ഗാന്ധിയന്‍ ഡോ. എന്‍. രാധാകൃഷ്ണനെ വാഷിംഗ്ടണ്‍ ഡി.സിയില്‍ ആദരിച്ചു

പ്രമുഖ ഗാന്ധിയനും പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും അക്രമരാഹിത്യ പരിശീലകനും ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടറുമായ ഡോ.നീലകണ്ഠന്‍ രാധാകൃഷ്ണനെ, അത്യധികം ആദരിക്കപ്പെട്ട സമ്മാനമായ അറ്റ്‌ലാന്റയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കുന്ന ഗാന്ധി കിംഗ് ഇക്കേഡ കമ്മ്യൂണിറ്റി ബില്‍ഡേര്‍സ് പ്രൈസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണിന്റെ (KCSMW) നേതൃത്വത്തില്‍ മേരിലാന്റിലെ ഹൗവാര്‍ഡ് നോര്‍ത്ത് ലോറല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നിറഞ്ഞ സദസ്സിന് മുന്നില്‍ ആദരിച്ചു.

കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി ഗാന്ധിജിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും ജീവിതദര്‍ശനങ്ങള്‍ പല രീതികളിലായി അന്താരാഷ്ട്രതലത്തില്‍ അങ്ങോളമിങ്ങോളം വ്യാഖ്യാനിക്കു വഴി, ആഗോള അഹിംസാത്മക ഉണര്‍വ്വിന് ഉത്തേജകമായ മഹത്തായ സേവനങ്ങള്‍ നല്‍കിയത് പരിഗണിച്ചാണ് മേല്‍പറഞ്ഞ ബഹുമതി രാധാകൃഷ്ണന് സമ്മാനിക്കപ്പെട്ടത്. ഈ ബഹുമതി നേടുന്നതോടൊപ്പം ഡോ.രാധാകൃഷ്ണന്റെ ഒരു എണ്ണച്ഛായചിത്രം കിംഗ് സ്മൃതി മണ്ഡപത്തിലെ ഹാള്‍ ഓഫ് ഫെയിമില്‍ നെല്‍സണ്‍ മണ്ടേലയെപ്പോലുള്ള പ്രമുഖരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കും.

കെ.സി.എസ്എം.ഡബ്ല്യുവിന്റെ സൗത്ത് റൈഡിങ് മലയാളം കളരിയിലെ കുട്ടികള്‍ പ്രാര്‍ത്ഥന ആലപിച്ചാരംഭിച്ച, മെരിലാന്റില്‍ വച്ച് നടന്ന ചടങ്ങില്‍, ഗഇടങണ വിന്റെ കഴിഞ്ഞ വര്‍ഷത്തെ അദ്ധ്യക്ഷനായിരുന്ന ശ്രീമാന്‍ സന്ദീപ് പണിക്കര്‍ ഡോ.രാധാകൃഷ്ണനെ സദസ്സിന് പരിചയപ്പെടുത്തി. ശ്രീമതി ബീന ടോമി സ്വാഗതഭാഷണമോതുകയും വാഷിംഗ്ടണ്‍ ഡിസി പ്രദേശത്തെ പ്രശസ്ത മലയാളി സാഹിത്യകാരന്‍ ശ്രീ.ബിജോ ചെമ്മാന്ത്ര മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

കെ.സി.എസ്എം.ഡബ്ല്യുവിന്റെ നിലവിലെ അദ്ധ്യക്ഷ ശ്രീമതി സേബാ നവീദ് ഡോ.രാധാകൃഷ്ണനെ പൊന്നാടയണിയിച്ചാദരിക്കുകയും ചെയ്തു. ഗാന്ധിസത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് വളരെ വ്യക്തമായും രസകരമായും ഡോ.രാധാകൃഷ്ണന്‍ സദസ്സിനോട് സംവദിച്ചു. ശ്രീ.വേണുഗോപാലന്‍ കോക്കോടന്‍ നന്ദി പ്രകാശനം നടത്തി. പ്രസാദ് നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post