ലോകത്തിലെ പഴക്കമേറിയ ‘കടല്‍ക്കത്ത്’ കണ്ടെത്തി

ന്യൂയോര്‍ക്ക്: ആശയവിനിമയങ്ങള്‍ക്കു വേണ്ടി കടലില്‍ നിക്ഷേപിച്ചിരുന്ന പഴക്കമേറിയ കത്തുകളിലൊന്ന് കണ്ടെത്തി. ഇത്തരത്തില്‍ കണ്ടെടുക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ കത്താണിത്. കടലാസില്‍ സന്ദേശങ്ങള്‍ എഴുതി കുപ്പിയ്ക്കുള്ളിലാക്കി കടലിലേക്ക് വലിച്ചെറിയുന്നത് പണ്ടു കാലത്തെ ഒരു പതിവായിരുന്നു. കടലിന്‍റെ ഒഴുക്ക് തിരിച്ചറിയുക, നാവികര്‍ക്ക് എത്താന്‍ പറ്റാത്തിടത്ത് കത്ത് എത്തിയാല്‍ ആശയവിനിമയം സാധ്യമാവുക എന്നതൊക്കെയായിരുന്നു ഇതിന്‍റെ പിന്നില്‍. അത്തരത്തില്‍ എഴുതിയ ഒരു കത്ത് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നു. 132 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതാണിത്. കത്ത് നിറച്ച ഈ കുപ്പി കണ്ടെത്തിയത് ഓസ്ട്രേലിയയിലെ തീരത്തു നിന്നും ടോണിയ ഇല്‍മാന്‍ എന്ന യുവതിയാണ്. 1886-ലാണ് കത്ത് എഴുതപ്പെട്ടതെന്നു കരുതുന്നു. കടല്‍ത്തീരത്തുകൂടി നടക്കുന്നതിനിടെ ലഭിച്ച കുപ്പിക്കുള്ളില്‍ സന്ദേശമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇവരുടെ മകന്‍റെ സുഹൃത്താണ്. 1886 ജൂണ്‍ 12 എന്ന തിയതിയും പൗള എന്ന കപ്പലിന്‍റെ പേരുമാണ് ഇതില്‍ എഴുതിയിരുന്നത്. ജര്‍മന്‍ ഭാഷയിലായിരുന്നു എഴുത്ത്. ഓസ്ട്രേലിയന്‍ മ്യൂസിയവും നെതര്‍ലാന്‍ഡിലും ജര്‍മനിയിലും നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വലിയൊരു ചരിത്രരേഖയായി മാറിയത്. കപ്പലിന്‍റെ ക്യാപ്റ്റന്‍റെ കൈയക്ഷരവുമായി കത്തിനുള്ള സാമ്യവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ജോര്‍ജ് തുമ്പയില്‍

Share This Post