നെഹ്റു കോളേജ് സംഭവം കൂട്ടുനിന്ന അധ്യാപകർക്കെതിരെയും നടപടിയെടുക്കണം – പ്രവാസി കോൺഗ്രസ്സ്

കാഞ്ഞങ്ങാട്: ഒരു കലാലയത്തെ മുഴുവൻ ഭീഷണിയുടെയും, അക്രമത്തിന്റെയും മുൾമുനയിൽ നിർത്തി, ലഹരിക്കടിമപെട്ടും, മറ്റും ക്ലാസുകളിൽ ഹാജരാവാതെ നടന്ന് പരീക്ഷയ്ക്ക് അറ്റൻഡൻസ് തികയാതെ വന്നപ്പോൾ ഹാജർ നൽകണമെന്ന് വ്യാജ രേഖ ചമച്ച വിദ്യാർത്ഥികളുടെ ഗുരുതരമായ തട്ടിപ്പിനും, യാത്രയയപ്പ് ദിനത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ നടന്ന മാപ്പർഹിക്കാത്ത നടപടിക്കും കൂട്ടുനിന്ന അധ്യാപകർക്കെതിരെ ക്രിമിനൽ കേസ്സെടുത്ത് നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സമാധാനപരമായി പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ ഒരു മാതൃകാ കലാലയത്തിൽ, കുറച്ച് വർഷങ്ങളായി രാഷ്ട്രീയ തിമിരം ബാധിച്ച ഒന്നോ, രണ്ടോ അധ്യാപകരുടെ താത്പര്യപ്രകാരം ചില വിദ്യാർത്ഥികളെ വഴിതെറ്റിച്ച് നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റി നിരന്തരം പരാതി ലഭിച്ചിട്ടും നിയമപാലകർ കൈയ്യും കെട്ടി നോക്കി നിന്നതിന്റെ പ്രതിഫലനമാണ് പ്രധാന അധ്യാപികയുടെ യാത്രയയപ്പിനിടെ നടന്ന സാംസ്കാരിക കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നും, പ്രധാന അധ്യാപിക നൽകിയ പരാതികളിലൊന്നിലും നടപടി സ്വീകരിക്കാതെ രാഷ്ട്രീയ ഏമാന്മാരുടെ ഏറാൻ മൂളികളായി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥന്മാർ മാറിയതിനാലുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതെന്നും, വീഴ്ച്ച വരുത്തിയ അധ്യാപകർക്കെതിരെയും, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

നിരന്തരം വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായിട്ടും, അക്രമങ്ങളുണ്ടായിട്ടും യാതൊരു സമ്മർദ്ധങ്ങൾക്കും കീഴ്പ്പെടാതെ, ഭയപ്പെടാതെ വിദ്യാർത്ഥികളെ തെറ്റു തിരുത്താൻ സ്വന്തം മക്കളോടെന്ന പോലെ നിലപാട് സ്വീകരിച്ച പ്രധാന അധ്യാപികയെ അഭിനന്ദിക്കുന്നുവെന്നും യോഗം പ്രമേയം പാസ്സാക്കി.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, സംസ്ഥാന സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമെദ്, സിജോ ചാമക്കാല, ജില്ലാ സെക്രട്ടറി കണ്ണൻ കരുവാക്കോട്, ഗംഗാധരൻ തൈക്കടപ്പുറം, ജോർജ്ജ് കരിമഠം, നിധീഷ് യാദവ്, സൂരജ് തട്ടാച്ചേരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അച്ചുതൻ മുറിയനാവി, കൃഷ്ണലാൽ തോയമ്മൽ, നിയാസ് ഹോസ്ദുർഗ്ഗ് തുടങ്ങിയവർ സംസാരിച്ചു.

Share This Post