാജി, പ്രസാദ്, അഭീന.

വ്യൂവിംഗ് ജൂണ്‍ 3-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ( Ascension Marthoma Church, 10197 Northeast Ave, Philadelphia, PA 19116 ) നടത്തുന്നതാണ്. ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച രാവിലെ 10 ന് അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്ന് 11-നു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയിലും (Forest Hills Cemetery, 25 Byberry Road, Huntingdon Valley, PA 19006) നടത്തും. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മേയർ സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷൻ സ്വീകരണം നൽകി

ഡാളസ്: ടെക്‌സാസിലെ സണ്ണിവെയ്ല്‍ സിറ്റിയിൽ നിന്നും മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷന്റെ (DMA) നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ഇർവിങ് പസന്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ടെക്‌സാസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി ആളുകളും അഭ്യൂദയകാംഷികളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

ഡിഎംഎ മുൻ പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഡിഎംഎ പ്രസിഡന്റ് സാം മത്തായി അധ്യക്ഷ പ്രസംഗം നടത്തി. ഫോമാ സതേൺ റീജണൽ ചെയർമാൻ ബിജു തോമസ് ആസംസയർപ്പിച്ചു. ഫോമാ പ്രസിഡന്റ് സ്‌ഥാനാർഥിയും ഡിഎംഎ മുൻ പ്രസിഡന്റുമായ ഫിലിപ്പ് ചാമത്തിൽ മേയറെ അനുമോദിക്കുകയും എട്ടുവർഷം മുൻപ് സണ്ണിവെയ്ല്‍ സിറ്റിയിൽ കൗൺസിലായി വിജയിച്ചു അമേരിക്കൻ മണ്ണിൽ കർമ്മ മേഖല തുടങ്ങി ഇപ്പോൾ വൻ പൂരിപക്ഷത്തോടെ മേയർ പദത്തിലെത്തിയ മേയർ സജി ജോർജ് പ്രവാസികൾക്കും അതുപോലെ അമേരിക്കയിലെ പുതിയ തലമുറക്ക് മാതൃകയുമാണന്നു ചാമത്തിൽ പറഞ്ഞു.

സജി ജോർജ് ഡാളസിലെ മലയാളികലെ അഭിമുഖീകരിച്ചു സംസാരിച്ചു. ഫോമാ പ്രസിഡന്റായി മത്സരിക്കുന്ന ഫിലിപ്പ് (രാജു) ചാമത്തിലിനു വിജയാശംസകൾ നേർന്ന മേയർ, ഡാളസ് മലയാളീ അസോസിയേഷനും ഡാളസിലെ പ്രവാസി സമൂഹത്തിനും തന്ന സഹകരണങ്ങൾക്കു നന്ദി പറഞ്ഞു. പ്രവാസിതലമുറയെ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഡിഎഫ്ഡബ്ള്യൂ ഇർവിങ് ഇന്ത്യൻ ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് വിലങ്ങോലിൽ, ഡാളസ് എയ്‌സ്‌ ലയൺസ് ക്ലബ് പ്രസിഡന്റ് ജോജോ കോട്ടക്കൽ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ്റ് റ്റി. സി ചാക്കോ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ്റ് റ്റി. എൻ നായർ , തിരുവല്ല അസോസിയേഷൻ മുൻ പ്രസിഡന്റ് സോണി ജേക്കബ് , കേരളാ വോളിബാൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക ചെയർമാൻ സുനിൽ തലവടി, റാന്നി അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ജോസൻ ജോർജ്, സതീഷ് ചന്ദ്രൻ (ബോർഡ് ഡയറക്റ്റർ , ചിന്മയ മിഷൻ) , തോമസ് ഒലിയാംകുന്നേൽ, രാജൻ യോഹന്നാൻ, പ്രേംദാസ് മാമ്മഴിയില്‍ (ഫോമ സൗത്ത് റീജിയൻ പ്രതിനിധികൾ, ഹൂസ്റ്റൺ ) തുടങ്ങി ടെക്‌സാസിലെ സാമൂഹിക സംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേർ മേയറെ അനുമോദിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു

ഡിഎംഎ സെക്രട്ടറി ലിജി തോമസ് നന്ദി പ്രസംഗം പറഞ്ഞു. മീന നിബു ചടങ്ങിൽ എംസി ആയിരുന്നു.

മാർട്ടിൻ വിലങ്ങോലിൽ

പ്രവാസി സംഘടനകൾ – ഒരു ചിന്ത !

