ഫോമാ പ്രഥമ സൗത്ത് ഈസ്റ്റ് റീജിയണല്‍ സാംസ്കാരിക സംഗമം ജൂണ്‍ ഒന്‍പതിന് അറ്റലാന്റായില്‍

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്‌റ് റീജിയണല്‍ സാംസ്കാരിക സംഗമം ജൂണ്‍ ഒന്‍പതിന് അറ്റലാന്റായില്‍ നടക്കുമെന്ന് ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍ അറിയിച്ചു .ഫോമയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയനിലുള്ള എല്ലാ മലയാളി സംഘടനകളെയും കോര്‍ത്തിണക്കിയ ഒരു സാംസ്കാരികോത്സവത്തിനാണ് ജൂണ്‍ ഒന്‍പതിന് അറ്റലാന്റയില്‍ വേദിയൊരുങ്ങുന്നത്. ഇതോടനുബന്ധിച്ചു യുവജനങ്ങളുടെ സാമൂഹ്യാവബോധത്തെ ഉയര്‍ത്തുകയും കലാ സാംസ്കാരിക മൂല്യങ്ങളെ പ്രചോദിപ്പിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് സൗത്ത് ഈസ്റ്റ് റീജിയണല്‍ യുവജനോത്സവം കൂടി സംഘടിപ്പിക്കുകയാണ്

യുവപ്രതിഭകള്‍ക്ക് പങ്കാളിത്തത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് അരങ്ങേറുന്ന ഈ സാംസ്കാരിക സംഗമത്തില്‍ മലയാളി യുവതയുടെ സൃഷ്ടി വൈഭവങ്ങള്‍ കലയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുമെന്ന് സൗത്ത് ഈസ്‌റ് റീജിയണല്‍ കണ്‍വന്‍ഷന്‍ എന്ന സാംസ്കാരിക സംഗമം കണ്‍വീനര്‍ തോമസ് ഈപ്പന്‍ (സാബു) അറിയിച്ചു. അറ്റലാന്റയിലെ എല്ലാ മലയാളികളുടേയും നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഈ കലാ മാമാങ്കത്തിന്റെ വിജയത്തിനായി ഉണ്ടാവണമെന്നു ഗാമയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണല്‍ കണ്‍വന്‍ഷണ് വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരു കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട് .കോ കണ്‍വീനര്‍ ആയി പ്രവൃത്തിക്കുന്ന ബിനു കാസിം അറ്റലാന്റായില്‍ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ് .ഗാമയുടെ അംഗവും ,അറ്റലാന്ടയിലെ പൊതുപരിപാടികളുടെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വവുമായ ബിനു കാസിമിന്റെ പ്രവര്‍ത്തനം ഫോമാ യുവജനോത്സവത്തിനു മുതല്‍ക്കൂട്ടായിരിക്കും.മാധ്യമ പ്രവര്‍ത്തകയും സാംസ്കാരിക പ്രവര്‍ത്തകയുമായ മിനി നായര്‍ വുമണ്‍ ചെയര്‍ ആയി പ്രവര്‍ത്തിക്കുന്നു.അറ്റലാന്റായിലെ യുവജനതയുടെ കലാ മേള ഏറ്റവും വിജയപ്രദമാക്കുവാന്‍ തന്നാലാകുന്ന എല്ലാ സഹായവും മിനി നായര്‍ വാഗ്ദാനം ചെയ്തു. കള്‍ച്ചറല്‍ കണ്‍വീനര്‍ ആയി സാമൂഹ്യപ്രവര്‍ത്തകയായ ശ്രീദേവി രഞ്ചിത്തും പ്രവര്‍ത്തിക്കുന്നു .ഫോമയുടെ അറ്‌ലാന്റാ സാംസ്കാരികോത്സവത്തെ ഏറ്റവും മികച്ചതാക്കുവാന്‍ ഈ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാനും റീജിയണല്‍ വൈസ് പ്രസിഡന്റ് ഇലെക്ട് തോമസ് കെ ഈപ്പനും സംയുകതമായി അഭ്യര്‍ത്ഥിച്ചു .

ഈ സാംസകാരിക സംഗമത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു പകുതി അറ്റലാന്റയുടെ സ്വന്തം കലാപ്രതിഭയെ അമേരിക്കന്‍ ദേശീയ തലത്തിലേക്ക് പങ്കെടുപ്പിക്കുന്നതിനായും മറു പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നു കണ്‍വീനര്‍ അറിയിച്ചു.

മിനി നായര്‍ അറ്റ്‌ലാന്റ അറിയിച്ചതാണിത്.

Share This Post