ജേർണലിസം വർക്ക് ഷോപ്പും പുസ്തക പ്രദര്ശനവും നടന്നു

ഹൂസ്റ്റൺ: സത്യസന്ധതയോടും സാമൂഹ്യ പ്രതിബദ്ധതയോടും മാധ്യമ പ്രവർത്തനം നടത്തുവാനുള്ള ആഹ്വാനത്തോടെ ഹൂസ്റ്റണിലെ ജേർണലിസം വർക്ക് ഷോപ് സമാപിച്ചു. ഹൂസ്റ്റൺ പ്രസ് ക്ലബും ഇൻഡോഅമേരിക്കൻ പ്രസ് ക്ലബും സഹകരിച്ചു നടത്തിയ പഠന ക്ലാസ്സിൽ അനേക വർഷത്തെ അനുഭവപരിചയമുള്ള മീഡിയ പ്രൊഫൊഷ്‌ണൽസ് മാധ്യമ രംഗത്തെ പുതിയ ട്രെൻഡുകൾ, അവസരങ്ങൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച ചർച്ചകൾ നയിച്ചു.

ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ശ്രദ്ധിച്ചു കണ്ടും കേട്ടും അനുഭവിച്ചും അന്വേഷിച്ചും കണ്ടെത്തുന്ന അറിവുകളും ആശയങ്ങളും അനുവാചകർക്കും ജനനേതാക്കൾക്കും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാനുള്ള കഴിവാണ് ജേര്ണലിസ്റ്റുകൾ നേടേണ്ടതെന്നു മൈക്ക് തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സി ജി ഡാനിയേൽ അധ്യക്ഷ പ്രസംഗം നടത്തി. ആശയാവിഷ്കരണ ശേഷി വളർത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മാർച്ച് 24-നു ഹൂസ്റ്റണിൽ നടന്ന ജേർണലിസം വർക്ക് ഷോപ്പിനോടനുബന്ധിച്ചു ഇൻഡോഅമേരിക്കൻ ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെടുന്നതിനും അവസരമുണ്ടായി. ഇരുന്നൂറോളം ഇനങ്ങൾ പ്രദര്ശനത്തിനുണ്ടായിരുന്നു.

സാം ഹൂസ്റ്റൺ ടോൾ വെയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തു 3700 വെസ്റ്റ് ചൈസിലുള്ള ABB ബിൽഡിംഗ് നാലാം നിലയിലായിരുന്നു സമ്മേളനം.

ശേഷാദ്രികുമാർ (ഇന്ത്യ ഹെറാൾഡ്), ജവാഹർ മൽഹോത്ര (ഇൻഡോഅമേരിക്കൻ ന്യൂസ്), ഡോക്ടർ ചന്ദ്രാ മിത്തൽ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടർ നിക് നികം (നാനോ ന്യൂസ് നെറ്റ്‌വർക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റൺ), എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്‌ ക്ലാസുകൾ നയിച്ചു. ആദർശ ധീരരായ മാധ്യമപ്രവർത്തകരുടെ അഭാവം മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപെടുത്തുന്നുവെന്നു പലരും എടുത്തു പറഞ്ഞു.

തികഞ്ഞ സത്യസന്ധതയോടും സാമൂഹ്യ പ്രതിബദ്ധതയോടും മാധ്യമ പ്രവർത്തനം നടത്തുവാൻ സമ്മേളനം ആഹ്വാനം ചെയ്തു.

പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യമുള്ള മുപ്പതിലധികം പേർ വർക്ഷോപ്പിൽ പങ്കെടുത്തു.

യുവജനങ്ങളും സാഹിത്യകാരന്മാരും പത്രപ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ എഴുത്തുകാരുടെ സംഘടനകളായ കേരള റൈറ്റേർസ് ഫോറം, ലാന, അമേരിക്കൻ മലയാളം സൊസൈറ്റി എന്നിവയെ പ്രതിനിധീകരിച്ചു ജോൺ മാത്യു, ബോബി മാത്യു, മാത്യു കുറവക്കൽ, നൈനാൻ മാത്തുള്ള, ജോസഫ് തച്ചാറ, ജീമോൻ റാന്നി തുടങ്ങിയവർ വർക്ഷോപ്പിൽ പങ്കടുക്കുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

ഒരിക്കലും മറക്കരുതാത്ത മാധ്യമ ദൗത്യങ്ങൾ എന്തൊക്കെയെന്ന് ഈശോ ജേക്കബ് ഓർമിപ്പിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പ്രൊഫസർ സരിത മേത്ത, ഡോക്ടർ ഈപ്പൻ ഡാനിയേൽ എന്നിവരും ആശംസകൾ നേർന്നു. ജേക്കബ് കുടശ്ശനാടും കുടുംബവും ലഞ്ച് നൽകി.

ഐഎപിസി ഹൂസ്റ്റൺ ചാപ്റ്റർ ട്രീസറെർ സംഗീത ഡുവ സ്വാഗതവും, സെക്രട്ടറി റോയ് തോമസ് നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: സി.ജി ഡാനിയേൽ (പ്രസിഡണ്ട്) 832-641-7119, റോയ് തോമസ് (സെക്രട്ടറി) 832-768-2860, സംഗീത ദുവാ (ട്രഷറർ ) 832-252-7272. email contact: cgdaniel1956@yahoo.com

ജീമോൻ റാന്നി

Share This Post