മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന് ഹൂസ്റ്റൺ ഒരുങ്ങുന്നു

ഹൂസ്റ്റൺ: അമേരിക്കയിലെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽ “മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്” അരങ്ങൊരുങ്ങുന്നു. ഈ പരിപാടി ഒരു ചരിത്ര സംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സംഘാടകയും ഹൂസ്റ്റണിലെ സാംസ്കാരിക കലാവേദികളിലെ നിറ സാന്നിധ്യവുമായ ലക്ഷ്മി പീറ്റർ അറിയിച്ചു.

ഏപ്രിൽ 28 നു ശനിയാഴ്ച വൈകുന്നേരം 5 മുതൽ സ്റ്റാഫോർഡ് സിവിക് സെന്ററിൽ (1415, Constitution Ave, Stafford, TX 77477) വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത പരിപാടികളും കാണികളെ ആനന്ദ നിർവൃതിലാക്കുമെന്നു ലക്ഷ്മി പറഞ്ഞു. ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാൻസ് അക്കാഡമിയുടെ ഇവെന്റ്സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

13 മുതൽ 65 വയസ്സ് വരെയുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്സരങ്ങൾ ഈ പരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീൻ മലയാളീ (13-17 വയസ്സ് ), മിസ് മലയാളീ (18- 35 വയസ്സ്) മിസ്സസ് മലയാളീ (21-65 വയസ്സ് ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഈ മല്സരങ്ങളിൽ ഫൈനലിൽ വിജയിക്കുന്നവർക് മൊത്തം 6000 ഡോളറിന്റെ ക്യാഷ് അവാർഡുകളാണ് കാത്തിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ സൗന്ദര്യ മത്സരമായ മിസ് ഇന്ത്യയുഎസ്എ (Miss India USA) യിൽ മത്സരിക്കുന്നതിനുള്ള അര്ഹതയും ലഭിക്കുന്നതാണ്. അതോടൊപ്പം ബോളിവുഡ് പേജന്റെ ഇന്റർനാഷണൽ ( Bollywood Pageant International ) ൽ മത്സരിക്കുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കുന്നു.

ആവേശകരമായ പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നനും അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി 50 ൽ പരം മത്സരാർത്ഥികൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തതായി ലക്ഷ്മി അറിയിച്ചു. ഫാഷൻ , ടാലെന്റ്റ്, ജഡ്ജസ് ചോദ്യ റൗണ്ടുകളായി തിരിച്ചിരിക്കുന്ന മത്സരങ്ങൾക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വിധികർത്താക്കളാണ് അണിനിരക്കുന്നതു. ഓഡിഷൻസ് ഈ ആഴ്ച തന്നെ ആരംഭിക്കുന്നുവെങ്കിലും പുതുതായി മല്സരത്തില് പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യാമെന്നു ഫോമാ യുടെ മുൻ മലയാളീ മങ്കയും പ്രശസ്ത ഭരതനാട്യം നർത്തകിയും സംഗീതജ്ഞയും ആയ ലക്ഷ്മി പീറ്റർ പറഞ്ഞു.

മിസ് ഫാഷൻ വീക്കും അനേക സൗന്ദര്യ മത്സര പുരസ്‌കാര ജേതാവുമായ ഒറ്റപ്പാലം സ്വദേശി ഹിമി ഹാരിദാസ് ഈ പരിപാടിയുടെ ഡയറക്ടർ ആയി മേൽനോട്ടം വഹിക്കും. മത്സരാർത്ഥികൾക്ക് എല്ലാവിധ ഉപദേശവും സഹായവയും നൽകാൻ ഹിമയുടെ ടീം തയ്യാറായി കഴിഞ്ഞുവെന്ന് ലഷ്മി പീറ്റർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും ഇവന്റ് പാസിനുമായി ബന്ധപെടുക :

malayaleeusapageant@gmail.com OR 713 701 5100

ജീമോൻ റാന്നി

Share This Post