അമേരിക്കയിൽ മലയാളി സംഘടനകളുടെ ഇലെക്ഷനുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാ മാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ലോക്കൽ സംഘടനകൾ മുതൽ ദേശിയ സംഘടനകൾ വരെ പരന്ന് നിരന്ന് കിടക്കുന്ന ഇലെക്ഷൻ വാർത്തകൾ. സത്യത്തിൽ ഇത്രയ്ക്ക് വാശി വരാൻ എന്താണ് ഈ സംഘടനകളിൽ ഉള്ളത്? അമേരിക്കയിലെ സംഘടന പ്രവർത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവർത്തനം കൂടി ആണെന്ന് ഈ ഉള്ളവൻ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവർത്തനം. പക്ഷേ ചിലർക്ക് അതിൽ കൂടി കിട്ടുന്ന പ്രശംസയിൽ ആണ് കണ്ണ്. തന്റെ ചിത്രം 3 -4 മാദ്ധ്യമങ്ങളിലും ഓൺലൈനിലും കണ്ടാൽ കിട്ടുന്ന ആനന്ദം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അതിന് വേണ്ടി എന്ത് തന്ത്രവും കുതന്ത്രവും പയറ്റാൻ ഈ കൂട്ടർ റെഡി ആണ്.

ഏത് യുദ്ധത്തിനും ഉണ്ട് ഒരു ധർമ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ സംഘടന ഭാരവാഹികൾ തയ്യാറാവരുത്. “യഥോ ധർമ്മ .. തദോ ജയ: ” എന്ന വാക്യം എല്ലാവരും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. എതിർ പാനൽ മത്സരാത്ഥികൾക്കെതിരെ ഉള്ള അപവാദ പ്രചാരണം ആണ് ഇപ്പോൾ കണ്ട് വരുന്നത്. സ്ത്രീകളെ പോലും ഈ കൂട്ടർ വിടില്ല എന്നത് ദോഷകരമായ ഒരു പ്രവണത ആണ്. സ്ഥാനാർത്ഥികളുടെ വീട്ടിൽ ഇരിക്കുന്നവരെ കുറിച്ച് പറയുന്നവരും ധാരാളം. അവരുടെ പൂർവ്വകാല ചരിത്രത്തിൽ ഗവേഷണം നടത്തുന്ന ഗ്രൂപ്പ് മാനേജർമാർ സജ്ജീവം.

സംഘടനയുടെ ചെക്ക് മുക്കുന്നു, വിർജീനിയയിൽ താമസിക്കുന്ന ആളെ എലെക്ഷനിൽ മത്സരിപ്പിക്കുവാൻ വേണ്ടി ന്യൂ യോർക്കിലെ സംഘടനയുടെ സെക്രട്ടറി ആക്കുന്നു, ക്യാഷ് കൊടുത്തു സംഘടനെ തന്നെ വിലക്ക് വാങ്ങുന്നു, സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു തുടങ്ങി ഉള്ള കലാപരിപാടികൾ നടത്തുന്ന ഗ്രൂപ്പ് മാനേജർമാർ അറിയേണ്ട ഒന്നുണ്ട്… എലെക്ഷൻ വരും … പോകും. മത്സരാത്ഥികളും അവരുടെ കുടുംബങ്ങളും ഇവിടെ ഒക്കെ തന്നെ ഇനിയും ജീവിക്കും. ഇതിനും മുമ്പ് എത്രയോ എലെക്ഷൻ വന്നിരിക്കുന്നു… കഴിഞ്ഞിരിക്കുന്നു.. വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ കൂടി ഉതകുന്നതാവണം സംഘടനകൾ. അല്ലാതെ പരസ്പരം കണ്ടാൽ ചിരിക്കാൻ പോലും വിമുഖത തോന്നുന്ന ആളുകൾ പങ്കെടുക്കുന്ന കൺവെൻഷന് അധികം ആരും വരും കാലങ്ങളിൽ ഉണ്ടാവില്ല. സംഘടനകളിൽ നിന്നും നമ്മുടെ കുട്ടികൾ അകലുന്നത് അവർക്ക് ഈ കാണിച്ചു കൂട്ടുന്ന , അവരുടെ ഭാഷയിൽ പറയുക ആണെങ്കിൽ, BS കാണാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രം ആണ്. മനുഷ്യരിലെ നന്മ അറിയണം, ആസുരിക ഭാവം സംഘടനയിലേക്ക് കൊണ്ട് വരാതെ ഇരിക്കണം. ഒന്ന് മനസ്സിലാക്കണം – കുടുംബത്തിൽ വേണ്ടാത്തവരെ, സമൂഹത്തിന് വേണ്ടാത്തവരെ, നാടിന് വേണ്ടാത്തവരെ ഒരു സംഘടനക്കും ചുമക്കാൻ പറ്റില്ല. മത്സരങ്ങൾ ആരോഗ്യപരമായിരിക്കണം. തോൽക്കുന്നവർ പൂർണ്ണ മനസ്സോടെ അത് അംഗീകരിക്കണം. വിജയിക്കുന്നവരുടെ കൂടി നിന്ന് പ്രവർത്തിക്കാൻ തയ്യാറാവണം. അല്ലാതെ സംഘടന തിരഞ്ഞെടുപ്പുകൾ തമ്മിൽ തല്ലിന്റ്റെ വേദികൾ ആക്കരുത്. വളരും തോറും പിളർത്താൻ ശ്രമിക്കരുത്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ മാറ്റി നിർത്തി കഴിവുള്ളവരെ അംഗീകരിക്കണം. ഒന്ന് ഓർക്കണം, നിങ്ങൾ ജോലി ചെയ്താലേ മോർട്ടഗേജ് അടക്കാൻ പറ്റൂ. നിങ്ങൾക്ക് വേണ്ടി അത് ആരും അടക്കുകയില്ല. കുടുംബം കുട്ടികളെക്കാൾ വലുതാണോ മനുഷ്യ ബന്ധങ്ങളെക്കാൾ വലുതാണോ ഈ സംഘടന തിരഞ്ഞെടുപ്പുകൾ എന്ന് ഓർക്കണം, ഓർത്താൽ നന്ന്.

