ഫോമ മെട്രോ റീജിയന്‍ 69 അംഗ പ്രതിനിധികളുമായി ഷിക്കാഗോ കണ്‍വന്‍ഷനിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഫോമയുടെ ബാക്ക് ബോണ്‍ എന്നറിയപ്പെടുന്ന, ഏറ്റവും ശക്തിയേറിയ റീജിയണുകളില്‍ ഒന്നായ മെട്രോ റീജിയന്റെ പ്രധാനപ്പെട്ട മീറ്റിംഗ് മാര്‍ച്ച് നാലാം തീയതി ഞായറാഴ്ച 4 മണിക്ക് ക്യൂന്‍സിലെ ഹില്‍സൈഡ് അവന്യൂവിലുള്ള കേരളാ കിച്ചണില്‍ വച്ചു റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുകളും, ഷിക്കാഗോയില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. റീജിയണിലെ ഒമ്പത് അംഗസംഘടനകളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം എന്തുകൊണ്ടും വളരെയേറെ പ്രധാന്യം അര്‍ഹിക്കുന്നതും, ഫോമയുടെ നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരുന്നതുമായിരുന്നു.

മീറ്റിംഗില്‍ റീജണില്‍ പുതുതായി രൂപംകൊണ്ടതും, ഫോമയില്‍ അംഗത്വം ലഭിച്ചതുമായ നോര്‍ത്ത് ഹെംപ്‌സ്റ്റെഡ് ഇന്ത്യന്‍ മലയാളി അസോസിയേഷനേയും, ഭാരവാഹികളേയും യോഗം സസന്തോഷം സ്വാഗതം ചെയ്യുകയുണ്ടായി. തുടര്‍ന്ന് അടുത്തുവരുന്ന ഫോമ കണ്‍വന്‍ഷന്റെ വിജയത്തിനും, രജിസ്‌ട്രേഷനുമായി ചര്‍ച്ചകള്‍ നടത്തുകയും, ഏവരും കുടുംബ സമേതം കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് താത്പര്യപ്പെടുകയുണ്ടായി.

അടുത്തുവരുന്ന 2018- 20 ഫോമ ജനറല്‍ ഇലക്ഷനില്‍ മെട്രോ റീജണില്‍ നിന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസ് ഏബ്രഹാമിനേയും, എംപയര്‍ റീജിയന്റെ പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫോമ വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി രേഖാ നായരേയും, അതുപോലെ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിനോയ് തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായി മത്സരിക്കുന്ന ചാക്കോ കോയിക്കലേത്തിനും, ജോര്‍ജ് തോമസിനും റീജണിന്റെ പൂര്‍ണ്ണ പിന്തുണയും, എന്‍ഡോഴ്‌സ്‌മെന്റും ചെയ്യുവാനും തീരുമാനിച്ചു.

മെട്രോ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്ത എല്ലാ സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനുവേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നു ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ സജി ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് സ്വാഗതവും, റീജണല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത് നന്ദിയും പറഞ്ഞു.

ജേർണലിസം വർക്ക് ഷോപ്പിൽ പുസ്തക പ്രദർശനം

ഹൂസ്റ്റൺ: ഹൂസ്റ്റൺ പ്രസ് ക്ലബ്ബിന്റെയും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24-നു ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന ജേർണലിസം വർക്ക് ഷോപ്പിനോടനുബന്ധിച്ചു ഇൻഡോഅമേരിക്കൻ ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെടുന്നതിനും അവസരമൊരുക്കുന്നു.

അന്ന് നടത്തപ്പെടുന്ന പഠന ക്ലാസ്സിൽ അനേക വർഷത്തെ അനുഭവപരിചയമുള്ള മീഡിയ പ്രൊഫഷണൽസ് മാധ്യമ രംഗത്തെ പുതിയ ട്രെൻഡുകൾ, അവസരങ്ങൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച ചർച്ചകൾ നയിക്കും. ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സാം ഹൂസ്റ്റൺ ടോൾ വെയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തു 3700 വെസ്റ്റ് ചൈസിലുള്ള ABB ബിൽഡിംഗ് നാലാം നിലയിലാണ് സമ്മേളനം. (Mass Mutual Conference hall, 4th Floor of ABB Building at 3700 W. Sam Houston Pkwy S., TX 77042). സൗജന്യ പാർക്കിംഗ് സൗകര്യവും രജിസ്റ്റർ ചെയ്യുന്നവർക്കു ഉച്ചഭക്ഷണവും ലഭ്യമാണ്.

