ഫാ. ജോസഫ് വറുഗീസിനെ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമാധാനത്തിനായുള്ള മതങ്ങളുടെ സമിതിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ഫാ. ജോസഫ് വറുഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. സമിതിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ വാഷിംഗ്ടണില്‍ വച്ചു നടക്കുന്ന എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്കാണ് ഫാ.വരുഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടത്. വിവിധ മതങ്ങള്‍ക്ക് അംഗത്വമുള്ളതും ലോകത്തെ തന്നെ ഏറ്റവും വിപുലമായതുമായ, സമാധാനത്തിനുവേണ്ടിയുള്ള മതങ്ങളുടെ കൂട്ടായ്മയാണ് റിലിജിയന്‍സ് ഫോര്‍ പീസ്.

ലോകത്തെ മതപരമായ സമൂഹങ്ങളുടെ മുന്നില്‍ അക്രമത്തിന്‍റെ മാര്‍ഗങ്ങളെ വെടിഞ്ഞ് മനുഷ്യന്‍റെ വളര്‍ച്ചയെ മുന്‍നിര്‍ത്തി, നീതിപൂര്‍ണവും ഒരുമയാര്‍ന്നതുമായ സമൂഹങ്ങളെ രൂപപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കുകയും സംഘടന ലക്ഷ്യമിടുന്നു. സമാധാനത്തിനായുള്ള ഈ ആഗോള മതസമിതിയില്‍ ലോകത്തെ എല്ലാ മതങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട ലോക കൗണ്‍സിലിന് പുറമേ ആറ് റീജിയണല്‍, ഇന്‍റര്‍ റിലിജിയസ് ഘടകങ്ങളും ദേശീയാടിസ്ഥാനത്തിലുള്ള 90 എണ്ണവും ഗ്ലോബല്‍ വിമന്‍ ഓഫ് ഫെയ്ത്ത് നെറ്റ്വര്‍ക്കും ഗ്ലോബല്‍ ഇന്‍റര്‍ഫെയ്ത്ത് യൂത്ത് നെറ്റ്വര്‍ക്കും ഉള്‍പ്പെടുന്നു.

അന്തര്‍ദേശീയതലത്തില്‍ മതപരമായ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാര്‍പ്പണത്തോടെ ദീര്‍ഘകാലമായുള്ള പ്രവര്‍ത്തനങ്ങളാണ്, പ്രത്യേകമായി ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ റിലിജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സസിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഫാ. വറുഗീസിനെ ഈ നോമിനേഷന് അര്‍ഹനാക്കിയത്.

2016 ജനുവരിയില്‍ ഫാ. ജോസഫും അമേരിക്കയിലെ പൊതുധാരയിലുള്ള സഭാ നേതാക്കളും ചേര്‍ന്ന് ഈജിപ്ത് അപ്പര്‍ സീനായിയിലേക്ക് ഒരു ടൂര്‍ നടത്തിയിരുന്നു. പ്രദേശത്ത് മത തീവ്രവാദികളുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന പീഡനങ്ങളെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ഇത്. ലിബിയയില്‍ ഐ എസിനാല്‍ കൊല്ലപ്പെട്ട കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മനുഷ്യാവകാശപ്രതിനിധിസംഘത്തെ പ്രതിനിധീകരിച്ച് മനുഷ്യാവകാശനിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പഠിക്കാനും അഭയാര്‍ഥി പ്രശ്നവും മതപീഡനവും റിപ്പോര്‍ട്ട് ചെയ്യാനുമായി വറുഗീസ് അച്ചനും ടീമും ജോര്‍ദാന്‍, ലബനന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പാക് ഗവണ്‍മെന്‍റിനെതിരെ പ്രസംഗിക്കുന്ന, ദൈവനിന്ദാപരമായ പരാമര്‍ശങ്ങളുടേതെന്ന പേരില്‍ പാക് ജയിലിലടയ്ക്കപ്പെട്ട ഏഷ്യാ ബിബിയുടെ മോചനത്തിനായി വാദിക്കുന്ന ഫാ. വര്‍ഗീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടും ശ്ലാഘനീയമാണ്. ഏഷ്യാ ബിബിയുടെ ഭര്‍ത്താവിനെയും മകളെയും സന്ദര്‍ശിച്ച ഫാ. വറുഗീസ് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ കമ്മിഷനുമായി ചേര്‍ന്ന് അവരുടെ മോചനത്തിനായി ശബ്ദമുയര്‍ത്തുന്നു.
നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ അന്തര്‍ദേശീയ മതകമ്മിഷന്‍ അംഗവുമായ ഫാ. വറുഗീസ് ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളുമായും യു എസിലെ യഹൂദ, മുസ്ലിം സംഘടനകളുമായും ചര്‍ച്ചകള്‍ക്ക് നേതൃത്വമെടുക്കുന്നു.

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും കാത്തലിക് സഭയുമായുള്ള ചര്‍ച്ചകളിലും ഫാ. വരുഗീസ് പ്രധാനപങ്ക് വഹിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള ബി ജെ പി ഗവണ്‍മെന്‍റിന്‍റെ മതപരമായ നിലപാടുകളെയും ഇദ്ദേഹം എതിര്‍ക്കുന്നു. ഐക്യരാഷ്ട്രസഭയിലെ നോണ്‍ ഗവണ്‍മെന്‍റല്‍ സംഘടനകളില്‍ അംഗമായ ഫാ. വറുഗീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനെയാണ് പ്രതിനിധീകരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അച്ചന്‍റെ സഹധര്‍മിണി ജസി വര്‍ഗീസ്, രണ്ടു മക്കള്‍: യൂജിന്‍ വറുഗീസ്, ഈവാ വറുഗീസ്.

ജോര്‍ജ് തുമ്പയില്‍

Share This Post