റവ. ഏബ്രഹാം സ്കറിയയ്ക്കും, റവ.ഡോ. കെ. സോളമനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം

മാര്‍ത്തോമാ സഭയുടെ ചിക്കാഗോയിലെ രണ്ട് ദേവാലയങ്ങളില്‍ നിന്നും സ്തുത്യര്‍ഹമായ മൂന്നു വര്‍ഷത്തെ സേവനങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ. ഏബ്രഹാം സ്കറിയയ്ക്കും, റവ.ഡോ. കെ. സോളമനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രാമംഗളം നേര്‍ന്നു.

പ്രസിഡന്റ് റവ. ജോണ്‍ മത്തായിയുടെ അധ്യക്ഷതയില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം ഹൃദ്യവും, വികാരനിര്‍ഭരവുമായ ചടങ്ങിനു സാക്ഷ്യംവഹിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ഏബ്രഹാം സ്കറിയ അച്ചന്റേയും, കൗണ്‍സിലിന്റെ വിവിധ രംഗങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച സോളമന്‍ അച്ചന്റേയും പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്ന് പ്രസിഡന്റ് ജോണ്‍ മത്തായി അച്ചനും, സ്വാഗതം ആശംസിച്ച ബാബു മഠത്തില്‍പ്പറമ്പില്‍ അച്ചനും പ്രസ്താവിച്ചു.

റവ.ഫാ. മാത്യൂസ് ജോര്‍ജ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ ബഹുമാനപ്പെട്ട അച്ചന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തങ്ങളുടെ മറുപടി പ്രസംഗത്തില്‍ ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തനങ്ങളായിരിക്കുമെന്നും, തങ്ങളുടെ ഹൃദയത്തിന്റെ ചെപ്പില്‍ ആ സ്മരണകള്‍ ആജീവനാന്തം സൂക്ഷിക്കുമെന്നും പറയുകയുണ്ടായി. കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനുള്ള അവസരം ലഭിച്ചതിലും, ഇതിന്റെ ആത്മാര്‍ത്ഥതയുള്ള ഒരു സംഘം ചെറുപ്പക്കാരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിനുമുള്ള നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് കൗണ്‍സിലിന്റെ ഉപഹാരം വന്ദ്യ സ്കറിയ തെലാപ്പള്ളി കോര്‍എപ്പിസ്‌കോപ്പയും, റവ.ഡോ. മാത്യു ഇടിക്കുള അച്ചനും വൈദീകര്‍ക്ക് സമ്മാനിച്ചു. സെക്രട്ടറി ടീന തോമസ്. ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

Share This Post