ഫോമ മെട്രോ റീജിയന്‍ 69 അംഗ പ്രതിനിധികളുമായി ഷിക്കാഗോ കണ്‍വന്‍ഷനിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഫോമയുടെ ബാക്ക് ബോണ്‍ എന്നറിയപ്പെടുന്ന, ഏറ്റവും ശക്തിയേറിയ റീജിയണുകളില്‍ ഒന്നായ മെട്രോ റീജിയന്റെ പ്രധാനപ്പെട്ട മീറ്റിംഗ് മാര്‍ച്ച് നാലാം തീയതി ഞായറാഴ്ച 4 മണിക്ക് ക്യൂന്‍സിലെ ഹില്‍സൈഡ് അവന്യൂവിലുള്ള കേരളാ കിച്ചണില്‍ വച്ചു റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുകളും, ഷിക്കാഗോയില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. റീജിയണിലെ ഒമ്പത് അംഗസംഘടനകളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം എന്തുകൊണ്ടും വളരെയേറെ പ്രധാന്യം അര്‍ഹിക്കുന്നതും, ഫോമയുടെ നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരുന്നതുമായിരുന്നു.

മീറ്റിംഗില്‍ റീജണില്‍ പുതുതായി രൂപംകൊണ്ടതും, ഫോമയില്‍ അംഗത്വം ലഭിച്ചതുമായ നോര്‍ത്ത് ഹെംപ്‌സ്റ്റെഡ് ഇന്ത്യന്‍ മലയാളി അസോസിയേഷനേയും, ഭാരവാഹികളേയും യോഗം സസന്തോഷം സ്വാഗതം ചെയ്യുകയുണ്ടായി. തുടര്‍ന്ന് അടുത്തുവരുന്ന ഫോമ കണ്‍വന്‍ഷന്റെ വിജയത്തിനും, രജിസ്‌ട്രേഷനുമായി ചര്‍ച്ചകള്‍ നടത്തുകയും, ഏവരും കുടുംബ സമേതം കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് താത്പര്യപ്പെടുകയുണ്ടായി.

അടുത്തുവരുന്ന 2018- 20 ഫോമ ജനറല്‍ ഇലക്ഷനില്‍ മെട്രോ റീജണില്‍ നിന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസ് ഏബ്രഹാമിനേയും, എംപയര്‍ റീജിയന്റെ പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫോമ വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി രേഖാ നായരേയും, അതുപോലെ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിനോയ് തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായി മത്സരിക്കുന്ന ചാക്കോ കോയിക്കലേത്തിനും, ജോര്‍ജ് തോമസിനും റീജണിന്റെ പൂര്‍ണ്ണ പിന്തുണയും, എന്‍ഡോഴ്‌സ്‌മെന്റും ചെയ്യുവാനും തീരുമാനിച്ചു.

മെട്രോ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്ത എല്ലാ സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനുവേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നു ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ സജി ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് സ്വാഗതവും, റീജണല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത് നന്ദിയും പറഞ്ഞു.

Share This Post