ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ ചവറ്റുകൂനയില്‍ !

ന്യൂയോര്‍ക്ക്: ചവറ്റു കൂനയിലേക്ക് അബദ്ധത്തില്‍ വജ്രാഭരണങ്ങള്‍ വലിച്ചെറിഞ്ഞ സംഭവം വാര്‍ത്തകളില്‍ നിറയുന്നു. ഏകദേശം ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് അറിയാതെ വേസ്റ്റ് കൂനയിലേക്ക് വീണത്. തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ യുവതി മാലിന്യം കൂട്ടിയിട്ട് നശിപ്പിക്കുന്ന സ്ഥലത്തെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഞ്ചു പേര്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ആഭരണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്. അറിയാതെ, വേസ്റ്റ് കൂനയിലേക്ക് ഒരു കറുത്ത നിറമുള്ള ബാഗാണ് വലിച്ചെറിഞ്ഞത് എന്നതല്ലാതെ മറ്റൊരു വിവരവും അന്വേഷണസംഘത്തിനു നല്‍കാന്‍ ഇവര്‍ക്കറിയില്ലായിരുന്നു. ജോര്‍ജിയയിലെ ക്യാന്‍ഡ്ലറിലായിരുന്നു സംഭവം. ദിവസേന 300 ടണ്‍ മാലിന്യങ്ങള്‍ നശിപ്പിക്കാനായി കുന്നുകൂട്ടിയിടുന്ന സ്ഥലത്തു നിന്ന് ഇതു കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍, സോളിഡ് വേസ്റ്റ് ഡയറക്ടര്‍ ജോണി വിക്കേഴ്സിന്‍റെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ ബാഗ് കണ്ടെടുത്തു. ചാനല്‍ 2 ആക്ഷന്‍ ന്യൂസ് ചാനലാണ് സംഭവം വാര്‍ത്തയാക്കിയത്.

ജോര്‍ജ് തുമ്പയില്‍

Share This Post