മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്…

സാമച്ചന്‍ എന്നു സ്‌നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഏബ്രഹാം സ്കറിയ ചിക്കാഗോയോട് വിടപറയുന്നു. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയായി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയ സാമച്ചനും കുടുംബവും സഭയുടെ ചട്ടപ്രകാരം കോട്ടയം തിയോളജിക്കല്‍ സെമിനാരിയിലെ നിയമനം ഏറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുന്നു.

ഈ കഴിഞ്ഞ മൂന്നുവര്‍ഷം ചിക്കാഗോയുടെ മണ്ണില്‍ സഫലവും സാര്‍ത്ഥകവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ വലിയവനായ ദൈവം അച്ചനെ എടുത്തുപയോഗിച്ചു. അച്ചന്റെ മൂന്നുവര്‍ഷത്തെ ഇടവക സേവനത്തില്‍ രണ്ടുവര്‍ഷം സെക്രട്ടറിയായി അച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു. ദര്‍ശനത്തിന്റെ മിഴിവും, ചിന്താപരമായ വ്യക്തതയും, നര്‍മ്മം വിതറുന്ന ശൈലിയും അച്ചന്റെ നേതൃത്വത്തിന്റെ എടുത്തുപറയേണ്ട ഗുണങ്ങളാണ്. യാത്രകളിലൂടെ നേടിയ അനുഭവജ്ഞാനവും പരന്ന വായനയും അച്ചന്റെ ഇടപെടലുകളില്‍ ദൃശ്യമായിരുന്നു. പെരുമാറ്റത്തിലെ സൗമ്യതയും ദീര്‍ഘവീക്ഷണത്തോടെയുള്ള സംഭാഷണങ്ങളും, ബന്ധങ്ങളിലെ സുതാര്യതയും സര്‍വ്വോപരി ദൈവ വചനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവഗാഹവും അച്ചന്റെ പൗരോഹിത്യത്തെ വേറിട്ടതാക്കുന്നു. ഭാവിയിലെപ്പോഴോ കാണുന്ന ഒരു ദൈവ രാജ്യത്തെപ്പറ്റി പ്രസംഗിക്കാതെ ആയിരിക്കുന്ന അവസ്ഥയില്‍ എങ്ങനെ ദൈവരാജ്യം സ്ഥാപിതമാക്കാം എന്നത് അച്ചന്റെ പ്രസംഗങ്ങളുടെ ഒരു മുഖമുദ്രയായിരുന്നു. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുമ്പോള്‍ തന്നെ അവനോട് കൂടുതല്‍ അടുക്കുമ്പോള്‍ ദൈവം തങ്ങള്‍ക്ക് ഏറ്റവും അടുത്ത സുഹൃത്തായി മാറുന്നതും, ആ നല്ല ബന്ധത്തിലൂടെ ദൈവസ്‌നേഹത്തിന്റെ പരിമളം മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ കഴിയണം എന്നും അച്ചന്‍ സദാ പഠിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. സഭകള്‍ക്കും ഭാഷയ്ക്കും സംസ്കാരത്തിനും അതീതമാണ് ദൈവം എന്നു ഓര്‍മ്മിപ്പിച്ച അച്ചന്‍ പൗരോഹിത്യശുശ്രൂഷയ്ക്ക് ഒരു പുത്തന്‍ ദിശാബോധം നല്‍കി. സമൂഹത്തിലെ ഏതു തുറയിലുള്ള ആളുകളോടും എത്രയും പെട്ടെന്ന് അടുക്കുകയും ആ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലെ കൃത്യതയും അച്ചന്റെ പ്രത്യേകതകളാണ്. അച്ചന്റെ ചിക്കാഗോയില്‍ നിന്നും പുതിയ നിയോഗത്തിനായി യാത്ര തിരിക്കുമ്പോള്‍ അച്ചന്റെ ഏറ്റവും വിശിഷ്ട സമ്പാദ്യം തനിക്ക് ലഭിച്ച സുഹൃദ് ബന്ധങ്ങളും കൂട്ടായ്മയുമാണ്. പരസ്പരം സ്‌നേഹമില്ലാതെ ജീവിക്കുന്ന ക്രിസ്ത്യാനികളായ നാം ക്രിസ്തുവിന്റെ ഗാത്രത്തില്‍ വളരുന്ന അര്‍ബുദമാണെന്ന് അച്ചന്‍ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഭാരതീയ പാരമ്പര്യത്തില്‍ “അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം’ എന്നാണ് ഗീതോപദേശത്തില്‍ പറയുന്നത്. ദൈവം രക്ഷിക്കുമ്പോഴാണ് യഥാര്‍ത്ഥ രക്ഷ എന്നതാണ് അര്‍ത്ഥം. അതുപോരെ തന്നെ ഖുറാന്‍ അല്‍ കഫ്ഫ് പതിനെട്ടാം അദ്ധ്യായത്തില്‍ “അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവന്‍’ എന്നു പറയുന്നു. മതങ്ങളിലൂടെ അല്ല മറിച്ച് ഉന്നതമായ ചിന്തകളിലൂടെ ദൈവം സ്‌നേഹം തുളുമ്പുന്ന പ്രവര്‍ത്തനങ്ങളിലൂടെയും സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളിലൂടെയും ദൈവത്തെ പ്രഘോഷിക്കുവാന്‍ സാധിക്കും എന്നു അച്ചന്‍ ഉദ്‌ബോധിപ്പിക്കുന്നു. ക്ഷമ എന്നത് ദൈവീകമായ ഒരു വരമാണെന്നും അത് ലഭിപ്പാനായി യഥാര്‍ത്ഥമായ പരിശ്രമം ആവശ്യമാണെന്നും അച്ചന്‍ പഠിപ്പിച്ചു. അച്ചന്റെ പ്രസംഗങ്ങള്‍, ക്ലാസുകള്‍, കൗണ്‍സിലിംഗ്, സര്‍വ്വോപരി എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയും ചിക്കാഗോ നിവാസികള്‍ നന്ദിപൂര്‍വ്വം സ്മരിക്കും. അച്ചനും കുടുംബവും തിങ്കളാഴ്ച ഇവിടെനിന്നും യാത്രയാകുന്നു. സാമച്ചനും ബിനു കൊച്ചമ്മയും അനേക ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. നിങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ സര്‍വ്വശക്തന്‍ തന്റെ കൃപകൊണ്ട് തണല്‍ വിരിക്കട്ടെ. ജീവിത വഴിത്താരകളില്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പരത്താനാവട്ടെ, നക്ഷത്രങ്ങള്‍ വഴികാട്ടട്ടെ, സര്‍വ്വ മംഗളങ്ങളും നേരുന്നു.

ഷിജി അലക്‌സ്, ചിക്കാഗോ.

Share This Post