സോമര്‍സെറ്റ് സെന്‍റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

മാര്‍ച്ച് 30 ന് വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ദിവ്യ കാരുണ്യ കൊന്തയോടെ ദുഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന കുരിശിന്റെ വഴിയില്‍ ഓരോ വ്യക്തികളും തങ്ങളുടെ നിത്യ ജീവിതത്തിലെ സഹനങ്ങളും കുരിശുകളും ധ്യാനചിന്തകളോട് ചേര്‍ത്തു പങ്കുവെച്ചു.

തുടര്‍ന്ന് നേര്‍ച്ച കഞ്ഞിക്കു ശേഷം റെജിമോന്‍ എബ്രഹാം സംവിധാനം ചെയ്ത് സോഫിയ റിജോയുടെ നേതൃത്വത്തില്‍ ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്കാരം ഏറെ ഹൃദയസ്പര്‍ശിയായി മാറി.

ഇടവക വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്‌നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു.

തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കല്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷം 10:8 ഉദ്ധരിച്ച് പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച് നടത്തിയ വചനശുശ്രൂഷ ദുഖവെള്ളിയാഴ്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ ഹൃദയസ്പര്‍ശവുമായിരുന്നു .

” ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍” ലൂക്കാ (10 :8). എങ്ങനെ സ്വീകരിക്കുന്നു എന്നതനുസരിച്ചാണ് നാം ഓരോരുത്തരും ക്രിസ്ത്യാനി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്നും, നമ്മുടെ സഹനങ്ങളേയും കുരിശുകളേയും മാറ്റാനല്ല മറിച്ചു നിന്റെ കരങ്ങളിലേക്ക് എന്റെ അല്‍മാവിനെ, എന്റെ ജീവന്, എന്റെ കുടുംബത്തെ, എന്റെ സഹനത്തെ ഞാന്‍ സമര്‍പ്പിക്കുന്നു എന്ന് പറയുവാനുള്ള മനസ്സാണ് ഓരോ കൃസ്ത്യാനിക്കും ഉണ്ടായിരിക്കേണ്ടത് എന്നും വിവിധ അനുഭവ സാക്ഷ്യങ്ങളിലൂടെ തന്റെ വചന സന്ദേശത്തില്‍ പങ്കുവെച്ചു.

വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും, ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. “കുരിശിന്റെ വഴി” യിലൂടെ പങ്കുവെച്ച ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി.

ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ദുഖവെള്ളിയാഴ്ചയിലെ വിശുദ്ധകര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, സാബിന്‍ മാത്യു, മിനേഷ് ജോസഫ് എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും പ്രത്യേകിച്ച് മരിയന്‍ മതേര്‍സ് ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, പങ്കെടുത്ത, യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് നന്ദി അറിയിച്ചു.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post