ഫിലാഡല്‍ഫിയയില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ഭാരതീയ ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നാംതീയതി രാവിലെ 9 മണി മുതല്‍ ഫിലാഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് അഖില ലോക പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായ രീതിയില്‍ ആഘോഷിച്ചു.

വിവിധ ദേവാലയങ്ങളിലെ വൈദീകരും കന്യാസ്ത്രീകളും, സഭാജനങ്ങളും ഒന്നുചേര്‍ന്ന് ആചരിച്ച പ്രാര്‍ത്ഥനാദിനം ഐക്യത്തിന്റേയും, കൂട്ടായ്മയുടേയും അനുഭൂതി പകര്‍ന്നു. എക്യൂമെനിക്കല്‍ ചെയര്‍മാന്‍ റവ.ഫാ. ഡോ. സജി മുക്കൂട്ട്, കോ- ചെയര്‍മാന്‍ റവ.ഫാ. കെ.കെ. ജോണ്‍, റിലീജിയസ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ റവ.ഫാ. എം.കെ കുര്യാക്കോസ്, സെക്രട്ടറി കോശി വര്‍ഗീസ്, വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ അക്‌സ ജോസഫ്, ബീനാ കോശി എന്നിവര്‍ പ്രാര്‍ത്ഥനാദിനാചരണത്തിനു നേതൃത്വം നല്‍കി.

ലോക വ്യാപകമായി മാര്‍ച്ച് ആദ്യവാരം നടത്തുന്ന ഈ പ്രാര്‍ത്ഥനാദിനത്തില്‍, ഈവര്‍ഷം തെക്കേ അമേരിക്കയുടെ വടക്കുകിഴക്ക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമായ സൂരിനാമിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും വെല്ലുവിളികളും കേന്ദ്രീകരിച്ച് “ദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തരം’ എന്ന ആശയത്തെ (ഉല്പത്തി പുസ്തകം 1:1 31) ആധാരമാക്കി ആരാധനയും പ്രഭാഷണവും നടന്നു.

ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലെ ആന്‍ ചെറിയാന്‍ മുഖ്യ പ്രഭാഷകയായിരുന്നു. ഇന്നു മനുഷ്യര്‍ അഭിമുഖീകരിക്കുന്ന അന്തരീക്ഷ മലിനീകരണവും അതുമൂലം ഭാവി തലമുറയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളും, ദൈവം സൃഷ്ടിച്ച മനോഹരമായ ഈ ഭൂമിയെ കാത്തു പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷക അവതരിപ്പിച്ചു.

2018-ലെ അഖില ലോക പ്രാര്‍ത്ഥനാദിന കമ്മിറ്റി ആഗോളവ്യാപകമായി തയാറാക്കിയ പ്രത്യേക ആരാധനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രധാന ആശയത്തെ ആസ്പദമാക്കിയുള്ള സ്കിറ്റുകള്‍, ഡാന്‍സുകള്‍, ക്വയര്‍ ഗാനങ്ങള്‍, മോണലോഗുകള്‍ എന്നിവ പ്രാര്‍ത്ഥനാദിനത്തിന്റെ ആചരണത്തിന്റെ മികവ് വര്‍ദ്ധിപ്പിച്ചു.

അന്നത്തെ സ്‌തോത്രക്കാഴ്ച സൂരിനാമിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നല്‍കി. ക്രമീകരിക്കപ്പെട്ടിരുന്ന ഉച്ചഭക്ഷണത്തോടെ പ്രാര്‍ത്ഥനാദിനാചരണം സമാപിച്ചു.

Share This Post