എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷം ഏപ്രില്‍ 14 ന്

സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ‘കൈനീട്ടം 2018’ എന്ന പേരില്‍ അതിഗംഭീരമായ വിഷു ആഘോഷത്തിനു തയ്യാറെടുക്കുന്നു. ഏപ്രില്‍ മാസം 14, ശനിയാഴ്ച സാന്‍ ഹോസെ എവെര്‍ഗ്രീന്‍ വാലി കോളേജില്‍ ആണ് വിഷു ആഘോഷം നടക്കുക. പോയ വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മികവാര്‍ന്ന കലാപരിപാടികളും സദ്യയും അടക്കം വിപുലമായ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്. ഉന്നത നിലവാരമുള്ള തീയേറ്ററും അനുബന്ധ സൗകര്യങ്ങളും കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടുന്നതാണ്.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ഓരോ ഡോളര്‍ നാണയം കൈനീട്ടം കിട്ടുന്നതായിരിക്കും. എന്‍ എസ്സ് എസ്സ് നേതൃത്വം നല്‍കുന്ന മലയാളം അക്കാഡെമി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മലയാളം ക്ലാസ്സുകളില്‍ പഠിക്കുന്ന എണ്‍പതോളം കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കൂടാതെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലുള്ള മികവുറ്റ കലാകാരന്മാര്‍ അണിനിരക്കുന്ന തനത് കേരളീയ കലാരൂപങ്ങളും അരങ്ങേറുന്നതാണ്. പ്രസിഡന്റ് സ്മിത നായര്‍, സെക്രട്ടറി ജയപ്രദീപ്, ട്രഷറര്‍ സജീവ് പിള്ള മുതലായവരുടെ നേതൃത്വത്തില്‍ എന്‍ എസ്സ് എസ്സ് ബോര്‍ഡ് അംഗങ്ങളും വോളന്റീയര്‍മാരും അടങ്ങുന്ന സംഘം വിഷു ആഘോഷത്തിന്റെ വിജയത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. സുജിത്ത് വിശ്വനാഥനും കവിത കൃഷ്ണനും കലാപരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നു. സുരേഷ് ചന്ദ്രനും സംഘത്തിനുമാണ് രംഗ സജ്ജീകരണത്തിന്റെയും മറ്റ് അലങ്കാരങ്ങളുടെയും ചുമതല. കേരളീയ രീതിയിലുള്ള സദ്യ ഒരുക്കുന്നത് റെഡ് ചില്ലീസ് റെസ്റ്റാറന്റിന്റെ കാറ്ററിങ് വിഭാഗമാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കാലിഫോര്‍ണിയയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ക്കു വേണ്ടി പ്രസിഡന്റ് സ്മിത നായര്‍ സ്വാഗതം ചെയ്യുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉത്സവമായ വിഷു കുടുംബസമേതം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി ജയപ്രദീപ് അഭ്യര്‍ത്ഥിക്കുന്നു.

ഇതിനുള്ള ടിക്കറ്റുകള്‍ www.nairs.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരത്തെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രഷറര്‍ സജീവ് പിള്ള അറിയിച്ചു. കലാപരിപാടികള്‍ക്കുള്ള രജിസ്‌റ്റ്രേഷനും ഈ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരെ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

Share This Post