ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയന്‍ വനിതാഫോറം ലോകവനിതാദിനാചരണവും ജീവകാരുണ്യ ധനശേഖരണവും വന്‍വിജയം

ജോയിച്ചന്‍ പുതുക്കുളം

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വനിതാദിനാഘോഷവും ധനശേഖരണവും വന്‍വിജയമായി. ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫിലോമിന സഖറിയായുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച സമ്മേളനം ഫോമാ വനിതാ ഫോറം ദേശീയ സെക്രട്ടറി രേഖാ നായര്‍ ഉദ്ഘാടനം ചെയ്തു. രശ്മി റാവു, സുമിത ചൗധരി, മിഷേല്‍ ഗല്ലര്‍ഡോ, പദ്മാ കുപ്പാ, ഹരിത ഡോടാലാ എന്നിവര്‍ എഞ്ചിയനീയറിംഗ്, ആരോഗ്യം, നിയമം, രാഷ്ട്രീയം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ എടുത്തു. ഇതിനോട് ചേര്‍ന്ന് നടത്തപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണത്തിനായി എറണാകുളം എം.ജി. റോഡിലുള്ള മിലന്‍ ഡിസൈനേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഡിസൈനര്‍ സാരിയുടെ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തി. ഇത് വന്‍വിജയമാകുകയും അതിലൂടെ സമാഹരിച്ച പണം വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് വൈദ്യസഹായം ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ പ്രോജക്ട്, നേത്രദാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വൈദ്യസഹായത്തോടെ അന്ധരായവര്‍ക്ക് കാഴ്ച നല്‍കുന്ന വിഷന്‍ പ്രോജക്ട്, പ്രതിസന്ധികളിലൂടെ കടുന്നുപോകുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രേറ്റ്‌ലേക്‌സ് റീജിയന്‍ വനിതാഫോറം സഹായം നല്‍കും.

ജനപങ്കാളിത്തംകൊണ്ട് വന്‍ വിജയമായിത്തീര്‍ന്ന ഈ സമ്മേളനത്തില്‍ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍, ഭാരവാഹികള്‍, വൈദികര്‍, എല്ലാ സംഘടനകളുടെയും വുമന്‍സ് ഫോറം അംഗങ്ങള്‍, വിവിധ ബിസിനസ് സ്‌പോണ്‍സര്‍മാര്‍, റാഫിള്‍ ടിക്കറ്റെടുത്ത് സഹായിച്ച വ്യക്തികള്‍, തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യവും സഹകരണവും ആവേശമായി. 2018 ല്‍ നടക്കാന്‍ പോകുന്ന ഫോമയുടെ ഇലക്ഷനിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഫിലിപ്പ് ചാമത്തില്‍, ജോണ്‍ വര്‍ഗീസ് (സലിം), ട്രഷറര്‍ സ്ഥാനാര്‍ത്ഥികളായ ഷിനു ജോസഫ്, റെജി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖാ നായര്‍ എന്നിവര്‍ക്ക് ഫോമാ ഡെലിഗേറ്റ്‌സുകളുമായി ഒരു മീറ്റിംഗും സ്റ്റേജില്‍ അവര്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കാനുള്ള അവസരവും കൊടുത്തു. തുടര്‍ന്ന് മിഷിഗണ്‍, ഒഹയോ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും സമ്മേളനത്തോടു ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡാന്‍സ്, സ്കിറ്റ്, ഗാനമേള എന്നിവ മികച്ച നിലവാരം പുലര്‍ത്തി.

ഫോമാ ഗ്രേറ്റ്‌ലേക്‌സ് വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ഫിലോമിന സഖറിയ, സെക്രട്ടറി റ്റെസി മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ മേരി ജോസഫ്, ട്രഷറര്‍ ജിജി ഫ്രാന്‍സിസ്, കമ്മിറ്റിയംഗങ്ങളായ കുഞ്ഞമ്മ വില്ലാനശ്ശേരില്‍, ശോഭ ജെയിംസ്, വനിതാഫോറം നാഷണല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മെര്‍ലിന്‍ ഫ്രാന്‍സിസ്, ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ ഡേവിഡ്, ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ്, ഗ്രേറ്റ് ലേക്‌സ് റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയിന്‍ മാത്യു കണ്ണച്ചാന്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെ നടത്തപ്പെട്ട ഈ സമ്മേളനവും പരിപാടികളും വന്‍വിജയമാകുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഈ പരിപാടികളുടെ എം.സി. ഡോ: ഗീതാ നായര്‍ ആയിരുന്നു. മെര്‍ലിന്‍ ഫ്രാന്‍സിസ്, വിനോദ് കോണ്ടൂര്‍ ഡേവിഡ്, റോജന്‍ തോമസ്, ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഈ സമ്മേളനത്തോടു ചേര്‍ന്ന് സ്‌നേഹവിരുന്നും മലബാര്‍ റിഥംസിന്റെ മനോഹരമായ ഗാനമേളയും നടത്തപ്പെട്ടു. ഫോമയുടെ ചരിത്ര ഏടുകളില്‍ രേഖപ്പെടുത്തേണ്ട വര്‍ണ്ണാര്‍ഭമായ ഒരു സമ്മേളനത്തിനാണ് ഗ്രേറ്റ്‌ലേക്‌സ് വനിതാഫോറം നേതൃത്വം നല്‍കിയത്. ഏവരോടും വനിതാഫോറം ചുമതലക്കാര്‍ നന്ദി അറിയിച്ചു.

Share This Post