റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ക്കു തുടക്കം കുറിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ നേതൃത്വത്തിൽ ദേശീയ, പ്രാദേശീക തലങ്ങളിലെ വിവിധ സംഘടനാ നേതാക്കളെ ഏകോപിച്ചു നടത്തിയ റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സും , സിംപോസിയവും വൻ വിജയമായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ 2018-19 വർഷത്തിലെ പ്രവർത്തനോദ്ഘാടനവും തദവസരത്തിൽ നടന്നു.
ഇർവിങ്ങിലെ പസന്ത്‌ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടികൾ.

ഡാളസ് ചാപറ്റർ പ്രസിഡന്റ് റ്റി സി ചാക്കോ അധ്യക്ഷത വഹിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി
ബിജിലി ജോർജ് ഏവർക്കും ഏവർക്കും സ്വാഗതം ആശംസിച്ചു.

ചാപറ്ററിന്റെ നേതൃത്വത്തിൽ 2018-19 വർഷത്തിൽ നടത്താനുദ്ദേശിക്കുന്ന നൂതന പരിപാടികളെക്കുറിച്ചു
റ്റി. സി ചാക്കോ വിവരിച്ചു. പ്രസ് ക്ലബിന്റെ ഭാവിയിലെ ദേശീയ കൺവൻഷൻ ഡാലസിൽ നടത്താനുള്ള സന്നദ്ധതയും പ്രത്യാശയും പ്രകടിപ്പിച്ചു അദ്ദേഹം മധു കൊട്ടാരക്കരയുടെ നേത്രൃത്വത്തിലുള്ള ദേശീയ സംഘടനക്കു ചാപ്റ്ററിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഫോമാ, കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇൻഡ്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ, ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ), ഇർവിങ് ഡിഎഫ് ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ക്ലബ് ,ഡാളസ് എയ്‌സ്‌ ലയൺസ് ക്ലബ്, റാന്നി അസോസിയേഷൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇൻഡ്യാ പ്രസ് ക്ലബിന് വളർച്ചയുടെ പടവുകൾ കീഴടക്കാനാവട്ടെ എന്ന് ഫോമയുടെ മുതിർന്ന നേതാവും, പ്രസിഡണ്ട് സ്‌ഥാനാർഥിയും, ഡാളസ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഫിലിപ്പ് ചാമത്തിൽ ആശംസിച്ചു.

സത്യസന്ധമായ വാർത്തകൾ നിരന്തരം എത്തിക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ
ഇർവിങ് ഡിഎഫ് ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ക്ലബ് പ്രസിഡന്റും ഇൻഡ്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ സെക്രട്ടറിയുമായ ജോർജ് ജോസഫ് വിലങ്ങോലിൽ പ്രകീർത്തിച്ചു.

കാലത്തിൻെറ മാറ്റങ്ങൾക്കനുസരിച്ചു പ്രസ് ക്ലബിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങളുണ്ടാകട്ടെയെന്നു ഡാളസ് എയ്‌സ്‌ ലയൺസ് ക്ലബിനെ പ്രതിനിധീകരിച്ചു ജോജോ കോട്ടക്കൽ ആശംസകൾ നേർന്നു. കേരള അസോസിയേഷാൻ ഓഫ് ഡാളസ് സെക്രട്ടറി ഡാനിയേൽ കുന്നിൽ, അസോസിയേഷനെ പ്രതിനിധീകരിച്ചു എല്ലാ സഹായസഹകരങ്ങളും പിന്തുണയും ചാപ്റ്ററിനു വാഗ്ദാനം ചെയ്തു.

പ്രസ് ക്ളബിന്റെ പ്രവർത്തനങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേർന്നു ഡിഎംഎംയെ പ്രതിനിധീകരിച്ചു സുജൻ കാക്കനാട് സംസാരിച്ചു. കലാ കായികാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാധ്യമപ്രവർത്തകർ മുൻ‌തൂക്കം നൽകണമെന്ന് റാന്നി അസോസിയേഷൻ പ്രസിഡണ്ട് ഷിജു എബ്രഹാം തന്റെ ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡാളസ് ചാപ്റ്റർ മുൻ പ്രസിഡന്റും മുതിർന്ന പത്രപ്രവർത്തകനുമായ എബ്രഹാം തോമസ് മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെപറ്റി സംസാരിച്ചു.

“മാറുന്ന സാഹചര്യത്തിൽ മാധ്യമ ശൈലിയിൽ മാറ്റം അനിവാര്യമോ” എന്ന വിഷയത്തിൽ ബിജിലി ജോർജ് മോഡറേറ്ററായി സിമ്പോസിയവും ചർച്ചകളും തുടർന്ന് നടന്നു. വിവിധ സംഘടനകളിൽ നിന്നെത്തിയവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളാലും പുരോഗമിച്ച റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് വൻവിജയമായി.

ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഇന്ത്യ പ്രസ്സ്ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ ആദ്യ പ്രസിഡന്റ് എബ്രഹാം തെക്കേമുറിയെ, റ്റി സി ചാക്കോയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു. ജോ. സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ നന്ദി പ്രകാശനം നടത്തി.

Share This Post