ശേഷാദ്രികുമാർ (ഇന്ത്യ ഹെറാൾഡ്), ജവാഹർ മൽഹോത്ര (ഇൻഡോഅമേരിക്കൻ ന്യൂസ്), ഡോക്ടർ ചന്ദ്രാ മിത്തൽ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടർ നിക് നികം (നാനോ ന്യൂസ് നെറ്റ്വർക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റൺ) ഡോ.ഈപ്പൻ ഡാനിയേൽ (യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്) ജോസഫ് പോന്നോലി (ഇൻവെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ്) ജെയിംസ് ചാക്കോ (സോഷ്യൽ മീഡിയ അനലിസ്റ്റ്), സിറിയക് സ്കറിയ (സെൽഫി മീഡിയ), ഡോ.ബാബു സ്റ്റീഫൻ, ജിൻസ്മോൻ സഖറിയ (ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്) ഈശോ ജേക്കബ് (മീഡിയ മിഷൻ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

യുവജനങ്ങളെയും എഴുത്തുകാരെയും പ്രസാധകരെയും, പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്:

സി. ജി.ഡാനിയേൽ (പ്രസിഡന്റ്) – 832 641 7119
റോയ് തോമസ് (സെക്രട്ടറി) – 832 768 2860
സംഗീത ദുവ (ട്രഷറർ) – 832 252 7272

ഇമെയിൽ വിലാസം: cgdaniel56@yahoo.com

ജീമോൻ റാന്നി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്കുക.

എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

www.namaha.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്‍റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്‍റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശ കത്ത്, വസുദൈവ കുടുംബം- നേടാനാകുമോ അതോ അസാധ്യ ദൗത്യമോ” എന്ന വിഷയത്തില്‍ 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

2018 ഏപ്രില്‍ 30 ന് മുന്‍പ് പി.ഒ., ബോക്‌സ് 1244, പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതല്‍

ജോയിച്ചന്‍ പുതുക്കുളം

ഓസ്റ്റിന്‍: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക ഇടവക ധ്യാനം ഈവര്‍ഷം മാര്‍ച്ച് 16 വെള്ളിയാഴ്ച മുതല്‍ 18 ഞായറാഴ്ച വരെ നടത്തുന്നതാണ്.

അനുഗ്രഹീത ധ്യാന ഗുരുവും തപസ് ധ്യാനത്തിലുടെ പ്രശസ്തനുമായ പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ത്രിദിന ധ്യാനം നയിക്കുന്നത്.

ഷാലോം യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ധ്യാനം മൂന്നുദിവസവും ഉണ്ടായിരിക്കുന്നതാണ്. ഏഴു പേര്‍ അടങ്ങുന്ന സംഘമാണ് ഈ ധ്യാനം നയിക്കുന്നത്.

ധ്യാനത്തിന്റെ വിജയകരമായ നടത്തിപ്പിലേക്ക് ഫാ. ഡൊമിനി പെരുനിലത്തിന്റേയും, ട്രസ്റ്റിമാരായഡോ. അനീഷ് ജോര്‍ജിന്റേയും, സണ്ണി തോമസിന്റേയും നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരുന്നു. വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുന്നേറുന്ന ഈ ദേവാലയത്തിലെ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ നേടാന്‍ നിരവധി കുടുംബങ്ങള്‍ എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോയല്‍ തോമസ് (512 897 5296).

