പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍

ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു.

പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. 12 കുട്ടികള്‍ യേശുവിന്‍െറ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോള്‍ ബഹു. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് കുഞ്ഞുങ്ങളുടെ കാല്‍ കഴുകി തുടച്ച് ചുംബിച്ചു.

മാര്‍ച്ച് 29 ന് വ്യാഴാഴ്ച വൈകിട്ട് 7.30ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. പ്രീജോ പോള്‍ പാറക്കല്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികനായി.

തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കല്‍ യഹൂദന്മാരുടെ പെസഹാ ആചാരണത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പത മാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

ഈശോ വിശൂദ്ധ കുര്‍ബാന ആരംഭിച്ചത് സെഹിയോന്‍ മാളികയിലോ കാല്‍ വരിയിലൊ എന്ന ചോദ്യത്തോടെ ആയിരുന്നു വചന ശുസ്രൂഷ തുടങ്ങിയത്. ഉത്തരം തേടാനായി യഹൂദന്മാരുടെ വീട്ടില്‍ നടക്കുന്ന പെസഹാ ആചാരണവും, സെഹിയോന്‍ മാളികയില്‍ നടന്ന പെസഹാ ആചരണവും വളരെ വിശദമായി ഇടവകാംഗങ്ങളുമായി പങ്കുവച്ചു.

വിശുദ്ധ കുര്‍ബാന എന്ന് പറയുന്നത് ദേവാലയത്തില്‍ ആരംഭിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളുടെ അവസാന നാളുകളില്‍ സംതൃപ്തിയോടെ കര്‍ത്താവിനെപ്പോലെ ഏറ്റുപറയാന്‍ പറ്റുമ്പോള്‍ മാത്രമാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ പെസഹാ ആഘോഷിക്കുന്നതും, വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കുന്നതും എന്ന് വചന ശുസ്രൂഷയില്‍ പങ്കുവച്ചു.

ഭതാലത്തില്‍ വെള്ളമെടുത്തു…വെണ്‍കച്ചയുമരയില്‍ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തില്‍ നടത്തപ്പെട്ടു.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും, കുട്ടികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും നടന്നുവരുന്നു.

ആരാധനക്കായി മനോഹരമായി നിര്‍മിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വംനല്‍കി.

ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മതേര്‍സായിരിന്നു ഇടവകാംഗങ്ങള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്.

പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, മിനിഷ് ജോസഫ്, സാബിന്‍ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നല്‍കി. വെബ്: www.StthomasSyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post