ഫോണ്‍ ഉപയോഗിച്ചതിന് ശാസിച്ച പിതാവിനെ മകന്‍ പരിക്കേല്‍പ്പിച്ചു

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: നിസ്സാരകാര്യത്തിനു സ്വന്തം അച്ഛനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. മകനെ ജാമ്യത്തിലിറക്കിയത് അമ്മ. സംഭവം യുഎസിലെ ബോസ്റ്റണു സമീപമുള്ള യാര്‍മൗത്തിലെ കേപ്കോഡ് റസ്റ്ററന്‍റിലായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ താഴെ വയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ അത് അനുസരിക്കാതിരുന്നതോടെ, ഇരുവരും വഴക്കായി. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായെന്നു തോന്നിയ മകന്‍ റസ്റ്ററന്‍റിനു പുറത്ത് ഇറങ്ങിയപ്പോള്‍ പിതാവിനെ മുഷ്ടി ചുരുട്ടി ഇടിച്ചുവീഴ്ത്തി. ഗുരുതരമായ പരിക്കു പറ്റിയ പിതാവിനെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. 60 വയസിനു മുകളിലുള്ളവരെ പരുക്കേല്‍പ്പിച്ചാല്‍ ചുമത്താവുന്ന വകുപ്പുകള്‍ അനുസരിച്ച് മകന്‍റെ പേരില്‍ കേസെടുത്തതായി യാര്‍മൗത്ത് പോലീസ് വക്താവ് അറിയിച്ചു. പിന്നീട്, മകനെ ജാമ്യത്തില്‍ മാതാവിനൊപ്പം പറഞ്ഞയച്ചു.

Share This Post