ഫൊക്കാന റീജിയന്‍ 1 ആര്‍.വി.പി ആയി ബിജു തൂമ്പിലും; നാഷണല്‍ കമ്മിറ്റി അംഗമായി ജോസഫ് കുന്നേലും മത്സരിക്കുന്നു

ബോസ്റ്റണ്‍: സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബിജു തൂമ്പില്‍ ഫൊക്കാന ന്യു ഇംഗ്ലണ്ട് റീജിയന്‍ ഒന്ന് ആര്‍.വി.പി ആയും ജോസഫ് കുന്നേല്‍ നാഷണല്‍ കമ്മിറ്റി അംഗമായും മത്സരിക്കുന്നു.

ജോസഫ് കുന്നേല്‍ നിലവില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ട് പ്രസിഡന്റാണ്. അസോസിയേഷന്റെ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി.
ഏറ്റുമാനൂര്‍ സ്വദേശിയായ ബിജു തൂമ്പില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ട് മുന്‍ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകൈളിലും പ്രവര്‍ത്തിച്ചിരുന്നു. 2006ല്‍ കേരള സമാജം ഓഫ് ന്യു ഇംഗ്ലണ്ട് ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബര്‍ലിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു.

ഇരുവരുടെയും സ്ഥാനാര്‍ഥിത്വത്തെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് സ്വാഗതം ചെയ്തു. കാര്യപ്രാപ്തി തെളിയിച്ചിട്ടുള്ള യുവതലമുറയുടെ പ്രതിന്ധികളാണു ഇരുവരും. ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും ഇരുവരും വഴിതെളിക്കുമെന്നു ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

ഫൊക്കാനയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ലീല മാരേട്ടിനെ പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നു ഇരുവരും പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്കായി കഥ- കവിത മത്സരങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള അക്ഷര സ്‌നേഹികളുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി അമേരിക്കയിലും, കാനഡയിലും സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കുവേണ്ടി മലയാളം ചെറുകഥ, കവിത എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും, മറ്റു മത്സരങ്ങളില്‍ സമ്മാനം ലഭിക്കാത്തതുമായ സൃഷ്ടികളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്.

മലയാള സാഹിത്യത്തിലെ ആദരീണയരായ സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമായിരിക്കും കഥ, കവിത ഇനങ്ങളില്‍ സമ്മാനാര്‍ഹമായ കൃതികള്‍ തെരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് ബേ ഏരിയയില്‍ വച്ചു സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗത്തില്‍ വച്ചു സമ്മാന തുകയും പ്രശംസാപത്രവും സമ്മാനിക്കും.

ഒരാളില്‍ നിന്നു പരാമവധി ഒരു കഥയും കവിതയും മാത്രമേ മത്സരത്തിലേക്കു സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തില്‍ പരമാവധി 3000 വാക്കുകള്‍ വരെയുള്ള കഥയോ, കവിതയോ സമര്‍പ്പിക്കാം. മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം സര്‍ഗ്ഗവേദിക്കുണ്ടായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം കൃതികള്‍ sargavediteam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 2018 മെയ് 31-നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിന് അയയ്ക്കുന്ന ഇമെയിലില്‍ “സര്‍ഗ്ഗവേദി 2018 കഥ- കവിത മത്സരത്തിനുള്ള എന്റെ സമര്‍പ്പണം’ എന്നെഴുതുക. അതോടൊപ്പം തന്നെ കഥയുടെ / കവിതയുടെ പേര്, ആകെ വാക്കുകളുടെ എണ്ണം, നിങ്ങളുടെ പേര്, വിലാസം, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, സംക്ഷിപ്ത ജീവചരിത്രമായ പ്രസ്താവന, പ്രസിദ്ധീകരണങ്ങളോ, അവാര്‍ഡുകളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവയും അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ മേല്‍പറഞ്ഞ ഇ-മെയിലില്‍ ബന്ധപ്പെടുക.

സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ വാരാചരണവും കാല്‍കഴുകല്‍ ശുശ്രൂഷയും

കൊല്ലം ഭദ്രാസനത്തിലെ കാരിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ വാരാചരണവും കാല്‍കഴുക്കല്‍ ശുശ്രൂഷയും ഉത്ഥാനപ്പെരുന്നാളും 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 11 വരെ. 29ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാല്‍കഴുക്കല്‍ ശുശ്രൂഷ ന‌ടക്കും. കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോനിയോസ് മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.