മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ, 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍ ഒരുമിച്ചു 2018 ഫെബ്രുവരി 10, 11 തിയതികളില്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി സഹവികാരി ബഹു: ബിജുമോന്‍ അച്ചന്‍ സ്വാഗതം ആശംസിച്ചു തുടര്‍ന്ന് സെന്റ് ജോര്‍ജ് യക്കോബായ പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ വചന സന്ദേശം നല്‍കി അതിനുശേഷം ഇടവകകളിലെ ക്വയറിന്റെ ആഭിമുഖ്യത്തില്‍ മനോഹരമായ ക്വയര്‍ ഫെസ്റ്റ് നടന്നു.

ഫെബ്രുവരി 11-ാം തിയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും 10 മണിക്ക് അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി: അഞ്ചിന്മേല്‍ കുര്‍ബ്ബാനയും വി: കുര്‍ബ്ബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേകമധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിനു് തിരശ്ശീല വീണു.

ഈ വര്‍ഷത്തെ പെരുന്നാളിനു വന്ദ്യ: തേല്‍പ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ, ബഹു: മാത്യൂസ് കരുത്തലക്കല്‍ അച്ചന്‍. ബഹു: തോമസ് മേപ്പുറത്ത് അച്ചന്‍ ബഹു: ബിജുമോന്‍ ജേക്കബ് അച്ചന്‍, ബഹു: ലിജു പോള്‍ അച്ചന്‍, ബഹു: തോമ്മസ് നെടിയവിള അച്ചന്‍, ബഹു: അനീഷ് തേലപ്പിള്ളില്‍ അച്ചന്‍ എന്നീ വൈദീകര്‍ നേത്രുത്വം നല്‍കി. പെരുന്നാളില്‍ ആദ്യവസാനം പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും സെന്റ് ജോര്‍ജ് പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. അടുത്തവര്‍ഷത്തെ പെരുന്നാള്‍ സെന്റ് ജോര്‍ജ് യക്കോബായ പള്ളിയില്‍ വച്ചു് നടത്തപ്പെടുന്നതാണ്.

പബ്ലിസിറ്റി കണ്‍വീനേഴ്‌സ് ആയ ഏലിയാസ് പുത്തൂക്കാട്ടില്‍ , മാത്യു കുര്യാക്കോസ്എന്നിവര്‍ സംയുക്തമായി അറിയിച്ചതാണിത്.

Share This Post