(കൊച്ചാപ്പി )

റവ. ജേക്കബ്. പി. തോമസിനു ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. ജേക്കബ്. പി. തോമസിനും കുടുംബത്തിനും ജോർജ് ബുഷ് ഇ ന്റര്കോണ്ടിനെന്റൽ വിമാനത്താവളത്തിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി. അസി.വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ഇടവക ചുമതലക്കാർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഓതറ മംഗലം സെന്റ് തോമസ് ഇടവകാംഗവും പരുത്തിമുട്ടത്ത് കുടുംബാംഗവുമായ അച്ചൻ കലഹണ്ഡി മിഷൻ ഫീൽഡ് മിഷനറി, ഫരീദബാദ് ധർമജ്യോതി വിദ്യാപീഡ് അധ്യാപകൻ, അയിരൂർ കാർമ്മൽ മാർത്തോമാ ഇടവക വികാരി എന്നീ നിലകളിൽ ശുശ്രൂഷ ചെയ്ത അനുഭവ സമ്പത്തുമായാണ് ഹൂസ്റ്റണിൽ എത്തിയിരിയ്ക്കുന്നത്. ചെന്നൈ ഗുരുകുൽ തെയോളോജിക്കൽ കോളേജിൽ നിന്നും എം.ടി.എച് (MTh) ബിരുദ പഠനത്തിന് ശേഷം കോട്ടയം വൈദിക സെമിനാരിയിൽ ഡോക്ടറൽ പഠനവും നടത്തി വരുമ്പോഴാണ് ഹൂസ്റ്റണിൽ വികാരിയായി എത്തുന്നത്.

അച്ചന്റെ സഹധർമ്മിണി റിൻസി ജോൺ കൊട്ടാരക്കര വാളകം സ്വദേശിയും കിഴക്കേവിള കുടുംബാംഗവുമാണ്. മക്കളായ ഹർഷ സൂസൻ ജേക്കബും ഹന്നാ മറിയം ജേക്കബും സ്കൂൾ വിദ്യാർത്ഥികളാണ്.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമാക്കു ന്നതിനു അച്ചന്റെ അനുഭവസമ്പത്തു ഒരു മുതൽകൂട്ടായി മാറുമെന്ന് ഇടവക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. ട്രിനിറ്റി ഇടവകയുടെ പെയർലാൻഡിലുള്ള പുതിയ പാഴ്സനേജിലും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ വരവേൽപിനു റവ. ജേക്കബ്. പി .തോമസ് നന്ദി പ്രകാശിപ്പിച്ചു.

