ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും ഏപ്രിൽ 26 മുതൽ മെയ് 5 വരെ

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston}2018 ഏപ്രിൽ മാസം 26 മുതൽ മേയ് മാസം 5 വരെ കൊണ്ടാടുകയാണ്.

നോർത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയിൽ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാൻ തയാറെടുക്കുന്നു .ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ടു ശിവ പ്രതിഷ്ഠ യാഥാർഥ്യമാകുന്നു.

തന്ത്രി ബ്രഹ്മ ശ്രീ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം 2018 ഏപ്രിൽ 26 നു പ്രതിഷ്ഠാ കർമം നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.ശിവ പ്രതിഷ്ഠ മുഹൂർത്തം ഏപ്രിൽ 26 നു വ്യാഴാഴ്ച രാവിലെ 7 മുതൽ 9 വരെ വരെയാണ്. അന്ന് വൈകുന്നേരം 7.30 നു കൊടിയേറ്റവും നടത്തപെടുന്നതാണ്. ഉത്സവസമയത്തു കൊടിയേറ്റവും പറയിടീലും സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരുന്നുവെന്നാണ് പരമ്പരാഗത വിശ്വാസം. പ്രശസ്ത സംഗീതജ്ഞരായ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെയും ശരത്തിന്റെയും സാന്നിധ്യം കൊടിയേറ്റ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.

ഈ വർഷത്തെ ഉത്സവത്തിന് വളരെ ആകർഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കും. ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതപ്രമുഖ ക്ഷേത്രകലയായ കഥകളിയാണ്.(ഏപ്രിൽ 28 നു ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്) ലോകത്തിലുള്ള എല്ലാ കലകളുടേയും പൂർണ രൂപമായിരുന്ന കഥകളി ഇപ്പോഴും ലോകത്തിലെ ഒന്നാമത്തെ കലാരൂപമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 29 നു ഞായറാഴ്ച അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത് എന്നീ കലാരൂപങ്ങൾ ഉത്സവത്തെ വ്യത്യസ്തമാക്കും.

മെയ് 5 നു ശനിയാഴ്ച വൈകുന്നേരം കർണാനന്ദകരമായ സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാൻ ഡൽഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിന് മാറ്റ് കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും.

അമേരിക്കയിലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സർവൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു്. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾ അണുവിട വിടാതെ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു.10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യന്മാരായ ഒരു സംഘം വേദ പണ്ഡിതന്മാർ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കർമ്മങ്ങളിൽ പങ്ക് ചേരുവാനും പൂജകൾ നടത്തുവാനും അവസരം ലഭിക്കുന്നതാണ്.

മെയ് 5 നു ശനിയാഴ്ച വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും.

ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങൾക്കു് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും ഈ വർഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകൾക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994

പ്രതിഷ്ഠ മഹോത്സവം അർത്ഥപൂർണമാക്കുവാൻ ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ എല്ലാ ഭക്ത ജനങ്ങളെയും ഭക്തിയാദരങ്ങളോടെ സവിനയം ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഡോ.ബിജു പിള്ള (പ്രസിഡണ്ട്) – 832-247-3411, ശശിധരൻ നായർ (വൈസ് പ്രസിഡന്റ്) – 832- 860- 0371, സോണിയ ഗോപൻ (സെക്രട്ടറി) 409-515-7223, അനിൽ ഗോപിനാഥ്‌ (ഉത്സവം കോർഡിനേറ്റർ) – 973-640-3831.

ജീമോൻ റാന്നി

Share This Post