സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് ശ്രദ്ധേയമായി

ഡാലസ് : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 32–ാം യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിലെ കിക്ക് ഓഫ് ഞായറാഴ്ച വി. കുര്‍ബാനക്കുശേഷം ഇടവക വികാരി റവ. ഫാ. യല്‍ദൊ പൈലിയുടെ നേതൃത്വത്തില്‍ നടന്നു

2018 ജൂലൈ 25 മുതല്‍ 28 വരെ പെന്‍സില്‍വാനിയ പോക്കണോസിലുള്ള കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഭദ്രാസന മെത്രാപ്പോലീത്താ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബമേളയില്‍ കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. ധ്യാന ഗുരുക്കളായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ (തൂത്തൂട്ടി ധ്യാന കേന്ദ്രം) വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പാ, റവ. ഫാ. വാസ്ക്കന്‍ മോവ് സേഷ്യന്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരിക്കും.

സഭാംഗങ്ങളുടെ ആത്മീയ ഉണര്‍വും പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന കോണ്‍ഫറന്‍സിന് ഇടവകാംഗങ്ങള്‍ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വികാരി റവ. ഫാ. യല്‍ദൊ പൈലി ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഇടവകാംഗമായ ജഗന്‍ പി. ഏബ്രഹാമില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫോറവും ചെക്കും, ട്രസ്റ്റി ജോസഫ് ജോര്‍ജ് ഏറ്റുവാങ്ങി കിക്ക് ഓഫ് ചടങ്ങ് ഔദ്യോഗികമായി നിര്‍വ്വഹിച്ചു.

അസിസ്റ്റന്റ് വികാരി റവ. ഫാ. രഞ്ജന്‍ മാത്യു, സെക്രട്ടറി ഷാജി ജോണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഭദ്രാസനതലത്തില്‍ പത്താം ക്ലാസ് വാര്‍ഷീക പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ ടാനിയ ജഗന്‍ (ഒന്നാം റാങ്ക്) ജോഷ്വാ തോമസ് (മൂന്നാം റാങ്ക്) എന്നിവര്‍ക്കായുള്ള അവാര്‍ഡ് ദാനവും ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ നിര്‍വഹിക്കപ്പെടും. സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Share This Post