ജീമോൻ റാന്നി

ഒക്കലഹോമ റസ്‌റ്റോറന്റില്‍ വെടിവെപ്പ് നാല് പേര്‍ക്ക് പരിക്ക് അക്രമിയെ വെടിവെച്ച് കൊന്നു

ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലെ ലവീസ് ഓണ്‍ ദ ലേക്ക് റസ്‌റ്റോറന്റില്‍ ഇന്ന് (മെയ് 24) വൈകിട്ട് 6.30 ന് നടന്ന വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് ബെര്‍ത്ത് ഡെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായിരുന്നു വെടിയേറ്റത്.

അക്രമി കൂടുതല്‍ വെടിയുതിര്‍ക്കുന്നതിന് മുമ്പ് റസ്‌റ്റോറന്റില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒക്കലഹോമയില്‍ നടന്നത് ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം ടെന്നിസ്സിയിലെ വാഫിള്‍ ഹൗസില്‍ അക്രമിനടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. വാഫിള്‍ ഹൗസില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗണ്‍മാനമായി ഏറ്റുമുട്ടി കീഴടക്കിയതിനാല്‍ കൂടുതല്‍ മരണം ഒഴിവാക്കിയിരുന്നു പോലീസ് പിന്നീട് ഇയ്യാളെ അറസ്റ്റ് ചെയ്തു.

ഒക്കലഹോമ മേയര്‍ ഡേവിഡ് ഹോള്‍ട്ട് പോലീസ് ചീഫും, സിറ്റി മാനേജരുമായി സംസാരിച്ചതിന് ശേഷം സംഭവത്തിന് സ്ഥിരീകരണം നല്‍കി പോലീസ് അന്വേഷണം ആരംഭിച്ചു.

പി.പി. ചെറിയാന്‍

കൊലക്കേസ്സില്‍ 50 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുമ്പോള്‍ പ്രതി ഗാഢ നിദ്രയില്‍!

ബ്രൂക്ക്‌ലിന്‍: 2014 ല്‍ ആറ് വയസ്സുള്ള പ്രില്‍സ് ജോഷ്വാഖയെ എലവേറ്ററിനകത്ത് വെച്ച് കുത്തിക്കൊല്ലുകയും, കൂട്ടുകാരി ഏഴ് വയസ്സുള്ള മിക്കയ്‌ല കാപ്പേര്‍ഗ്‌സിസെ മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡാനിയേല്‍ ഹബര്‍ട്ടിനെ (31) മെയ് 22 ചൊവ്വാഴ്ച ബ്രൂക്കലിന്‍ കോടതി 50 വര്‍ഷത്തെ ശിക്ഷക്ക് വിധിക്കുമ്പോള്‍ പ്രതി ഇതോന്നും കേള്‍ക്കുകയോ, കാണുകയോ ചെയ്യാതെ ഗാഢ നിദ്രയില്‍.

ശീതീകരിച്ച കോടതി മുറിയില്‍ ജഡ്ജി വിധി വായിക്കുമ്പോള്‍, ചൂടും, തണുപ്പും, കാറ്റും സഹിച്ചു ഭവന രഹിതനായി കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി മുറിയിലല്ലാതെ എങ്ങനെയാണ് ഇത്രയും സുഖമായി ഉറങ്ങുവാന്‍ കഴിയുക.

ബ്രൂക്കിലിനെ വീടിന് മുന്‍വശത്തു കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളും വൈകിട്ട് 5 മണിയോടെ പ്രിന്‍സിന്റെ വീട്ടിലേക്ക് പോകുന്നതിന് എലിവേറ്ററിന് സമീപം എത്തിയപ്പോഴാണ് ഇവരെ പിന്തുടര്‍ന്നിരുന്ന ഡാനിയില്‍ ഇരുവരേയും കു്ത്തിയത്. 11 കുത്തേറ്റ പ്രിന്‍സ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മിക്കയ്‌ലയ 16 തവണയാണ് കുത്തിയതെങ്കിലും ആശുപത്രിയില്‍ എത്തിച്ച ഈ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കുട്ടികളെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ എന്താണ് കാരണമെന്ന് തിരക്കിയ ജഡ്ജി മുമ്പാകെ ഡാനിയേല്‍ പറഞ്ഞത് സാത്താനാണ് അതിന് പ്രേരിപ്പിച്ചതെന്നായിരുന്നു. സംഭവത്തിന് ശേഷം പോലീസ് പിടികൂടി. ഇത്രയും കാലം ഭവനരഹിതനായി വഴിയോരങ്ങളില്‍ കഴിഞ്ഞിരുന്ന ഡാനിയേലിന് ഇനി 3 നേരത്തെ സുഭിക്ഷമായ ആഹാരവും, സുഖ നിദ്രയും ലഭിക്കുമെന്ന ആശ്വാസമായിരിക്കാം കോടതി വിധിയിലൂടെ കണ്ടെത്തിയത്.

