ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബ സംഗമം ജൂണ്‍ രണ്ടിന്

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 15 ദേവാലയങ്ങള്‍ ചേര്‍ന്നു നടത്തുന്ന കുടുംബ സംഗമം ജൂണ്‍ രണ്ടിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബെല്‍വുഡിലെ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 5 മണി മുതല്‍ ഡിന്നറും 6 മുതല്‍ 6.30 വരെ പൊതുസമ്മേളനവും 7 മുതല്‍ കലാപരിപാടികളും ആരംഭിക്കും.

എല്ലാ ദേവാലയങ്ങളിലേയും കലാപ്രതിഭകളുടെ തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികള്‍ അരങ്ങേറുവാന്‍ സീറോ മലബാര്‍ ദേവാലയത്തിന്റെ അരങ്ങ് ഒരുങ്ങിക്കഴിഞ്ഞതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി അറിയിച്ചു.

കുടുംബസംഗമം പരിപാടികള്‍ക്ക് ചിക്കാഗോയിലെ ജനങ്ങള്‍ വന്‍ പ്രോത്സാഹനമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് റവ.ഫാ. ബിജുമോന്‍ ജേക്കബ് അറിയിച്ചു.. കേരളത്തില്‍ അര്‍ഹരായവര്‍ക്കുവേണ്ടി ഒരു ചെറിയ സഹായഹസ്തം നീട്ടാന്‍ തങ്ങള്‍ക്ക് കിട്ടുന്ന വലിയ ഒരു അവസരമായി അവര്‍ ഇതിനെ കാണുന്നു. കഴിഞ്ഞവര്‍ഷം ഭവനരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് നല്ല രണ്ടു ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കാന്‍ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി. ഇതിനകം പന്ത്രണില്‍ അധികം ഭവനങ്ങള്‍ നിര്‍മ്മിച്ചു. അമേരിക്കയില്‍ തന്നെ വിവിധ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ഈവര്‍ഷവും ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മ്മാണങ്ങള്‍ക്കുമായി ചെലവഴിക്കുന്നതാണ്.

യുവജനങ്ങള്‍ക്കായി നടത്തുന്ന ബാസ്കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കുട്ടികളുടെ കലാഭിരുചികള്‍ വളര്‍ത്തുന്നതിനായി നടത്തുന്ന സണ്‍ഡേ സ്കൂള്‍ കലാമേള, സുവിശേഷയോഗം, ക്രിസ്തുമസ് പരിപാടികള്‍ എന്നിവ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

റവ.ഫാ. മാത്യൂസ് ജോര്‍ജ് ചെയര്‍മാനും, ബെഞ്ചമിന്‍ തോമസ് ജനറല്‍ കണ്‍വീനര്‍, സിനില്‍ ഫിലിപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പ്രവീണ്‍ തോമസ്, ഏലിയാമ്മ പുന്നൂസ്, സൈമണ്‍ തോമസ്, അച്ചന്‍കുഞ്ഞ് മാത്യൂസ് തുടങ്ങി അനേകം കൗണ്‍സില്‍ മെമ്പര്‍മാര്‍ ഈ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ രണ്ടിന് നടക്കുന്ന ഈ പരിപാടി വിജയപ്രദമാക്കുവാന്‍ ചിക്കാഗോയിലെ മലയാളി സമൂഹം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നു സെക്രട്ടറി അറ്റോര്‍ണി ടീന തോമസും, ട്രഷറര്‍ ആന്റോ കവലയ്ക്കലും അഭ്യര്‍ത്ഥിച്ചു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post