പി.പി.ചെറിയാന്‍

നിക്കി ഹേലി ഗാന്ധിപാര്‍ക്കില്‍ രാഷ്ട്ര പിതാവിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു

ഇര്‍വിംഗ് (ഡാളസ്): അമേരിക്കയുടെ യു എന്‍ അംബാസിഡറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഇര്‍വിംഗിലുള്ള മഹാത്മാ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു രാഷ്ട്രപിതാവിന്റെ പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മെയ് 23 ബുധനാഴ്ച ഉച്ചയോടെ കഠിന ചൂടിനെ പോലും അവഗണിച്ച് കനത്ത സുരക്ഷാ വലയത്തില്‍ ഗാന്ധിപാര്‍ക്കില്‍ എത്തിചേര്‍ന്ന നിക്കി ഹേലിയ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് ഡോ പ്രസാദ് തോട്ടകുറയും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വകരിച്ചു.

തുടര്‍ന്ന് മഹാത്മാ ഗാന്ധി സ്മാരകത്തില്‍ എത്തി ചേര്‍ന്ന് നിക്കി അവിടെ എഴുതിവെച്ചിരുന്ന മഹാത്മജിയുടെ മഹത് വചനങ്ങള്‍ ഓരോന്നായി സസൂഷ്മം വായിച്ചു. 2014 ല്‍ ഗാന്ധിപാര്‍ക്കിന്റെ ഗ്രൗണ് ബേക്കിങ്ങ് സെറിമണിയില്‍ പങ്കെടുത്ത ശേഷം ആദ്യമായാണ് ഹേലി ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.

തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഖ്യതിഥിയെ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ രാഷ്ട്ര പിതാവിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയ നേതാക്കളേയും നിക്കി പ്രത്യേകം അഭിനന്ദിച്ചു. മഹാത്മാ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ പോലും പ്രതക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് നിക്കി പറഞ്ഞു.

യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധികളായ പി പി ചെറിയാന്‍, ജോസ് പ്ലാക്കാട്ട് എന്നിവരും ടെക്‌സസ്സിലെ പ്രധാന വാര്‍ത്താ ചാനലുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. മെയ് 22 ചൊവ്വാഴ്ച ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിക്കി ഹേലി പ്രസംഗിക്കവെ പാലസ്ത്യന്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കിയ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പി.പി.ചെറിയാന്‍

അമിതമായി കഞ്ചാവ് ഉപയോഗിച്ച 87 പേര്‍ വിഷബാധയേറ്റ് ചികിത്സയില്‍

ബ്രൂക്ക് ലിന്‍ (ന്യൂയോര്‍ക്ക്): ബ്രൂക്ക് ലിനിലും പരിസര പ്രദേശങ്ങളിലും അമിതമായി കഞ്ചാവ് ഉപയോഗിച്ചു രോഗാതുരരായ 87 പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

പ്രത്യേക ഗ്രൂപ്പിലുള്ള സിന്തറ്റിക്ക് മാരിജുവാന (കഞ്ചാവ്) യില്‍ അടങ്ങിയിരിക്കുന്ന വിഷാംശമാണ് രോഗത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരണം സംഭവിക്കാവുന്ന അത്രയും വിഷാംശം ഇതിലടങ്ങിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇത്രയും അധികം മയക്കുമരുന്ന് എങ്ങനെയാണ് ബ്രൂക്ക് ലിനില്‍ എത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. ഈസ്റ്റ് ന്യൂയോര്‍ക്ക്, ബ്രൗണ്‍സ് വില്ല തുടങ്ങിയ സ്ഥലങ്ങളിലെ ഹോം ലെസ് ഷെല്‍ട്ടറുകളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും ചികിത്സയിലുള്ളത്.

ഗ2 വിഭാഗത്തിലുള്ള കഞ്ചാവ് വില്‍പന നടത്തുന്ന പതിനഞ്ചോളം പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. ന്യൂയോര്‍ക്കില്‍ കഞ്ചാവ് വേട്ട നടത്തുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്.

പി.പി.ചെറിയാന്‍